പ്രണയബന്ധങ്ങളിലെ അതിരുവിടുന്ന ലൈംഗീകത | ഫിന്നി കാഞ്ഞങ്ങാട്
ആധുനികത മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിക്കഴിഞ്ഞു. ദിവസങ്ങള്‍ കഴിയുന്തോറും പുതിയ സംസ്‌കാരങ്ങളും ജീവിതരീതികളും നവീന ചിന്താഗതികളും അപകടകരമായ ജീവിത ശൈലിയിലേക്കാണ് നമ്മുടെ യുവതലമുറയെ കൈപിടിച്ച് കൊണ്ടു പോകുന്നത്. ധാര്‍മ്മിക അപചയങ്ങളും മൂല്യശോഷണവുമാണ് കുടുംബങ്ങൾ ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികള്‍. ഏതു പുത്തന്‍ മാറ്റങ്ങളെ വേഗത്തില്‍ ഉള്‍ക്കൊള്ളുവാനും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും കൗമാരപ്രായക്കാരും യുവജനങ്ങളും വെമ്പല്‍ കൊള്ളുകയാണ്.
ലൈംഗീകത – ഇന്നത്തെ പുത്തന്‍ പ്രവണതകള്‍
ഒരു കാലഘട്ടത്തില്‍ ഭാര്യഭര്‍ത്തൃബന്ധത്തിനുള്ളില്‍ പങ്കിട്ടിരുന്ന ലൈംഗീകത (Sex) എന്ന ദൈവദത്തമായ വികാരം, ഇന്ന് ഉത്തരാധുനിക കാലഘട്ടത്തില്‍ വികലമായ ചിന്താഗതിയായി മാറ്റപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം.
മറ്റൊരര്‍ത്ഥത്തില്‍ എവിടെയും ലൈംഗീകതയുടെ അതിപ്രസരം ദൃശ്യമാണ്. ഒരു പുസ്തകമോ, മാസികകളോ, പത്രമോ, എന്തിനേറെ ഒന്നാം ക്ലാസ്സുകാരന്റെ നോട്ടുബുക്കിന്റെ പുറം ചട്ടകള്‍ വരെ ലൈംഗീകതയുമായി ബന്ധപ്പെടുന്ന ചിത്രങ്ങളോ, വാക്കുകളോ, സൂചനകളോ ദൃശ്യമാണ്.
കഴിഞ്ഞകാലങ്ങളില്‍ പ്രായപൂര്‍ത്തിയായവര്‍ മനസ്സിലാക്കിയിരുന്ന ലൈംഗീകതയുടെ ആദ്യപാഠങ്ങള്‍ ഇന്ന് കുഞ്ഞുങ്ങള്‍ക്കു പോലും കാണാപാഠമാണ്.
യുവജനങ്ങളുടെയും കുഞ്ഞുങ്ങളുടെയും മൃദുലവികാരങ്ങളെ ഉത്തേജിപ്പിച്ച് അരുതാത്ത പല പ്രവര്‍ത്തികളിലേക്ക് കൊണ്ടെത്തിക്കുന്നതില്‍ ഇന്റെർനെറ്റ് പോലുള്ള മാധ്യമങ്ങള്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ശ്രവ്യമാധ്യമങ്ങളില്‍നിന്നും ദൃശ്യമാധ്യമങ്ങളിലേക്ക് പെട്ടെന്നുള്ള മാറ്റമാണ് ലൈംഗീകതയുടെ പ്രചാരണം അതിവേഗത്തിലാക്കിയത്. ടെലിവിഷന്‍ പോലുള്ള ദൃശ്യമാധ്യമങ്ങളുടെ നിയന്ത്രണങ്ങളെപോലും വേഗത്തില്‍ മറികടന്നുകൊണ്ടുള്ള ഇന്റര്‍നെറ്റിന്റെ വരവ് അധാര്‍മ്മികവും കുത്തഴിഞ്ഞതുമായ ലൈംഗീക സംസ്‌കാരത്തെ പരിപോഷിപ്പിക്കുവാന്‍ സഹായകമായി തീര്‍ന്നിട്ടുണ്ട്. ചില കോപ്പറേറ്റ് മാധ്യമങ്ങളാണ് വികലമായ ലൈംഗീക സംസ്‌കാരത്തിന്റെ വക്താക്കള്‍. അവ കുഞ്ഞുങ്ങളുടെ ഇളം മനസില്‍ ദു:സ്വാധീനം ചെലുത്തുന്നു എന്നത് വളരെ വസ്തുതാപരമായ യാഥാര്‍ത്ഥ്യമാണ്.
കഴിഞ്ഞ ചില നാളുകള്‍ക്ക് മുന്‍പ് 10 വയസ്സുപ്രായമുള്ള ഒരു ആണ്‍കുട്ടി, സ്വന്തം അയല്‍പക്കത്തു താമസിക്കുന്ന 3 വയസ്സുള്ള പിഞ്ചുബാലികയെ അതിദാരുണമായി പീഡിപ്പിച്ചതിനുശേഷം കൊന്ന് കാട്ടില്‍കൊണ്ടുപോയി ഉപേക്ഷിച്ചു. ഈ കൃത്യത്തിനുശേഷം രക്ഷപെടുവാന്‍ ശ്രമിക്കുമ്പോഴാണ് പോലീസ് പിടിയിലാകുന്നത്. ഈ കൃത്യം ചെയ്യുവാനുണ്ടായ ചേതോവികാരം എന്താണ് എന്ന യാഥാര്‍ത്ഥ്യം പോലീസ് അവനോട് ചോദിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സഹപാഠികളില്‍നിന്നും ലഭിച്ച അശ്ലീല സി.ഡി.കളും മാസികകളുമാണ് ഈ കുറ്റകൃത്യം ചെയ്യുവാന്‍ തന്നെ പ്രേരിപ്പിച്ചത് എന്ന് അവന്‍ തുറന്നു പറഞ്ഞു.
ലൈംഗീകതയെ വികലമായി ചിത്രീകരിച്ച്, ഇന്നത്തെ തലമുറയെ കുറ്റകൃത്യങ്ങളിലേക്കും പല അരുതാത്ത ചെയ്തികള്‍ക്കും കാരണക്കാരായി മാറുവാന്‍ പൈങ്കിളി സാഹിത്യങ്ങളും അശ്ലീലസി.ഡി.കളും അരുതാത്ത സൗഹൃദങ്ങളും കാരണമാകുന്നു.
സ്‌നേഹവും കടപ്പാടുകളും ഐക്യതയുംകൊണ്ട് ഊട്ടി ഉറപ്പിക്കപ്പെട്ടിരുന്ന കുടുംബം എന്ന ‘ആശയം’ ഇന്ന് ആധുനികതയുടെ പരിവേഷത്താല്‍ മറ്റു പല ചിന്താഗതികള്‍ക്കു അടിമപ്പെട്ടു പോയിരിക്കുന്നു. ഇന്നത്തെ പ്രണയബന്ധങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല. “യൂസ് ആന്റ് ത്രോ ” എന്ന ആധുനിക ജീവിതശൈലി കുടുംബബന്ധങ്ങളിലേക്കും പ്രണയബന്ധങ്ങളിലേക്കും വ്യാപിക്കപ്പെട്ടിരിക്കുന്നു. ആവശ്യം കഴിഞ്ഞ് ഉപേക്ഷിക്കുവാനും പുതിയതിനെ നേടിയെടുക്കുവാനുമുള്ള ഈ പുത്തന്‍ സംസ്‌കാരം നമ്മുടെ യുവത്വത്തെ സ്വാധീനിച്ചിരിക്കുന്നു എന്നതാണ് ഫാമിലി സൈക്കോളജിസ്റ്റുകളും കൗണ്‍സിലേഴ്‌സും വിലയിരുത്തുന്നത്. നിസാരപ്രശ്‌നങ്ങള്‍ക്ക് വിവാഹമോചനം നേടുന്നവരുടെ ആഗ്രഹങ്ങള്‍ക്ക് പിന്നില്‍ ഇത്തരം മനോഭാവങ്ങളാണ് എന്നു വേണം കരുതാന്‍. പാവനമായ കുടുംബജീവിതത്തെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നത് ദൈവീകക കല്‍പനയ്ക്ക് വിരുദ്ധമാണ്.
പാശ്ചാത്യരാജ്യങ്ങളില്‍ സ്വവര്‍ഗ്ഗവിവാഹങ്ങള്‍ക്ക് വന്‍ അംഗീകാരവും പ്രാധാന്യവുമാണ് ലഭിച്ചിട്ടുള്ളത്. സ്വവര്‍ഗ്ഗ പ്രണയവും സ്വവര്‍ഗ്ഗലൈംഗീകതയും ഇന്നത്തെ തലമുറയ്ക്ക് അരാജകത്വവും അനോരോഗ്യപരമായ ജീവിതശൈലിയും മാത്രമെ സമ്മാനിക്കുകയുള്ളു എന്നതാണ് യാഥാര്‍ത്ഥ്യം.
പ്രണയബന്ധങ്ങളിലും ലൈംഗീകത
ലൈംഗീകത മാറ്റി നിര്‍ത്തിയുള്ള പ്രണയബന്ധങ്ങള്‍ ഇന്ന് കുറവാണ്. വിവാഹത്തിനുമുമ്പു തന്നെ ലൈംഗീകതയുടെ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുവാന്‍ യുവതി-യുവാക്കള്‍ തയ്യാറാണ്. ഇത്തരത്തിലുള്ള പ്രവണത യുവജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്നു എന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യാറ്റുഡെ മാസിക കോളേജലെംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടവരോ, ലൈംഗീകചുവയുള്ള സംസാരങ്ങളിലോ സ്പര്‍ശനങ്ങളിലോ ഏര്‍പ്പെടുന്നവരാണ്. 28 ശതമാനം പേര്‍ സ്വാഭാവികമായും ബാക്കി നിര്‍ബന്ധത്താലും ലൈംഗീബന്ധത്തില്‍ ഏര്‍പ്പെടുന്നു. കൗതുകത്തിനുവേണ്ടി തുടങ്ങുന്ന ഇത്തരം ബന്ധങ്ങള്‍ക്ക് ക്രമേണ അടിപ്പെട്ടുപോകുകയാണ് ചെയ്യുന്നത്.
പാശ്ചാത്യനാടുകളില്‍ വിവാഹത്തിനുമുന്‍പ് അടുത്തിടപഴകുവാനും പരസ്പരം മനസിലാക്കുവാനും സാധിക്കുന്ന ഡേറ്റിങ്ങ് (Dating-സ്വകാര്യമായി കണ്ടുമുട്ടുക) പേറ്റിങ്ങ് (Petting – ലൈംഗിക വേഴ്ചയല്ലാത്ത ശാരീരിക സമ്പര്‍ക്കം) എന്നിവ നമ്മുടെ അഭ്യസ്തവിദ്യരായ യുവതിയുവാക്കളില്‍ സര്‍വ്വസാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രണയിതാക്കള്‍ ഇരുവരും വിവാഹം കഴിക്കുവാന്‍ തീരുമാനം എടുത്തിരിക്കുന്നതുകൊണ്ട് ലൈംഗീകതയുടെ കാര്യത്തിലും തുറന്ന മനോഭാവം തെറ്റില്ല എന്ന് ചിന്തിക്കുന്നവരും ഇന്ന് നമ്മുടെ ഇടയില്‍ കുറവല്ല. വിവിധ കാരണങ്ങളാല്‍ മിക്ക പ്രണയബന്ധങ്ങളും വിവാഹത്തില്‍ ചെന്നെത്താത്തതുകൊണ്ട് പിന്നീട് കുറ്റബോധം നിറഞ്ഞ മനസ്സിനും കടുത്ത മാനസീക വ്യഥകള്‍ക്കും അടിമകളായി മാറ്റപ്പെടുന്നു.
രേഷ്മയുടെ ആ മുഖം ഇന്നും എന്റെ ഓര്‍മ്മയില്‍നിന്ന് മറഞ്ഞിട്ടില്ല. ആ ദിനം വളരെ ദുഃഖത്തോടെയാണ് ഞാന്‍ ഇന്നും ഓര്‍ക്കുന്നത്. എനിക്ക് പരിചയമുള്ള പെണ്‍കുട്ടിയാണവള്‍… പ്ലസ് ടു പഠനത്തിനുശേഷം ബാംഗ്ലൂരിലേക്ക് നേഴ്‌സിങ്ങ് പഠനത്തിനായി പോകുമ്പോള്‍ എല്ലാവരും ആഗ്രഹിക്കുന്ന ചില നല്ല സ്വപ്നങ്ങള്‍ അവള്‍ക്കും ഉണ്ടായിരുന്നു. പഠനത്തില്‍ സമര്‍ത്ഥയായതുകൊണ്ട് മാതാപിതാക്കളും സുഹൃത്തുക്കളും അവളില്‍ പ്രതീക്ഷകള്‍ അര്‍പ്പിച്ചിരുന്നു. എന്നാല്‍ തന്റെ കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥിയായ മലയാളി യുവാവ് വിശാലുമായി പ്രണയബന്ധത്തിലാകുവാന്‍ സമയം അധികം വേണ്ടി വന്നില്ല… സ്വാതന്ത്ര്യത്തിന്റെ ലഹരിയില്‍ ജീവിതം കൈവിട്ടു പോകുകയായിരുന്നു എന്ന യാഥാര്‍ത്ഥ്യം അവള്‍ മനസിലാക്കിയിരുന്നില്ല… വിവാഹം കഴിക്കാം എന്ന വാഗ്ദാനത്തിന്റെ പേരില്‍ തന്റെ വിലപ്പെട്ടത് പലതും നഷ്ടമായി എന്നത് നിസ്സാരമായി മാത്രമെ രേഷ്മ മനസ്സിലാക്കിയിരുന്നുള്ളു. പഠനം കഴിഞ്ഞ് നാട്ടിലെത്തിയ വിശാല്‍ മറ്റൊരു പെണ്‍കുട്ടിയുമായുള്ള വിവാഹം ഉറപ്പിച്ചു. തന്റെ പഠനത്തിനുശേഷം വിവാഹം നടത്താമെന്ന് വിശാല്‍ രേഷ്മയോടു പറഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍ വിശാല്‍ തന്നെ വഞ്ചിക്കുകയായിരുന്നു എന്ന സത്യം വൈകി മാത്രമാണ് രേഷ്മ അറിഞ്ഞത്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും മുന്‍പില്‍ അപമാനിതയായ അവള്‍ കോളേജ് ഹോസ്റ്റലില്‍വെച്ച് ഒരു തുണ്ട് കയറില്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ചേതനയറ്റ ശരീരം ബാംഗ്ലൂരില്‍നിന്നും സ്വന്തം ഭവനത്തിലേക്ക് കൊണ്ടു വന്നപ്പോള്‍ മാതാപിതാക്കളുടെ ഹൃദയം തകര്‍ക്കുന്ന കരച്ചില്‍ കാണുവാന്‍ കണ്ടുനിന്നവര്‍ക്ക് ശക്തി പോരായിരുന്നു. അവരുടെ ആ മുഖത്ത് ദുഃഖത്തിന്റെ കരിനിഴല്‍ മാത്രം…




- Advertisement -