ലേഖനം:ക്രിസ്തുവിൽ അനേകരുടെ ഹൃദയത്തെ തണുപ്പിക്ക !!! | പാസ്റ്റർ ഷാജി ആലുവിള

ക്രിസ്തേശു മുഖാന്തരം തടവുകാരനായി റോമൻ കാരഗ്രഹത്തിൽ അടക്കപ്പെട്ട പൗലോസ് കോലോസ്യയിലുള്ള ഫിലോമോനും, തന്റെ ഭവനത്തിൽ നടത്തപ്പെടുന്ന സഭക്കായും ഓനേസിമോസിനുവേണ്ടി തെഹിക്കോസിന്റെ കൈവശം കൊടുത്ത്‌ ഒനേസിമോസിനെയും കൂട്ടി അയക്കുന്ന ഒരു സന്ദേശം ആണ് ഫിലോമോന് എഴുതിയ ലേഖനം.
കോലോസ്യയിലുള്ള ഫിലോമോന്റെ ഭവനം ദൈവജനത്തിനായി തുറന്നു കൊടുക്കുകയും അവിടെ വിശ്വാസികൾ ഒന്നിച്ചു കൂടി കർത്താവിനെ ആരാധിക്കയും സ്തുതിക്കുകയും ചെയ്തു പൊന്നു. ഫിലോമോന്റെ ഭാര്യയായ ആപ്പിയയും മകനായ അർക്കിപ്പോസും, കൂടെ ഒനേസിമോസും ജീവിച്ചു വരവേ അടിമയായ ഒനേസിമോസ് അവിടെ നടത്തിയ തെറ്റിന്റെ അടിസ്ഥാനത്തിൽ ഒരു തസ്കരനെ പോലെ ദൂരവേയുള്ള റോമാ പട്ടണത്തിലേക്ക് ഒളിച്ചോടിപോയി. അവിടെ വെച്ച് ജയിൽ പരമായ ഏതൊബന്ധം വഴി റോമൻ കാരഗ്രഹത്തിൽ കഴിയുന്ന പൗലോസുമായി താൻ ബന്ധപ്പെടുകയും,ദൈവത്തോടും തന്റെ യെജമാനനോടും ചെയ്ത പാപം ബോധ്യപ്പെടുകയും അങ്ങനെ അദ്ദേഹം ക്രിസ്തുവിലേക്കു വരുവാൻ ഇടയാകുകയും ചെയ്തു.
ഫിലോമോൻ പല പ്രത്യേക സ്വഭാവ ഗുണമുള്ള വ്യക്തിത്വം ആയിരുന്നു. വീട്ടിൽ സഭയുള്ളവനും, കർത്തവിനോടും സകല വിശുദ്ധന്മാരോടും സ്നേഹവും, ബഹുമാനവും, കരുതലും ഉള്ളവൻ ആയിരുന്നു. വിശുദ്ധന്മാരുടെ ഹൃദത്തെ തണുപ്പിച്ചവൻ, ക്ഷമിക്കുന്നവൻ, അനുസരണയുള്ളവൻ, മാത്രമല്ല ദൈവമാക്കളെ ശുശ്രൂഷിക്കുന്നവൻ കൂടി ആയിരുന്നു. പൗലോസ് അപ്പോസ്തോലൻ അതു അനുഭവിച്ചറിഞ്ഞ വ്യക്തി ആയിരുന്നു.
അനേക വിശ്വാസികളും രക്ഷിക്കപ്പെട്ടത്തിനു ശേഷം പഴയ നിലയിൽ തന്നെ മുന്നോട്ടു പോകുന്നവരാണ്. അങ്ങനെ പോകാൻ അല്ല ദൈവം ആഗ്രഹിക്കുന്നത്. ദൈവമക്കളിലുള്ള ഉന്നത നിലവാരവും അവരിലുള്ള നന്മയും കാണുന്നതിനുള്ള കാഴ്‌ച്ചപ്പാട് നമുക്ക് ഉണ്ടായിരിക്കണം. മറ്റുള്ളവരുടെ വീഴ്ചയും വേദനകളും കണ്ണു നീരും കണ്ടു ഉള്ളിൽ ചിരിക്കുന്ന പരമഭക്തി വേഷക്കാരും പൊള്ളയായ ചിരി കാണിച്ചു ചിലർ ഇപ്പോഴും സഭകളിൽ വാഴുന്നില്ലേ. സ്വന്തം സുഖാനുഭൂതിക്കായി മറ്റുള്ളവർ വേദനിച്ചാലും വേണ്ടില്ല എന്നുള്ള കാഴ്ച്ചപ്പാട് ഉള്ളവർക്ക് ആരുടെയും ഹൃദയത്തെ തണുപ്പിക്കുവാൻ സാധ്യമല്ല. ഒനേസിമോസ്‌ ദൈവ പൈതലയി മടങ്ങി വരുമ്പോൾ തന്റെ യെജമാനനയ ഫിലോമോനുമായി ഒരു പുതിയ ബന്ധത്തിൽ ആകുന്നു. പണ്ട് അവൻ അടിമ, പിന്നീട് കുറ്റവാളി, മാറ്റങ്ങൾ വന്നപ്പോൾ ദാസന് മീതെ പ്രിയ സഹോദരൻ ആയി മാറി. നമുക്ക് എത്ര ഹൃദയത്തെ തണുപ്പിക്കാൻ സാധിച്ചിട്ടുണ്ട്. എത്രയോ പേരുടെ കണ്ണു നീരിന് കാരണക്കാരയി പലരെയും കരയിപ്പിച്ചു വിട്ടിട്ടുണ്ട്, വേദനിപ്പിച്ചു ബുദ്ധിമുട്ടിപ്പിച്ചിട്ടുണ്ട് ?? ഓർക്കുക നിങ്ങൾ ഒരു നീതിമാനെങ്കിൽ നിങ്ങൾക്കത് സാധ്യമല്ല. തകർന്ന,നുറുങ്ങിയ, നിരാശയുള്ള ഹൃദയങ്ങളുമായി നമ്മുടെ സഭയിലും ചുറ്റിലും എത്രയോ പേർ ഉണ്ട്. അവരുടെ വേദനകളെ മനസിലാക്കി ആ ഹൃദയങ്ങളെ ഒന്നു തണുപ്പുച്ചു കൂടെ നമുക്ക് ?
അനേകരുടെ വാക്കും പ്രവർത്തിയും നമ്മെ തളർത്തുമ്പോൾ ഫിലോമോന്റെ വാക്കു അനേക ഹൃദയത്തെ തണുപ്പിച്ചു എന്നു ഓർക്കണം. ഊരി പിടിച്ച വാളുമായി ഉറഞ്ഞു തുള്ളി നാബാലിന്റെ ഗ്രഹത്തെ നശിപ്പിക്കുവാൻ വരുന്ന ദാവീദിന്റെ കോപത്തെ ശമിപ്പിച്ച്‌ ഹൃദയത്തെ തണുപ്പിച്ചതും അബീഗയിന്റെ വാക്കുകൾ ആയിരുന്നു. ചിലരുടെ വാക്കും പ്രവർത്തിയും ഇതിനു വിപരീതമായി, എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെ പ്രശ്നങ്ങൾ ആളി കത്തിക്കുന്നവരും അല്ലെ പലരും. യെധാർത്ഥ ദൈവമക്കൾ സകലതും ക്ഷമിക്കയും സ്നേഹിക്കുകയും ചെയ്യുന്നവർ ആയിരിക്കണം. അപ്പോൾ തന്നെ ആത്മീയ ജീവിതത്തിനും ശുശ്രൂഷക്കും ഹാനി വരുത്തുന്നവരെ വിട്ടൊഴിഞ്ഞു നിൽക്കേണ്ടതും ആവശ്യമാണ്.
നമ്മുടെ ജീവിതം എന്നതിൽ ഉപരി മറ്റുള്ളവരുടെ ഗുണം കൂടി നാം നോക്കണം.നമ്മുടെ ജീവിതത്തിൽ വിശ്വാസിയുടെ ഗുണ നിലവാരം പുലർത്തി മറ്റുള്ളവരുമായി സഹകരിക്കുകയും സഹായിക്കുകയും വേണം. മാത്രമല്ല മറ്റുള്ളവരെ നമ്മളെക്കാൾ സ്രെഷ്ഠൻ എന്നു എണ്ണുവാനുള്ള മനോഭാവം ഉണ്ടായിരിക്കണം. നാം പുതിയ സൃഷ്ടി എന്നു പറയുകയും പഴയ മനുഷ്യനെ ഉരിഞ്ഞു കളയാതെയും ഇരുന്നാൽ കേവലം ജഡീകർ തന്നെയല്ലേ. ദുഷ്പ്രചരണങ്ങൾ പരത്തിയും, തന്നിൽ എളിവരെ അമർത്തിയും വേദനിപ്പിച്ചും ആത്മീയരെന്നു പറഞ്ഞു പോയാൽ കാലം തെളിയിക്കും ആത്മീയതയുടെ കപട മുഖം. അനീതിയുള്ള മാമോനെ കൂട്ടുപിടിച്ച് അനാത്മീയതക്കു കൂട്ടു നിന്നാൽ ആത്മീയ സമൂഹം മുരടിച്ചു പോകും എന്നുള്ളത് മറക്കരുത്. കണ്ണു നീരിന്റെ വില കൊടുത്തു പിതാക്കന്മാർ വളർത്തിയെടുത്ത ആത്മീക സമൂഹത്തെ നശിപ്പിച്ചു കളയുന്ന ചെറു കുറുക്കൻ മാരാകരുത് ആരും. സ്ഥാനത്തിനും പേരിനും വേണ്ടി മറ്റുള്ളവരുടെ ഹൃദയത്തെ കരയിപ്പിക്കുന്ന വൈരാഗ്യ ബുദ്ധികൾ ആകരുത് ആരുമാരും. നല്ല ശമര്യാക്കാരന്റെ ഹൃദയത്തിനു മാത്രമേ തളർന്നു ആർദ്ധപ്രണനായി കിടക്കുന്ന പഥിതനെ സത്രത്തിൽ എത്തിക്കുന്ന പ്രവർത്തി ചെയ്യുവാൻ പറ്റു. അവർക്കെ മറ്റുള്ളവരുടെ ഹൃദയത്തെ തണുപ്പിക്കുവാൻ സാധിക്കുകയുള്ളു. അങ്ങനെ ആയാൽ മാത്രമേ ഈ കാലഘട്ടത്തിൽ സഭ വളരുകയും ഉള്ളു. കൈത്താള മേള ഗാനങ്ങൾ മാത്രമല്ല ആരാധന നാം ദൈവത്തിനായി യാഗമായി തീരുന്നതും കൂടിയാണ് ആരാധന. അതിലാണ് ദൈവം പ്രസാധിക്കുന്നത്. വാക്ച്ചാതുര്യം കൊണ്ട് പടവെട്ടി ജയിച്ചാൽ കാല പരിധിക്കുള്ളിൽ പട്ടുപോകും എന്നോർക്കണം. കോപാഗ്നിയിൽ കത്തി പോകാതെ ദൈവസ്നേഹത്തിൽ ഹൃദയങ്ങളെ തണുപ്പിക്കുന്ന ഫിലോമോനു മാത്രമേ ദൈവരാജ്യവിസ്തൃതിക്കായി പ്രവർത്തിക്കാൻ സാധിക്കു. അതിനായി നല്ലൊരു ഫിലോമോനായി നമുക്ക് തീരം, ” സന്തുഷ്ട ഹൃദയം നല്ലൊരു ഔഷധം എന്നോർക്കുക “

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.