- Advertisement -

ഓര്‍മ്മക്കുറിപ്പ്: എന്റെ ബാല്യകാല ക്രിസ്മസ്സ് ഓർമ്മകൾ

ഡോ. ജെയിംസ് ജോർജ് വെൺമണി

1970 കളുടെ അവസാനം. ഞാൻ വീടിനു മുന്നിൽ ഒരു ക്രിസ്മസ്സ് നക്ഷത്രവും ട്രീയും തയ്യാറാക്കുകയായിരുന്നു. ക്രിസ്മസ്സ് നക്ഷത്രം നിർമ്മിക്കാൻ എന്റെ സുഹൃത്തുക്കളിൽ നിന്നും അയൽക്കാരിൽ നിന്നും കളർ പേപ്പറുകളും എന്റെ നോട്ട്ബുക്കിൽ നിന്ന് കുറച്ച് വെള്ള കടലാസും ശേഖരിച്ചു. ചോറുകൊണ്ട് പശ ഉണ്ടാക്കി. ക്രിസ്മസ്സ് സ്റ്റാറും, ട്രീയും പെട്ടെന്നു മുറ്റത്ത് പൊങ്ങി.

Download Our Android App | iOS App

എന്നാൽ ഞാൻ ക്രിസ്മസ്സിനു നക്ഷത്രം ഇട്ടതും ക്രിസ്മസ്സ് ട്രീ ഉണ്ടാക്കിയതും എന്റെ പിതാവിന് തീരെ ഇഷ്ടപ്പെട്ടില്ല. ക്രിസ്മസ്സ് ട്രീയായി അലങ്കരിച്ച കാപ്പി മരത്തിൽ നിന്നും ഒരു ചെറിയ കമ്പ് മുറിച്ച് എന്നെ അടിച്ചു. ഞങ്ങളുടെ യാഥാസ്ഥിതിക പെന്തക്കോസ്ത് പാരമ്പര്യം ഒരിക്കലും ഒരു ക്രിസ്മസ്സ് ആഘോഷത്തിന് ഇടം നൽകിയിരുന്നല്ല. മറുവശത്ത്, എന്റെ പിതാവിന്റെ ബോധ്യത്തെ ഞാൻ എന്നും ബഹുമാനിക്കുന്നു. ക്രിസ്മസ്സ് ആഘോഷത്തിന്റെ യഥാർത്ഥ കാരണം (reason behind the season) ക്രിസ്തു ഉള്ളിൽ ഉരുവാകുന്നതും വളരുന്നതുമാണ് ഏറ്റവും വലുതെന്ന് പിൽക്കാലത്ത് എനിക്ക് ബോധ്യമായി.

post watermark60x60

പ്രശസ്ത നോവലിസ്റ്റും വളളത്തോൾ അവാർഡ് ജേതാവുമായ ശ്രീകുമാരൻ തമ്പി, ഒരു ക്രിസ്മസ്സ് സീസണിലുണ്ടായ തന്റെ അനുഭവം പങ്കിടുന്നുണ്ട്. ചെന്നൈയിലുള്ള എഞ്ചിനീയറിംഗ് പഠനത്തിനിടെ നടന്ന ഈ സംഭവം വർഷങ്ങൾക്ക് മുമ്പ് ഒരു മാസികയിൽ ഞാൻ വായിച്ചതോർക്കുന്നു. ക്രിസ്മസ്സ് അവധിക്കാലത്ത് മിക്കവാറും എല്ലാ വിദ്യാർത്ഥികളും സ്വന്തം പട്ടണങ്ങളിലേക്ക് പോയപ്പോൾ, സാമ്പത്തിക ബുദ്ധിമുട്ട് കാരണം തമ്പി കോളേജിൽ തന്നെ തുടർന്നു. അര ഊണിന് (half meal) 20 പൈസയും, ഒരു ഊണിന് (full meal) 50 പൈസയും ഉള്ള കാലം. പണം ലാഭിക്കാൻ തമ്പി ഇരുപത് പൈസയ്ക്ക് അര ഊണ് (half meal) വാങ്ങി കഴിക്കുമ്പോൾ, മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു അച്ഛനും മകളും ആ ഹോട്ടലിൽ ഭക്ഷണത്തിനു വന്നത് അദ്ദേഹത്തിന്റ കണ്ണിൽ പെട്ടു. 20 പൈസയ്ക്ക് കേവലം അര ഊണ് വാങ്ങി കഴിച്ചശേഷം സ്വന്തം വിശപ്പ്‌ അടക്കിപിടിച്ച പിതാവ്, ആ ഭക്ഷണത്തിന്റെ പ്രധാന ഭാഗം മകൾക്ക് നീട്ടി. വിശപ്പുകൊണ്ട് ആ ഭക്ഷണം പെട്ടെന്ന് അവൾ കഴിച്ചു തീർത്തു. എന്നിട്ടും അവളുടെ വിശപ്പ്‌ അടങ്ങിയിരുന്നില്ല. അവർക്ക് 50 പൈസയ്ക്ക് ഒരു ഫുൾ മീൽസ് വാങ്ങി കൊടുക്കുവാനുള്ള ആഗ്രഹം തമ്പി പ്രകടിപ്പിച്ചപ്പോൾ അവർക്കു സന്തോഷമായി. ആ മകൾ തമ്പിയോട് ചോദിച്ചു, “ഹോട്ടലിന് പുറത്ത് ഇരിക്കുന്ന എന്റെ സഹോദരനെയും കൂടെ ഭക്ഷണതിനു വിളിക്കാമോ?” അപ്പനും മകനും മകളും ഒരുമിച്ച് ഇരുന്ന് ഒരു പ്ലേറ്റിൽ നിന്ന് ഭക്ഷണം ആർത്തിയോടെ കഴിച്ചു. അവരുടെ വയറു നിറഞ്ഞപ്പോൾ ശ്രീകുമാരൻ തമ്പിയുടെ മനസ്സും നിറഞ്ഞു കാണും. അവർ സംതൃപ്തിയോടെ ഹോട്ടൽ വിട്ട് ഇറങ്ങി. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടു വീട്ടിൽ പോയി ക്രിസ്മസ്സ് ആഘോഷിക്കാൻ കഴിഞ്ഞില്ലെങ്കിലും, തന്റെ ജീവിതത്തിൽ ആഘോഷിച്ച ഏറ്റവും വലിയ ക്രിസ്മസ്സ് ആയിരുന്നു ഈ അനുഭവമെന്ന് അദ്ദേഹം ഓർക്കുന്നു.

വിഭവങ്ങൾ ആവശ്യക്കാരുമായി പങ്കിടുമ്പോൾ, സ്വന്തം മുൻഗണനകൾ ത്യജിച്ചുകൊണ്ട്, മറ്റുള്ളവരുടെ വേദന സ്വന്തം ശരീരത്തിൽ വഹിക്കുമ്പോൾ അവിടെ ക്രിസ്തു പിറക്കുകയാണ്. അതേ, യഥാർത്ഥ ക്രിസ്മസ്സ് പങ്കിടിലാണ്. മറ്റൂളളവരെ കാണുന്നതാണ്. ദൈവത്തെ കണ്ടെത്തുന്നതാണ്. ദൈവത്തിന്റ കൃപക്കുള്ളിൽ സാഷ്ടാംഗ പ്രണാമം ആർപ്പിക്കുന്നതാണ്. ഓർക്കുക, ക്രിസമസ്സ് കാർഡിനും,
സ്റ്റാറിനും, ട്രീക്കും, ഗിഫ്റ്റകൾക്കും അപ്പുറമാണ് യഥാർത്ഥ ക്രിസമസ്സ്.

ദൈവത്തിന്റെ കൃപ ലഭിച്ച മറിയ പ്രധാനമായും മൂന്ന് കാര്യങ്ങൾ ചെയ്യുന്നു. ഒന്നാമതായി, അവൾ ആത്മപരിശോധനയ്ക്ക് സമയം കണ്ടെത്തി. ‘സ്വന്തം ഐഡന്റിറ്റി’ പറ്റിയുള്ള യഥാർത്ഥ അന്വേഷണം. “ഞാൻ കർത്താവിന്റെ ദാസി” എന്ന അവളുടെ ബോധ്യവും ഏറ്റുപറച്ചിലും ജീവിതത്തിന്റെ മഹത്വം വെളിപ്പെടുത്തുന്നു. രണ്ടാമതായി, തന്നോട് കൃപ കാണിച്ച ദൈവത്തെ മറിയ ആരാധിക്കുന്നു. യെഹൂദന്റെ മത കേന്ദ്രമായ യെരുശലേമിൽ നിന്നും പുരോഹിത പുത്രിമാരെയും, പ്രഭു കുമാരിമാരെയും തെ രഞ്ഞെടുക്കാതെ നസ്രേത്തിൽ പാർത്ത തന്നെ തെരത്തെടുത്തത് മറിയ അർഹതക്കില്ലാത്ത അംഗീകാര്യമായി കണ്ടു. ദൈവത്തിന്റെ പരമാധികാരവും ദൈവഹിതവും അംഗീകരിച്ച മറിയയുടെ ഏറ്റുപറച്ചിൽ: ഇതാ ഞാൻ കർത്താവിന്റെ ദാസി നിന്റെ ഹിതം പോലെ ഭവിക്കട്ടെ. ദൈവഹിതത്തിനായുള്ള സമ്പൂർണ്ണ സമർപ്പണം നിറഞ്ഞ വാക്കുകൾ. ഒടുവിൽ, അവൾ എലിസബത്തിനൊപ്പം മൂന്നുമാസം താമസിച്ചു. നല്ല ബന്ധങ്ങളിലൂടെ ജീവിത വളർത്തുന്ന മറിയ. ഇത് നമ്മോട് പറയുന്നത്, സ്വയം അറിയുക, മറ്റുള്ളവരെ അറിയുക, ആത്യന്തീക യഥാർത്ഥൃമായ ദൈവെത്ത അറിയുക.

ജീവിത മഹത്വത്തിലൂടെയും, യഥാർത്ഥ പങ്കുവെക്കലിലൂടെയും ക്രിസ്തുമസ്സിന്റെ സന്തോഷം ആഘോഷിക്കാനുള്ള സമയമാണ് നമ്മുക്ക് മുമ്പിൽ എത്തിയിരിക്കുന്നത്.

ക്രിസ്തു കേന്ദ്രികൃതമായ ജീവിതത്തിന് ഈ ക്രിസ്മസ്സ് നമ്മെ ക്ഷണിക്കുന്നു: പാവപ്പെട്ടവരെ വേണ്ടപ്പെട്ടവരായി കാണുവാൻ, ചൂക്ഷിതരുടെ പക്ഷം ചേരുവാൻ, യഥാർതഥ വിമോചനത്തിന്റെ കാഹളം മുഴക്കുവാൻ. ക്രിസ്മസ്സ് നമ്മുക്ക് ആഘോഷത്തെക്കൾ ഒരു ജീവിത നിലവാരമാകണം. ദൈവം വെറുക്കുന്നതിന് നാം വെറുക്കുണം. ‘ഓളങ്ങളിൽ നിന്നും അഴങ്ങളിലേക്കുള്ള,’ ഒരു പറിച്ചിനടീൽ. ദൈവത്തിന്റെ പക്ഷം ചേരുന്ന സമർപ്പിത ജീവിതം. യഥാർത്ഥ പങ്കിടിലിലൂടെ ദൈവരാജ്യ വിളംബരം. തന്നോടും, മറ്റുള്ളവരേടും യേശുവേടും അടുക്കുന്ന ജീവിതം.

അതേ, ജീവന്റെ ഉറവിടമായ യേശുവിനെ മുറുകെ പിടിച്ചുകൊണ്ട് യാത്ര ചെയ്യുക. താങ്കൾ ഒരിക്കലും പരാജയപ്പെടുവാൻ യേശു അനുവദിക്കില്ല. അർത്ഥപൂർണ്ണമായ ഒരു ജീവിതം 2020 ലും ദൈവം സമ്മാനിക്കട്ടെ. ആമേൻ

-ADVERTISEMENT-

You might also like
Comments
Loading...