ഖത്തറില്‍ പൊടിക്കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍
ദോഹ: ഖത്തറില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന വസ്‌മി ഋതുവിന്റെ വരവറിയിച്ച് ഇന്നലെ സന്ധ്യയോടെ പ്രകൃതിയാകെ മാറി മറിഞ്ഞു. ഉച്ചവരെ പ്രസന്നമായിരുന്ന കാലാവസ്‌ഥ സന്ധ്യയോടെ അടിമുടി മാറി. ആകാശം ആകെ മേഘാവൃതമായി. അധികം മുഴക്കമില്ലാതെ ഇടിമിന്നലുകള്‍ പുളഞ്ഞു. ഒപ്പം ഖത്തറിലെ എല്ലായിടത്തും പൊടിനിറച്ച് കനത്തകാറ്റുമെത്തി.
വാഹനസഞ്ചാരികളാണു പ്രകൃതിയുടെ പെട്ടെന്നുണ്ടായ ഭാവമാറ്റത്തില്‍ ആകെ വലഞ്ഞത്. പൊടിക്കാറ്റ് ദൂരക്കാഴ്‌ച കുറച്ചതോടെ ഗതാഗതം മന്ദഗതിയിലായി. കാറ്റിനെ പിന്‍പറ്റി ഉം അല്‍ അമദ് മുതല്‍ അല്‍ ഷമാല്‍ വരെ കനത്ത മഴയുണ്ടായതോടെ 50 മീറ്റര്‍ മുന്നിലുള്ള വാഹനംപോലും കാണാനാവാത്ത അവസ്‌ഥയായി. കാറ്റും മഴമേഘങ്ങളും ദോഹ മേഖല ലക്ഷ്യമാക്കി നീങ്ങുന്നതായി കാലാവസ്‌ഥാവിഭാഗം അറിയിച്ചതോടെ നഗരത്തില്‍ വാഹനമോടിക്കുന്നവര്‍ക്കു മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം രംഗത്തെത്തി. ദോഹയിലും പരിസരത്തും കനത്തമഴ പെയ്‌തേക്കാമെന്നതിനാല്‍ ശ്രദ്ധിക്കണമെന്നായിരുന്നു മുന്നറിയിപ്പ്.
ഇതോടെ സിവില്‍ ഡിഫന്‍സും അല്‍ഫാസയും ജാഗ്രതയിലായി. മദീന ഖലീഫ, അബു ഹമൂര്‍, മിസൈമീര്‍, അല്‍ വക്ര, ബര്‍വ സിറ്റി തുടങ്ങിയ സ്‌ഥലങ്ങളിലെല്ലാം കനത്ത പൊടിക്കാറ്റാണ് വീശിയത്. വടക്കന്‍ പ്രദേശങ്ങളിലുള്ളവര്‍ മഴയുടേയും ദോഹ നഗരത്തിലുള്ളവര്‍ പൊടിമൂടിയ അന്തരീക്ഷത്തിന്റേയും ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചു. വസ്‌മി ഋതുവിന്റ വരവറിയിച്ച് 17 മുതല്‍ 19 വരെ സാമാന്യം നല്ല മഴ പെയ്യുമെന്നായിരുന്നു കഴിഞ്ഞ ദിവസം കാലാവസ്‌ഥാ നിരീക്ഷണ വിഭാഗം അറിയിച്ചത്. എന്നാല്‍ വടക്കന്‍ മേഖലയില്‍ മഴ രണ്ടുനാള്‍ മുന്നേ എത്തുകയായിരുന്നു.




- Advertisement -