ലേഖനം:മാലോകർക്കിടയിലെ മാന്യത | കെ ജോൺ

പരീശന്മാരായ നിങ്ങൾക്ക് അയ്യോ കഷ്ടം! നിങ്ങൾക്കു പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും പ്രിയമാകുന്നു. Luk 11:43

സിനോപ്റ്റിക് എഴുത്തുകാർ മാത്രം ഉപയോഗിച്ചിരിക്കുന്ന പദപ്രയോഗം അയ്യോ കഷ്ടം ഏതാണ്ട് 30 ഓളം തവണയാണ് സുവിശേഷങ്ങളിൽ മാത്രം ആവർത്തിക്കപ്പെടുന്നത്. സമൂഹത്തിലെ മാന്യത അന്വേഷിക്കുന്ന പരീശന്മാരുടെ ബുദ്ധിശൂന്യത അവരെ അയ്യോ കഷ്ടത്തിലേക്കു നയിക്കുന്നു.

പള്ളിയും അങ്ങാടിയും ദൈനം ദിന ജീവിതത്തിലെ വിവിധ ഇടപെടലുകളെയാണ് കുറിക്കുന്നത്. പള്ളി ആത്മീയ വിഷയത്തെ സൂചിപ്പിക്കുന്നു എങ്കിൽ അങ്ങാടി ഭൗതിക വിഷയത്തെ കുറിക്കുന്നു. സമൂഹത്തിൽ മേലെക്കിടയിൽ നിൽക്കണം എന്നാഗ്രഹിക്കുന്ന പരീശഗണത്തിന്റെ പൊതു സ്വഭാവത്തെ യേശു വിമർശിക്കുന്നു.
ആത്മീയമായി ദൈവത്തെ പ്രസാദിപ്പിക്കയും അതിനു ഭംഗം വരാതെയുള്ള പൊതുജന സേവനവും. ഇത് ദൈവത്തിനു പ്രസാദകരമാകുന്ന പ്രവർത്തനശൈലി തന്നെയാണ്. പരീശന്മാർ ഒന്നുകിൽ പ്രധാന ഇരിപ്പിടങ്ങളിൽ ഇരിക്കുന്നവർ. അതില്ലാത്തവരാണെങ്കിൽ അതിനു ആഗ്രഹിക്കുന്നവർ. മുഖ്യാസനം ഉള്ളവർക്ക് അത് നിലനിർത്തുവാൻ വ്യഗ്രത. അതില്ലാത്തവർക്ക് എങ്ങനെയും അത് കൈക്കലാക്കുവാനുള്ള ആഗ്രഹം. ഇതിനു കാരണം പള്ളിയിലെ മുഖ്യാസനവും അങ്ങാടിയിലെ വന്ദനവും പരസ്പരം ഇണചേർന്നു കിടക്കുന്നതു കൊണ്ടാണ്..

ഇതു തന്നെയല്ലേ ആധുനിക ആത്മീയസഭകൾ എന്നറിയപ്പെടുന്ന വിവിധ സംഘടനകളിലും അരങ്ങേറുന്നത്? വർഷം തോറുമോ, നിശ്ചിത കാലങ്ങൾക്കുള്ളിലോ ഒക്കെ ദൈവസഭകളുടെ പേരിൽ അറിയപ്പെടുന്ന സംഘടനകളിൽ കണ്ടുവരുന്ന തിരഞ്ഞെടുപ്പു മാമാങ്കങ്ങൾ. മുഖ്യാസനങ്ങൾ ഉള്ളവർ അത് നിലനിർത്തുവാനും, അതില്ലാത്തവരും അതിനായി മാത്രം ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്നു എന്ന് തോന്നുമാറ് അതിനായി ആഗ്രഹിക്കുന്നവരും പരസ്പരം ഏറ്റുമുട്ടുന്ന കാഴ്ചകൾ വളരെ പരിതാപകരമായി മാത്രമേ ആത്മീയരായ സാധാരണ ജനത്തിനു തോന്നുകയുള്ളൂ. മുഖ്യാസനം തേടി നെട്ടോട്ടം ഓടുന്ന ആധുനിക പരീശക്കൂട്ടങ്ങളെ നോക്കി യേശു വിളിച്ചു പറയുന്ന വിലാപസ്വരം ഹാ കഷ്ടം എന്നാണ്.

ഈ മുഖ്യാസനങ്ങൾക്കായി എന്ത് വിലയും നൽകാൻ തയ്യാറാകുന്നതെന്തുകൊണ്ട്? പള്ളിയിൽ മുഖ്യാസനം ഉണ്ടെങ്കിൽ അങ്ങാടിയിൽ വന്ദനം ഉറപ്പാണ്. ഇതു രണ്ടും പരസ്പരം പൂരകങ്ങളായതിനാൽ ഏതെങ്കിലും ഒന്ന് എന്ന സൂത്രവാക്യം ഇവിടെ ഇല്ല മുഖ്യാസനം ഉണ്ടെങ്കിൽ അങ്ങാടിയിൽ വന്ദനവും ഉണ്ടാകും. അങ്ങാടിയിൽ വന്ദനം ആദായമാർഗമാണ്. അപ്പോൾ ആദായം ആഗ്രഹിക്കുന്നവൻ പള്ളിയിലെ മുഖ്യാസനത്തിനായി എന്തു വിലയും കൊടുക്കുവാൻ തയ്യാറാകുന്നു. എന്നാൽ ഇതിന്റെ പര്യവസാനത്തെ കുറിച്ച് ചിന്തിക്കാത്ത ബുദ്ധിശൂന്യന്മാർ അതാത് സമയത് അങ്കം വെട്ടുന്നത് പതിവാക്കി ഒടുവിൽ ഹാ കഷ്ടത്തിന്റെ രാജവീഥി തീർക്കുന്നു.

ദൈവസഭയുടെ അല്ല, അങ്ങനെ അറിയപ്പെടുന്ന സംഘടനകളുടെ ഭരണസാരഥ്യം കൈക്കലാക്കുവാൻ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ കൊണ്ട് സാത്താന്റെ കൂത്തരങ്ങുകളായി മാറ്റപ്പെട്ടു കൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പു യജ്ഞങ്ങൾ ദൈവസഭകൾ അവസാനിപ്പിക്കണം. ദൈവസഭകളിൽ പരിശുദ്ധാത്മാവ് ആക്കിവച്ചിരിക്കുന്ന ഔദ്യോഗിക പദവികൾക്കു മാത്രം പ്രാധാന്യം നൽകണം.

അപ്പോസ്തോലന്മാർ, പ്രവാചകന്മാർ (ഭാവി പറയുന്ന ജോതിഷികൾ അല്ല, കുറവുകൾ ചൂണ്ടിക്കാട്ടി ദൈവത്തോടടുക്കുവാൻ പ്രാപ്തരായ ദൈവാത്മനിയോഗിതർ), സത്യവചനം യഥാർത്ഥമായി പഠിപ്പിക്കുവാൻ കഴിയുന്ന സുവിശേഷകന്മാർ, സാക്ഷാൽ ഇടയന്റെ യോഗ്യതയുള്ള, ആടുകളെ ചേർത്തുനിർത്തി പരിപാലിക്കുവാൻ പ്രാപ്തരായ, ശ്രേഷ്ഠഇടയനാൽ നിയമിതരാ ഇടയന്മാർ, ഉപദേശം അറിയാവുന്ന ഉപദേഷ്ടാക്കന്മാർ സഭകളിൽ ശുശ്രൂഷക പദവിയിൽ വരണം.

അപ്പോസ്തോലിക ശുശ്രൂഷകൾക്കായി ദൈവം വിളിച്ചിരിക്കുന്നു എന്ന് ഉറപ്പുള്ളവർ പ്രാർത്ഥനയിലും വചനധ്യാനത്തിലും ഉറ്റിരിക്കട്ടെ. അവർ പൊതു ശുശ്രൂഷകളിൽ ഏർപ്പെട്ടു രാജ്യങ്ങൾ തോറും സുവിശേഷം അറിയിക്കട്ടെ. വേലക്കായി ലഭിക്കുന്ന ഭൗതിക നന്മകൾ അതിന്റെ വ്യാപ്തിക്കായി മാത്രം ഉപയോഗിക്കുവാൻ വിശ്വസ്തതയും പ്രാപ്തിയുമുള്ളവർ സംഘടനകളുടെ ഭരണത്തലങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ നിയമിതരാകണം. ജീവിത വിശുദ്ധിയും, ഉപദേശവിശുദ്ധിയും കാത്തു സൂക്ഷിക്കുവാൻ ശുശ്രൂഷകന്മാർ ഏകമനസ്സോടെ തീരുമാനമെടുക്കണം അതിനു വിഘാതം നിൽക്കുന്നവരെ ശാരീരികമായോ നിയമപരമായോ അല്ല വചനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പരിശോധനക്കും ശിക്ഷണത്തിനും വിധേയരാകണം. പണത്തിനും ഭൂരിപക്ഷത്തിനുമല്ല ദൈവസഭയിൽ വചനത്തിനും പരിശുധാത്മാവിനും ആധിപത്യം തിരികെ നൽകണം.

ഇതു സംഭവിക്കണമെങ്കിൽ പുതിയനിയമ സഭയുടെ ശ്രേഷ്ഠത എന്തെന്നു ആഴമായി മനസിലാക്കണം. ദൈവത്തിന്റെ അനാദി കാലത്തെ നിർണ്ണയങ്ങളും പുതിയനിയമ സഭയുടെ നിയമനവും സ്ഥാനവും വ്യക്തമായി തിരിച്ചറിയണം. എങ്കിൽ മാത്രമേ പൗലോസ് പറയുന്നതുപോലെ വല്ലവിധേനയും മരിച്ചവരുടെ ഇടയിൽ നിന്നു പുനരുദ്ധാനം പ്രാപിക്കേണം എന്നും വെച്ചും ഞാൻ ക്രിസ്തു നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്ന് എണ്ണുന്നു (ഫിലി.3:11) എന്നു പറയുവാൻ സാധിക്കുക്കയുള്ളു. ചവറിനു വേണ്ടിയുള്ള ആർത്തിയും അത് ലഭിക്കുവാനുള്ള കടിപിടിയും നടത്തുന്ന വളർത്തു മൃഗത്തിന്റ സ്വഭാവത്തിൽ നിന്നു സാക്ഷാൽ ആത്മീയർ പുറത്തു വരുവാൻ പുതിയനിയമ സഭയെക്കുറിച്ചുള്ള ദൈവീക ഉദ്ദേശം മനസിലാക്കണം. ചവറിന്റെ ഇടയിൽ കിടന്നു ചവറുകൊണ്ട് ഹൃദയദൃഷ്ടി അടഞ്ഞുപോയവർക്ക് ഇത് ഭോഷത്വമായി തോന്നാം. എന്നാൽ വരം കിട്ടിയവർക്കു മാത്രം ഗ്രഹിക്കുവാൻ കഴിയുന്ന ദൈവത്തിന്റെ നിത്യതയുടെ പദ്ധതി മനസിലാക്കുവാൻ പരിശുദ്ധാത്മാവിന്റെ ആധിപത്യത്തിന് കീഴിൽ വരണം. ഇന്നു പോകുന്നതുപോലെ സംഘടനകൾ സഭ എന്ന ലേബലിൽ പോകുകയാണെകിൽ കർത്താവിന്റെ വരവിൽ ആരും എടുക്കപ്പെടുകയില്ല എന്ന് മനസിലാക്കണം. വചനം പഠിപ്പിക്കേണ്ടവർ അത് ശരിയായി പഠിപ്പിക്കായ്കയാലും പഠിക്കേണ്ടവർ അതിനു പ്രാധാന്യം കല്പിക്കാതിരിക്കായാലും വചനത്തിൽ നിന്നകന്നു പോകുന്ന തലമുറ ഭൗതികത്തിലേക്കു തിരിയുന്നതിൽ അതിശയമില്ല.
ക്രിസ്തുവിന്റെ അനുയായികൾ എന്നറിയപ്പെടുന്ന ക്രിസ്ത്യാനികൾ, വേർപെട്ട വിശ്വാസികൾ എന്നറിയപ്പെടുന്നവർ ക്രിസ്തുവിന്റെ യാഥാർത്ഥമൊഴികളിൽ നിന്ന് എത്ര അകന്നു പോയിരിക്കുന്നു. മറ്റെല്ലാ ഉഡായിപ്പുകളും മാറ്റിവച്ചു ക്രിസ്തു ശബ്ദത്തിന് ചെവി കൊടുത്തില്ല എങ്കിൽ യേശു പറഞ്ഞ ഹാ കഷ്ടം പുരാതന പരീശന്മാർക്കല്ല ആധുനിക പരീശന്മാരുടെ കൂട്ടങ്ങളായ ദൈവസഭയുടെ ലേബലിൽ നിൽക്കുന്ന സംഘടനാ നേതാക്കൾക്കായിരിക്കും എന്ന് ഓർമ്മയിരിക്കട്ടെ!!!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.