ഭാവന : Sponsored by മത്തായിച്ചൻ ആൻഡ് സൺസ്

ജെസ് ഐസക്ക് കുളങ്ങര

മയം രാത്രി 8.30 കഴിഞ്ഞു, പതിവു പോലെ മത്തായിച്ചൻ അത്താഴം കഴിഞ്ഞു ഉമ്മറത്ത് തന്റെ ചാരുകസേരയിൽ ഇരുന്നു ഒന്നു മയങ്ങി. അന്നമ്മ ചേട്ടത്തി അകത്തു പാത്രം കഴുകി വെക്കുന്ന തിരക്കിലാണ്. നാട്ടിലെ പേരുകേട്ട കുടുംബം, അതിലുപരി ധനികൻ, 3 മക്കളെയും ദൈവം അവർക്കു കൊടുത്തു, മൂത്തവനും ഇളയവനും കുടുംബം ആയിട്ടു അമേരിക്കയിൽ നടുക്കത്തവൾ കുടുംബത്തോടെ ഇംഗ്ലണ്ടിൽ. ആ നാട്ടിൽ അത്രയും വലിയ വീട് വേറെ ആർക്കും തന്നെ ഇല്ല. എല്ലാം കൊണ്ടു ദൈവം അനുഗ്രഹിച്ച കുടുംബം…
നേരം നന്നായി ഇരുട്ടി, അകത്തു നിന്നും അന്നമ്മ ചേട്ടത്തി കുറെ നേരമായി വിളിക്കുന്നു പക്ഷെ മത്തായിച്ചൻ അതൊന്നും കൂസാതെ നല്ല മയക്കത്തിൽ ആണ്. ഒടുവിൽ സഹികെട്ട ചേട്ടത്തി തന്റെ തലമുടിയും പിടിച്ചു കെട്ടി ഉമ്മറത്തു പോയി അച്ചായനെ തട്ടി ഉണർത്താൻ ശ്രമിച്ചു. ചാരുകസേരയുടെ പടിയിൽ നിന്നും അച്ചായന്റെ തല  തോളിലേക്കു ചാഞ്ഞു വീണപ്പോൾ ചേട്ടത്തി ശെരിക്കും ഞെട്ടി, പിന്നെ ആഞ്ഞൊരു അലർച്ച ആയിരുന്നു. വളരെ ചെറിയ സമയം കൊണ്ട് മത്തായിച്ചന്റെ ഭവനം ആളുകളെ കൊണ്ടു നിറഞ്ഞു, വീട്ടിൽ ഇനി നടക്കാൻ പോകുന്ന കലാപരിപാടികൾ കാണാൻ നിൽക്കാതെ ദൂതൻ അച്ചായനെ കൊണ്ടു പറന്നു…
  പോകുന്ന വഴിയിൽ അച്ചായന്റെ അമേരിക്കൻ പൊങ്ങച്ചം കേട്ട് സഹികെട്ട ദൂതൻ
“ദേ മത്തായിച്ചാ…ഒന്നു നിർത്തിയെ….അല്ലെങ്കിൽ ഞാൻ തീരിച്ചു അന്നമ്മ ചേട്ടത്തിടെ അടുത്തു കൊണ്ടു വിടും പറഞ്ഞേക്കാം”…
“അയ്യോ എന്റെ പൊന്നു ദൂതനെ…ഞാൻ ഇനി ഒരു അക്ഷരം മിണ്ടില്ല പോരെ”….? മത്തായിച്ചൻ പറഞ്ഞു നിർത്തി.
അവരുടെ  യാത്ര അവസാനം ഒരു വലിയ വാതിലിന്റെ മുൻപിൽ വന്നു നിന്നു. ഒരുപാട് പേർ വരിവരി ആയും അല്ലാതെയും  ആ വാതിലിനു ചുറ്റും നിൽക്കുന്നത് മത്തായിച്ചൻ കണ്ടു, അച്ചായനെ അവിടെ ഇറക്കിയിട്ടു ദൂതൻ വാതില് തുറന്നു അകത്തേക്കു പോയി..
അച്ചായൻ  ആ ആളുകളുടെ ഇടയിൽ കൂടി ചുമ്മാ നടന്നു, പരിചയം ഉള്ളതും ഇല്ലാത്തതും ആയ പല മുഖങ്ങളും കണ്ടു. പെട്ടന്നു അച്ചായന്റെ തോളിൽ ആരോ പിടിച്ചു, ഞെട്ടി തീരിഞ്ഞു, കണ്മുന്പിൽ ഇതാ നിൽക്കുന്നു  കഴിഞ്ഞ മാസം മരിച്ച സഭ പ്രസ്ഥാനത്തിന്റെ  മുഖ്യൻ  സാക്ഷാൽ ‘ റവ. Dr. തോമാച്ചൻ’..
“അച്ചായോ…എപ്പോഴാ വന്നേ… കുറേ നാളായല്ലോ കണ്ടിട്ടു… വീട്ടിൽ എന്തെങ്കിലും വിശേഷം ഉള്ളപ്പോൾ വല്ലപ്പോഴും വിളിച്ചുടെ”..?
ചോദ്യം കേട്ട് അച്ചായൻ ഒന്നു ഞെട്ടി…!
“2 മാസം മുൻപ് അല്ലിയോ ഞാൻ കൺവൻഷൻ നടത്താൻ 20 ലക്ഷം രൂപ തന്നത്… ഇത്ര വേഗം മറന്നു പോയോ… മരിച്ചാലും മുഖ്യന് മാറ്റം ഒന്നുമില്ലല്ലോ”… അച്ചായൻ തീരിച്ചടിച്ചു… രണ്ടുപേരും മാറി മാറി ചിരിച്ചു…പെട്ടന്ന് ആ വാതിൽ തുറന്നു മറ്റൊരു ദൂതൻ കയ്യിൽ വലിയൊരു പുസ്തകം പിടിച്ചു വന്നു എന്നിട്ടു ഓരോരോ പേരുകൾ വിളിക്കാൻ തുടങ്ങി,  പേര് വിളിച്ചവരെയും കൊണ്ട്  ദൂതൻ അകത്തേക്കു പോയി , വാതിൽ പിന്നെയും അടഞ്ഞു…
സംഭവം എന്താണെന്ന് മനസ്സിലാവാതെ അച്ചായൻ കാര്യം തിരക്കി.
“ഹോ, ഇവിടെ ഇങ്ങനെ ഒക്കെ ആണ് അച്ചായാ, നമ്മുടെ പേര് വിളിക്കുമ്പോൾ മാത്രേ അകത്തേക്കു കയറ്റുള്ളൂ. മുൻപേ വന്നാലും പിന്പിലെ നിൽക്കാൻ പറ്റുള്ളൂ”… മുഖ്യൻ മറുപടി പറഞ്ഞു..
ഇപ്പോൾ അച്ചായന് കാര്യം ഏതാണ്ട് മനസിലായി, രണ്ടു പേരും തങ്ങളുടെ പേര് വിളിക്കുന്നതും കാത്ത് തമ്മിൽ തമ്മിൽ പൊങ്ങച്ചം പറഞ്ഞു അങ്ങനെ നിന്നു…
വാതിൽ വീണ്ടും തുറന്നു, ദൂതൻ പുറത്തേക്ക് ഇറങ്ങി അടുത്ത ലിസ്റ്റ് വായിച്ചു. പേര് വിളിച്ചവർ അകത്തേക്കു കേറി, “എന്നെ വിളിക്കു…എന്നെ വിളിക്കു” എന്നു ആളുകൾ ഉച്ചത്തിൽ പറഞ്ഞു കൊണ്ടിരുന്നു, ഈ സമയം തോമാച്ചൻ മെല്ലെ ദൂതന്റെ അരികിലേക്ക് ചെന്നു..
“ഹേ ദൂതൻ…ഞാൻ വന്നിട്ടു മാസം ഒന്നായി, നീ ഞാൻ വന്ന കാര്യം ദൈവത്തോട് പറഞ്ഞില്ലേ? എന്റെ പേര് എന്തേ വിളിക്കാത്തത്..?  അകത്തു പോയി പറയു “റവ. Dr. തോമാച്ചൻ വന്നിട്ടുണ്ടെന്ന്…”
ഇതു കേട്ട ദൂതൻ പുസ്തകത്തിൽ ഒന്നു നോക്കി തീരിഞ്ഞു മുഖ്യനോട്:
“നീ ഏതാ…? നിന്റെ പേര് ഒന്നും ഇതിൽ ഇല്ലല്ലോ…നിന്റെ പ്രസംഗം ഒന്നും ഇവിടെ ആർക്കും കേൾക്കണ്ട…. മാറി നിൽക്കടാ അങ്ങോട്ടു….”
ദൂതന്റെ അലർച്ച കേട്ട എല്ലാരും ഒന്നു ഞെട്ടി, ആളുകൾ നിശബ്ദരായി. പെട്ടന്നു ആളുകളുടെ ഇടയിൽ നിന്നും ഒരു കൈ മുകളിലേക്കു മടക്കി പിടിച്ചുകൊണ്ടു ഒരാൾ ഉച്ചത്തിൽ….”മീഖയേൽ ദൂതാ……….നിന്നെ പിന്നെ കണ്ടോളാം… അടിച്ചമർത്താൻ നോക്കണ്ട…സമരം ചെയ്യും…സമരം ചെയ്യും…അകത്തു കയറാൻ സമരം ചെയ്യും.”
കുറച്ച് ആളുകൾ മുദ്രാവാക്യമുയർത്തി ഏറ്റു വിളിച്ചു തുടങ്ങി. നാട്ടിലെ ഏതോ കുട്ടി നേതാവ് ആയിരിക്കാം ഇതിന്റെ പിന്നിൽ എന്നു മത്തായിച്ചന് ഊഹിച്ചു.
ഇതു കേട്ട് അതു വഴി പോയ പിശാച് ഒന്നു നിന്നു. “പണ്ട് തന്നെ ഒന്നു പുറത്താക്കിയതല്ലേ,അകത്തു കയറാൻ ഇത് ഒരു അവസരം ആണെങ്കിലോ?” പിശാചും നീട്ടി വിളിച്ചു…
അപ്പോൾ വാതിൽ തുറന്നു സൂര്യതേജസ്സോടെ ദൈവം ഇറങ്ങി വന്നു. ആളുകൾ ശാന്തരായി, ഓരോരുത്തരും കൈകൂപ്പി ദൈവം തങ്ങളെ നോക്കുവാൻ പല കോപ്രായങ്ങളും കാട്ടി. എല്ലാവരേയും ഒന്നു ശ്രദ്ധിച്ചിട്ടു ദൈവം ഒന്നു ചിരിച്ചു :
” …….ആഹാ എല്ലാരും ഉണ്ടല്ലോ…15 വർഷം പ്രസ്ഥാനം നയിച്ച മുഖ്യൻ, സ്വയം പ്രവാചകൻ ആണെന് പറഞ്ഞു പ്രമുഖ ദാസൻ, ഈ നൂറ്റാണ്ടിലെ അപ്പോസ്തലൻ, സഭയും, ആത്മാവിനെയും കുറ്റം പറഞ്ഞ സ്വയം പ്രഖ്യാപിത വിശുദ്ധൻ, വചനം അനുസരിക്കാത്ത വിശ്വാസികൾ… നിങ്ങളെ ആരേയും ഞാൻ അറിയുന്നില്ല… എല്ലാവരും കൂടെ എന്തിനാണാവോ ഇവിടെ ഇരുന്നു സമരം ചെയ്യാൻ… ഇതു ലോകം അല്ല… ഇവിടെ എന്റെ കല്പന അനുസരിച്ചു എന്റെ ഇഷ്ടം ചെയ്യാത്ത ഒറ്റയൊരു കുഞ്ഞിനെ പോലും അകത്തേക്കു കയറ്റി വിടില്ല…”
ദൈവം പിശാചിനെ നോക്കിക്കൊണ്ടു തുടർന്നു :
“എടോ ലൂസിഫെറെ താനും സഭ ഉണ്ടാക്കാൻ നടക്കുവല്ലേ?  ഇവരെ എല്ലാം നീ എടുത്തോ …നിന്റെ  സഭ തുടങ്ങാനുള്ള എല്ലാത്തരം ആളുകളും ഇതിൽ ഉണ്ട്… എടുത്ത് വല്ല തീയിലും ഇട്ടക്ക്…” ഇതു കേട്ടപ്പോഴേ മത്തായിച്ചന് കാര്യം മനസിലായി…ദൈവത്തിന്റെ കാലിൽ വീണു.
“പിതാവേ ഞാൻ നീതിമാൻ ആണെന് നീ അറിയുന്നില്ലയോ എന്നേയും നിന്റെ രാജ്യത്തിൽ ചേർക്കാതിരിക്കാൻ ഞാൻ എന്ത് കുറ്റം ആണ് ചെയതത്?” മത്തായിച്ചൻ ദൈവത്തിന്റെ കാലിൽ പിടിച്ചു നിലവിളിച്ചു…
“മത്തായിച്ചാ….കഴിഞ്ഞ ഞായറാഴ്ചയിലെ സംഭവം നീ ഓർക്കുന്നില്ലേ…? ജനറൽ കൺവൻഷൻ നടത്താനും പള്ളി പുതുക്കി പണിയാനും നീ സംഭാവന ആയിട്ടു കൊടുത്തത് 50 ലക്ഷം ആണ്. പക്ഷെ നിന്റെ സഭയിൽ തന്നെ ചെറുപ്പത്തിലേ പിതാവ് നഷ്ടപെട്ട നിർധനരായ ഒരു പെൺകുഞ്ഞിന്റെ വിവാഹ ആവശ്യത്തിനു സംഭാവന ചോദിച്ചപ്പോൾ നീ കൊടുത്തത് 500 രൂപയും. നിനക്കു ഞാൻ ധാരാളം സമ്പത്തു തന്നപ്പോൾ ആ പെങ്കൊച്ചിനു വേണ്ടി നീ നല്ലതു എന്തെങ്കിലും ചെയ്തിരുനെങ്കിൽ നിന്നോട് എനിക്കു പ്രസാദം തോന്നുമായിരുന്നു. എന്നാൽ ഇപ്പോൾ എന്റെ രാജ്യത്തു കടക്കാൻ നീ യോഗ്യനല്ല”…
ദൈവം അകത്തേക്കു പോയി… വാതിൽ അടഞ്ഞു, അധമ പാതാളത്തിലെ തീയിലേക്കു ദൂതൻ ഓരോരുത്തരെ വലിച്ചിട്ടോണ്ടിരുന്നു. അതാ ഒരു ദൂതൻ തന്റെ നേരെയും വരുന്നതു മത്തായിച്ചൻ കണ്ടു. അച്ചായന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു…
    അച്ചായാ…അച്ചായാ…നീട്ടി ഉള്ള അന്നമ്മ ചേട്ടത്തിയുടെ വിളികേട്ട് മത്തായിച്ചൻ ചാരുകസേരയിൽ നിന്നു ഞെട്ടി ഉണർന്നു… ശരീരം ആകെ വിയർത്തു ഇരിക്കുന്നു… കണ്ടത് സ്വപ്നമോ അതോ ദർശനമോ… അച്ചായൻ അകത്തേക്കു പോയി ജാറിൽ ഇരുന്ന വെള്ളം മുഴവൻ കുടിച്ചു, റൂമിലേക്ക് പോയി തന്റെ അലമാര തുറന്നു ചെക്ക് ബുക് എടുത്തു അതിൽ വലിയൊരു തുക നീട്ടി എഴുതി മടക്കി ഒരു കവറിൽ ഇട്ടു, കട്ടിലിൽ വന്നു കിടന്നു.
” ഡീ…നീ എന്നെ രാവിലെ വിളിച്ചു ഉണർത്തണം, ഒരു കാര്യം ഞാൻ മുന്നിൽ നിന്നു ചെയേണ്ടതുണ്ട്.”
ചേട്ടത്തി സമ്മതം മൂളി…മത്തായിച്ചൻ ഉറക്കത്തിലേക്കു വീണു… മറ്റൊരു വീട്ടിൽ പ്രാർത്ഥനയ്ക്കുള്ള മറുപടി ആയി ഒരു കല്യാണപന്തൽ ഒരുങ്ങുന്നുണ്ട്…
തിരിച്ചറിവിന്റെ ആ രാത്രി നമ്മിലും ഉണ്ടാവട്ടെ എന്നു ആശംസിക്കുന്നു…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.