ലേഖനം: കഷ്ടതയിൽ നിന്ന് പ്രത്യാശയിലേക്കുള്ള ദൂരം | ഡോ. അജു തോമസ്

ഈ ലോകത്തിൽ ജനിക്കുന്ന നിമിഷം മുതൽ മരണത്താൽ വിട പറഞ്ഞു പോകുന്ന നിമിഷം വരെയുള്ള കാലമാണ് ജീവിതം. ചിലർ ജനിച്ചു അധികം നാളുകൾ കഴിയുന്നതിനു മുൻപ് ഈ ലോകം വിട്ടുപോകുന്നുവെങ്കിൽ മറ്റു ചിലർ അനേകം വർഷങ്ങൾക്കു ശേഷം തങ്ങളിൽ നിക്ഷിപ്തമായ നിയോഗം പൂർത്തിയാക്കി പോകുന്നു. ഈ ജീവിതത്തിൽ ആയിരിക്കുമ്പോൾ ക്ലേശപൂർണമായ അനുഭവങ്ങളിൽ കൂടി മനുഷ്യന് കടന്നു പോകേണ്ടതായിട്ടുണ്ട്.എന്നാൽ അങ്ങനെയുള്ള അനുഭവങ്ങളിലൂടെ ഒരു വിശ്വാസി കടന്നു പോകുമ്പോൾ ആ വ്യക്തിയെ ശക്തീകരിക്കുന്നത് മറ്റൊന്നിനോടും തുലനം ചെയ്യാൻ കഴിയാത്ത ദൈവീകപ്രത്യാശയാണ്.അഴൽ ഏറുന്ന ജീവിത യാഥാർഥ്യങ്ങളിൽ പ്രാർത്ഥനയോടു കൂടി ദൈവസന്നിധിയിൽ ഇരിക്കുമ്പോൾ ഒരു നാൾ തന്റെ ദുഖത്തിനും കഷ്ടതയ്ക്കും നീക്കുപോക്ക് ഉണ്ടാക്കി വിടുതലിന്റെ കരം തന്റെ നേരെ ക്രിസ്തുനാഥൻ നീട്ടും എന്ന പ്രത്യാശയാണ് ഒരു വിശ്വാസിയെ എപ്പോഴും ഭരിച്ചുക്കൊണ്ടിരിക്കുന്നത്.

എന്നാൽ ആ ദൈവീക വിടുതൽ വെളിപ്പെട്ടു വരുന്നത് ദൈവത്തിന്റെ സമ്പൂർണതയുള്ള സമയത്താണ്. കഷ്ടതയുടെ കൈപ്പുനീരും ദുഖത്തിന്റെ പാനപാത്രവും കുടിക്കാനും വഹിക്കാനും തുടങ്ങി നാളേറെ കഴിഞ്ഞതിനു ശേഷമായിരിക്കാം നമുക്ക് വേണ്ടിയുള്ള ദൈവീക വിടുതൽ വെളിപ്പെട്ടു വരുന്നത്. ആ വിടുതൽ രുചിച്ചു അനുഭവിക്കുമ്പോൾ തന്നെ നാം അറിയാതെ നമ്മെ ദിവ്യ സ്വഭാവത്തിന്റെ കൂട്ടാളികൾ ആക്കുന്ന പ്രക്രിയ കൂടി നമ്മിൽ ദൈവം ചെയ്തിരിക്കും. കഷ്ടതയുടെ ആരംഭം മുതൽ വിടുതലിന്റെ നാൾ വരെയുള്ള കാലഘട്ടം ദൈവീക പണിയുടെ കാലഘട്ടമായിരുന്നു എന്ന് നാം ആ നാളുകളിൽ തിരിച്ചറിഞ്ഞെന്നു വരില്ല.അപ്പോസ്തോലനായ പൗലോസ് വളരെ ആഴത്തിൽ ഉള്ള ഒരു ആത്മിക മർമ്മം ഇതുമായി ബന്ധപ്പെട്ടു റോമാലേഖനത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.”അതു തന്നേ അല്ല, കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു”(Romans 5 :3-4 ). കഷ്ടതയിൽ നിന്ന് പ്രത്യാശയിലേക്കുള്ള ദൂരം വളരെ വ്യക്തമായി പൗലോസ് അപ്പോസ്തോലൻ രേഖപ്പെടുത്തിയിരിക്കുന്നത് നമ്മെ ഓരോരുത്തരെയും കൂടി ഉദ്ദേശിച്ചാണ് എന്നത് നാം തിരിച്ചറിയേണ്ടതാണ്.

ജീവിതത്തിൽ വരുന്ന കഷ്ടത സഹിഷ്ണതയെ ഉളവാക്കുകയും ആ സഹിഷ്ണത സിദ്ധതയിലേക്കു നമ്മെ നയിക്കുകയും ആ സിദ്ധത നമ്മെ പ്രത്യാശയിലേക്കു എത്തിക്കുകയും ചെയ്യുമെന്ന അതിവിശിഷ്ട ആത്മിക മർമ്മം ആണ് നമുക്ക് റോമാലേഖനം അഞ്ചാം അധ്യായത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.പടിപടിയായുള്ള ദൈവീകപണിയുടെ ഓരോ പ്രക്രിയയിലും നാം ഭാഗവാക്കാകുമ്പോൾ ക്രിസ്തുനാഥൻ എന്ന യഥാർഥ കുശവന്റെ പണിയായുധമായ ചക്രത്തിൽമേൽ വെച്ച് നമ്മെ താൻ ആഗ്രഹിക്കുന്ന വിധത്തിലുള്ള പാത്രമാക്കി മാറ്റിയെടുക്കുകയാണ് എന്ന് തിരിച്ചറിഞ്ഞാൽ കഷ്ടത്തിലും നമുക്ക് പ്രശംസിക്കാൻ വകയുണ്ട് എന്ന് പൗലോസ് അപ്പോസ്തോലനെ പോലെ പറയാൻ സാധിക്കും.

കഷ്ടതയിൽ കൂടി കടന്നു പോയെങ്കിൽ മാത്രമേ സഹിഷ്ണത നമുക്ക് ഉണ്ടാവുകയുള്ളു. ആ സഹിഷ്ണത സിദ്ധത എന്ന മഹത്അനുഭവത്തിലേക്ക് നമ്മെ നയിക്കും.” δοκιμήν “(dokimēn) എന്ന പദമാണ് സിദ്ധത എന്നതിന് മൂലഭാഷയായ ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്നത്. “Proven Character” എന്ന വാക്കാണ് തത്തുല്യമായി ഇംഗ്ലീഷിൽ കാണുവാൻ സാധിക്കുന്നത്. കഷ്ടത നമ്മിൽ ഉളവാക്കുന്ന സഹിഷ്ണത മുഖാന്തരം പൊന്നു ശുദ്ധീകരണ പ്രക്രിയയിൽ കൂടി കടന്നു പോയി ഏറ്റവും നല്ലതു എന്ന് മുദ്ര കുത്തപ്പെടുന്നത് പോലെ നാം അറിയാതെ തന്നെ “നല്ലതു ” അഥവാ “യഥാർത്ഥമായതു” എന്ന് തെളിയിക്കപ്പെടുകയാണ്. അങ്ങനെ തെളിയിക്കപ്പെട്ട ഒരു വിശ്വാസിയിൽ സ്വാഭാവികമായും ദൈവീക പ്രത്യാശ ഉണ്ടാവുക തന്നെ ചെയ്യും.പല പ്രക്രിയയിലൂടെ കടന്നു പോയി നല്ലതുപോലെ വില കൊടുത്തതായതുകൊണ്ട് ഈ പ്രത്യാശ നമ്മിൽ രൂഢമൂലമാകുന്ന പ്രത്യാശയാണ്.കഷ്ടതയുടെ നാളുകൾ ഏറും തോറും പ്രാർത്ഥനയോടു കൂടി മടുപ്പില്ലാതെ ഓരോ നിമിഷവും ദൈവസന്നിധിയിൽ ആയിരിക്കുവാൻ നാം ഒരുക്കമുള്ളവരായിരിക്കണം. അതിനു ദൈവകൃപ വളരെയേറെ ആവശ്യമാണ്.ആ കൃപയ്ക്കു വേണ്ടി നമുക്ക് ദൈവത്തോട് യാചിക്കാം.

പ്രിയ ദൈവമക്കളെ , ഇത് വായിക്കുന്ന ഈ സമയം ആരാലും പരിഹരിക്കാൻ കഴിയാത്ത പ്രതിസന്ധികളിലൂടെ നാം ആരെങ്കിലും കടന്നു പോകുകയാണെങ്കിൽ ആ പ്രതിസന്ധിയിൽ സന്തോഷിക്കാൻ വകയുണ്ട്. നാളുകൾ പ്രാർത്ഥിച്ചിട്ടും വിടുതൽ ലഭിക്കുന്നില്ലെല്ലോ എന്ന ഭാരം അലട്ടുന്നുവെങ്കിൽ ക്രിസ്തുനാഥന്റെ ചക്രത്തിന്മേൽ വെച്ച് നാം ആകുന്ന പാത്രത്തെ നാഥന്റെ സമ്പൂർണ ഇഷ്ടത്തിന് അനുസരിച്ചു രൂപകൽപ്പന ചെയ്തുകൊണ്ടിരിക്കുകയാണ്. ആ രൂപകൽപ്പനയിൽ നാഥന്റെ കരം നമ്മോടു കൂടെയുണ്ട്. ആ രൂപകൽപ്പനയുടെ കാലം കഴിഞ്ഞു നാം പ്രാർത്ഥിക്കുന്ന വിഷയങ്ങൾക്ക് മറുപടി നൽകുന്ന ദൈവത്തിന്റെ പൂർണതയുള്ള ഒരു സമയമുണ്ട്. അപ്പോൾ പ്രാർത്ഥനയ്ക്കുള്ള മറുപടിയോടൊപ്പം തന്നെ മനോഹരമായ ഒരു പാത്രമായി നാം മാറ്റപ്പെട്ടു കഴിഞ്ഞിരിക്കുകയും “യഥാർത്ഥമായതു” അഥവാ “ഏറ്റവും നല്ലതു” എന്ന മുദ്ര കൂടി നാം അറിയാതെ നമ്മിൽ കുത്തപ്പെടുകയും ചെയ്തിരിക്കും . എന്ന് മാത്രമല്ല നിത്യതയെ കുറിച്ചുള്ള പ്രത്യാശയും നമ്മിൽ രൂഢമൂലമാകാൻ ഇത് കാരണമായി തീരും. നാളുകളായി പ്രാർത്ഥിച്ചിട്ടും നീക്കി പോക്ക് ഇല്ല എന്ന് തോന്നുന്ന വിഷയങ്ങളിൽ കഷ്ടതയിൽ നിന്ന് പ്രത്യാശയിലേക്കുള്ള ദൂരം നാം താണ്ടിക്കൊണ്ടിരിക്കുകയാണ് എന്ന യാഥാർഥ്യം തിരിച്ചറിയാൻ സർവശക്തനായ ദൈവം നമ്മെ സഹായിക്കുമാറാകട്ടെ.

 – ഡോ. അജു തോമസ് ,സലാല

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.