ധ്യാനചിന്ത:ആ പ്രഭാതത്തിൽ സംഭവിച്ചത് !! | ആഷേർ മാത്യു

സത്യത്തിൽ എന്താണ് ആ പ്രഭാതത്തിൽ സംഭവിച്ചത്??
ആഹ്ലാദത്തിൻറെയും ആഘോഷങ്ങളുടെയും ആരവങ്ങൾ ഉയരേണ്ട ആ പ്രഭാതം യഥാർത്ഥത്തിൽ കലുഷിതമായിരുന്നില്ലേ..?

ഭരണാധികാരികളെ സംബന്ധിച്ച് ഒരു വലിയ അഴിമതിയുടെ കഥ പിറവിയെടുത്ത പ്രഭാതം.. യേശുവിന്റെ ശരീരം ശിഷ്യന്മാർ കട്ടുകൊണ്ടുപോയി എന്ന കള്ളക്കഥ പണം വാങ്ങി പറയേണ്ടി വന്നു പടയാളികൾക്ക്… (യെഹൂദരുടെ ഇന്നും പ്രചരിക്കുന്നുണ്ട് ആ നുണക്കഥ) (മത്തായി 28:11-15)

യേശുവിനെ ഏറ്റവും സ്നേഹിച്ച മറിയയുടെ മനസ്സിലും സന്തോഷമുണ്ടായിരുന്നില്ല എന്നതും ചിന്തനീയമാണ് !!
മനസ്സ് മുഴുവൻ ആകുലത മാത്രം…
കല്ലറയുടെ വാതിൽ അടച്ചിരുന്ന ആ വലിയ കല്ല് ആര് ഉരുട്ടി മാറ്റുമെന്ന ചിന്ത…
പിന്നീട് കാണുന്നത് കരയുന്ന മറിയയെ…(യോഹന്നാൻ 20:11)
താൻ മൂന്നാംദിനം മരണത്തെ ജയിച്ചു എഴുന്നേൽക്കും എന്ന് യേശുവിൻറെ വാക്ക് മറിയ പോലും വിശ്വസിക്കാതിരുന്നത് അത്ഭുതം തന്നെ… !!

തോളോട് തോൾ ചേർന്ന് നടന്ന ശിഷ്യന്മാരുടെ പ്രതികരണമായിരുന്നു ഞെട്ടിച്ചു കളയുന്നത്…!! യേശു ഉയർത്തെഴുന്നേറ്റു എന്നത് വെറും ‘കഥപോലെ തോന്നി’ തോന്നി എന്നാണ് ലൂക്കോസ് സുവിശേഷകൻ രേഖപ്പെടുത്തിയത്..
(ലൂക്കോസ് 24: 11)
ഉയിർത്തെഴുന്നേറ്റ യേശുവിനെ കണ്ട് ‘ഭൂതം’ എന്ന് തെറ്റിദ്ധരിച്ച ശിഷ്യന്മാർ !!

ഉയർത്തെഴുന്നേറ്റ യേശുവിൻറെ അവസ്ഥയോ???
ഉയർത്തെഴുന്നേറ്റ ദിവസംതന്നെ തന്റെ ഉയിർപ്പിൽ അവിശ്വാസം പ്രകടിപ്പിച്ച ശിഷ്യന്മാരെ ‘മന്ദബുദ്ധികളെ’ എന്ന് വിളിക്കേണ്ടി വന്ന അവസ്ഥ…. (ലൂക്കോസ് 24: 25)
ശിഷ്യന്മാരുടെ നടുവിൽ പ്രത്യക്ഷനായ യേശുവിനെ കണ്ടപ്പോൾ ‘ഭൂതത്തെ കാണുന്നു’ എന്നുപറഞ്ഞ് ഭയപ്പെട്ട ശിഷ്യന്മാരെ ശാസിക്കേണ്ട വന്ന ക്രിസ്തു അവസ്ഥ….
താൻ ജീവിച്ചിരിക്കുന്നുവെന്ന് അനേകം തെളിവുകൾ അവർക്ക് കാണിച്ചു കൊടുക്കേണ്ടി വന്ന ക്രിസ്തുവിന്റെ അവസ്ഥ (40 തവണയോളം ഉയർപ്പിനു ശേഷം യേശു പ്രത്യക്ഷമായി- അപ്പൊ. പ്രവൃത്തികൾ 1:1-4)

അതെ, ഇങ്ങനെയുള്ള സംഭവങ്ങൾക്കാണ് ആ പ്രഭാതം സാക്ഷ്യം വഹിച്ചത്…

എന്നിട്ടും, പ്രിയ ശിഷ്യന്മാരെ കൈയുയർത്തി അനുഗ്രഹിച്ചു സ്വർഗ്ഗാരോഹണം ചെയ്ത ആ ക്രിസ്തുവിന്റെ സ്നേഹം…
നിങ്ങളെ ചേർപ്പാൻ വീണ്ടും വരുമെന്ന് പറഞ്ഞു പോയ ക്രിസ്തുവിന്റെ സ്നേഹം…
ഹാ !! എത്ര വലിയ സ്നേഹം…!!
അതെ, ഉയർപ്പിൻ പ്രഭാതത്തിൽ പോലും ക്രിസ്തുവിനെ സ്നേഹിപ്പാൻ കഴിയാതിരുന്ന ശിഷ്യന്മാരെ വീണ്ടും മാർവ്വോടണച്ച സ്നേഹക്കടലാണ് ക്രിസ്തു !!

ക്രിസ്തുവിനെ സ്നേഹിക്കാൻ മറന്നു പോകുന്ന ഞാനും – നാമും വ്യത്യസ്തരല്ല..
എന്നിട്ടും നിത്യ സ്നേഹത്താൽ നമ്മെ സ്നേഹിക്കുന്ന ക്രിസ്തു !!
ആ ക്രിസ്തുവിന്റെ സ്നേഹത്തിൻറെ മാധുര്യം തിരിച്ചറിയുവാൻ കഴിയുന്ന ഒരു ഉയിർപ്പിന്റെ പ്രഭാതമാകട്ടെ ഇത് !!
ആശംസകൾ !!

-Advertisement-

You might also like
Comments
Loading...