എഡിറ്റോറിയല്‍: അരിമത്യക്കാരന്റെ ശുശ്രൂഷ

ഡാര്‍വിന്‍ എം വില്‍‌സണ്‍

ക്രൂശീകരണത്തിനു ശേഷം ഒരു വലിയ ദൗത്യം ഏറ്റെടുത്ത വ്യക്തിയാണ് അരിമത്യ ദേശക്കാരനായിരുന്ന യോസേഫ് എന്ന മനുഷ്യൻ. അവസരത്തിനൊത്ത് ഉയർന്ന്, തന്നെത്തന്നേയും, തനിക്കുള്ളതിനേയും, അതിന്റെയൊക്കെ വിലയേയും ഗണ്യമാക്കാതെ, യേശുവിനോടുള്ള തന്റെ സ്നേഹം പ്രകടിപ്പിച്ച ഈ മഹത്വ്യക്തിയേപ്പോലെ അനേകർ ഇന്ന് ക്രിസ്തീയസഭയിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു.

യേശുക്രിസ്തുവിന്റെ ജീവിതവുമായി വലിയ ബന്ധമൊന്നുമില്ലെങ്കിലും ക്രൂശീകരണത്തിനു ശേഷം ഒരു വലിയ ദൗത്യം ഏറ്റെടുത്ത വ്യക്തിയാണ് അരിമത്യ ദേശക്കാരനായിരുന്ന യോസേഫ് എന്ന മനുഷ്യൻ. അവസരത്തിനൊത്ത് ഉയർന്ന്, തന്നെത്തന്നേയും, തനിക്കുള്ളതിനേയും, അതിന്റെയൊക്കെ വിലയേയും ഗണ്യമാക്കാതെ, യേശുവിനോടുള്ള തന്റെ സ്നേഹം പ്രകടിപ്പിച്ച ഈ മഹത്വ്യക്തിയേപ്പോലെ അനേകർ ഇന്ന് ക്രിസ്തീയസഭയിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു. യേശു തടവിൽ ആയതുമുതൽ, കൂടെ ചേർന്ന് നിന്നവർ പലരും ചിതറിപ്പോയി. ക്രിസ്തു ക്രൂശിൽ മരിച്ചതോടെ എല്ലാം കഴിഞ്ഞു എന്ന് എല്ലാവരും കരുതി. ഇനി ഒരു അത്ഭുതം ചെയ്യാൻ യേശുവിന് കഴിയില്ല, കൂടെ നിന്നിട്ട് ഇനിയെന്ത് പ്രയോജനം എന്ന് ഏവരും ഉറച്ചു വിശ്വസിച്ച നേരത്താണ് അരിമത്യക്കാരന്റെ രംഗപ്രവേശം.

യഹൂദ പട്ടണങ്ങളിൽ ഒന്നായിരുന്നു അരിമത്യ എന്നതിൽ നിന്നും അദ്ദേഹം ഒരു പട്ടണവാസി ആയിരുന്നു എന്ന് മനസ്സിലാക്കാം. നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായിരുന്ന യോസേഫ് സമൂഹത്തിൽ ഉന്നതസ്ഥാനം വഹിച്ചിരുന്ന വ്യക്തി ആയിരുന്നു. ഔദ്യോഗികസ്ഥാനങ്ങൾ, അതിനെ ചുറ്റിനിൽക്കുന്ന മാനങ്ങൾ, വ്യക്തിപ്രഭാവം, ധനമാഹാത്മ്യം ഇവക്കൊന്നിനും കുറവില്ലാത്ത അദ്ദേഹം, താൻ സ്നേഹിച്ച യേശുവിനായി ശബ്ദം ഉയർത്തി. ഇന്ന് നമ്മിൽ പലരും സാമൂഹ്യമാധ്യമങ്ങളിൽ ഉയർത്തുന്ന ശബ്ദം പോലെ ആയിരുന്നില്ല അത്.

ക്രൂശിൽ കിടക്കുന്ന യേശുവിന്റെ ശരീരത്തിനായി, യോസേഫ് പീലാത്തോസിനെ കണ്ടു. ആ ശരീരം അവിടെക്കിടന്ന് നാറ്റം വമിക്കുന്നത് സഹിക്കാൻ അദ്ദേഹത്തിന് മനസ്സില്ലായിരുന്നു എന്ന് ന്യായമായും നമുക്ക് അനുമാനിക്കാൻ ന്യായങ്ങളുണ്ട്. ഈ പ്രവൃത്തികൊണ്ട് തനിക്ക് ലാഭം ഒന്നും ഇല്ല. ധനനഷ്ടം, മാനഹാനി, ശരീരക്ലേശം, ഉറ്റവരുടെ വിദ്വേഷം തുടങ്ങിയവയല്ലാതെ ഒരു ഗുണവും ഇല്ല. തനിക്ക് നഷ്ടങ്ങൾ സംഭവിച്ചാലും, താൻ സ്നേഹിച്ച ക്രിസ്തുവിന്റെ ശരീരം പരസ്യമായി കിടക്കുന്നതിനോ, അപമാനിക്കപ്പെടുന്നതിനോ, ദുർഗന്ധമായിത്തീരുന്നതിനോ അദ്ദേഹം സമ്മതിച്ചില്ല.

ക്രിസ്തുവിന്റെ ശരീരം, സുഗന്ധദ്രവ്യങ്ങളാൽ പൊതിഞ്ഞ അരിമത്യക്കാരനായ യോസേഫിന്റെ മനോഭാവവും, പ്രവൃത്തിയും നമ്മിൽ ഓരോരുത്തരിലും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു…. വിശുദ്ധിയുടെ പേരിൽ, സഭയെ നന്നാക്കാനെന്ന പേരിൽ, രാഷ്ട്രീയ ലാഭത്തിന്, വ്യക്തിവൈരാഗ്യം തീർക്കുന്നതിന്, ധനസമ്പാദനത്തിന്….ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയെ ദുർഗന്ധം വമിക്കുന്ന അവസ്ഥയിലേക്ക് നയിക്കാൻ മടിക്കാത്ത നമുക്ക്, ഈ അരിമത്യക്കാരൻ നല്ല ഒരു മാതൃകയാണ്.

ഇന്ന് ക്രിസ്തീയ സഭ ഒരുപാട് ആരോപണങ്ങളിൽക്കൂടി കടന്നു പോകുന്നു. പുറത്തു നിന്നും സഭയെ ആക്രമിക്കുന്നവർ, സഭയുടെ നാശം കാത്തിരിക്കുന്നു. ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയെ ക്രൂശിലേറ്റുകയാണ് അവരുടെ ലക്ഷ്യം. ഈ പ്രതിസന്ധിക്കിടയിൽ നാം ശരീമാം സഭയെ കാക്കേണ്ടത് യോസേഫിനെപ്പോലെ “സുഗന്ധവർഗ്ഗത്താലാണ്”. നമുക്ക് നഷ്ടം വന്നാലും സഭക്ക് അത് ഭവിക്കരുത് എന്നതാകട്ടെ നമ്മുടെ ലക്ഷ്യം. സഭയിൽ നിന്നും ക്രിസ്തുവിന്റെ സ്നേഹമാം സൗരഭ്യം ലോകമാകെ പരക്കട്ടെ.

ഡാർവിൻ എം വിത്സൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.