ലേഖനം:അമ്മച്ചി പറഞ്ഞ പഴഞ്ചൊല്ലുകൾ | ഡോ . ജോജി മാത്യു കാരാഴ്മ , (ടൾസ , ഒക്കലഹോമ)

അമ്മയുടെയും അപ്പന്റെയും മാതാപിതാക്കളുമായുള്ള അടുപ്പം കുഞ്ഞുങ്ങളെ ഒരുപാട് സ്വാധീനിക്കാറുണ്ട്. മുൻകാലങ്ങളിൽ എല്ലാവരും ഒരുമിച്ചു ഒരു വീട്ടിൽ താമസിക്കുന്ന പച്ഛാത്തലങ്ങളിൽ അത്തരം സ്വാധീനങ്ങൾ സാധ്യമായിരുന്നു. ഇന്ന് അണുകുടുംബങ്ങളിൽ അത് സാധിക്കുന്നില്ല എന്നതൊരു സത്യം.
എന്റെ അമ്മയുടെ അമ്മയെക്കുറിച്ചു് ഒരുപാട് നല്ല ഓര്മകളെനിക്കുണ്ട്. പിതാവിന്റെ അമ്മയെ ഞാൻ കണ്ടിട്ടില്ല. അമ്മയുടെ അമ്മയുടെ സ്നേഹവും വാത്സല്യവും ഇന്നും എന്റെ മനസിലുണ്ട്.
അമ്മച്ചി ഉപദേശരൂപേണ പറഞ്ഞ പലതും ഇന്നും മായാതെ മനസിലുണ്ട്. അമ്മച്ചി എനിക്ക് പതിനാറോ പതിനേഴോ വയസ്സുള്ളപ്പോൾ മരിച്ചുപോയി. എന്നാൽ ഇന്നും ആ സ്മരണകൾ ദീപ്തമായി എന്നിൽ നിലനിൽക്കുന്നു.
എന്റെ ബാല്യകാലത്തു് അമ്മച്ചി ഉപദേശരൂപത്തിൽ സന്ദർഭോചിതമായി പറഞ്ഞ പഴഞ്ചൊല്ലുകൾ ഇന്നും ഒളിമങ്ങാതെ നിൽക്കുന്നു.
മോനേ “താണ നിലത്തേ നീരോടൂ അവിടെ ദൈവം തുണചെയ്യൂ”, അമ്മച്ചി എപ്പോഴും പറയുന്നത് ഓർമയുണ്ട്. വിനയത്തോടെയും താഴ്മയോടെയും ജീവിക്കാൻ പറയുന്ന വാക്കുകൾ. ദൈവം നിഗളികളോട് എതിർത്തുനിൽക്കുന്നു, താഴ്മയുള്ളവർക്കോ അവൻ കൃപ നൽകുന്നുവെന്ന ബൈബിൾ വാക്യത്തോട് ചേർന്നുനിൽക്കുന്ന വാക്കുകൾ.
കുഞ്ഞേ “ക്ഷമ ബലം”. ക്ഷമിക്കുന്നവർ ദൈവത്തിന്റെ കുഞ്ഞുങ്ങളാണ്, അമ്മച്ചി പറഞ്ഞു. കുട്ടിക്കളികൾക്കിടയിലെ കൊച്ചു പിണക്കങ്ങളുടെമദ്ധ്യേയുള്ള അമ്മച്ചിയുടെ ഉപദേശം. ഇന്ന് ജീവിതമൊരുപാടുവളർന്ന് തിക്താനുഭവങ്ങളോ ദുരനുഭവങ്ങളോ ഏൽക്കേണ്ടിവന്നാൽ അമ്മച്ചിയുടെ വാക്കുകൾ ഉള്ളിലോടിയെത്തും കുഞ്ഞേ ക്ഷമ ബലം.
“പൊന്നിൻതൂമ്പയുള്ളവർക്കും ഇരുമ്പിൻതൂമ്പയുടെ ആവശ്യം വരും.” അമ്മച്ചി കൂടെക്കൂടെ പറയും. നമ്മളാരും സ്വയംപര്യാപ്തരല്ല എന്ന് പറയുന്ന മനോഹരവാക്കുകൾ. എനിക്ക് ആരെയും ആവശ്യമില്ലായെന്നു പറഞ്ഞു ജീവിക്കാനാർക്കുംകഴിയില്ല. എപ്പോഴെങ്കിലും മറ്റുള്ളവരുടെ ആവശ്യം വരും. മനുഷ്യർ പരസ്പരാശ്രയജീവികളാണ്.

അമ്മച്ചിപറഞ്ഞ പഴഞ്ചൊല്ലുകൾ ഒട്ടും പഴഞ്ചനാവാതെ ജീവിത യാഥാർഥ്യങ്ങളായി ഇന്നും നിലകൊള്ളുന്നു.
വല്യപ്പച്ചന്മാരുമായും വല്യമ്മച്ചിമാരുമായുമുള്ള സഹവാസം കുഞ്ഞുങ്ങളുടെ ജീവിതം എത്ര ധന്യമാക്കുന്നു. പഴമയുടെ സ്നേഹവും വാത്സല്യവും ഒരനുഗ്രഹം. എപ്പോഴും പ്രസക്തമായ പഴമയുടെ ആ വാക്കിൻപുതുക്കത്തിനൊരായിരം നന്ദി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.