ലേഖനം: സമൃദ്ധിയോ സംതൃപ്തിയോ ??

നാല്പത് വർഷ മരുയാത്രയിൽ യിസ്രായേൽ അനുഭവിച്ച സമൃദ്ധിക്ക് കണക്കില്ല. എന്നിട്ടും യാത്രയിലുടനീളം ആ സമൂഹം ദൈവത്തിനെതിരെ പിറുപിറുത്തു. പിറുപിറുപ്പ് എന്ന വാക്കിന് മറ്റ് ചില ഭാഷകളിൽ ഉപയോഗിക്കുന്ന വാക്കുകൾ ഡോക്ടർ ബില്ലി ഗ്രഹാം (കാരുണ്യ യൂണിവേഴ്സിറ്റി) രസകരമായി അവതരിപ്പിച്ചത് ഓർക്കുന്നു. Mur-mur, മുറു-മുറുപ്പ് (തമിഴ്), ബക്-ബക് , കുടു-കുടു, (കുട്കുടാപ്പൻ എന്നാണ് ഹിന്ദി വാക്ക്) എന്നീ വാക്കുകളുടെ എല്ലാം ആദ്യത്തെ ഭാഗം തന്നെ ആവർത്തിക്കുന്നു എന്നത്
പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുതയാണ് .

ചെങ്കടൽ കടന്ന യിസ്രായേൽ മക്കൾ കുടിവെള്ളത്തിനായും ആഹാരത്തിനു വേണ്ടിയും ആരംഭിച്ച പിറുപിറുപ്പ് പിന്നീട് നേതൃത്വത്തിനെതിരെ ഉള്ള മന:പ്പൂർവ്വമായ എതിർപ്പായി മാറി. ഒരു പുതു നേതാവിന്റെ നേതൃത്വത്തിൽ മിസ്രയീമിലേക്കു മടങ്ങിപ്പോകുവാൻ പോലും അവർ ആഗ്രഹിച്ചു.ശരീരം കൊണ്ട് അവർ യിസ്രായേൽ സഭ ആയിരുന്നെങ്കിലും ഹൃദയം കൊണ്ട് അവർ ഈജിപ്തുകാർ തന്നെ ആയിരുന്നു
(പ്രവൃത്തി 7:39 ).

യിസ്രായേൽ മക്കളുടെ പിറുപിറുപ്പിന്റെയും കൊതിയുടെയും ഫലമായി ദൈവം നൽകിയതാണ് നന്മ എന്ന് നാം ചിന്തിക്കുന്ന മന്നയും പിന്നെ കാടപ്പക്ഷിയും (പുറപ്പാട് 16, സംഖ്യാ 11). പക്ഷെ മന്നായൊന്നും അവരെ തൃപ്തരാക്കിയില്ല. അവർക്ക് വേണ്ടിയിരുന്നത് മിസ്രയീമിൽ വച്ച് അവർ കഴിച്ച വെള്ളരിക്കയും മത്തെങ്ങയും ഉള്ളി വർഗ്ഗങ്ങളും ആയിരുന്നു. അതിനായി അവർ കൊതിയോടെ കരഞ്ഞു. (സംഖ്യാ 11:4-6).

post watermark60x60

എന്തു കൊണ്ടാണ് ദൈവം അവർക്ക് മരുയാത്രയിൽ ഇതൊന്നും നല്കാതിരുന്നത്? മിസ്രയീമിലെ കൊടുംചൂടിൽ കഠിനവേല ചെയ്തപ്പോൾ ആശ്വാസമായിരുന്നു വെള്ളരിക്കായും (തണ്ണി)മത്തെങ്ങായും. വെളുത്തുള്ളി വർഗ്ഗങ്ങൾ എല്ലാം തന്നെ ഔഷധ ഗുണമുള്ളതുമായിരുന്നു (സംഖ്യാ 11:5). യിസ്രായേൽ മക്കൾ ഭക്ഷിച്ച ഇതെല്ലാം മിസ്രയീമിലെ ചൂടിനെ പ്രതിരോധിക്കാൻ അന്ന് അത്യാവശ്യവും ആയിരുന്നു .

എന്നാൽ മരുയാത്രയിൽ പകൽ മേഘ സ്തംഭത്തിലും രാത്രി അഗ്നി സ്തംഭത്തിലും ദൈവം അവരെ വഴി നടത്തി . മേഘസ്തംഭം അവർക്ക് വഴികാട്ടി മാത്രം അല്ലായിരുന്നു , അതവർക്ക് തണലും ആയിരുന്നു. 40 വർഷ മരുയാത്രയിൽ സൂര്യതാപത്തെ തടഞ്ഞ് യിസ്രായേലിനെ അവരുടെ പകൽ യാത്രകളിൽ സംരക്ഷിച്ചത് മേഘസ്തംഭമാണ് . അതിനാൽ ആ യാത്രയിൽ അവർക്ക് ഒട്ടും ചൂട്‌ സഹിക്കേണ്ടി വന്നിട്ടില്ല .
അതുകൊണ്ട് തന്നെ ചൂടിനെ പ്രതിരോധിക്കാനുള്ള ആഹാര സാധനങ്ങളും ദൈവം നൽകിയില്ല .

ഇനി മറ്റൊരു വസ്തുത, യാത്രയിൽ ഇതൊന്നും കൃഷി ചെയ്ത് മരുഭൂമിയിൽ പാർപ്പിക്കുകയായിരുന്നില്ല ദൈവിക പദ്ധതി . അവരെ കനാനിൽ എത്തിക്കുക എന്നതായിരുന്നു ദൈവിക പ്ലാൻ. ദൈവം അവർക്ക് നൽകിയത് കൃഷി ചെയ്യാത്ത , അധ്വാനം വേണ്ടാത്ത ഭക്ഷണമായിരുന്നു. അവർക്ക് യാതൊന്നിനും മുട്ടു വന്നില്ല . അവരുടെ വസ്ത്രം പഴകാതെ അവരുടെ കാൽ വീങ്ങാതെ ദൈവം നടത്തി ( നെഹെ. 9:20-21) .

മിസ്രയീമിലെ കഷ്ടപ്പാടോ കൊടുംചൂടോ പീഡനമോ കഠിന വേലയോ ഇല്ല. മേഘസ്തംഭത്തിനു കീഴിൽ (എയർ കണ്ടീഷന്റെ കൂളിങിൽ ) ഒരു സുഖയാത്ര . മന്നയ്ക്ക് മന്ന, കാടപ്പക്ഷിക്ക് കാടപ്പക്ഷി. എല്ലാം മൂക്ക് മുട്ടെ സമൃദ്ധമായി അവർ തിന്നു . പക്ഷേ അവർക്ക് സംതൃപ്തി മാത്രം അനുഭവിക്കാൻ കഴിഞ്ഞില്ല . രോഗമോ സൂര്യതാപമോ ആഹാര ദൗർലഭ്യമോ അല്ല യിസ്രയേൽ മരുഭൂമിയിൽ പട്ടു പോകാൻ കാരണമായത് . പിറുപിറുപ്പും ദൈവനിഷേധവും ആണ് മരണ കാരണമായത് .

മന്നയും കാടപ്പക്ഷിയും ഒക്കെ അവർക്ക് നിസ്സാര ഭക്ഷണം ( worthless food) ആയി തോന്നി . ദൈവം നല്കുന്നതിനെയല്ലാം അവർ നിസ്സാരവൽക്കരിച്ചു .
കാരണം , മിസ്രയീമിലെ രുചി അവരുടെ നാവിൽ നിന്ന് ഒഴിഞ്ഞിരുന്നില്ല .
(മിസ്രയീമിലെ നിക്ഷേപങ്ങൾ മുഴുവൻ ചവർ എന്നെണ്ണി ഇറങ്ങിയ മോശെയോടാണ് മിസ്രയീമിന്റെ മഹത്വം പറയുന്നത് എന്നതാണ് ഏറ്റവും രസകരം) .

വിട്ടു പോന്നതിനു വേണ്ടിയുള്ള ആവേശം കനാനിലേക്ക് പ്രവേശിക്കുന്നതിന് തടസ്സമായി അവരുടെ മുന്നിൽ നിന്നു . വെളുത്തുള്ളിക്ക് വേണ്ടിയുള്ള കൊതിക്ക് യിസ്രായേൽ കൊടുത്ത വില വലിയതാണ് . മരുഭൂമിയിൽ അവർ പട്ടുപോയി. താൽക്കാലിക വസ്തുക്കൾക്ക് വേണ്ടിയുള്ള ആഗ്രഹത്തിൽ അവർ നഷ്ടമാക്കിയത് കനാൻ തന്നെ ആയിരുന്നു . മണ്ണേ പ്രതി വെടിഞ്ഞത് മാണിക്യം തന്നെ.

മിസ്രയീമിലെ രുചി ഉപേക്ഷിക്കാനും ആവില്ല , ഒപ്പം കനാനിൽ പോവുകയും വേണം എന്ന ചിന്ത . ലോകത്തിലെ എല്ലാ നന്മകളും ആവോളം ആസ്വദിക്കുകയും വേണം , സ്വർഗ്ഗം നഷ്ടപ്പെടാനും പാടില്ല എന്ന് നാമെല്ലാവരും കണക്കു കൂട്ടലുകൾ നടത്തുന്നതു പോലെ തന്നേ. ദൈവം നൽകുന്ന ഒന്നിലും സംതൃപ്തി കണ്ടെത്താൻ കഴിയാത്ത ആർത്തിപ്പണ്ടാരങ്ങൾ ആയി അവർ മാറി. ഇന്ന് നമ്മുടെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. ലഭ്യമാകുന്ന ഒന്നിലും നാം ഇന്ന് തൃപ്തരല്ല . ആ അതൃപ്തിയിൽ നിന്നാണ് നന്ദിയില്ലായ്മ ഉത്ഭവിക്കുന്നത് . ദൈവത്തോട് നന്ദിയുള്ളവന്റെ അധരങ്ങളിൽ നിന്നും പിറുപിറുപ്പല്ല, സ്തോത്രാർപ്പണമല്ലേ ഉയരേണ്ടത്? . മതി എന്ന് പറയാൻ നാം പഠിക്കണം എന്ന് അപ്പൊസ്തലനായ പൗലോസ്  ( 1 തിമൊഥെ. 6:8 ) . പക്ഷേ മതിയാകുന്നില്ല എന്ന് പറയാനാണ് നമുക്കെപ്പോഴും താല്പര്യം .കൂടുതൽ വെട്ടിപ്പിടിക്കാനും സ്വരുക്കൂട്ടാനുമുള്ള വ്യഗ്രത കുറയുന്നേയില്ലല്ലോ. അതിനു വേണ്ടി ഒരു പക്ഷെ ഉപവാസം പ്രഖ്യാപിച്ച് ദൈവ ഹിതത്തെ വളച്ചൊടിക്കാനുള്ള ശ്രമവും നാം നടത്തിക്കളയും. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവരുടെ എണ്ണം കുറയുന്നു . അതുകൊണ്ടാണ് ക്രിസ്തീയ പ്രസ്ഥാനങ്ങളിൽ പോലും സാമ്പത്തിക തിരിമറികൾ വർദ്ധിക്കുന്നത് .

എത്ര പണം ഉണ്ടാക്കിയാലും അതിൽ ഒരു തരി പോലും മുകളിലേക്ക് കൊണ്ടുപോകാൻ ആവില്ല എന്ന് ഒരു കേസിനോട് അനുബന്ധിച്ച് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിക്ക് പറയേണ്ടി വന്നു . വിശുദ്ധ ബൈബിളും അതു തന്നെയല്ലേ ആദ്യം തന്നെ പഠിപ്പിക്കുന്നത് : ഇഹലോകത്തിലേക്ക് നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെ നിന്ന് യാതൊന്നും കൊണ്ടുപോകാൻ കഴിയുന്നതുമല്ല (1തിമൊഥെ. 6:7 ).

ജീവിതം സുഖകരം ആക്കുക എന്നതിനപ്പുറം ഇന്ന് മറ്റ് ലക്ഷ്യങ്ങളൊന്നുമില്ല . നിത്യതയെപ്പറ്റിയുള്ള കാഴ്ചപ്പാടൊക്കെ എന്നേ നമുക്ക് നഷ്ടമായിരിക്കുന്നു . ലോകം വേണ്ട എന്ന് പാടി ഇറങ്ങിയവരുടെ തലമുറ പോലും ഇന്ന് ലോകത്തെ പുൽകുന്നു . യിസ്രായേൽ മിസ്രയീമിലേക്ക് പോകാൻ ആഗ്രഹിച്ചതിലും കൂടുതൽ ആവേശത്തോടെ തന്നെ . ഉപേക്ഷിച്ച് പോന്നതിന്റെ മഹത്വം പറയുന്നവർ മിസ്രയീമിനെ ഉയർത്തുകയാണ് ചെയ്യുന്നത്.

ഒരിക്കൽ വിട്ടോടിയതിന്റെ പിന്നാലെ തിരിഞ്ഞ് പോകുന്നവരെ പന്നിയുടെയും നായുടെയും ഉപമ പറഞ്ഞാണ് അപ്പൊസ്തലനായ പത്രോസ് വിശേഷിപ്പിക്കുന്നത്
( 2 പത്രോസ് 2:22) . ആ വിമർശനം കേൾക്കാൻ അത്ര സുഖമുള്ളതല്ലെങ്കിലും തള്ളിക്കളയേണ്ടതല്ല . 40 വർഷം മരുഭൂമിയിൽ സമൃദ്ധി അനുഭവിച്ച ആ അസംതൃപ്ത സമൂഹത്തിൽ നിന്നും ആരും കനാനിൽ പോയില്ല എന്നതാണ് സങ്കടകരമായ
സത്യം . സമൃദ്ധിയുടെ സുവിശേഷമല്ല , സംതൃപ്തിയുടെ സുവിശേഷമാണ് നമുക്കിന്ന് അത്യാവശ്യമായിരിക്കുന്നത്.

ബിജു പി. സാമുവൽ,
ഒയാസിസ് മിനിസ്ട്രീസ്, ബംഗാൾ
Mob: 08016306857.

-ADVERTISEMENT-

-ADVERTISEMENT-

You might also like