ഭാവന: ഞാൻ… | കുഞ്ഞുമോന്‍ ആന്റണി

തിവുപോലെ ഡ്യൂട്ടി ടൈമിനും അല്പം നേരത്തെ ഓട്ടം കഴിഞ്ഞു വാഹനം പാർക്ക്‌ ചെയ്തു. ശേഷം റൂമിൽ വന്നു ആരാധനക്ക് പോകാൻ കുളിച്ചു ഫ്രഷ് ആയി കണ്ണാടിയിൽ നോക്കി മുഖം മിനുക്കി, മുടി ചീകി ഒന്ന് നോക്കി. കൊള്ളാം തരക്കേടില്ല. റൂമിൽ പുതുതായി വന്ന സഹോദരൻ ഇരിക്കുന്നത് ശ്രെദ്ധിക്കാതെ ഇറങ്ങി, കഴിഞ്ഞ തവണ അവനോട് വരുന്നോ എന്നു ചോദിച്ചതാ; ഇല്ല എന്ന് പറഞ്ഞു, ഇവനൊക്കെ വേണമെങ്കിൽ വരട്ടെ. എന്നു മനസ്സിൽ വിചാരിച്ചു വേഗം നടക്കുമ്പോൾ “ആത്മാക്കൾക്ക് വേണ്ടി കണ്ണുനീരോടെ പ്രാർത്ഥിക്കണം” എന്ന് ഞാൻ തന്നെ പ്രസംഗിച്ച വാക്കുകൾ സൗകര്യപൂർവം വിഴുങ്ങി.

ആരാധനാലയത്തിലേക്ക് നടന്നു. ജോലിക്കാരുടെ സൗകര്യാർത്ഥം വൈകുന്നേരം ആരാധന നടത്തുന്നത് കൊണ്ട് പങ്കെടുക്കാൻ കഴിയുന്നു. കാരണം ആകെയുള്ള ഒരു അവധിദിവസം ഓവർടൈം ചെയ്യണം. പാർട്ടൈം, ഓവർടൈം, ഫുൾടൈം, എല്ലാം ചെയ്തിട്ടും ജീവിതം മുന്നോട്ട് പോകുന്നില്ല.

റോഡിലേക്ക് ഇറങ്ങിയപ്പോൾ തന്നെ ദാ വരുന്നു ഒരുത്തൻ കൈ നീട്ടികൊണ്ട്, ഹും… !! മേലനങ്ങി പണിയെടുക്കാൻ വയ്യാതെ ഇറങ്ങിക്കോളും ഓരോന്ന്. അപ്പോഴാണ് ഓർത്തത് ആരാധനക്ക് പോകുകയാണല്ലോ എന്ന്, മനസില്ലാമനസോടെ ചില്ലറത്തുട്ടുകൾ അവന്റെ കയ്യിൽ വച്ചുകൊടുക്കുമ്പോൾ, ഇത് ഇന്നു സാക്ഷ്യം പറയാമല്ലോ എന്നതായിരുന്നു ഏക ആശ്വാസം. എന്നാണോ ഈ വൃത്തികെട്ട ഏരിയയിൽ നിന്നും ഒരു മോചനം ഉണ്ടാകുന്നത്.

“ദൈവം ശുദ്ധീകരിച്ചതിനെ നീ എങ്ങനെ മലിനമെന്ന് എണ്ണും” എന്നാരോ മനസ്സിൽ മന്ത്രിക്കുന്നതുപോലെ…….. ഓ…. തോന്നിയതാ

റോഡ് ക്രോസ്സ് ചെയ്തു ലുലു എക്സ്ചേഞ്ച് ന്റെ സൈഡിലൂടെ ആരാധന ഹാൾ ലക്ഷ്യമാക്കി നടന്നു. സമയം ഇത്തിരി വൈകി, എങ്കിലും ഇത്തിരി പതിയെ നടക്കുന്നുള്ളൂ എന്റെ വില അവർ മനസ്സിലാക്കട്ടെ. അല്ലെങ്കിൽ തന്നെ എന്നെപോലെ ആരാധിക്കുന്ന ആരുണ്ട് സഭയിൽ, കഴിഞ്ഞ ആഴ്ചയിൽ കൂടെ ദൈവദാസൻ പറഞ്ഞു ആരാധിക്കുന്നു എങ്കിൽ ഈ സഹോദരനെ പോലെ ആരാധിക്കണം എന്ന്. അതുകേട്ടു പുറമെ ഞാൻ മൗനമായി ഇരുന്നു എങ്കിലും എന്റെ ഹൃദയത്തിലെ നിഗളം ആരും കണ്ടില്ലലോ എന്നതായിരുന്നു ഏക ആശ്വാസം. ചിലപ്പോൾ തോന്നും ഈ വിശ്വാസി എന്നാൽ നല്ലൊരു അഭിനേതാവ് കൂടിയാണ് എന്ന്. ഏയ്‌ ഞാൻ അങ്ങനെയല്ല കേട്ടോ. ഞാൻ തൊണ്ണൂറ്റിഒൻപത് ശതമാനവും നീതിമാനാണ്. ഓരോന്ന് ചിന്തിച്ചു സ്ഥലം എത്തിയത് അറിഞ്ഞില്ല

കലാഭവൻ ബില്ഡിങ്ങിന്റെ ബേസ്‌മെന്റിലേക്ക് പടികൾ ഇറങ്ങുമ്പോൾ തന്നെ കയ്യടിയും പാട്ടും കേട്ടു, ആരാധന സമയത്തു തന്നെ തുടങ്ങിയിരിക്കുന്നു. എന്തായാലെന്താ ഒരനക്കം ഉണ്ടാവണം എങ്കിൽ ഞാൻ ചെല്ലണം

“തന്നത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും” എന്നൊരു ശബ്ദം കേട്ടോ ഓ…. എനിക്ക് തോന്നിയതാ വെറുതെ പേടിച്ചു.

അകത്തു കയറി സ്ഥിരമായി ഇരിക്കാറുള്ളിടത്തു ഇരുന്നു. ദൈവദാസൻ എന്തൊക്കെയോ പുലമ്പുന്നു ഇത് ഇങ്ങേരുടെ സ്ഥിരം പരിപാടിയ, എന്തൊക്കെയോ പറഞ്ഞു സമയം കളയും അത് കേട്ടു ഹല്ലേലുയ പറയാൻ വേറെ കുറെ ആളുകൾ, വേഗം അടുത്ത പാട്ട് തുടങ്ങിയിരുന്നെങ്കിൽ. ഈ സമയം എല്ലാവരും കരങ്ങൾ ഉയർത്തി സ്തുതിച്ചാട്ടെ എന്ന ദൈവദാസന്റെ ശബ്ദം കേട്ടു. പിന്നെ വേറെ പണിയൊന്നും ഇല്ല ഇതൊരു സ്ഥിരം ഏർപ്പാടാണ് തൊട്ടതിനും പിടിച്ചതിനും കരം ഉയർത്തിക്കോ. എനിക്ക് പറ്റില്ല, ഞാനത് ശ്രെദ്ധിക്കാൻ പോയില്ല

“നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങി ഇരുപ്പിൻ” എന്ന വാക്യം ഹൃദയത്തിൽ വന്നത് വിഴുങ്ങി.

പാട്ടു തുടങ്ങി, ആരാധന തുടങ്ങി എല്ലാവരും ദൈവത്തെ സത്യത്തിലും ആത്മാവിലും ആരാധിച്ചു തുടങ്ങി.

ഇന്ന് എന്തോ ഒരു പ്രേത്യേകത പോലെ ദൈവസാന്നിധ്യം ഇറങ്ങി വന്നതുപോലെ, കാഹളശബ്ദം കേട്ടതുപോലെ. ശക്തമായി ദൈവത്തെ ആരാധിച്ചു. എല്ലാവരും ക്ഷീണിച്ചു നിർത്തിയെന്നു തോന്നുന്നു. ഞാൻ നിർത്താൻ പോയില്ല, എല്ലാവരും കേൾക്കട്ടെ എന്റെ ആരാധന. പക്ഷെ, ദൈവദാസന്റെയും ശബ്ദം കേൾക്കുന്നില്ല…. എന്തുപറ്റി, ഞാൻ കണ്ണ് അല്പം തുറന്ന് ചുറ്റും നോക്കി എന്താണിത് ആരെയും കാണുന്നില്ല. എല്ലാവരുടെയും ബാഗ്, ബൈബിൾ, മൊബൈൽ എല്ലാം യതസ്ഥാനത്ത് ഉണ്ട്  ദൈവദാസനെയും ദൈവമക്കളെയും മാത്രം കാണുന്നില്ല. ഒരു നിമിഷം അന്ധാളിച്ചു നിന്ന ഞാൻ പതിയെ ആ സത്യം മനസിലാക്കി, ഞാനൊഴിച്ച് എല്ലാവരും എടുക്കപ്പെട്ടിരിക്കുന്നു. ഒരു നിലവിളി നെഞ്ചിൽ കുരുങ്ങി. പെട്ടന്ന് പുറകോട്ട് തിരിഞ്ഞു നോക്കി, പരിജ്ഞാനത്തോടെ പ്രാർത്ഥിക്കാൻ പോലും അറിയാത്ത ഒരു സഹോദരൻ പുറകിൽ ഇരിക്കുമായിരുന്നു. അവനെയും കാണുന്നില്ല. കർത്താവേ…. അവനും എടുക്കപ്പെട്ടോ. സപ്തനാഡികളും തളർന്നവനായി ഒന്നു കരയാൻ പോലും കഴിയാതെ ജീവശ്ചവമായി ഇരുന്നു. പിന്നെ ഉറക്കെ നിലവിളിച്ചു, കരഞ്ഞു നിരാശനായി, എല്ലാം നഷ്ടപെട്ടവനായി ഇനിയൊരു പ്രത്യാശക്കു വകയില്ലാത്തവനായി പുറത്തേക്കു നടന്നു. അപ്പോഴും ഏതോ ഒരു ഹാളിൽ നിന്ന് ആരാധന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.

-Advertisement-

You might also like
Comments
Loading...