ലേഖനം:കാണാതെ പോയതിനെ തിരയുന്ന ശുശ്രൂഷ | വിജീഷ് ജേക്കബ്

ശക്തൻ മാരായ ശുശ്രൂഷകൻ മാർ പെരുകി വരുന്ന ഈ കാലയളവിൽ ഒരു വിരോധാഭാസം എന്റെ കണ്ണിൽ പെടുവാൻ ഇടയായി. മറ്റേത് കാലഘട്ടത്തേക്കാൾ സഭകളുടെ പിളർപ്പും, വിവാഹമോചനവും, കുടുംബതകർച്ചയും, ആത്മഹത്യയും, വിശ്വാസത്യാഗവും പെരുകിയിരിക്കുന്നത് ഈ കാലഘട്ടത്തിലാണ് എന്നുള്ളതാണ്.

ശുശ്രൂഷകന്മാർ അവരുടെ കർത്തവ്യങ്ങൾ യഥാർത്ഥമായി നിർവ്വഹിച്ച കാലഘട്ടത്തിലാണ് സഭ അതിന്റെ ഏറ്റവും വളർച്ചയിലേക്ക് കടന്നു വന്നിട്ടുള്ളത്. എന്നാൽ വിദ്യാസമ്പന്നരായ ശുശ്രൂഷകൻമാർ പെരുകുകയും കഴിവും കുലീനത്വവും ഉള്ള വ്യക്തികൾ മുൻ നിരയിൽ ഉള്ളതുമായ ഈ കാലഘട്ടത്തിലാണ് തകർച്ച നേരിടുന്നത് എന്നതും ശ്രദ്ദേയമാണ്.
ദൈവ സഭകളിൽ സംഘടനാ വ്യത്യാസമെന്യേ കടന്നു കൂടിയിരിക്കുന്ന ഒരു ചിന്ത ഞാൻ പങ്കു വയ്ക്കട്ടെ.

ഓരോ വേദപഠന വിദ്യാർത്ഥിയും ദൈവീകശുശ്രൂഷകൾ ചെയ്യുക എന്ന അതിയായ ആഗ്രഹത്തോടും തീരുമാനത്തോടു കൂടെ ആധികാരികമായ ദൈവ വചന പഠനത്തിനു ശേഷം, തങ്ങളെ ദൈവം ഏൽപ്പിക്കുന്ന ശുശ്രൂഷ ചെയ്യേണ്ടതിന് മാനസികമായും, ശാരീരികമായും തയ്യാറെടുപ്പ് നടത്തുന്നു. ശേഷം, അൽപകാലത്തെ പരിശീലനങ്ങൾക്കും ശിക്ഷണങ്ങൾക്കും ശേഷം സഭാചാർജ്ജ് ഏറ്റെടുക്കുന്നു. സഭാ ശുശ്രൂഷയുടെ അവിഭാജ്യ ഘടകങ്ങളായ പൊതു ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുക എന്നത് എല്ലാ ശുശ്രൂഷകൻ മാരുടെയും കഴിവു തെളിയിക്കുന്നതിനുള്ള ഉരകല്ലുകളാണ്. ആയതിനാൽ ഏവരും ഇതിൽ അധികം ശ്രദ്ധാലുക്കളുമാണ്. അതിനായി ലഭിക്കുന്ന ഓരോ സുവർണ്ണ അവസരങ്ങളും നാം അവിസ്മരണീയം ആക്കും എന്നതിൽ തർക്കമില്ല. ശുശ്രൂഷകൾ ഭംഗിയായി തെറ്റുകൂട്ടാതെ നിർവ്വഹിക്കുന്നതിന് ശുശ്രൂഷാ സഹായികൾ പുസ്തകരൂപത്തിൽ ഉചിതമായ വേദവാക്യങ്ങളോടുക്കൂടെത്തന്നെ വിപണിയിൽ ലഭ്യമാണ്. ഈ പുസ്തകങ്ങളുടെ സഹായത്തോടും നൈസർഗ്ഗികമായ കഴിവുകളോടും കൂടെ വേദികൾ ഭംഗിയായി കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം നേടുന്നു. എന്നാൽ യഥാർത്ഥ ശുശ്രൂഷയായ വ്യക്തി ജീവിതങ്ങളെയും കുടുംബങ്ങളെയും കൈകാര്യം ചെയ്യുന്നതിൽ പരാചയപ്പെടുന്നു.

ഇപ്രകാരം നാം സഭയുമായി സ്വസ്ഥമായി മുൻപോട്ടു പോകവെയാണ് സഭക്ക് തകർച്ചനേരിടുന്നത്.

ശുശ്രൂഷകൻമാർ കാർമ്മികൻ മാത്രമായി അധപതിക്കാതെ. മുറിവേറ്റവരെ, തകർന്നവരെ, തളർന്നവരെ ശുശ്രൂഷിക്കുന്ന മഹത്വമേറിയ ദൈവീക ദൗത്യത്തിലേക്ക് മടങ്ങിവരണം.

ശുശ്രൂഷയുടെ കാലപഴക്കത്തിൽ ചില പൊതുവേദികളിൽ അവസരം ലഭിച്ചില്ല എന്ന് സങ്കടപ്പെട്ടിരിക്കാതെ, നമ്മെ ദൈവം ഏൽപ്പിച്ചിരിക്കുന്ന ശുശ്രൂഷ നിറപടിയായി ചെയ്തെടുക്കാം. മുറിവേറ്റവരെ , ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവരെ ഹൃദയം തകർന്നവരെ ശുശ്രൂഷിക്കാം.

വിവാഹം നടത്തുക, വിവാഹത്തിനു പ്രസംഗിക്കുക, ആശീർവ്വാദം നൽകുക, അടക്കം നടത്തുക, ശിശുപ്രതിഷ്ഠ നടത്തുക, വീടുപണിക്ക് തറക്കല്ലിടുക എന്നീ കർമ്മ പരിപാടികളിൽ കുടുങ്ങിക്കിടക്കരുത്. മഹത്വത്തിൽ പ്രതിഫലം ലഭിക്കാതെ പോകും.

നാം തെറ്റായ ദിശയിൽ ആണോ സഞ്ചരിക്കുന്നത്?

പ്രിയമുള്ളവരെ ഈ നാളുകളിൽ വർദ്ധിച്ചു വരുന്ന വിവാഹമോചനങ്ങളിൽ, വിശ്വാസികളുടെ വിശ്വാസത്യാഗത്തിൽ , യുക്തിവാദത്തിലേക്ക് യുവാക്കൾ ആകൃഷ്ടരാകുന്നതിൽ, ആത്മാക്കൾ രക്ഷിക്കപ്പെടാത്തതിൽ, സഭക്കകത്തെ ഭിന്നതകളിൽ നാം ദുഃഖിതരാണൊ?

നാം ഇനി എന്ത് ചെയ്യണം?

വിവാഹം നടത്തുന്നതല്ല വിവാഹ ശുശ്രൂഷ പകരം യുവതീയുവാക്കളെ വിവാഹത്തിന്റെ മഹത്വത്തേയും പവിത്രതയേയും ബോധം വരുത്തുന്നതും, ഒരു വിശുദ്ധ കുടുംബം കെട്ടിപ്പടുക്കുന്നതിനായി വിവാഹ ശേഷം അവർക്കിടയിൽ സംഭവിക്കുന്ന തർക്കങ്ങളിലും കലഹങ്ങളിലും അവർക്കൊപ്പം നിന്ന് ആവശ്യമായ നിർദേശങ്ങളും ആശ്വാസവും നൽകി അന്യോന്യം വിശ്വസ്ഥരായി ക്രിസ്തുവിൽ വേരൂന്നിയ കുടുംബ ജീവിതത്തിനായി പ്രോത്സാഹിപ്പിക്കുന്നതാണ് ശുശ്രൂഷ.

ശവസംസ്ക്കാരത്തിൽ പ്രസംഗിക്കുന്നതും, മരിച്ച വ്യക്തിയെ കുറിച്ചുള്ള ഓർമ്മ കണ്ണുനീരോടെ പറയുന്നതും, പ്രാർത്ഥിക്കുന്നതും ആദ്യം പ്രാർത്ഥിച്ച് മണ്ണിടുന്നതും അല്ല ശുശ്രൂഷ, പകരം മരണത്തിന് മുൻപ് ഓരോ വ്യക്തികളെയും വിശുദ്ധ ജീവിതത്തിനായി ഉപദേശിക്കുന്നതും, വ്യക്തിപരമായ കുറവുകളെ നികത്തുന്നതിന് അവരെ പ്രബോധിപ്പിച്ച് തമ്മിൽ തമ്മിലുള്ള പിണക്കങ്ങളെ തീർത്ത് ഒന്നിപ്പിക്കുന്നതും, ഓരോ വിശ്വാസികളുടെയും നിത്യത ഉറപ്പു വരുത്തുന്നതാണ് നമ്മെ ഏൽപ്പിച്ചിരിക്കുന്ന ശുശ്രൂഷ.

ശിശുപ്രതിഷ്ഠ നടത്തുന്നതല്ല ശുശ്രൂഷ , പകരം ശൈശവം മുതൽ പഥ്യോപദേശത്തിൽ ഓരോ കുട്ടികളെയും വളർത്തി ദൈവസന്നിധിയിൽ സ്വയം പ്രതിഷ്ഠിക്കേണ്ടതിന് അവന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അവനോടൊപ്പം സഞ്ചരിക്കുന്നതാണ് ശശ്രൂഷ

പ്രിയമുള്ളവരേ, ഇന്ന് നാം കാണുന്ന വിവാഹം,ശവസംസ്കാരം, ശിശു പ്രതിഷ്ഠ എന്നിവയെല്ലാം ആവശ്യമുള്ള കർമ്മങ്ങൾ തന്നെ. എന്നാൽ ഇതിലൊന്നും അവസരം ലഭിച്ചില്ല എന്ന് ദുഃഖിച്ചിരിക്കാതെ അനുമതിപത്രങ്ങളുടെ അകമ്പടി കൂടാതെ ഏവർക്കും പരിശുദ്ധാത്മാവിനാൽ ചെയ്യാൻ കഴിയുന്ന സഭയുടെ നിർമ്മിതിക്കായി വ്യക്തികളുടെ ആത്മീക പൂരോഗതിക്കായി ,ക്രിസ്തുവിന്റെ തലയോളം ഓരോ സഹവിശ്വാസികളും വളരേണ്ടതിനായി വിശ്വാസി / പാസ്റ്റർ വ്യത്യാസമെന്യേ നമുക്ക് ശുശ്രൂഷകരാകാം, ദൈവരാജ്യം കെട്ടിപ്പടുക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.