അനുസ്മരണം: ഞങ്ങൾ അറിഞ്ഞ റ്റി. പി. സാർ

പാസ്റ്റർ ടൈറ്റസ് ജോൺസൻ

1990 കളിൽ കിടങ്ങന്നൂർ ബേബിച്ചായന്റെ (പാസ്റ്റർ പി. എം. വർഗീസ്) ചാരിറ്റി ചിൽഡ്രൻസ് ഹോം കോംബൗണ്ടിൽ നടന്ന ഒരു നേതൃത്വപരിശീലന ക്യാംപിൽ എന്നെ നിർബ്ബന്ധിച്ചു വിളിച്ചു പങ്കെടുപ്പിച്ച നാളിലാണ് റ്റി. പി. സാറും ഞാനും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. പിന്നീട് സി. ഇ. എം. ന്റെ ലോക്കൽ സെക്രട്ടറി മുതൽ ജനറൽ മീഡിയ സെക്രട്ടറി വരെയുള്ള പടവുകളിലും ‘ഇടയന്റെ ശബ്ദം’ മാസികയ്ക്കായി പ്രവർത്തിച്ച നാളുകളിലും അദ്ദേഹം എനിക്ക് പിൻബലമായിരുന്നു. ഒരിക്കൽ അദ്ദേഹം നെഹെമ്യാവിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ‘ലീഡർഷിപ്പ് ട്രെയിനിംഗ് മാനുവൽ’ എനിക്ക് നൽകി, അടുത്ത തലമുറയ്ക്ക് നേതൃത്വ പരിശീലനം നല്കുന്നതിനെപ്പറ്റി ഏറെ സംസാരിച്ചു. പിന്നാലെ വരുന്നവരുടെ വളർച്ചയിൽ അദ്ദേഹം എത്ര ശ്രദ്ധാലുവായിരുന്നു എന്നതിന് ഇതൊക്കെ ചില ഉദാഹരണങ്ങൾ മാത്രം!
ക്രിസ്തീയ ശുശ്രൂഷാവഴികളിൽ അദ്ദേഹം ഞങ്ങൾക്ക് എന്നും ഒരു മാർഗ്ഗദർശിയായിരുന്നു. സ്വദേശത്തും വിദേശത്തും ഞങ്ങൾ ശുശ്രൂഷിച്ച ഓരോ സമയത്തും ശുശ്രൂഷയുടെ മുന്നേറ്റം കൃത്യമായി അന്വേഷിക്കുന്ന സ്വഭാവം അദ്ദേഹത്തിന്റെ ആത്മാർത്ഥ ഹൃദയത്തിന്റെ പ്രതിഫലനമായിരുന്നു. വേദപഠനത്തിനും അദ്ദേഹം പ്രോത്സാഹനമായി.

post watermark60x60

എനിക്ക് റ്റി. പി. സാറും സിനിക്ക് അദ്ദേഹം തമ്പിച്ചായനും ആയിരുന്നു. അമേരിക്കൻ പഠനശേഷം കേരളത്തിൽ മടങ്ങിയെത്തിയ അദ്ദേഹം ആലുവയിൽ പ്രവർത്തനം ആരംഭിക്കാൻ എത്തിയത് സിനിയുടെ പപ്പ (പാസ്റ്റർ എം. സി. മാത്യു) പാർക്കുന്ന അശോകപുരം ശാരോൻ സഭയുടെ പാഴ്സനേജിലാണ്. തുടർന്നുള്ള നാളുകളിൽ അവർ ഒരു കുടുംബം പോലെ ഒരു കോംബൗണ്ടിൽ പാർത്തു എന്നതിനേക്കാൾ, സഹോദരതുല്യം സ്നേഹിച്ചു, ഒരുമിച്ചു ശുശ്രൂഷിച്ചു, പരസ്പരം കൈത്താങ്ങായി. റ്റി. പി. സാറിന്റെ മക്കൾ മനിലിനും ഗ്രേസിനും പാസ്റ്റർ എം. സി. മാത്യു-കുടുംബം രാജുപപ്പയും രാജുമമ്മിയും ആയിരുന്നു, ഇപ്പോഴുമാണ്. 2001 ൽ അദ്ദേഹം അമേരിക്ക സന്ദർശിച്ചപ്പോൾ പാസ്റ്റർ എം.സി.യുമായുള്ള കൂടിക്കാഴ്ചയാണ് സിനിയും ഞാനും തമ്മിലുള്ള വിവാഹത്തിന് വഴിയായത്.
ഈ മെയ് 2നും 18നും സിനിയുടെ മാതാവുമൊത്തു ഒരുമിച്ച് ചിലവഴിച്ച സമയങ്ങൾ തന്നോടൊപ്പമുള്ള അവസാന നിമിഷങ്ങൾ ആയിരുന്നുവെന്നു ഞങ്ങൾ ഒരിക്കലും കരുതിയില്ല. പതിനെട്ടാം തീയതി കാണുമ്പോൾ കാലിൽ കഠിനമായ വേദനയോടെ അദ്ദേഹം കിടക്കയിൽ ആയിരുന്നു. എന്നാൽ വേദന മറന്ന് ആത്മനിറവിൽ ഞങ്ങൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടി പ്രാർത്ഥിച്ചു. ആ പ്രാർത്ഥനയിൽ ഞങ്ങളുടെ ഇളയ മകനെ അടുത്തുനിർത്തി തലയിൽ കരം വെച്ചു പറഞ്ഞ വാക്കുകളിൽ ഞങ്ങളുടെ ശുശ്രൂഷാമുന്നേറ്റത്തിന് ഊർജ്ജം പകരുന്ന പ്രവചനധ്വനികൾ നിറഞ്ഞിരുന്നു. കൈകൾ ഉയർത്തി അനുഗ്രഹിച്ചത് ഒരു വിടവാങ്ങലിന്റെ അടയാളം കൂടിയായിരുന്നുവെന്നു ഇപ്പോൾ മനസ്സിലാക്കുന്നു.
വളർന്നുവരുന്ന പിൻതലമുറയെ പ്രോത്സാഹിപ്പിക്കുന്നത് സ്വന്ത നിലനിൽപ്പിനു ഭീഷണിയായിക്കരുതി ഏത് തന്ത്രവും പ്രയോഗിച്ചു അവരെ പാർശ്വവൽക്കരിക്കുന്ന ആധുനിക ആത്മീയ നേതൃത്വങ്ങൾക്കിടയിൽ അദ്ദേഹം വിഭിന്നനായിരുന്നു. സഭാവളർച്ചയുടെ അടിസ്ഥാനം പ്രാർത്ഥനയാണെന്നു അദ്ദേഹം ഊന്നൽ നൽകി എഴുതിയപ്പോൾ തന്നിലെ പ്രാർത്ഥനാവ്യക്തിത്വം അതിൽ നിഴലിച്ചു.
കഴിഞ്ഞ ദിവസം എന്റെ മാതാപിതാക്കൾ അദ്ദേഹത്തെ കാണുവാൻ ചെന്നപ്പോൾ നിത്യതയിലേക്കുള്ള യാത്രയ്ക്ക് അദ്ദേഹത്തിന്റെ മണ്കൂടാരം തയ്യാറെടുക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.45 കഴിഞ്ഞു സിബിയും ജീമോനുമൊക്കെ വിളിച്ചു അദ്ദേഹത്തിന്റെ വിയോഗവാർത്ത അറിയിക്കുമ്പോൾ വേദനകൾ ഇല്ലാത്ത ലോകത്തേക്ക് അദ്ദേഹം പോയിരുന്നു.

‘ക്രിസ്തീയ ദൗത്യവും സഭാ വളർച്ചയും’ എന്നത് അദ്ദേഹത്തിന്റെ പഠനവും പ്രസംഗവും മാത്രമായിരുന്നില്ല, ജീവിതം തന്നെയായിരുന്നു. ദൗത്യജീവിതം തികെച്ചു ഡോ. റ്റി. പി. ഏബ്രഹാം വിടകൊള്ളുമ്പോൾ ക്രൈസ്തവ ലോകത്തിന് നഷ്ടമാകുന്നത് കേവലം ഒരു മിഷിയോളജിസ്റ്റു മാത്രമല്ല, തനിക്ക് പിന്നാലെ തിമൊഥെയൊസും തീത്തോസുമൊക്കെ ആത്മീയ ശുശ്രൂഷാലോകത്ത് വളർന്നുവരണമെന്ന് സ്വാർത്ഥതയില്ലാതെ, അസൂയയില്ലാതെ, ആഗ്രഹിച്ചിരുന്ന ഒരു ദൈവപുരുഷനെയാണ്!
വേർപാടിന്റെ ദുഃഖം പേറുന്ന മോളിയമ്മാമ്മയെയും മക്കളെയും ഓർക്കുന്നു. പ്രത്യാശയുടെ സുദിനത്തിൽ വീണ്ടും പ്രിയ റ്റി. പി. സാറുമൊത്തുള്ള നിമിഷങ്ങൾ കാത്തുകൊണ്ട് വിട പറയുന്നു!!

-ADVERTISEMENT-

You might also like