യു.എ.ഇയില്‍ കുടുംബത്തെ സ്പോണ്സര് ചെയ്യാന്‍ ഇനി 4000 ദിര്‍ഹം ശമ്പളം മതി
ദുബൈ: കുടുംബത്തെ സ്പോണ്സര് ചെയ്യുവാനുള്ള വ്യവസ്ഥകള്‍ ലളിതമാക്കിയ പുതിയ നിയമം യു.എ.ഇയില്‍ പ്രാബല്യത്തിലായി. ഏതു തൊഴില്‍ ചെയ്യുന്ന പ്രവാസികള്‍ക്കും തങ്ങളുടെ സ്പോണ്സര്ഷിപ്പില് രാജ്യത്ത് കുടുംബത്തെ കൊണ്ടുവന്ന് താമസിപ്പിക്കുന്നതിന് നിയമം അനുമതി നല്കുന്നു.
4000 ദിര്‍ഹം ശമ്പളം അല്ലെങ്കില്‍ 3000 ദിര്‍ഹം ശമ്പളവും കമ്പനി നല്കുന്ന താമസ സൗകര്യവും ഉള്ള പ്രവാസിക്ക് തൻ്റെ ഭാര്യയെ അല്ലെങ്കില്‍ ഭര്‍ത്താവിനെ, 18 വയസു വരെ പ്രായമുള്ള ആണ്‍കുട്ടികള്‍, അവിവാഹിതരായ പെണ്‍കുട്ടികള്‍ എന്നിവരെ സ്പോണ്സര് ചെയ്യുവാനാണ് യു.എ.ഇ മന്ത്രിസഭ ഈ വര്‍ഷം ആദ്യം നടത്തിയ നിയമ ഭേദഗതി വഴി സാധ്യമായിരിക്കുന്നത്. നേരത്തേ ശമ്പളം എത്രയുണ്ടെങ്കിലും പല തൊഴില്‍ മേഖലയിലുള്ളവര്‍ക്കും കുടുംബത്തെ സ്പോണ്സര് ചെയ്യാന്‍ അനുമതിയില്ലായിരുന്നു.
കുടുംബാംഗങ്ങള്‍ക്കെല്ലാം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരിക്കണമെന്ന് നിര്‍ബന്ധമാണ്. സ്ത്രീകള്‍ക്ക് കുടുംബത്തെ സ്പോണ്സര് ചെയ്യാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇതിന് ഭര്‍ത്താവിൻ്റെ സമ്മത പത്രവും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള സാക്ഷ്യപത്രവും സമര്‍പ്പിക്കണം.
പ്രവാസികള്‍ക്ക് കൂടുതല്‍ സന്തോഷത്തോടെ, ഉയര്‍ന്ന ജീവിത നിലവാരത്തോടെ കഴിയുവാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമഭേദഗതിക്ക് മന്ത്രിസഭ തുടക്കമിട്ടത്. ജീവിത സംതൃപ്തി ഉറപ്പാക്കുന്നത് ക്രിയാത്മകമായി കൂടുതല്‍ കരുത്തു പകരുമെന്നും രാഷ്ട്രവികസനത്തിന് മികച്ച സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയുമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വിദേശകാര്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സൈദ് റകന്‍ അല്‍ റഷ്ദി വ്യക്തമാക്കി.
ഇതിനു പുറമെ രക്ഷിതാക്കള്‍ക്കൊപ്പം യു.എ.ഇ സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെയുള്ള മക്കള്‍ക്ക് വിസ ഫീസ് ഒഴിവാക്കുന്ന പദ്ധതിയും ഇന്നലെ മുതല്‍ നിലവില്‍ വന്നു. എല്ലാ വര്‍ഷവും ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ കാലയളവിലാണ് ഈ ആനുകൂല്യം ലഭിക്കുക.