ലേഖനം:സ്വയം തകരുന്നതിലൂടെ ദൈവീകതയുടെ ഉയരങ്ങളിലേക്ക് | ജൂനു ഫിന്നി , ത്യശ്ശൂർ.
ക്രിസ്തീയ സമൂഹത്തിന്റെ പ്രതീകാത്മക അടയാളം ആയി കുരിശ്ശിനെ ലോകം പരക്കെ അംഗീകരിച്ചിരിക്കുന്നു , ക്രിസ്തുവിന്റെ ക്രൂശ്ശുമരണം ആ കാലഘട്ടത്തിൽ ഒരു കുറ്റവാളിക്ക് ലഭിക്കാമായിരുന്ന ഏറ്റം ഹീനമായ ശിക്ഷാമുറആയിരിക്കേ , യേശു ക്രിസ്തു ആ ശിക്ഷാവിധി തന്നേ തെരഞ്ഞെടുത്തു, പാപവും മരണവും ആധിപത്യം നടത്തിയിരുന്ന മാനവകുലത്തിന്റെ രക്ഷക്കായി ദൈവപുത്രൻ തെരെഞ്ഞെടുത്ത രക്ഷാമാർഗം പാപത്തിന്റെ ശിക്ഷ സ്വ ശരീരത്തിൽ ഏറ്റുവാങ്ങുകയായിരുന്നു, ക്രൂശ്ശിലേ മരണത്തോളം അനുസരണമുള്ളവനായി തീർന്നു. തന്നേ അനുഗമിച്ചിറങ്ങിതിരിക്കുന്നവരോടും ക്രിസ്തുവിനു പറയാനുള്ള സന്ദേശം മറ്റൊന്നല്ല ഇതു തന്നെ എന്റെ നുകം ഏറ്റു കൊണ്ട് എന്നോട് പഠിപ്പീൻ. നമ്മുടെ ക്രിസ്തീയ ജീവിതത്തിന്റെ പരമപ്രധാനമായ ഒന്നാണ് തകർക്കപ്പെടൽ, തുടർമാനമായ തകർക്കപ്പെടലിലൂടെയാണ് ഒരു വിശ്വാസി ജീവിതയാത്രയിൽ പക്വതയിലേക്കുള്ള പടി കയറുന്നത്
അനുസരണം, വിധേയത്വം താഴ്മ , ഇത്യാദി സ്വഭാവഗുണങ്ങളുള്ള , ഒരു വ്യെക്തിക്കുമാത്രമേ തന്നിൽ രൂഡമൂലമായിരിക്കുന്ന സ്വയ താത്പര്യത്തേ തകർക്കുന്നതിനും, ഒപ്പം ദൈവഹിതത്തിനു വേണ്ടി സമർപ്പിക്കുന്നതിനും കഴിയുകയുള്ളു
മാനപാത്രമായി തീരേണ്ടതിന്
അധികം ശ്രദ്ധിക്കപ്പേടാതെ പുറം പറമ്പിൽ ഉപേക്ഷിക്കപ്പെട്ട് കിടക്കുന്ന കളിമണ്ണ് വീടിന്റെ ഉള്ളറകളിൽ യജമാനനു പ്രയോജനം ഉള്ള മാനപാത്രമായി തീരുന്നതിനു മുൻപ് പല പ്രക്രീയകളിൽ കൂടെ കടന്നു പോകേണ്ടിയിരിക്കുന്നു, പ്രാരംഭമായി ശുദ്ധീകരിച്ച് നനച്ച് , ചവുട്ടി കുഴച്ച് പരുവപ്പെടുത്തി ചക്രത്തിലിട്ട് തന്റെ കൈകൊണ്ട് തനിക്ക് ഇഷ്ടമുള്ള രൂപമായി മാറ്റി എടുക്കും, എന്നിട്ടും തീരുന്നില്ല ഈ പാത്രം നല്ല മഴയിലോ അനുകൂലമ്ല്ലാത്ത സാഹചര്യത്തിൽ തകർന്നലിഞ്ഞു പോകും, അതിനാൽ കുറച്ചുകാലം, ഉപയൊഗപ്രദമാക്കുന്നതിനായും രൂപഭംഗിയുള്ളതാക്കുവാനായും, എരിയുന്ന തീച്ചുളയിൽ കൂടി കടത്തിവിട്ട് കുശവന്റെ ഇഷ്ടപ്രകാരം ഉള്ള മാനപാത്രമായി രുപപ്പെടുത്തും, യജമാനനു വിധേയമായി അനുസരണയോടെ തകർക്കപ്പെടുവാനും തീച്ചൂളയിൽ വെന്തുരുകുവാനും ഏൽപ്പിച്ചു കൊടുത്തതിന്റെ ഫലം.കോതമ്പു മണിനിലത്തു വീണു ചാകുന്നില്ല എങ്കിൽ തനിയേ ഇരിക്കും ചത്തു എങ്കിലോ വളരെ വിളവുണ്ടാകും (യോഹന്നാൻ 12 : 24 ) തകർക്കപ്പെടുന്നതിലൂടെ യജമാനന് അധികം ഫലം കായ്ക്കുന്ന കോതമ്പു മണിയായ് തീരുന്നതുപോലെ പ്രയോജനമുള്ള മാനപാത്രംങ്ങളായി തീരുവാൻ നമുക്ക് കഴിയട്ടെ .
വിലയേറിയതായി തീരേണ്ടതിന്
ലോഹങ്ങളുടെ ശ്രേണിയിൽ അഗ്ര ഗണ്യൻ പൊന്നു തന്നെ, ബാഹ്യ സമ്മർദങ്ങളെ അതിജീവിക്കുന്നതും ആകർഷകവും വിലയുള്ളതുമായ ലോഹവും പൊന്നു തന്നെ. ഖനനം ചൈയ്തെടുക്കുന്ന പൊന്ന് നിരവധി പ്രക്രീയകളിലൂടെ കടന്ന് ഒടുവിൽ തീയിലൂടെയും കടന്ന് കീടം പാടെ നീക്കിയതിനുശേഷം മാത്രമേ ശൊഭയുള്ള ലോഹമായി തീരുന്നുള്ളു, വിശ്വാസത്തിന്റെ പരിശോധന,ക്രിസ്തുശിഷ്യനായ പത്രോസും സഹോദരനായ യാക്കോബും തങ്ങളുടെ ലേഖന ആരംഭത്തിൽ തന്നെ ഓർമ്മിപ്പിക്കുന്നുണ്ട് ഈ രണ്ടു കാര്യങ്ങളും(യാക്കോബ് 1 :3, 1 പത്രോസ് 1:7) പൊന്നിന്റെ ഗുണങ്ങൾ തന്നെ, മൂല്യവും, സ്തിരതയും, അഗ്നിശോധനയിലൂടെ കടന്നു പോകുന്ന ശിഷ്യർക്കുമാത്രമേ മൂല്യവും നിലനിൽപ്പും പ്രാപ്യമാകു. നിരാശിതരാകയും, പരിഭവപ്പെടുകയും വേണ്ട നമ്മുടെ മാറ്റ് കൂട്ടുവാനും, നിലനിൽക്കുകയും. ഫലം പുറപ്പെടുവിക്കുന്ന ശിഷ്യരായി രൂപപ്പെടുത്താൻ ഈ വിശ്വാസത്തിന്റെ ശോധനകൂടിയേ തീരു.
സൌരഭ്യം പരത്തേണ്ടതിന്
ജടാമാഞ്ചി (spikenard, Nard) ഹിമാലയസാനുക്കളിൽ മാത്രം ലഭ്യമാകുന്ന ഒരു ചെടിയിൽ നിന്നു വേർതിരിച്ചെടുക്കുന്ന വിലയേറിയ ഒരു സുഗന്ധ വർഗം ആണ് മറിയ യേശുവിന്റെ പാദത്തിൽ പൂശിയത് ഇത് സൂക്ഷിച്ചിരുന്നതാകട്ടെ വിലയുള്ളതായ വെൺകൽഭരണിയിലും (Alabaster) ഈജിപ്ഷ്യൻ നാടുകളിൽ ആഭരണങ്ങൾ, പ്രതിമകൾ എന്നിവയുടെ നിർമ്മാണത്തിനായും ഉപയോഗിക്കറുണ്ട് എന്നും പറയപ്പെടുന്നു, തൈലവും, പാത്രവും രണ്ടും വിലയേറിയതാണ്, സാഹചര്യ, സമ്മർദങ്ങൾ ഒക്കെ ആയിരിക്കാം ഒരു പക്ഷേ തന്റെ ഹ്യദയ നുറുക്കത്തിനു കാരണം ആയത്, ആ നുറുക്കത്തിലൂടെ തനിക്ക് കൈ വന്നത് താൻ നേടിയ എല്ലറ്റിലും വലുത് നസ്രായനായ ക്രിസ്തു ആണെന്നുള്ള ദർശനം ആയിരുന്നു, അതുകൊണ്ടാണ് തന്റെ മുൻപിൽ നശ്വരലോകത്തേ ഒന്നും വലുതായി തോന്നാതിരുന്നത് , എന്നാൽ നേരേമറിച്ച് ഒപ്പം നടന്നിട്ടും ആ ദർശനം പ്രാപിക്കാത്ത യൂദാ ഇസ്കര്യോത്താവിന് ഇതു വെറും പാഴ്ചിലവാണ്.
ഹ്യദയം തകർച്ചയിലൂടെ കടന്നു പോകുന്ന അനുഭവങ്ങൾ , നന്മയുടെ പക്ഷത്തു നില ഉറപ്പിച്ചിട്ടും കാര്യങ്ങൾ തിന്മയായ് ഭവിക്കുന്നുവോ, മറ്റുള്ളവരുടെ വെറുപ്പും പരിഹാസങ്ങളും അകാരണമായ് നേരിടുന്നുവോ ഭയപ്പെടെണ്ട ദൈവം തന്റെ പദ്ധതിയിലൂടെ നിന്നെ ഉയർത്തുവാൻ ആരംഭിച്ചിരിക്കുന്നു, അത്രേയുള്ളൂ.