ശുഭദിന സന്ദേശം: വാളും വാക്കും| ഡോ. സാബു പോൾ

“യേശു അവനോടു: “വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും”(മത്താ.26:52).

post watermark60x60

അനേകരുടെ ജീവനെടുക്കുകയും ഇപ്പോഴും അനേകരെ ഭീതിയുടെ മുൾമുനയിൽ നിർത്തുകയും ചെയ്യുന്ന നോവൽ കൊറോണ വൈറസിനെതിരെ ലോകം ജാഗ്രതയിലാണ്. ദൈവമക്കൾ പ്രാർത്ഥനയിലാണ്…..

കൊറോണ വൈറസ് നേരത്തെയുണ്ടായിരുന്നു. SARS, MERS എന്നീ പേരുകളിൽ പ്രത്യക്ഷപ്പെട്ട കൊറോണ വൈറസിൻ്റെ പുതിയ വകഭേദമാണിത്.

Download Our Android App | iOS App

പല അഭ്യൂഹങ്ങളും ഇക്കാര്യത്തിൽ പ്രചരിക്കുന്നുണ്ട്. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ശാസ്ത്രം തന്നെ വികസിപ്പിച്ചു കൊണ്ടുവന്ന പലതും പിന്നീട് ശാസ്ത്രത്തിന് നിയന്ത്രിക്കാൻ കഴിയാതെ വിനാശകരമായിത്തീർന്നിട്ടുള്ള സംഭവങ്ങൾ നിരവധിയാണ്.

ലോക രാഷ്ട്രങ്ങളെയും, രാഷ്ട്രീയ നേതൃത്വങ്ങളെയും അടുത്തു പഠിച്ചാൽ, പലരും വളർത്തിക്കൊണ്ടുവന്നത് തന്നെ അവരുടെ ജീവനാശത്തിന് കാരണമായിട്ടുണ്ടെന്ന് കാണാം. വിമർശനം വിളിച്ചുവരുത്തുമെന്നുള്ളതുകൊണ്ട് പേരുകൾ പരാമർശിക്കുന്നില്ല.

അക്രമങ്ങളെ തിരഞ്ഞെടുക്കുന്നവർ അക്രമങ്ങളിൽ അവസാനിക്കുന്നുവെന്നത് പൊതു തത്വവും യാഥാർത്ഥ്യമാണ്.

എൻ്റെ അനുവാചകർ വാൾ എടുക്കുന്നവരല്ല. അതുകൊണ്ട് തന്നെ ഈ ചിന്ത അപ്രസക്തമെന്ന് തോന്നാം. (എന്നാൽ യേശുക്രിസ്തുവിൻ്റെ ഈ വാക്കുകൾ വായിക്കുമ്പോൾ ഒരു ചോദ്യമുയരാം. യേശു തന്നെയല്ലേ വസ്ത്രം വിറ്റ് വാൾ വാങ്ങാൻ പറഞ്ഞത്?-ലൂക്കൊ.22:36. അതിനെക്കുറിച്ച് നാളെ ചിന്തിക്കാം.)

നമുക്ക് പ്രസക്തമായ ഒരു ചിന്ത പങ്കിട്ട് സന്ദേശം അവസാനിപ്പിക്കാം. “ശാപം അവനു പ്രിയമായിരുന്നു; അത് അവനു ഭവിച്ചു; അനുഗ്രഹം അവന് അപ്രിയമായിരുന്നു; അത് അവനെ വിട്ടകന്നു പോയി”(സങ്കീ.109:17).

നാം അനുഗ്രഹിക്കപ്പെടണമെങ്കിൽ മറ്റുള്ളവരെ അനുഗ്രഹിക്കാൻ കഴിയണം…..
നാം അഭിനന്ദിക്കപ്പെടണമെങ്കിൽ മറ്റുള്ളവരെ അഭിനന്ദിക്കാൻ കഴിയണം…..
നാം സഹായിക്കപ്പെടണമെങ്കിൽ മറ്റുള്ളവരെ സഹായിക്കാൻ കഴിയണം……
നാം പ്രോത്സാഹിക്കപ്പെടണമെങ്കിൽ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ കഴിയണം……
നാം ഉയരണമെങ്കിൽ മറ്റുള്ളവരെ ഉയർത്താൻ കഴിയണം……(കുറഞ്ഞത് ഉയർച്ചയിൽ സന്തോഷിക്കാനെങ്കിലും കഴിയണം.)

അക്ഷരീകമായി വാളെടുത്തില്ലെങ്കിലും വാളുകൊണ്ട് കുത്തും പോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ട്. എന്നാൽ ജ്ഞാനികളുടെ നാവ് സുഖപ്രദമാണ്(സദൃ.12:18).
‘ഞാൻ ന്യായമല്ലേ പറയുന്നത്?’
‘ഞാൻ മുഖത്തു നോക്കി സത്യം പറയുന്നയാളാണ്.’
‘എനിക്കങ്ങനെ സുഖിപ്പിച്ച് സംസാരിക്കാനൊന്നുമറിയില്ല.’
എന്നിങ്ങനെയുള്ള ന്യായങ്ങളാണ് വാളിൻ്റെ നാവുള്ളവർ പറയുന്ന ന്യായങ്ങൾ.

തെറ്റിന് കൂട്ടുനിൽക്കണമെന്ന് വചനമൊരിടത്തും പറയുന്നില്ല. തെറ്റിനെതിരെ ശക്തമായി യേശു കർത്താവ് പ്രതികരിച്ചു. പക്ഷേ, അവിടുത്തെ വാക്കുകൾ ലാവണ്യമുള്ളതായിരുന്നു.

പ്രിയമുള്ളവരേ,
നമ്മുടെ നാവുകൾ മറ്റുള്ളവരെ പണിയുന്നതാകട്ടെ…..
അനുഗ്രഹിക്കുന്നതാകട്ടെ…….
നാമും അനുഗ്രഹിക്കപ്പെടും….!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

You might also like