പത്തനംതിട്ടയുടെ മലയോര മേഖലയില്‍ ശക്തമായ മഴ; കനത്ത നാശനഷ്ടം

പത്തനംതിട്ടയുടെ മലയോര മേഖലയില്‍ കനത്ത മഴയെത്തുടര്‍ന്ന് നിരവധി നാശനഷ്ടങ്ങള്‍. കോന്നി അരുവാപ്പുലത്ത് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മൂന്ന് വീടുകള്‍ തകരുകയും കൃഷിയിടമടക്കം ഒലിച്ച്‌ പോവുകയും ചെയ്തു. റാന്നി വടശേരിക്കരയില്‍ പി.ഐ.പി കനാലിന്റെ ബണ്ട് തകര്‍ന്ന് സ്‌കൂള്‍ ഹോസ്റ്റലിലും ഭക്ഷണ ശാലയിലും വെള്ളം കയറി.

കോന്നി അരുവാപ്പുലം പഞ്ചായത്തില്‍ ഊട്ടുപാറ മുറ്റാകുഴി എന്നിവിടങ്ങളിലായി മൂന്ന് ഉരുള്‍ പൊട്ടലാണ് ഉണ്ടായത്. മേഖലയിലെ ഒരു വീട് പൂര്‍ണമായും രണ്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു. മുറ്റാകുഴി മങ്കലത്ത് സദാനന്ദന്റെ വീടാണ് പൂര്‍ണമായും തകര്‍ന്നത്.

പുനലൂര്‍ മൂവാറ്റുപുഴ പാതയില്‍ മുറിഞ്ഞകല്‍ ഭാഗത്ത് വെള്ളം കുത്തിയൊഴുകിയതിനെ തുടര്‍ന്ന് ഗതാഗതം താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്നു. റാന്നി വടശേരിക്കരയില്‍ പി.ഐ.പി കനാലിന്റെ ബണ്ട് തകര്‍ന്ന് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ഹോസ്റ്റലിലും ഭക്ഷണ ശാലയിലും വെള്ളം കയറി. 250 ഓളം കുട്ടികള്‍ ഈ സ്‌കൂളിലുണ്ട്. സംഭവത്തെ തുടര്‍ന്ന് ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ബണ്ട് ബലപ്പെടുത്തുന്നതിന് പഞ്ചായത്തിന് പരാതി നല്‍കിയിട്ടും പരിഗണിച്ചില്ലെന്ന പരാതിയുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like