ഇറാഖില്‍ ക്രിസ്തുമസ് ഇനി ഔദ്യോഗിക അവധി ദിനം
മൊസൂള്‍: ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടില്‍ എന്നറിയപ്പെടുന്ന ഇറാഖില്‍ ക്രിസ്തുമസ് ദിനം ഔദ്യോഗിക അവധി ദിവസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇസ്ളാമിക ഭൂരിപക്ഷ രാജ്യമായ ഇറാഖിലെ കാബിനറ്റ് മന്ത്രിമാരുടെ കൌണ്‍സിലിലാണ് ഇക്കാര്യം തീരുമാനിച്ചത്. മുന്നോട്ടുള്ള വര്‍ഷങ്ങളില്‍ ക്രിസ്തുമസ് ദിനം രാജ്യത്തു പൊതു അവധി ദിവസമാകും. ലോകമെമ്പാടുമുള്ളവര്‍ക്കും ക്രൈസ്തവര്‍ക്കും ഇറാഖി ക്രൈസ്തവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേരുന്നതായി സര്‍ക്കാര്‍ ട്വിറ്ററില്‍ കുറിച്ചു. സഹനത്തിന്റെ തീച്ചൂളയെ അതിജീവിച്ചു മുന്നേറുന്ന ക്രൈസ്തവര്‍ക്ക് ഏറെ സന്തോഷം പകരുന്നതാണ് സര്‍ക്കാര്‍ തീരുമാനം.
2003-ല്‍ ഏതാണ്ട് 15 ദശലക്ഷത്തോളം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന ഇറാഖില്‍ ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്നു ഇപ്പോള്‍ 2 ലക്ഷത്തില്‍ താഴെ ക്രൈസ്തവര്‍ മാത്രമേയുള്ളൂ. ആക്രമണങ്ങളും പീഡനങ്ങളും പതിവായപ്പോള്‍ ഇറാഖിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷകണക്കിന് ക്രൈസ്തവരാണ് പലായനം ചെയ്തത്.