ലേഖനം:ഉയർപ്പിന്റെ മഹത്വം | ബിജു പി. സാമുവൽ,ബംഗാൾ
ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു. അവൻ ഇവിടെ ഇല്ല; ഉയർത്തെഴുന്നേറ്റിരിക്കുന്നു
( മത്തായി 28:5).
യേശുവിന്റെ കല്ലറയ്ക്കൽ എത്തിയ സഹോദരിമാരോടായി ദൈവ ദൂതൻ നൽകിയ സന്ദേശമാണിത്.
എവിടെയോ വായിച്ചത് ഓർക്കുന്നു.
എന്താണ്
യേശുക്രിസ്തുവിന്റെ പ്രത്യേകത എന്നു ചോദിച്ച വിദ്യാർത്ഥിക്കു മുൻപിൽ ക്രിസ്തീയ അദ്ധ്യാപകൻ മറുചോദ്യം ഉയർത്തി.
“ഒന്നാം നൂറ്റാണ്ടിൽ, മുപ്പതിനായിരത്തിൽ അധികം ആളുകൾ ക്രൂശുമരണം വരിച്ചിട്ടുണ്ട്.” “അതിൽ ഒരാളിന്റെ പേര് ഞാൻ പറയാം, യേശുക്രിസ്തു”.
“ഇനി മറ്റൊരാളിന്റെ പേര് നീ പറയൂ?”
അൽപ നേരത്തെ ആലോചനക്കു ശേഷം വിദ്യാർത്ഥി ഇങ്ങനെ പറഞ്ഞു:
“എനിക്കും അറിയാവുന്ന പേര് യേശുക്രിസ്തുവിന്റേത് മാത്രമേ ഉള്ളു”.
അദ്ധ്യാപകന്റെ മറുപടി ചിന്തനീയം ആയിരുന്നു.
“മുപ്പതിനായിരത്തിൽ അധികം ആളുകൾ ക്രൂശുമരണം വരിച്ചിട്ടും എല്ലാവർക്കും അറിയാവുന്ന പേര് യേശുക്രിസ്തുവിന്റേത് മാത്രമാണ്.”
“യേശു ക്രൂശിൽ മരിച്ചതു കൊണ്ടല്ല , മരണത്തെ ജയിച്ച് ഉയർത്തെഴുന്നേറ്റത് കൊണ്ടാണ് യേശുവിനെ ലോകം അറിയുന്നത്. അതാണ് യേശുവിന്റെ പ്രത്യേകത”.
മറ്റെല്ലാ മഹാരഥന്മാരും ജനിച്ചു, ജീവിച്ചു, മരിച്ചു, മണ്ണടിഞ്ഞു. എന്നാൽ യേശു മാത്രം മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റു.
ലോക ചരിത്രത്തിലെ ഏറ്റവും ശ്രേഷ്ഠമായ സംഭവമാണ് യേശുവിന്റെ ഉയർത്തെഴുന്നേല്പ് .
മരണത്തിന് അപ്പുറത്തുള്ള ജീവിതത്തെപ്പറ്റി ആധികാരികമായി സംസാരിക്കാനും ഉറപ്പു നൽകാനും യേശുവിനേ കഴിയൂ.
ലാസറിനെ ഉയർപ്പിക്കും മുൻപ് യേശു നടത്തിയ പ്രഖ്യാപനം ശ്രദ്ധിക്കുക:
“ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും”
(യോഹന്നാൻ 11:25).
ഏത് ഉലക നായകനാണ് അങ്ങനെ ഒരു സത്യ പ്രഖ്യാപനം നടത്താൻ കഴിയുക?
അതുകൊണ്ടാണ് നാമും ഉച്ചത്തിൽ ഘോഷിക്കുന്നത്….
“അവനൊപ്പം പറയാൻ ഒരാളുമില്ല..”
“അവനെപ്പോൽ ആരാധ്യൻ ആരുമില്ല…”
വെളിപ്പാട് പുസ്തകം
1:8-ൽ യേശുക്രിസ്തു തന്നെ ഇങ്ങനെയാണ്
പ്രഖ്യാപിക്കുന്നത് ,
“ഞാൻ മരിച്ചവൻ ആയിരുന്നു; എന്നാൽ ഇതാ എന്നെന്നേക്കും ജീവിച്ചിരിക്കുന്നു.”
യേശുവിന്റെ ഉയിർപ്പ് മരണത്തിനു അപ്പുറത്തുള്ള ജീവിതത്തെക്കുറിച്ച് മനുഷ്യന് പ്രത്യാശ നൽകുന്നു.
യേശുവിന്റെ ഉയിർപ്പ് ആഘോഷിക്കേണ്ടത് മദ്യപിച്ചു മദോന്മത്തൻ ആയല്ല.
യേശുവിന്റെ ഉയർപ്പിന്റെ മഹത്വം മനസിലാക്കുക.
മരണ ജീവിതം ഉപേക്ഷിക്കുക.
നവജീവിതം യേശുവിനോടൊപ്പം നയിക്കുക.