ശുഭദിന സന്ദേശം : ജനിച്ചവൻ ജയിച്ചവൻ | ഡോ.സാബു പോൾ

”ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു”(1യോഹ. 5:4).

മനുഷ്യസമൂഹത്തെ വ്യത്യസ്ത വർഗ്ഗങ്ങളായി(races) തരം തിരിച്ചു നമ്മൾ സ്കൂളിൽ പഠിച്ചിട്ടുണ്ട്. പ്രധാനമായും അഞ്ച് വിഭാഗങ്ങളാണ് അവ. ശരീരത്തിൻ്റെ ആകൃതി, നിറം, മുഖത്തിൻ്റെ രൂപം ഇവയിലൊക്കെ ഈ വർഗ്ഗങ്ങൾ തമ്മിൽ വ്യത്യാസം ദൃശ്യമാണ്.

എന്നാൽ പഴയ നിയമത്തിൽ മൂന്നു വിധത്തിലുള്ള ഗോത്രങ്ങളെയാണ് പ്രധാനമായി കാണുന്നത്. നോഹയുടെ മക്കളായ ഹാം, ആഫ്രിക്കക്കാരുടെയും; ശേം, ഏഷ്യാക്കാരുടെയും; യാഫെത്ത്, യൂറോപ്പുകാരുടെയും പിതാക്കന്മാരായി തീർന്നു.

ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നത് രോഗ പ്രതിരോധത്തിൻ്റെ കാര്യത്തിലും ഈ വ്യത്യാസമുണ്ടെന്നാണ്. ഒരു പക്ഷേ, കോവിഡ് – 19 ൻ്റെ മരണ നിരക്കിലുള്ള രാജ്യങ്ങളിലെ വ്യത്യാസവും ഇതാകാം.

പുതിയ നിയമത്തിലേക്ക് വരുമ്പോൾ മനുഷ്യവർഗ്ഗത്തെ പ്രധാനമായും രണ്ട് വിഭാഗങ്ങളായി തിരിക്കുന്നു – ദൈവത്തിൻ്റെ മക്കളും, പിശാചിൻ്റെ മക്കളും.

രോഗ പ്രതിരോധ ശക്തി ശരീര സംബന്ധിയെങ്കിൽ തിന്മ പ്രതിരോധ ശക്തി ആത്മ സംബന്ധിയാണ്. യോഹന്നാൻ അപ്പൊസ്തലൻ പറയുന്നത് ആ വ്യത്യാസമാണ്.

ഒരു മംഗോളിയൻ വംശജനെ തിരിച്ചറിയുന്നത് പതിഞ്ഞ മൂക്കും ചെറിയ കണ്ണും കുറഞ്ഞ ഉയരവും വെളുത്ത നിറവും നോക്കിയാണെങ്കിൽ, ദൈവത്തിൽ നിന്ന് ജനിച്ചവനെ തിരിച്ചറിയുന്നത് ആകാര വ്യത്യാസത്തിലല്ല, സ്വഭാവവ്യത്യാസത്തിലാണ്.

യോഹന്നാൻ തൻ്റെ ഒന്നാം ലേഖനത്തിൽ ദൈവത്തിൽ നിന്നു ജനിച്ചവൻ്റെ പ്രത്യേകതകൾ എടുത്തു പറയുന്നു.
? ദൈവത്തിൽ നിന്ന് ജനിച്ചവൻ നീതി ചെയ്യുന്നു(2:29).
? ….പാപം ചെയ്യുന്നില്ല(3:9).
? ….സഹോദരനെ സ്നേഹിക്കുന്നു(3:10).
? ….അപ്പൊസ്തലൻമാരുടെ വാക്കു കേൾക്കുന്നു (എഴുതപ്പെട്ട തിരുവചനം അനുസരിക്കുന്നു).(4:6).
? ….യേശുവിനെ ക്രിസ്തു എന്ന് വിശ്വസിക്കുന്നു(5:1).
? ….ലോകത്തെ ജയിക്കുന്നു(5:4).

ഈ സ്വഭാവമുള്ള സർവ്വ ഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരാണ് ദൈവസഭ(വെളി.5:9).

ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ അവർ ഒന്നായിരുന്നു. ബാബേലിൽ ഭാഷയുടെ വേർതിരിവ് സംഭവിച്ചു. പിന്നീട് ദേശത്തിൻ്റെയും ജാതിയുടെയും വർഗ്ഗത്തിൻ്റെയുമൊക്കെ പേരിൽ വേർതിരിവുകളുടെ തുടർക്കഥകൾ…..

എന്നാൽ ഇന്ന് വീണ്ടും പരസ്പര സഹകരണവും ഒരുമിച്ചുള്ള ജീവിതവും കൂടുതൽ സാധ്യമായി. അതു കൊണ്ടാണല്ലൊ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കോറോണ ലോകത്തെ എല്ലാ രാജ്യങ്ങളിലുമെത്തിയത്. അതിർവരമ്പുകളെല്ലാം പരിപൂർണ്ണമായി തകർക്കപ്പെടുന്നത് വെളിപ്പാട് പുസ്തകത്തിൽ കാണുന്നു.

പ്രിയ ദൈവ പൈതലേ,
നമുക്ക് ദൈവമക്കളെന്ന നിലയിൽ യോഹന്നാൻ അപ്പൊസ്തലൻ പറഞ്ഞ വിശിഷ്ട ഗുണങ്ങളുണ്ടോ എന്ന് ശോധന ചെയ്യാം.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply