ലേഖനം: വലയിൽ കിടക്കുന്നതിനെ ചൂണ്ടയിട്ടു പിടിക്കുന്നവർ| ഷാജി ആലുവിള

നാം വളർന്നു വളർന്നു വലുതായി. അതനുസരിച്ച് ശാഖകളും ഉപശാഖകളുമായി പിളർന്നും വളർന്നും പുതിയതായി എത്തുകൾ പൊട്ടികൊണ്ടും പ്രവർത്തന പഥത്തിൽ മുന്നേറുന്നു. ഉദ്ദേശിച്ചത് നമ്മുടെ സമൂഹത്തിലെ വളർച്ചയെ പറ്റി തന്നെ ആണ്. കൂട്ടായ്മകളുടെ എണ്ണം പെരുകുമ്പോഴും സഭകളിൽ ആത്മാക്കളുടെ വർദ്ധന താരതമ്യേനെ കുറവാണുതാനും. എങ്കിലും എപ്പിസ്‌കോപ്പൽ സഭകളിലെ വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ നമ്മൾ മുൻപിൽ തന്നെ ആണ്.
ആധുനിക പെന്തക്കോസ്ത് ഇപ്പോൾ ഒറ്റപ്പെട്ട പ്രസ്ഥാനാമല്ല. നിന്നു പോയിട്ടില്ലാത്ത അന്യഭാഷയും ആത്മവരങ്ങളും നൂറ്റാണ്ടുകൾ കൊണ്ട് അനുഭവിച്ചറിയുന്ന അനുഭവം, പ്രതിദിനം അനുഭവിച്ചു മുന്നേറുന്നതാണ് പെന്തക്കോസ്ത് അനുഭവം. വ്യവസ്ഥാപിത സഭയുടെ ആക്രമണങ്ങളും അടിച്ചമർത്തലുകളും ആദിമ സഭയ്ക്ക് വിഘ്‌നം സൃഷ്ടിച്ചിട്ടുണ്ട്. എങ്കിലും ദൈവം എല്ലാക്കാലത്തും സത്യത്തിനായി അനേകരെ നിലനിർത്തി.

ആത്മാഭിഷേകത്തിന്റെ അണയാത്ത തീ നാളമായി പെന്തക്കോസ്ത് സമൂഹം മാറി. ധ്യാനം, സ്നാനം, അന്യഭാഷാ, പ്രവചനം, രോഗസൗഖൃം എന്നിവയിലേക്ക് ജനം നയിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിൽ അതു പെന്തകോസ്ത് ഉണർവ്വായി മാറി. പെന്തക്കോസ്ത് ഒരു സാർവ്വ ലൗകീക പ്രതിഭാസമായി. ഇന്ന് കത്തോലിക്കർ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും വലിയ സഭാവിഭാഗമാണ് പെന്തകോസ്ത്.
സത്യത്തിൽ യേശുക്രിസ്തുവിന്റെ രണ്ടാം വരവിങ്കൽ എടുക്കപ്പെടുന്നവർ ആരെന്നു വ്യക്തമായി തിരുവചനം പഠിപ്പിക്കുന്നു. അവരാണല്ലോ യേശുക്രിസ്തുവിന്റെ മണവാട്ടിയാം സഭ. ഈ സത്യം അറിഞ്ഞിരിക്കെ തന്നെ ഞങ്ങളാണ് സഭ എന്ന ധാരണയിൽ എത്രയോ സംഘടനകൾ കൂണുപോലെ കിളിർത്തുവരുന്നു. മുഖ്യധാര പെന്തക്കോസ്ത് പ്രസ്ഥാനത്തിൽ നിന്നും എത്രയോ ചെറുസംഘടനകൾ രൂപം കൊള്ളുകയും അവ പിന്നീട് പിളർന്നു വളരുകയും ചെയ്യുന്നു. ഇതിനു കാരണം സ്വാർത്ഥത തന്നെ ആണ്. ഒരു ക്രിസ്തുവിന്റെ പേരിൽ വിഭാഗീയ ചിന്തകൾ വർധിക്കുമ്പോൾ നേതൃത്വങ്ങളെ അംഗീകരിക്കയോ, അനുസരിക്കയോ ചെയ്യാതെ സ്വന്ത നേട്ടത്തിനും സ്ഥാന മാന ദ്വരകൊണ്ടും മറ്റൊരു സംഘടനക്ക് രൂപം കൊടുത്ത് നേതൃസ്ഥാനത്ത് എത്തുന്നവർ പെന്തകോസ്ത് സമൂഹത്തിന്റെ പവിത്രത കളയുകയല്ലേ? മറ്റുള്ള ആരാധന രീതിയും വിശ്വാസവും വചനപ്രകാരം ശരി അല്ലെന്ന് മനസിലാക്കി സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിപ്പാൻ ഇറങ്ങി തിരിച്ച നമ്മുടെ പിതാക്കന്മാർ വളരെ വിലകൊടുത്തും പ്രതിസന്ധികളെ അതിജീവിച്ചും ആണ് ഇത് വളർത്തി എടുത്തത്. ഇപ്പോൾ ഈ സംഘടനകളിൽ കാണുന്ന ലോകമയത്വവും രാഷ്ട്രീയ പോരും നമ്മുടെ ലക്ഷ്യത്തിൽ നിന്നും നമ്മെ അകറ്റി മാറ്റുകയാണ്.

കർത്താവിന്റെ വരവിനു മുൻപ് അനേക ആത്മാക്കളെ നേടണം എന്ന പ്രതിജ്ഞാബദ്ധമായ സുവിശേഷേകരണത്തിന് മങ്ങൽ ഏല്പിച്ചുകൊണ്ട് അടുത്ത സംഘടനാ തെരഞ്ഞെടുപ്പിനുവേണ്ടി വെട്ടി നിരത്തി കളമൊരുക്കുകയല്ലേ നമ്മുടെ പ്രസ്ഥാനങ്ങൾ. ഈ പോക്ക് പോയാൽ മുഖ്യധാരാ പെന്തകോസ്ത് സഭകൾ മറ്റൊരു പിളർപ്പിലേക്ക് പോകുമോ എന്നു കൂടി നാം ചിന്തിക്കേണ്ടി ഇരിക്കുന്നു. പുതിയ തലമുറ നേതൃത്വത്തിനായി എഴുന്നേൽക്കണം അതിന് ജീവനുള്ള അഭിഷക്തന്മാരെ കുഴിച്ചുമൂടുകയോ അധിക്ഷേപിക്കയോ ചെയ്യരുത്.
ധാർമ്മിക മൂല്യങ്ങൾക്ക് പ്രസക്തി കൊടുത്ത നാം കാലികചിന്തകൾക്ക് സ്ഥാനം കൊടുക്കുവാൻ തുടങ്ങിയതോടുകൂടി ദുരൂപദേശത്തിന്റെ വിത്തുകളായി ചിലർ മാറി ഒറ്റപ്പെട്ട ചെറു സംഘടനകൾക്ക് രൂപം കൊടുക്കുന്നു. അവർ വളരുന്നു, പെരുകുന്നു, പിന്നെ പതിയെ കൊഴിയുന്നു. അതുപോലെ തന്നെയാണ് വലയിൽ കിടക്കുന്ന മത്സ്യത്തെ ചൂണ്ട ഇട്ടു പിടിക്കുന്നവർ. അതായത് ഒരു സഭാ കൂട്ടത്തിൽ നിന്ന് ഒരു ഭാഗം പിളർത്തി മറ്റൊന്നിന് രൂപം കൊടുക്കുന്ന രീതി എപ്പിസ്‌കോപ്പൽ സഭകളിൽ ഇല്ല. എന്നാൽ അതിൽ നിന്നും സത്യം അറിഞ്ഞു വന്നവർ ഒരുമിച്ചു നിന്ന് ആരാധിച്ചിരുന്ന പ്രസ്ഥാനത്തെ പിളർത്തി മറ്റൊന്നിന്‌ രൂപം കൊടുക്കുകയും മുഖ്യധാരയിൽ എത്തുകയും ചെയ്യുന്നു. തുടർന്ന് ഒരുമിച്ചു ക്രിസ്തുവിനായ് നിന്നവർ ബദ്ധശത്രുക്കളായി മാറുന്നു. കാലങ്ങൾ കുറെ കഴിയുമ്പോൾ അതിൽ നിന്നും ചാടി മാറി മറ്റൊന്നിലേക്ക്. ഈ പ്രവണത നമ്മുടെ നല്ല സാക്ഷ്യത്തിന്റെ വില കെടുത്തി കളയുന്നു. രൂക്ഷമായി വളർന്നുവരുന്ന ഈ പ്രവണത നമ്മുടെ ഉദ്ദേശ ശുദ്ധിക്ക്‌ ഭംഗം വരുത്തും. ഒരു സംഘടനയിലെ വിശ്വാസിക്കായി മറ്റൊരു പ്രസ്ഥാനത്തിലെ ജനവും നേതാവും കയറി ഇറങ്ങി അവരുടെ പാളയത്തിലേക്ക് അടുപ്പിക്കുന്ന ഈ ചൂണ്ട പരിപാടി നമ്മുടെ ഇടയിൽ അവസാനിപ്പിക്കണം. ഈ പ്രവണത ആദിമുതൽ നമ്മുടെ ഇടയിൽ കണ്ടുവരുന്ന ഒരു രീതി ആണ്. ഇതര സമൂഹത്തിൽ നിന്നും മാനസാന്തരത്തിലേക്കു വരുന്നവരുടെ എണ്ണം കുറെ നാളായി കുറഞ്ഞു കുറഞ്ഞു വരികയാണ്. അതിനാൽ എന്തു കുറവുണ്ടായാലും അതൊന്നും കാര്യമാക്കാതെ കിട്ടുന്നവരെ ആലയം നിറക്കുന്ന ആത്മീയ പാപ്പരത്വം വർധിച്ചു വരുന്നു.

വർഷങ്ങൾ കൊണ്ട് പ്രാർത്ഥിച്ചും സുവിശേഷം പറഞ്ഞും ഒരു ദൈവദാസൻ കൊണ്ട് നടക്കുന്ന വിശ്വാസിയെ മറ്റൊരാൾ നിമിഷ നേരം കൊണ്ട് ചൂണ്ടയിൽ ആക്കുമ്പോൾ സമൂഹം നമ്മെ ഉറ്റുനോക്കുന്നു എന്ന് തിരിച്ചറിയണം. നിൽക്കുന്നിടത്തുനിന്നും കൂടു മാറി മറ്റൊന്നിലേക്ക് ചേക്കേറുമ്പോൾ സ്ഥാനവും മുഖ്യാസനവും കൊടുത്ത് കയറ്റിയിരുത്തും മുമ്പ് ഒരു അന്വേഷണവും രൂപാന്തര ക്രമീകരണവും ചെയ്യുന്നതും നല്ലതു തന്നെയാണ്. സഭകളിലെ അനാത്മീയവും വിശ്വാസികൾക്ക് മാത്രകാപരാമല്ലാത്തതുമായ പ്രവണതകൾ വർധിച്ചുവരുന്നതും വിശ്വാസികൾ നിൽക്കുന്നിടം വിട്ടുപോകുന്നതിനു കാരണം ആകാറുണ്ട്.

നിന്റെ തൊഴുത്തിൽ അനേക ആടുകൾ ഉള്ളപ്പോൾ സാധുവായ, അയൽക്കാരന്റെ തൊഴുത്തിൽ നിൽക്കുന്ന ആടിനെ അടിച്ചുമാറ്റി അറുത്തു പാകം ചെയ്യുന്ന ആ പ്രവണത പാപം എന്നു പറയുവാൻ ഒരു നാഥൻ പ്രവാചകനോ അത് അനുസരിച്ച് ഏറ്റെടുക്കുന്ന ഒരു ദാവീദോ നമ്മുടെ ഇടയിൽ ഇന്ന് ഇല്ല എന്നതാണ് ഇപ്പോഴത്തെ ഈ മൂല്യച്യുതിക്ക് മൂലകാരണം. സമൂഹം നമ്മെ വിചാരണ ചെയ്തു തുടങ്ങി എന്ന് ഇനിയും അറിയുവാൻ വൈകരുത്.
ഉണർവ്വിന്റെ ചരിത്രത്തിലെ ഒരു നാഴികകല്ലാണ് നവീകരണം. മാർട്ടിൻ ലൂഥർ ഒരു ഉണർവ്വ് നായകനോ, നവീകരണം ഒരു ഉണർവ്വ് പ്രസ്ഥാനമോ ആയിരുന്നില്ല. എന്നാൽ ആധുനിക പെന്തക്കോസ്ത് ഉണർവ്വിന് മുഖാന്തരമായിത്തീർന്ന എല്ലാ ഉണർവ്വിനും പിന്നിൽ നവീകരണത്തിനുള്ള പങ്ക് നിസ്തുല്യമാണ്. നമ്മുടെ ഇടയിൽ ഒരു നവീകരണം അനിവാര്യമായിരിക്കുന്നു. ഒരു ഉണർവ്വ് അത്യന്താപേക്ഷിതം ആയിരിക്കുന്നു.ആകയാൽ പെന്തക്കോസ്ത് സഘടനകൾ തമ്മിലുള്ള ഐക്യതയും വിശ്വാസികൾ ഒരുമിച്ചുള്ള സഹകരണവും സ്നേഹവും വർദ്ധിക്കേണ്ട ഒരു കാലഘട്ടമാണ് ഇതു. നല്ല ഒരു ആത്മബന്ധത്തിനും ഒരു നവീകരണത്തിനായും കൈ കോർത്തുകൊണ്ട് സുവിശേഷ ധ്വനി മുഴക്കുവാൻ നമുക്ക് ഇനിയുള്ള നാളുകൾ ഇടയാകട്ടെ. കാലതികവിൽ ഒരു നിത്യ സ്വർഗ്ഗം ആണ് നമ്മുടെ ലക്ഷ്യം എങ്കിൽ കപടവേഷം അഴിച്ചുമാറ്റി യഥാർത്ഥ ഭക്തരും, സത്യവിശ്വാസികളും, ആയി ദേശത്തെ രൂപന്താരത്തിലേക്ക് നയിക്കുവാൻ നമുക്ക് ഇനിയെങ്കിലും ഒരുങ്ങാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.