ശുഭദിന സന്ദേശം : നിൽക്കുന്നതും നിലനിൽക്കുന്നതും | ഡോ.സാബു പോൾ

”നിങ്ങൾ പോയി ഫലം കായിക്കേണ്ടതിനും നിങ്ങളുടെ ഫലം നിലനിൽക്കേണ്ടതിന്നും നിങ്ങളെ ആക്കിവെച്ചുമിരിക്കുന്നു”(യോഹ.15:16).

പാറപ്പുറത്ത് വീണ വിത്തിനെക്കുറിച്ച് യേശു പറഞ്ഞ ഉപമ നമുക്ക് സുപരിചിതമാണ്. അതിൻ്റെ വളർച്ച വളരെ വേഗത്തിലായിരുന്നു….!
വരൾച്ചയും അതിവേഗമായിരുന്നു…
കാരണം, വേരില്ലായിരുന്നു.

കഷ്ടതയുടെ കയ്പുനീർ കുടിക്കാൻ പോകുന്നതിന് തൊട്ടുമുമ്പ് തൻ്റെ ശിഷ്യൻമാർക്ക് പ്രബോധനവും മുന്നറിയിപ്പുമൊക്കെ നൽകുകയാണ് യേശുക്രിസ്തു.

post watermark60x60

തൻ്റെ ശിഷ്യൻമാരെ തിരഞ്ഞെടുത്തതിൻ്റെ ലക്ഷ്യമെന്തെന്നാണ് ഇന്നത്തെ വേദഭാഗത്തിൽ അവിടുന്ന് വെളിപ്പെടുത്തുന്നത്. കേവലം ഫലം കായ്ച്ചാൽ പോരാ, ഫലം നിലനിൽക്കണം.

കഴിഞ്ഞ മൂന്നര വർഷമായി നല്ല ഫലം അവരിൽ വെളിപ്പെടാൻ അത്യദ്ധ്വാനം ചെയ്യുകയായിരുന്നു യേശു കർത്താവ്. പക്ഷേ, തന്റെ വേർപാടിനു ശേഷവും ആ ഫലം നിലനിൽക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു.

സ്ഥിരത ദൈവമക്കൾക്കു അനിവാര്യമായ വിശേഷ ഗുണമാണെന്ന് വചനം ആവർത്തിക്കുന്നു. വിശ്വാസമുണ്ടായാൽ പോരാ വിശ്വാസത്തിൽ നിലനിൽക്കണം(1 കൊരി.16:13). ദൈവം നൽകിയ സ്വാതന്ത്ര്യത്തിൽ ഉറച്ചു നിൽക്കണം(ഗലാ.5:1). ഐക്യതയിൽ നിലനിൽക്കണം(ഫിലി.4:1). ദുർദ്ദിവസത്തിലും പ്രതികൂലങ്ങളിലും ഉറച്ചു നിൽക്കണം(എ ഫെ.6:13).

ഫലം നിലനിൽക്കണമെന്ന് പറയുമ്പോൾ ഫലമേ ഇല്ലെങ്കിലോ…….?
അതാണ് മുന്തിരിത്തോട്ടത്തിൽ നട്ടിരുന്ന അത്തിവൃക്ഷത്തിൻ്റെ പ്രശ്നം. നിരാശനായ ഉടമസ്ഥൻ അതിനെ വെട്ടിക്കളയാനുള്ള തീരുമാനം പറയുമ്പോൾ ഒരു മദ്ധ്യസ്ഥത വെളിപ്പെടുകയാണ്. ‘ഞാൻ ചുറ്റും കിളച്ച് വളം ഇട്ടു നോക്കട്ടെ. ഈ ആണ്ടും കൂടെ നിൽക്കട്ടെ(ലൂക്കൊ.13:8).

ഫലം പുറപ്പെടുവിക്കാത്തതിന് നിൽക്കാൻ ഒരു വർഷം കൂടി അനുവദിക്കപ്പെട്ടത് മധ്യസ്ഥ പ്രാർത്ഥനയുടെ ഫലമായാണ്. ഫലമുള്ളത് നിലനിൽക്കണമെന്നും കർത്താവ് ആഗ്രഹിക്കുന്നു.

പ്രിയമുള്ളവരേ,
നാമേതു വിഭാഗത്തിലാണ്…..?
ഫലമില്ലാത്തതു കൊണ്ട് ഒരു വർഷം കൂടെ നിൽക്കാൻ അവസരം കിട്ടിയ അനുഭവത്തിലോ?
അതോ, ഫലം നിലനിൽക്കാൻ സന്തോഷത്തോടെ ദൈവത്താൽ അവസരം ലഭിച്ച വിഭാഗത്തിലോ……?

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-ADVERTISEMENT-

You might also like