ശുഭദിന സന്ദേശം : പദ്ധതിയും പദ്ധതികളും | ഡോ. സാബു പോൾ

”ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ തന്നേ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു”(മർക്കൊ.3:35).

ഒറ്റപ്പെട്ടുകിടക്കുന്ന ദ്വീപുനിവാസികളുടെ ദീർഘ വർഷത്തെ പ്രയത്നഫലമായിരുന്നുവത്. ഒത്തിരി നിവേദനങ്ങൾ… സമരങ്ങൾ…
അങ്ങനെ അവസാനം ഗവൺമെൻ്റ് കനിഞ്ഞു….

എന്താവശ്യത്തിനും വള്ളത്തെ മാത്രം ആശ്രയിക്കേണ്ടി വന്ന അവരിൽ പലർക്കും വെള്ളത്തിൽ ജീവൻ നഷ്ടമായിട്ടുണ്ട്. ഇനി ഒന്നും പേടിക്കണ്ട! സ്വപ്നസാഫല്യമായ മനോഹരമായ പാലത്തിൻ്റെ ഉദ്ഘാടനമായിരുന്നു അന്ന്…..

പക്ഷേ……
അതു കഴിഞ്ഞാണ് അതിനെച്ചൊല്ലി പ്രശ്നങ്ങൾ ഉടലെടുത്തത്.

ദ്വീപിലെ ചോട്ടാ നേതാവ് പറഞ്ഞു: “ഞാനാ പാലം കൊണ്ടുവന്നത്. നിങ്ങളൊക്കെ അവനവൻ്റെ കാര്യം നോക്കിയപ്പഴേ… ഞാൻ ഊണും ഉറക്കോമൊളച്ച് ഇതിൻ്റെ പൊറകേ ഓടുവാരുന്നു…..”

കേട്ടു നിന്നവർക്കും അഭിപ്രായങ്ങൾ പലതുണ്ടായി…

“ആ എഞ്ചിനീയർ പ്ലാൻ വരച്ചില്ലായിരുന്നെങ്കി ഇതു വല്ലോം നടക്കുവാരുന്നോ…”

”അതു കൊള്ളാം! പ്ലാൻ വരച്ച് വീട്ടീവെച്ചാ പാലമാകുവോ? ആ കോൺട്രാക്ടറില്ലായിരുന്നെങ്കീ ഒന്നും നടക്കൂലായിരുന്നു….”

”അല്ല, ആ കോൺട്രാക്ടർ മാത്രം വിചാരിച്ചാ എല്ലാം ശരിയാവുമാരുന്നോ? അദ്ദേഹത്തിൻ്റെ കീഴിൽ എത്ര സബ്ബ് കോൺട്രാക്ടർമാർ ഉണ്ടായിരുന്നു…?”

സംഭാഷണത്തിൻ്റെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലായല്ലൊ. വേണമെങ്കിൽ കോൺക്രീറ്റ് മിശ്രിതം മിക്സ് ചെയ്തവർക്കു പോലും ഇത്തരം അവകാശവാദമുന്നയിക്കാം. പക്ഷേ, വിവരമുള്ളവരാരെങ്കിലും അത് അംഗീകരിക്കുമോ….?

ഇവിടെ മനസ്സിലാക്കേണ്ടത് പ്രധാന പദ്ധതിയെന്തെന്നും അതിൻ്റെ ഉപ പദ്ധതികളെന്തെന്നുമാണ്. പാലം എന്ന പദ്ധതി ഗവൺമെൻ്റ് നടപ്പിലാക്കുമ്പോൾ അനുബന്ധ പ്രവൃത്തികൾക്കായി പലരെയും ഉപയോഗിച്ചെന്നു വരാം. ഏറ്റെടുക്കാൻ ആരെങ്കിലും വിമുഖത കാണിച്ചാൽ പകരം വേറെ ആളുകളെ തിരഞ്ഞെടുക്കും.

ഇത്രയുമെഴുതാൻ കാരണം പാസ്റ്റർ വർഗീസ് സാമുവലും ബ്ര. സജിത്ത് കണ്ണൂരും തമ്മിൽ U.K.യിൽ നടന്ന സംവാദത്തിലെ ബ്ര. സജിത്തിൻ്റെ ബാലിശമായ വാദമുഖങ്ങളാണ്.

മറിയയുടെ സമ്മതമാണത്രേ ദൈവത്തിൻ്റെ രക്ഷാ പദ്ധതി യാഥാർത്ഥ്യമാക്കിയത്. ..!
മറിയ സമ്മതിച്ചില്ലായിരുന്നെങ്കിൽ…..?
മനുഷ്യനെ രക്ഷിക്കാൻ മാർഗ്ഗമില്ലാതെ ദൈവം നിസ്സഹായനാവുമായിരുന്നോ?

ദൈവത്തിൻ്റെ പ്രധാന പദ്ധതി മനുഷ്യവർഗ്ഗത്തെ പാപത്തിൽ നിന്നു വീണ്ടെടുക്കുക എന്നതായിരുന്നു. പ്രായശ്ചിത്തമായി പാപമില്ലാത്ത മനുഷ്യ രക്തം ചീന്തപ്പെടണം.
അതിന് യേശു മനുഷ്യനായി അവതരിക്കണം. അതിന് ഭാഗമായിത്തീർന്ന ഒത്തിരിപ്പേരുണ്ട്.

ജനനത്തിൽ…..
…യോസഫ്, മറിയ.
…ആട്ടിടയൻമാർ.
…വിദ്വാൻമാർ.
ജീവിതത്തിൽ….
…ശിഷ്യൻമാർ.
…പുരുഷാരം, യഹൂദ നേതാക്കൾ.
മരണത്തിൽ….
…റോമൻ ഭരണകൂടം.
…മത നേതാക്കൾ.
…പടയാളികൾ
അടക്കത്തിൽ
…അരിമഥ്യക്കാരൻ യോസഫ്.
… നിക്കൊദെമോസ്.

എന്നാൽ തിരുവെഴുത്തുകളിൻ പ്രകാരം ജനിച്ച്, മരിച്ച്, അടക്കപ്പെട്ട്, ഉത്ഥാനം ചെയ്ത യേശുവാണ് പാപമില്ലാത്തവൻ, പാപപരിഹാരകൻ, ആരാധ്യൻ!

മറിയ അനുഗ്രഹീതയെന്നും ഭാഗ്യവതിയെന്നും എല്ലാവരും അംഗീകരിക്കുന്നു. ദൈവത്തിൻ്റെ പദ്ധതിയുടെ ഭാഗമായി തീരാൻ കൃപ ലഭിച്ചല്ലോ. ആ പദവിയിൽ അവൾ സംതൃപ്തയായിരുന്നു താനും. അതിനപ്പുറം ആകാശ രാജ്ഞിയായ ജാതീയ ദൈവ സങ്കൽപ്പത്തിലേക്ക് മറിയയെ ഉയർത്തിയവർ ന്യായീകരണങ്ങൾ നിരത്താൻ കഷ്ടപ്പെടുന്നു.

പാരമ്പര്യത്തിൻ്റെ പിന്നാലെ പോകുന്നവരോ, ഗൂഢലക്ഷ്യത്തോടെ വചനത്തെ വളച്ചൊടിക്കുന്നവരോ അല്ല, തൻ്റെ വചനം കേട്ടുപ്രമാണിക്കുന്നവരാണ് തൻ്റെ അമ്മയും സഹോദരൻമാരും എന്ന് കർത്താവ് അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രിയ ദൈവെപെതലേ,
വചനം വളരെ സരളമായും സുവ്യക്തമായും പറഞ്ഞത് വിശ്വസിക്കാം, അനുസരിക്കാം. അപ്രസക്തമായ കാര്യങ്ങളെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കി ദുരുപദേശങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയാം.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply