കോവിഡ് 19: ഇന്ത്യക്കാർക്ക് മാർച്ച് ഒമ്പത് മുതൽ ഖത്തർ യാത്രാവിലക്ക് ഏർപ്പെടുത്തി
ദോഹ: കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തിൽ ഇന്ത്യയടക്കമുള്ള 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തർ താൽകാലിക യാത്രാവിലക്ക് ഏർപ്പെടുത്തി. ഇറ്റലിയിൽ നിന്ന് ദോഹ വഴി ഖത്തർ എയർവേയ്സ് വിമാനത്തിൽ കൊച്ചിയിൽ എത്തിയ പത്തനംതിട്ട സ്വദേശികൾക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിൻെറ കൂടി പശ്ചാത്തലത്തിലാണ് മുൻകരുതൽ എന്ന നിലയിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് ഖത്തറിലേക്കുള്ള പ്രവേശനം വിലക്കിയിരിക്കുന്നത്.
ഖത്തർ ഗവൺമെൻറ് കമ്മ്യൂണിക്കേഷൻ ഓഫിസും ഖത്തർ ന്യൂസ് ഏജൻസി (ക്യു.എൻ.എ)യും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മാർച്ച് ഒമ്പതുമുതലാണ് യാത്രാവിലക്ക് ബാധകമാവുന്നത്. ഓൺഅറൈവൽ വിസയിൽ എത്തുന്നവർ, റെസിഡൻസ് പെർമിറ്റ് ഉള്ളവർ, വർക്ക് പെർമിറ്റ് ഉള്ളവർ, താൽക്കാലിക സന്ദർശകർ എന്നിവർക്കൊക്കെ നിരോധനം ബാധകമാണ്. ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇറാൻ, ഇറാഖ്, ലെബനാൻ, നേപ്പാൾ, പാകിസ്താൻ, ഫിലിപ്പീൻസ്, സൗത്ത്കൊറിയ, ശ്രീലങ്ക, സിറിയ, തായ്ലൻറ് എന്നീ രാജ്യക്കാർക്കും ഖത്തർ താൽകാലിക യാത്രവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കാർക്ക് വിലക്കുള്ള കാര്യം ഖത്തറിലെ ഇന്ത്യൻ എംബസിയും ട്വിറ്ററിൽ അറിയിച്ചു.




- Advertisement -