ലേഖനം: പകർച്ചവ്യാധിയും ബൈബിൾ പ്രവചനങ്ങളും | സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ
നോർത്ത് കരോളിനയിലെ ഡ്യൂക് യൂണിവേഴ്സിറ്റിയിലെ ആഗോള ആരോഗ്യ വിദഗ്ദ്ധൻ ആയിരുന്ന ജോനാഥാൻ ഡി. ക്വിക് എഴുതിയ ഒരു പുസ്തകം കോവിഡ് 19 നോടുള്ള ബന്ധത്തിൽ പുനർവായനക്കു വിധേയമാവുകയാണ്. 2018 ജനുവരി 30-ന് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ തലക്കെട്ട്,
” The end of epidemic: the looming threat to humanity and how to stop it ” എന്നായിരുന്നു. ഈ പുസ്തകം ബെസ്റ്റ് സെല്ലറായി മാറിയിരുന്നു. ഗ്ലോബൽ ഹെൽത്ത് കൗൺസിൽ മുൻ അദ്ധ്യക്ഷനും WHO സഹകാരി അംഗവുമായിരുന്ന ജോനാഥാൻ തന്റെ പുസ്തകത്തിലൂടെ ലോകത്തോടു വിളിച്ചു പറഞ്ഞത് പ്രവചനമായിരുന്നുവെന്നു ലോകം തിരിച്ചറിയുന്നു. കോവിഡ് 19-നെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ, ലോകം ‘ഏകാന്തതയുടെ തടവറയിലേ’ക്ക് സ്വയം ഉൾവലിയുമ്പോൾ മുന്നറിയിപ്പുകളെ അവഗണിച്ചതിന്റെ തിക്തഫലം ലോകം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.
ജോനാഥാൻ 2018 ൽ ഇങ്ങനെ എഴുതി:- “അതിമാരകമായ ഒരു വൈറസ് ഒരു പക്ഷിയുടെ, വാവലിന്റെ, കുരങ്ങിന്റെ, അല്ലെങ്കിൽ പന്നിയുടെ രക്തക്കുഴലിലൂടെ തിളച്ചു മറിഞ്ഞ് ഒഴുകിക്കൊണ്ടിരിക്കുന്നു. അതു മനുഷ്യശരീരത്തിലേക്ക് ചാടി വീഴാൻ തത്രപ്പെട്ടു തക്കം പാർത്തിരിക്കുന്നു. അണുബാധയുണ്ടായ മൃഗങ്ങളുമായി അടുത്തിടപഴകുന്ന, സഹവസിക്കുന്ന ഒരു വ്യക്തിയിലേക്ക് ലോകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഈ വൈറസ്സ് ചാടിക്കയറാം. വായുവിലൂടെ പരക്കുന്ന ഇത്തരം വൈറസുകൾ സാംക്രമിക രോഗമായി ലോകത്തിൽ പടർന്നു പിടിക്കും. മനുഷ്യനിൽ കടന്നു കയറിയാൽ അത് പെരുകി ഒരു ആഴ്ച കൊണ്ട് 25,000 പേരിലേക്കും, ഒരു മാസം കൊണ്ട് ഏഴു ലക്ഷം പേരിലേക്കും പടർന്നു കയറും. മൂന്നു മാസത്തിനുള്ളിൽ അത് ലോകത്തിലെ എല്ലാ നഗരങ്ങളിലേക്കും പരന്നിരിക്കും. ആറു മാസത്തിനുള്ളിൽ ഈ മഹാദുരന്തം 30 കോടി ആൾക്കാരെ ബാധിച്ചിരിക്കും. 3 കോടി ആൾക്കാർ മരിക്കുവാൻ സാദ്ധ്യതയുണ്ട്. 1918-ൽ പടർന്നു പിടിച്ച സ്പാനിഷ് ഫ്ലൂവിന്റെ ഒരു വകഭേദമായിരിക്കാം ആ വൈറസ്. അല്ലെങ്കിൽ 2003-ൽ ചൈനയിൽ പൊട്ടിപുറപ്പെട്ട് ലോകദുരന്തമായി മാറിയ സാഴ്സിനു സമാനമായ ഒരു സൂക്ഷ്മാണു ആയിരിക്കാം അത്. മഹാനഗരങ്ങളുടെ ഗതാഗത സംവിധാനങ്ങളായിരിക്കും ഇത്തരം വൈറസുകളുടെ ആവാസ കേന്ദ്രങ്ങളും വ്യാപന ശ്രോതസ്സുകളും.
അത്തരം ഒരു ആഗോളദുരന്തം ഉണ്ടായാൽ അതിനെ പ്രതിരോധിക്കുവാനുള്ള ത്രാണി നമുക്ക് ഉണ്ടായെന്നു വരില്ല. യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു സാംക്രമികരോഗം ലോകവ്യാപക മഹാമാരിയായി പൊട്ടിപ്പുറപ്പെടാം. കോടിക്കണക്കിന് ആൾക്കാരെ ബാധിക്കുന്ന ഈ വൈറസ് ഒരു സാംക്രമിക രോഗമായി പൊട്ടിപുറപ്പെട്ടാൽ; അത് ആഗോള തീവ്രവാദത്തെക്കാൾ, അതിശക്തമായ പ്രകൃതി ദുരന്തത്തെക്കാൾ , ഒരു മഹാനഗരത്തിൽ വീണ ന്യൂക്ലിയർ ബോംബിനേക്കാൾ മാരക പ്രഹരശേഷിയുള്ളതും പ്രത്യാഘാതങ്ങൾ സൃഷ്ടിപ്പാൻ പ്രാപ്തിയുള്ളതും ആയിരിക്കും.
കഴിഞ്ഞ നൂറ്റാണ്ടിൽ സ്മോൾ പോക്സ് കാരണം മുപ്പതു കോടി ജനം മരിച്ചു. 1918-’19 കാലത്തെ സ്പാനിഷ് ഫ്ലൂ മൂലം പത്തു കോടി വരെ ആൾക്കാർ മരണത്തിനിരയായി. 1981-ൽ ഇദംപ്രഥമായി റിപ്പോർട്ടു ചെയ്യപ്പെട്ടതു മുതൽ എയ്ഡ്സ് നാലു കോടി ജീവൻ അപഹരിച്ചു. പ്രതിവർഷം ഇൻഫ്ലുവൻസാ കാരണം അഞ്ചു ലക്ഷം പേർ മരിക്കുന്നുണ്ട്. ഇതു കൂടാതെ ഈ മഹാവ്യാധികൾ അവശേഷിപ്പിക്കുന്ന പ്രത്യാഘാതങ്ങളും പരിണതഫലങ്ങളും വളരെയാണ്. ശാരീരിക വൈകല്യങ്ങൾ, മാനസ്സിക അസന്തുലിതാവസ്ഥ, പിന്നെ സാമ്പത്തിക തിരിച്ചടികൾ എന്നിവ വലുതാണ്. ഒരു സാംക്രമിക രോഗം ലോകവ്യാപകമായി പടർന്നു പിടിച്ചാൽ, അത് ഗ്ലോബൽ GDP – യെ 10% വരെ ബാധിക്കും എന്നാണ് 2015 ൽ വിദഗ്ദ്ധർ കണക്കു കൂട്ടിയത്. (2019 ലെ ഗ്ലോബൽ ജി.ഡി.പി., 88081.13 ബില്യൻ അമേരിക്കൻ ഡോളർ ആയിരുന്നുവെന്നോർക്കുക). 2008-ൽ ലോകത്താമാനം ഉണ്ടായ സാമ്പത്തിക മാന്ദ്യത്തെ മറികടക്കുന്ന തരത്തിലുള്ള വ്യാവസായിക തകർച്ചയും സ്റ്റോക്മാർക്കറ്റ് തകർച്ചയും ഉണ്ടാകുമെന്ന് ഓക്സ്ഫോർഡ് എക്കണോമിക്സ് അഭിപ്രായപ്പെട്ടു. ഈ നഷ്ടങ്ങൾ മൊത്തത്തിൽ 3.5 ട്രില്യൻ അമേരിക്കൻ ഡോളറിൽ അധികം ആയിരിക്കും.”
2008 -ലെ ലോക സാമ്പത്തികമാന്ദ്യ നഷ്ടം
2 ട്രില്യൻ, അഥവാ രണ്ടു ലക്ഷം കോടി, അമേരിക്കൻ ഡോളർ ആയിരുന്നു.
ജോനാഥാന്റെ വാദമുഖങ്ങളെ പിന്തുണക്കുന്ന പ്രസ്താവന 2015 -ൽ ബിൽ ഗെയ്റ്റ്സിൽ നിന്നും ഉണ്ടായിരുന്നു. “ഗൗരവമായ ഒരു സാംക്രമികരോഗത്തെ കൈകാര്യം ചെയ്യുന്നതിൽ നാം പ്രാപ്തരല്ലെന്ന് എബോള ദുരന്തം എനിക്കു കാണിച്ചു തന്നു. അങ്ങനെയെങ്കിൽ, എബോളയെക്കാൾ മാരകമായ ഒരു പകർച്ചവ്യാധിയെ എങ്ങനെ നാം നേരിടും? അത്തരം ഒരു ദുരന്ത സാദ്ധ്യത 50% വരെ എന്റെ ജീവകാലത്തു തന്നെ ഉണ്ട്.” അറം പറ്റിയ വാക്കുകൾ എന്നു പറയപ്പെടുന്നത് ഇതൊക്കെ ആയിരിക്കും അല്ലെ? ഇപ്പോൾ ഇത് സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്നുണ്ട്.
ജോനാഥാൻ ക്വിക്കിൻെ പുസ്തകത്തിന്റെ വിശകലനം 2018 മാർച്ച് 18-ലെ ഗാർഡിയൻ ന്യൂസ് & മീഡിയ പ്രസിദ്ധീകരിച്ചിരുന്നു. അധികം കഴിയും മുമ്പേ 2018 ജൂൺ 26 ന് ഇതേ മീഡിയ ഹോങ്കോങ്ങിൽ നിന്നും മാത്യു കീഗർ “മറ്റൊരു ദുരന്തം തീർച്ച:- ആ കശ്മല വൈറസിനെതിരെ നാം തയ്യാറാകുമോ” എന്ന ശീർഷകത്തിൽ എഴുതിയ വേറൊരു ലേഖനം പ്രസിദ്ധീകരിച്ചു. 2003-ൽ ഹോങ്കോങ്ങിൽ സാഴ്സ് (SARS) പൊട്ടിപ്പുറപ്പെട്ടതിനെ കേന്ദ്രീകരിച്ചു തുടങ്ങിയ ലേഖനം ശക്തമായ മുന്നറിയിപ്പോടെയാണ് അവസാനിപ്പിച്ചിരിക്കുന്നത്. സാഴ്സ് അന്ന് അവിടെ 299 പേരെ കൊന്നു. 1799 പേരെ ബാധിച്ചു. മരണഹേതുവായ ഈ വൈറസ് കാട്ടുതീ പോലെ പടർന്നു പിടിച്ചപ്പോൾ നഗരത്തിലെ ആരോഗ്യപ്രവർത്തകർ അക്ഷരാർത്ഥത്തിൽ സ്തബ്ധരായിപ്പോയി. പകർച്ചവ്യാധി പടരുമ്പോൾ അത് എന്താണെന്നു തിരിച്ചറിയുന്നതിനു മുമ്പേ, അതിന്റെ വിദഗ്ദ്ധ ചികിൽസ എന്തെന്നു കണ്ടു പിടിക്കും മുമ്പേ ആരോഗ്യപ്രവർത്തകർ ബാധിക്കപ്പെടുകയും മരണമടയുകയും ചെയ്യുന്നു. ഇത് ആദ്യത്തെ തിരിച്ചടിയാണ്. (ലിനി പുതുശ്ശേരി നിപ്പ ബാധക്ക് ഇരയായത് കേരളത്തിനു മറക്കാനാവില്ലല്ലോ).
ഇങ്ങനെയുള്ള സാംക്രമിക രോഗങ്ങൾ മഹാവ്യാധിയായി പെട്ടെന്നു പരക്കുന്നതിനു കാരണമായി, 2018-ൽ ഹോങ്കോങ് യൂണിവേഴ്സിറ്റിയിലെ സാംക്രമികരോഗ വിഭാഗം മേധാവിയായിരുന്ന K. Y. YUAL രണ്ടു പ്രധാന കാരണങ്ങളാണ് ചൂണ്ടിക്കാണിച്ചത്.
ഒന്നാമതായി, subdivided flat system. ബഡ് സ്പെയ്സ് എന്ന ഓമനപ്പേരിലും അറിയപ്പെടുന്നു. വൻ വ്യാവസായിക മഹാനഗരങ്ങളിൽ പാർപ്പിട സൗകര്യം പ്രശ്നമാണ്. ഇതിനെ നേരിടുവാനായി ഒരു ചെറിയ മുറിയിൽ തട്ടുതട്ടായുള്ള കിടക്കകൾ (tier beds) തയ്യാറാക്കുന്നു. സബ് അർബൻ എന്ന ചേരിപ്രദേശങ്ങളിലും ലേബർ ക്യാമ്പുകളിലും ഇത്തരം കിടക്കകൾ സർവ്വസാധാരണമാണ്. സ്ഥല- സാമ്പത്തിക ലാഭങ്ങൾ ഇതു മുലം ഉണ്ടാകുന്നു എന്നത് സത്യമാണെങ്കിലും ഇത്തരം ഡോർമിറ്ററികൾ സാംക്രമിക രോഗങ്ങൾക്കു കാരണമാകുന്ന മാരക വൈറസുകളുടെ ഒളിയിടങ്ങളും അടയിരുപ്പു കേന്ദ്രങ്ങളും ആയിരിക്കും.
രണ്ടാമതായി, അദ്ദേഹം ചുണ്ടിക്കാണിച്ച വിഷയം അതിഗൗരവമുള്ളതാണ്. അത് സൂപ്പർ വൈറസുകളുടെ ഉത്ഭവമാണ്. ആന്റിബയോട്ടിക്കുകളെ ചെറുത്തു നില്കുകയും സ്വയം പ്രതിരോധം തീർക്കുകയും ചെയ്യുന്ന രോഗാണുക്കൾ നഗരവൽക്കരണത്തിന്റെ ഭാഗമായി ഉദയം ചെയ്തുകൊണ്ടേയിരിക്കുന്നു. 2018-ലെ കണക്കനുസരിച്ച് ഹോങ്കോങ്ങ് നഗരത്തിലെ സർക്കാർ ആശുപത്രികളിൽ ഓരോ പതിനെട്ടു മിനിറ്റു കൂടുമ്പോഴും ഒരു പുതിയ സൂപ്പർ വൈറസ് ബാധ റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ടായിരുന്നു. (സൂപ്പർ സോണിക്, സൂപ്പർ ബൂം, സൂപ്പർ മാൻ, സൂപ്പർ കംപ്യൂട്ടർ, സൂപ്പർ പെട്രോൾ എന്നിങ്ങനെ ആധുനിക യുഗത്തിൽ എല്ലാം സൂപ്പർ മയം അല്ലേ. പിന്നെ എന്തിന് അവരായിട്ടു കുറക്കണം? ഇരിക്കട്ടെ സൂപ്പർ വൈറസുകളും).
ആഗോളതലത്തിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കൂടുന്നു- ഒപ്പം ദുരുപയോഗവും. ഇത് പുതിയതരം രോഗങ്ങൾക്കു കാരണമാകുന്നു. അമിതമായ ഔഷധ ഉപയോഗം ശരീരത്തിന്റെ ഇമ്യൂണിറ്റിയും മെറ്റബോളിസവും തകിടം മറിച്ചു താറുമാറാക്കുന്നു. പുതിയ രോഗങ്ങളോടു പോരാടാൻ ശരീരം പ്രാപ്തമല്ലാതാകുന്നു. അപ്പോൾത്തന്നെ രോഗാണുക്കൾ ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിദ്രവ്യങ്ങൾ (Antibodies) ഉല്പാദിപ്പിച്ച് സ്വയം അതിശേഷിയുള്ളതായി തീരുന്നു. ഇതു പുതിയ രോഗങ്ങൾക്കു കാരണമാകുന്നു. 2016-ൽ ബ്രിട്ടീഷ് ഗവൺമെന്റ് പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് ആന്റിബയോട്ടിക്കുകളോട് പ്രതിപ്രവർത്തിച്ച് പരിണാമം സംഭവിച്ച രോഗാണുക്കൾ മൂലമുണ്ടാകുന്ന പുതിയ രോഗങ്ങളാൽ ലോകവ്യാപകമായി പ്രതിവർഷം ഏഴു ലക്ഷം പേരാണ് മരിക്കുന്നത്! 2050 ആകുമ്പോഴേക്കും ഈ സംഖ്യ പ്രതിവാർഷികമായി പത്തു ലക്ഷം എന്ന തോതിലേക്ക് ഉയരും. രോഗപ്രതിരോധ മേഖലയിൽ ഇത് 100 ട്രില്യൻ അമേരിക്കൻ ഡോളറിന്റെ പ്രതിസന്ധിയായിരിക്കും സംജാതമാക്കുക. ഇത് ആഗോള പ്രതിസന്ധിയായിരിക്കും എന്നാണ് WHO പറയുന്നത്. Post Antibiotic apocalypse എന്നാണ് ഈ സ്ഥിതി വിശേഷത്തെ ബ്രിട്ടീഷ് ചീഫ് മെഡിക്കൽ ഓഫീസർ വിശേഷിപ്പിക്കുന്നത്.
നഗരവത്കരണവും വ്യാവസായിക വിപ്ലവവും പുതിയ രോഗങ്ങൾക്കു കാരണമായി എന്നു പറഞ്ഞാൽ അത് ഒട്ടും അതിശയോക്തി അല്ല.
2020 മാർച്ചിൽ കോവിഡ്19 ബാധിച്ച് ലോകം പരിഭ്രാന്തിയിൽ ആണ്ടിരിക്കുമ്പോൾ രണ്ടു വർഷം മുമ്പു കാര്യകാരണസഹിതം നിരത്തി വച്ച വസ്തുതകൾ സത്യമായിരിക്കുകയാണ്. വികസിത-വികസ്വര-അവികസിത രാജ്യങ്ങൾ എന്ന മേലെഴുത്തുകളും വേർതിരിവുകളും അസ്തമിച്ചു കഴിഞ്ഞു. അത് അങ്ങനെയാണല്ലോ. പ്രളയം വന്നാൽ എന്ത് അതിർവരമ്പ്?
ഇത്തരം ദുരന്തങ്ങളെക്കുറിച്ചു ബൈബിൾ എന്തു പറയുന്നു എന്നു നോക്കാം. പുറപ്പാട് 15:26; 1രാജാ:8:37; 2ദിനവൃ:6:28;7:13; സങ്കീ:91:3; ആമോസ് 4:10; ലൂക്കോ: 21:11 എന്നീ വാക്യങ്ങളിലാണ് നാം കൊറോണ പോലുള്ള മഹാമാരികളെക്കുറിച്ചു വായിക്കുന്നത്. Pestilences എന്ന വാക്കാണ് മിക്ക ഇംഗ്ലീഷ് വിവർത്തനങ്ങളിലും കാണുന്നത്. Plague എന്ന വാക്കും ഉപയോഗിച്ചു കാണുന്നുണ്ട്. Amplified വിവർത്തനത്തിൽ ലൂക്കോസ് 21:11 “Malignant and contagious or infectious epidemic diseases which are deadly and devastating” എന്നിങ്ങനെ ബ്രായ്ക്കറ്റിൽ മാർജിനൽ നോട്ടായി നല്കിയിരിക്കുന്നത് എത്ര അർത്ഥവത്താണ്. അതേ വാക്യം Bible in basic English ൽ outbursts of diseases in a number of places എന്നാണ് കാണുന്നത്. അതേ വിവർത്തനത്തിൽ famine എന്നതിനു പകരം and now men will be without food എന്നാണ് കാണുന്നത്. എന്തൊരു വിവർത്തനം. എത്ര കിറുകൃത്യം. ഈ രണ്ടു വിവർത്തനങ്ങളും ചേർത്ത് ഒന്നാക്കിയാൽ “Malignant and contagious or infectious epidemic diseases which are deadly and devastating will outburst in a number of places, and men will be without food ” എന്നു അല്പം ദൈർഘ്യമുള്ള വാക്യം ലഭിക്കുന്നു. ക്രിസ്തുവിന്റെ വാക്കുകൾ എത്ര സമകാലികം.
ഇന്നലെ എന്റെ മൂത്തമകൾ ക്യാനഡയിലെ ടോറോന്റോയിൽ നിന്നും അയച്ചു തന്ന വീഡിയോ ക്ലിപ്പിൽ വലിയ മാളുകൾ ആളൊഴിഞ്ഞിരിക്കുന്നു. ഷെൽഫുകൾ കാലിയായിരിക്കുന്നു. അമേരിക്കയിലെ എന്റെ കസിൻ പറഞ്ഞത് പരിഭ്രാന്തരായ ജനം ഭക്ഷ്യസാധനങ്ങൾ വാങ്ങി സംഭരിക്കുന്നു എന്നാണ്. മിക്കരാജ്യങ്ങളിലെയും വ്യാപാരസ്ഥാപനങ്ങൾ ഓഫർ (offer price) പിൻവലിച്ചിരിക്കുന്നു, Sale നിറുത്തു വച്ചിരിക്കുന്നു.
1854- ൽ ലണ്ടൻ നഗരത്തിലെ സോഹോയിൽ കോളറ പടർന്നു പിടിച്ചതോടെയാണ് ആധുനിക ‘എപിഡെമോളജി’ (Epidemology) ആരംഭം കുറിച്ചത്. ആധുനിക മെഡിക്കൽ ഹൈജീനിന്റെ പിതാവായി അറിയപ്പെടുന്ന ഡോക്ടർ ജോൺ സ്നോ എന്ന ഫിസിഷനാണ് അന്ന് ആ മഹാ ദുരന്തത്തിന് തടയിട്ടത്.
വ്യക്തി ശുചിത്വം, പരിസര ശുചിത്വം, സാമൂഹ്യ ശുചിത്വം എന്ന ആപ്തവാക്യം ആധുനിക മെഡിക്കൽ സയൻസ് പ്രഖ്യാപിക്കുന്നതിനും എത്രയോ മുമ്പ് ബൈബിളിൽ അത് രേഖപ്പെടുത്തി (ലേവ്യ: 11-15 അദ്ധ്യായങ്ങൾ). “നിന്റെ വാസസ്ഥലം ശുദ്ധിയുള്ളത് ആയിരിക്കേണ്ടതിന് (ആവർ: 23:14), നിന്റെ മാലിന്യം പാളയത്തിനു പുറത്ത് നിർദ്ദേശിക്കപ്പെട്ട സ്ഥലത്ത് കുഴിച്ചു മൂടണം (ആവർ:23:12,13).
“ദേശത്ത് മഹാമാരിയോ വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാൽ ഓരോരുത്തൻ വ്യക്തിപരമായും ജനം സമൂഹമായും ദൈവത്തിങ്കലേക്ക് തിരിഞ്ഞാൽ അവർ മരിക്കാതെ ജീവിച്ചിരിക്കും,” എന്നാണ് 1രാജാ:8:37-40; 2 ദിന: 6:28 വാക്യങ്ങളുടെ രത്നച്ചുരുക്കം. “പാപങ്ങളിൽ കൂട്ടാളി ബാധകളിൽ പങ്കാളി,” എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത് (വെളി: 18:4).
അണുനാശിനി ഉപയോഗിച്ച് കൈകൾ കൃത്യമായി കഴുകുക, വ്യക്തികൾ തമ്മിൽ വ്യക്തമായ അകലം, ചുരുങ്ങിയത് ഒരു മീറ്റർ പാലിക്കുക,കൈ കൊടുക്കാതിരിക്കുക എന്നിവയാണ് കോവിഡ് 19 ന് എതിരെയുള്ള മുൻ കരുതൽ. സ്വയം ശുദ്ധീകരിക്കുക, വേർപാട് പാലിക്കുക എന്നിങ്ങനെ ഈ നിയമങ്ങളെ ചുരുക്കാം. കൈകളെ കുറ്റമില്ലായ്മയിൽ കഴുകുക, (സങ്കീ:73:13) കൈകളെ വെടിപ്പാക്കുക (യാക്കോ:4:8) വേർപാടു പാലിക്കുക(വെളി:18:4) ദൈവത്തോടു പരമാർത്ഥതയോടെ പ്രാർത്ഥിക്കുക( 2ദിന:7:13). എന്നാൽ മിസ്രയീമ്യർക്കു വരുത്തിയ വ്യാധികളിൽ ഒന്നും നിനക്കു വരുത്തുകയില്ല; ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു (പുറ:15:26).