പഥികനായ് പാതി വഴിയിൽ തളർന്നു ഞാൻ
ഒരു തണൽ വൃക്ഷത്തിൽ ചുവട്ടിലിരിക്കവേ
അരികിൽ നിന്നെന്നെയാ കനകവൃക്ഷത്തിൻ
ഫലം – അരുതാത്തമോഹത്തിൻ വിവശനാക്കിത്തീർത്തു
പരിതാപമെന്നേ പറയേണ്ടതുള്ളൂ ഞാൻ
പരിണിതമായ് പാപ പ്രഹരത്തിനടിമയായ്
അടികൊണ്ട ഹൃദയവും മുറിവേറ്റ ദേഹവും
പിടയുന്നു വിടുതലിൻ പരിലാളനത്തിനായ്
കടന്നുപോയ് പലരുമെൻ ജീവിതപാതയിൽ
കരമൊന്നു നീട്ടുവാൻ മനസില്ലതാർക്കുമേ
കനിഞ്ഞില്ലതാരും കനിവറ്റ മുഖവുമായ്
തിരിഞ്ഞങ്ങു നിന്നോരു കല്ലിൻപ്രതിമപോൽ
അതിനിടെ വന്നൊരാ ശമരിയക്കാരനോ
മുറിവേറ്റൊരെൻ ദേഹം തഴുകി തലോടിനാൻ
പകർന്നു തൻ രക്തത്തിൻ പുതിയോരു ശക്തിയാൽ
കഴുകിയെൻ ഹൃദയവും മനതാരിൻ പാപവും
മിഴിവെട്ടാതവനെ ഞാൻ നോക്കി നിന്നീടുമ്പോൾ
മിഴിയിണയിൽ നിന്നും മാഞ്ഞുപോയെങ്ങു നീ
അറിഞ്ഞു ഞാനവനെന്റെ യേശുതാനല്ലയോ
പിരിഞ്ഞിടാസ്‌നേഹത്തിൻ നിറകുട ഭാജനം