ലുബാന്‍ അകന്നു, തിത്‌ലി വരുന്നു; കേരളത്തില്‍ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ലുബാന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റ് രൂപമെടുക്കുന്നു. ലുബാന് പിന്നാലെ വരുന്ന കാറ്റിനു ‘തിത്‌ലി’ എന്നാവും പേര്. ചിത്രശലഭമെന്നാണ് പാക്കിസ്ഥാന്‍ നല്‍കിയ ഈ പേരിന്റെ അര്‍ഥം. ലുബാന്‍ പടിഞ്ഞാറേക്കു നീങ്ങുന്നതിനാല്‍ കേരളത്തെയും ലക്ഷദ്വീപിനെയും ബാധിക്കില്ല. എന്നാല്‍, ഒഡീഷ ചുഴലിയുടെ സ്വാധീനം മൂലം കേരളത്തില്‍ ചിലയിടങ്ങളില്‍ ഏതാനും ദിവസംകൂടി ഇടയ്ക്ക് മഴ ലഭിക്കും.

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് 720 കിലോമീറ്റര്‍ കിഴക്ക് നിലകൊള്ളുന്ന ന്യൂനമര്‍ദം തീവ്രരൂപം പ്രാപിച്ചാണ് ബുധനാഴ്ചയോടെ ചുഴലിയായി മാറുകയെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച ഇത് ഒഡീഷതീരത്തേക്കു കയറും. തീവ്രതയെപ്പറ്റി പറയാറായിട്ടില്ല. ഒരേ സമയം രണ്ട് ചുഴലികള്‍ക്കിടയില്‍ പെട്ടതോടെ കേരളത്തിലെ കാലാവസ്ഥാ പ്രവചനം കൂടുതല്‍ വെല്ലുവിളിയായി മാറിയെന്നും നിരീക്ഷകര്‍ പറഞ്ഞു.

അതേസമയം തുലാമഴ വൈകാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കാലവര്‍ഷം ഏതാണ്ട് പൂര്‍ണമായും പിന്മാറുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ചയോടെ തുലാമഴയ്ക്കു തുടക്കമാകുമെന്നായിരുന്നു ചെന്നൈ കാലാവസ്ഥാ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചത്. ലുബാന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചുഴലി കൂടി രൂപപ്പെടുന്നത് തുലാമഴ വൈകാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. രണ്ടു ചുഴലിയും കൂടി ഈ മേഖലയിലെ നീരാവി വലിച്ചെടുക്കുന്നതിനാലാണ് ഇത്. ഈ സാഹചര്യത്തില്‍ ഒഡീഷ തീരത്തെ ചുഴലി കൂടി കെട്ടടങ്ങിയശേഷമേ കേരളത്തിലും തമിഴ്‌നാട്ടിലും തുലാമഴ ശക്തിപ്പെടുകയുള്ളൂ എന്ന് ഇന്നലെ വൈകിട്ടു പുറത്തിറക്കിയ മുന്നറിയിപ്പില്‍ ഐഎംഡി അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.