ശുഭദിന സന്ദേശം: യാഗവും, ത്യാഗവും |ഡോ. സാബു പോൾ

“തീയും വിറകുമുണ്ടു; എന്നാൽ ഹോമയാഗത്തിന്നു ആട്ടിൻ കുട്ടി എവിടെ എന്നു അവൻ ചോദിച്ചു”(ഉല്പ.22:7).

രണ്ടു ദിവസം മുമ്പ് അതിരാവിലെ അപ്പായ്ക്ക് എന്തൊരു ആവേശമായിരുന്നു….!
അല്ലെങ്കിലും യാഗം അപ്പായ്ക്കെന്നും ആവേശം തന്നെയാണ്…
യാഗപീഠം പണി മുതൽ എല്ലാ കാര്യങ്ങളിലും തൻ്റെ ശ്രദ്ധയുണ്ടാകണമെന്ന് നിർബന്ധമാണ്.

പക്ഷേ……
ആദ്യമായാണ് യാഗത്തിന് വേണ്ടി മാത്രം മൂന്നു ദിവസം യാത്ര ചെയ്യുന്നത്. യഹോവ പറഞ്ഞത്രേ അവിടുന്ന് കൽപ്പിക്കുന്ന മലയിലേ യാഗം കഴിക്കാവൂ എന്ന്…….

ദൈവത്തിലുള്ള അപ്പയുടെ വിശ്വാസം ഭയങ്കരം തന്നെ!
കാണിച്ചു തരാമെന്ന് പറഞ്ഞദേശത്തേക്ക് പോകാൻ പറഞ്ഞപ്പോഴേ ധൈര്യമായിട്ടങ്ങ് ഇറങ്ങുകയല്ലായിരുന്നോ….!

ഒരുമിച്ച് നടക്കുമ്പോഴൊക്കെ അപ്പയ്ക്ക് പറയാനുള്ളത് മുഴുവൻ ദൈവത്തെക്കുറിച്ചാണ്.
“ചക്കര മുത്തേ! എന്തുമാത്രം പ്രാർത്ഥിച്ചാ നിന്നെ ഞങ്ങൾക്ക് കിട്ടിയതെന്നറിയാമോ….?”
ഒത്തിരി പ്രാവശ്യം അപ്പാ പറഞ്ഞി ട്ടുണ്ട്….
ദൂതന്മാർ വന്നതും, വാക്കു പറഞ്ഞിട്ട് പോയതുമൊക്കെ പിന്നെ വിവരിക്കാൻ തുടങ്ങും…

എന്നാൽ ഇപ്പോൾ… ”യാഗമൃഗമെന്തേ” എന്ന് ചോദിച്ചപ്പോൾ “ദൈവം കരുതും” എന്ന് പറഞ്ഞെങ്കിലും മുഖത്തെന്തോ വിഷമം പോലെ…..
ഇടയ്ക്ക് മുഖം തിരിക്കുന്നുണ്ട്. കണ്ണ് തുടയ്ക്കുന്നുണ്ടോന്ന് സംശയം….

അവസാനം മോറിയാ മലയുടെ മുകളിലെത്തി. ദാ… അപ്പ യാഗപീഠം പണി തുടങ്ങിക്കഴിഞ്ഞു…
വിറകും അടുക്കിത്തുടങ്ങി. ഇത്രയും പ്രായമായെങ്കിലും ക്ഷീണം ലേശമില്ലാതെ ചടുലമായാണ് കാര്യങ്ങൾ ചെയ്യുന്നത്.

എങ്കിലും ഇടയ്ക്ക് കാലുകൾ ഇടറുന്നുണ്ടോ..?
കൈകൾ വിറയ്ക്കുന്നുണ്ടോ…?
“മോനേ, നീ ഈ വിറകിന് മുകളിലേക്കൊന്നു കിടന്നേ.”
”അതെന്തിനാ അപ്പാ?യാഗമൃഗത്തെയല്ലേ ഇവിടെ കിടത്തേണ്ടത്?”

”മോനേ, നീയാണ് യാഗമൃഗം! നിന്നെ യാഗം കഴിക്കണമെന്നാണ് ദൈവം പറഞ്ഞത്.”
ഇപ്പോൾ അപ്പയുടെ മുഖത്ത് കൂടുതൽ ദൃഢത വന്നതു പോലെ….
കൈകളും കാലുകളും കെട്ടുമ്പോൾ കണ്ണടച്ചു കിടന്നു…..

അബ്രഹാമിൻ്റെ യാഗം ഇസ്ഹാക്കിൻ്റെ ഭാഗത്ത് നിന്ന് ഒന്നു കാണാൻ ശ്രമിച്ചതാണ്. എപ്പോഴും അബ്രഹാമിൻ്റെ ഭാഗത്ത് നിന്നാണ് ഈ യാഗം നമ്മൾ കാണാറുള്ളത്.

യാഗസമയത്ത് ഇസ്ഹാക്കിന് എന്ത് പ്രായം കാണും…?യഹൂദാ വ്യാഖ്യാതാക്കളുടെ നിഗമനം 13 വയസ്സെന്നാണ്. ജോസിഫസ് പറയുന്നത് 25 ആയിരിക്കുമെന്നാണ്. ചാൾസ് സ്പർജൻ്റെ കണക്ക് 33 ആണ് – സ്വർഗ്ഗീയ പിതാവിൻ്റെ യാഗ മൃഗമായ പുത്രൻ്റെ പ്രായം!

എന്തായാലും നൂറിൽ പരം പ്രായമുള്ള വയോധികനായ പിതാവിൽ നിന്നും ഓടി രക്ഷപ്പെടാൻ ഇസ്ഹാക്കിന് കഴിയുമായിരുന്നു. പക്ഷേ, എന്തുകൊണ്ടവൻ ചെയ്തില്ല..?

ദൈവത്തിലുള്ള അവൻ്റെ അപ്പൻ്റെ വിശ്വാസവും അനുസരണവും കണ്ടാണ് അവൻ വളർന്നത്. തൻ്റെ അപ്പനെ വിളിച്ച് വേർതിരിച്ച യഹോവ യാം ദൈവത്തെയും അവന് നന്നായറിയാം.
കൂടാരത്തിനകത്തും പുറത്തും വെവ്വേറെ മുഖമായിരുന്നില്ല അബ്രഹാമിന്.

രണ്ടു ചോദ്യം….
1. അബ്രഹാമിൻ്റെ യാഗത്തെക്കുറിച്ച് എത്രയോ പ്രസംഗങ്ങൾ നാം കേട്ടിരിക്കുന്നു. പക്ഷേ, ഇന്ന് പ്രസംഗകരും ശ്രോതാക്കളും ദൈവനാമ മഹത്വത്തിനായി ലഘുവായ എന്തെങ്കിലും പോലും ത്യജിക്കാൻ മനസ്സുവെയ്ക്കുന്നുണ്ടോ……?
2. യാഗത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇസ്ഹാക്കിനുണ്ടായിരുന്നതിനാലാണ് യാഗമൃഗമെവിടെയെന്നവൻ ചോദിച്ചത്. മാതാപിതാക്കളുടെ ആരാധനയും പ്രാർത്ഥനയും സശ്രദ്ധം വീക്ഷിക്കുന്ന നമ്മുടെ കുഞ്ഞുങ്ങളിൽ ആത്മീയമായ ചോദ്യങ്ങളുയരുന്നുണ്ടോ….?
സ്വയമായി സമർപ്പിക്കാൻ മനസ്സുണ്ടോ…?

‘ഇല്ല’യെന്നാണ് മറുപടി കിട്ടുന്നതെങ്കിൽ നമ്മുടെ ആത്മീയ ജീവിതത്തെ ശോധന ചെയ്യാം.
അനുസരണമാണ് അനുഗ്രഹം കൊണ്ടുവരുന്നത്. പക്ഷേ, അനുഗ്രഹത്തിനു വേണ്ടിയാകരുത് അനുസരണം. ദൈവത്തോടുള്ള ഭക്തിയിൽ നിന്നും വിധേയത്വത്തിൽ നിന്നുമാകണം.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.