മാർപ്പാപ്പയുടെ യു.എ.ഇ സന്ദർശനം: പരിപാടികൾ നിശ്ചയിച്ചു
ദുബായ്: ഇതിഹാസമായി മാറാനൊരുങ്ങുന്ന പോപ്പ് ഫ്രാൻസിസ് മാർപാപ്പയുടെ യു.എ.ഇ സന്ദർശനവേളയിൽ പങ്കെടുക്കുന്ന പരിപാടികൾ സംബന്ധിച്ച് രൂപമായി. ഫെബ്രുവരി മൂന്നിന് ആരംഭിക്കുന്ന പര്യടനത്തിലെ യാത്രാപദ്ധതി വത്തിക്കാനാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
ഫെബ്രുവരി മൂന്നിന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പാപ്പയെ സ്വീകരിക്കും. യു.എ.ഇ മന്ത്രിസഭയിലെയും നയതന്ത്ര മേഖലയിലെയും പ്രമുഖരും ശൈഖിനൊപ്പം മാർപാപ്പയെ വരവേൽക്കാനെത്തും. നാലിന് അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻറ് മോസ്ക് സന്ദർശിക്കും. മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴ്സ് ഭാരവാഹികളുമായി കൂടിക്കാഴ്ചയും നടത്തും. ഫൗണ്ടേഴ്സ് മെമ്മോറിയലിൽ നടക്കുന്ന സർവ മത സംഗമത്തിൽ അദ്ദേഹം സംസാരിക്കും. അഞ്ചിന് രാവിലെ അബൂദബിയിലെ കത്തീഡ്രലിൽ സന്ദർശനം നടത്തും. സായിദ് സ്പോർട്സ് സിറ്റിയിൽ മാർപാപ്പ നേതൃത്വം നൽകുന്ന ശുശ്രൂഷയിൽ ഒരു ലക്ഷം പേര് പങ്കെടുക്കും. തുടന്ന് ഉച്ചയോടെ അബൂദബി പ്രസിഡൻഷ്യൽ എയർപോർട്ടിൽ നിന്ന് മടക്കയാത്ര.
മാർപാപ്പയുടെ സന്ദർശന വാർത്ത ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തി യു.എ.ഇ.യിൽ താമസിക്കുന്ന നൂറു കണക്കിന് ക്രൈസ്തവ വിശ്വാസികൾക്ക് ഏറെ സന്തോഷം പകർന്നിട്ടുണ്ട്. യു.എ.ഇ രാഷ്ട്രനായകർ ഏറെ ബഹുമാനത്തോടെയാണ് പാപ്പയെ ക്ഷണിച്ചത്. യു.എ.ഇ ലോകത്തിനു നൽകുന്ന സഹിഷ്ണുതയുടെയും സമാധാനത്തിെൻറയും പാഠങ്ങളിലെ തിളങ്ങുന്ന അധ്യായങ്ങളിലൊന്നായി മാർപാപ്പയുടെ സന്ദർശനം മാറും എന്നാണ് വിലയിരുത്തപ്പെടുന്നത്.