അനുസ്മരണം: സൗമ്യനായ ടി പി സാറിനെ ഓർക്കുമ്പോൾ

ജെ പി വെണ്ണിക്കുളം

സൗമ്യനും മിതഭാഷിയുമായിരുന്ന ടി പി സാർ സഭയുടെ ഔദ്യോഗിക ചുമതലകൾ വഹിക്കുമ്പോഴും പുത്രികാസംഘടനയുടെ വളർച്ചയിലും ശ്രദ്ധാലുവായിരുന്നു

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിനു നികത്താനാവാത്ത നഷ്ടമാണ് ടി പി ഏബ്രഹാം സാറിന്റെ വിയോഗത്തോടെ സംഭവിച്ചിരിക്കുന്നത്. സൗമ്യനും മിതഭാഷിയുമായിരുന്ന ടി പി സാർ സഭയുടെ ഔദ്യോഗിക ചുമതലകൾ വഹിക്കുമ്പോഴും പുത്രികാസംഘടനയുടെ വളർച്ചയിലും ശ്രദ്ധാലുവായിരുന്നു. യുവജനങ്ങളെ മുൻനിരയിലേക്ക് കൊണ്ടുവരുവാനും അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുവാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സി ഇ എം ജനറൽ പ്രസിഡന്റ് ആയിരിക്കുന്ന കാലത്ത് അദ്ദേഹം സംഘടിപ്പിച്ച സാഹിത്യമത്സരമാണ് എന്റെ എഴുത്തുകൾ വെളിച്ചത്തിലേക്ക് വരുവാൻ മുഖാന്തിരമായത്. തന്നോടൊപ്പം സി ഇ എമ്മിന്റെ വിവിധ കമ്മറ്റികളിൽ എന്റെ പിതാവും (പാസ്റ്റർ വി ജെ തോമസ്) അക്കാലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാഹിത്യലോകത്തു തനിക്കുണ്ടായിരുന്ന അനുഭവ സമ്പത്തു തന്റെ തൂലികയിലൂടെ പുസ്തകങ്ങളായി പുറത്തേക്കു വന്നു.

അമേരിക്കയിലെ ഫുള്ളർ സർവകലാശാലയിൽ നിന്നും പി എച് ഡി നേടിയ അദ്ദേഹം അനുഗ്രഹീത വേദ അധ്യാപകനും പ്രഭാഷകനും സംഘാടകനുമായിരുന്നു. സണ്ടേസ്കൂൾ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും പുതിയ പാഠ്യപദ്ധതി ക്രമീകരിക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു. പാർക്കിൻസൻസ്‌ രോഗബാധിതനായ ശേഷവും തന്റെ രോഗങ്ങൾ വകവയ്ക്കാതെ ദീർഘദൂര യാത്രകൾ ചെയ്തും കർതൃവേലയിൽ വ്യാപൃതനായിരുന്നു. ആലുവയിലെ അശോകപുരത്തു താൻ സ്ഥാപിച്ച ഡൂലോസ് തിയോളജിക്കൽ കോളേജിലൂടെ അനേക യുവാക്കളെ സുവിശേഷവേലയ്ക്കു സജ്ജരാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവർ ഇന്ന് പ്രവർത്തിച്ചുവരുന്നു. സഭയുടെ നേതൃസ്ഥാനത്തു ഇരിക്കുമ്പോൾ ഭരണനൈപുണ്യം തെളിയിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. അതു ശാരോൻ സഭയ്ക്ക് എന്നും മുതൽകൂട്ടായിരുന്നു.

നല്ല മാതൃക കാണിച്ചുതന്നു ഞങ്ങളെവിട്ടു കടന്നുപോയ ടി പി സാർ എന്നും ഞങ്ങളുടെ ഓർമ്മയിൽ ഉണ്ടാകും. അദ്ദേഹത്തിന്റെ ഉത്സാഹവും പ്രവർത്തന മികവും പിൻതലമുറക്കാരായ ഞങ്ങൾക്ക് എന്നും പ്രചോദനമായിരിക്കും.

post watermark60x60

തയ്യാറാക്കിയത്: ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like