ലേഖനം: വേഗം ഷെയർ ചെയ്യുക! എല്ലാവരിലും എത്തിക്കുക! | ജസ്റ്റിൻ ജോർജ്

വിവാദം എന്ന പദം ഏവർക്കും സുപരിചിതമായിരിക്കുന്നു.. വിവാദം ഉണ്ടാക്കുവാനും വിവാദത്തിൽ നിന്നു രക്ഷപ്പെടുവാനുമൊക്കെ സമൂഹം മുൻപന്തിയിൽ ആണ്. വിവാദങ്ങൾ ഷെയർ ചെയ്തു ഫേസ്ബുക്കിൽ താരമാകാൻ മത്സരിക്കുകയാണ് പകവാതയില്ലായ്മ പ്രകടവുമാകുന്നു… രാഷ്ട്രീയ-മത-സാമൂഹിക -സാംസ്‌കാരിക മേഖലകളിലെല്ലാം തന്നെ വിവാദങ്ങൾക്കൊട്ടും കുറവില്ല.. ആധുനികത മനുഷ്യന് സൗകര്യങ്ങൾ വർദ്ധിപ്പിച്ചപ്പോൾ എല്ലാം സുതാര്യമായിരിക്കുന്നു… തത്സമയ സംപ്രേഷണങ്ങൾ ഉള്ളത് കൊണ്ട് വിവാദങ്ങൾ ഉണ്ടാക്കാൻ വളരെ എളുപ്പമായി.. വാവിട്ട വാക്കും കൈവിട്ട കല്ലും തിരിച്ചു പിടിക്കാൻ പറ്റില്ല എന്നത് പോലെ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്ന വിവാദങ്ങൾ… ശരിയോ തെറ്റോ എന്നു ചിന്തിക്കുന്നതിനു മുൻപ് തന്നെ എല്ലാം വൈറൽ ആയിരിക്കും.. പലപ്പോളും വ്യക്തിഹത്യകൾ കൃത്യമായ ആസൂത്രണത്തോടെ തന്നെ പ്രാവർത്തികമാക്കുമ്പോൾ ആരും ചിന്തിക്കയുമില്ല…. ഷെയർ ചെയുക എന്നു കാണുന്ന എല്ലാം തന്നെ രണ്ടാമതൊന്നു ചിന്തിക്കാതെ പ്രചരിപ്പിക്കും…

ഈ അടുത്ത കാലത്തു ഒരു സംഭവം ശ്രദ്ധയിൽപ്പെട്ടു.. ‘
ഒരു കള്ളൻ ബസിൽ നിന്നിറങ്ങുന്ന വീട്ടമ്മയുടെ മാല പറിച്ചു കൊണ്ട് ഓടുന്നു…. അതിന്റെ തലക്കെട്ടു ഇപ്രകാരമാണ് ‘വേഗം ഷെയർ ചെയ്യുക കള്ളനെ പിടിക്കണം’…. വ്യാപകമായി ആ വീഡിയോ പ്രചരിച്ചു, ലക്ഷക്കണക്കിന് ആളുകൾ കാണുകയുമുണ്ടായി… എന്നാൽ ചില മണിക്കൂറുകൾക്കു ശേഷമാണു മനസ്സിലായത് അതൊരു ടെലിഫിലിം ഷൂട്ടിങ് ആയിരുന്നുവെന്നു..

“ബഹുജനം പലവിധം”, എല്ലാവർക്കും പ്രതികരണ ശേഷി വർധിച്ചിരിക്കുന്നു, രക്ത ദാനം, ആംബുലൻസിനു വഴിയൊരുക്കാൻ, കള്ളനെ പിടിക്കാൻ, അശയഖണ്ഡനം, പ്രത്യയശാസ്ത്രങ്ങൾ പ്രചരിപ്പിക്കാൻ, മത വിദ്വേഷം ആളിക്കത്തിക്കാൻ, എന്നു വേണ്ട എല്ലാറ്റിനും പ്രതികരണം….. പക്ഷെ യാഥാർഥ്യത്തിലേക്ക്, പ്രവർത്തികപദത്തിൽ ഇതൊന്നും വരുന്നില്ല!… അപകടം പറ്റി ചോര വാർന്നൊഴുകുന്നവനെ ആശുപത്രിയിൽ വേഗം എത്തിക്കാൻ മടിക്കുന്നവർ ലൈവ് ചെയ്തു ലൈക്‌ വാങ്ങുന്നു….കേരളത്തിന്റെ മുഖ്യമന്ത്രി തന്റെ കൂടെ നിന്നു സെൽഫി എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിയുടെ കൈ അദ്ദേഹം തട്ടിമാറ്റിയത് വിവാദമായിരുന്നു… രാഷ്ട്രീയ ചുവയില്ലാതെ ഞാൻ ആ വീഡിയോ കണ്ടപ്പോൾ മനസ്സിലായത് ആ കുട്ടിയുടെ പക്കലാണ് തെറ്റ്… മറ്റൊരു ഫോട്ടോയ്ക്ക് നിന്ന അദ്ദേഹത്തിന്റെ അനുവാദം കൂടാതെയാണ് പെട്ടെന്ന് അവൻ കയ്യിൽ പിടിച്ചു ഫോട്ടോ എടുക്കാൻ ശ്രമിച്ചത്…സ്വാഭാവിക പ്രതികരണം മാത്രമാണ് അവിടെ സംഭവിച്ചത്.. പക്ഷെ രാഷ്ട്രീയത്തിൽ അവയൊക്കെ നിർബാധം ഉപയോഗിക്കപ്പെട്ടു…. വ്യാപകമായി ഷെയർ ചെയ്യപ്പെടുകയുമുണ്ടായി..ശരികളെ കാർന്നു തിന്നുന്ന തെറ്റുകളുടെ സമൂഹവം ഒഴുക്കിനൊപ്പം നീന്തുന്ന മാധ്യമങ്ങളും…

post watermark60x60

പെന്തക്കോസ്തിലും സ്ഥിതി വിഭിന്നമല്ല, പ്രഭാഷകരുടെ ഒരു മണിക്കൂർ പ്രസംഗം യൂട്യൂബിൽ നിന്നു കഷ്ട്ടപ്പെട്ടു ഡൌൺലോഡ് ചെയ്തു ക്ലിപ്പുകൾ മാത്രം തപ്പിയെടുത്തു പ്രചരിപ്പിക്കാൻ ഉത്സാഹമാണ്.. അടച്ചിട്ട മുറികളിൽ യുവജനങ്ങൾക്ക് വേണ്ടിയോ, കുഞ്ഞുങ്ങൾക്ക് വേണ്ടിയോ പാടുന്ന പാട്ടുകൾ, നൃത്തങ്ങൾ ഒക്കെ തപ്പിയെടുത്തു പോസ്റ്റ്‌ ചെയ്തു ആത്മീയത പറഞ്ഞ്, ഓരോരുത്തരുടേയും വ്യക്തിത്വങ്ങൾക്കു യാതൊരു വിലയും കൽപ്പിക്കാതെ വിശുദ്ധി പുലമ്പുന്നവർ വർധിക്കുന്നു…. പ്രസ്തുത ആളുകളുടെ സമൂഹമാധ്യമ അകൗണ്ടുകൾ പരിശോധിച്ചാൽ മനസ്സിലാകും ആത്മീകതയും, അഭിഷേകവുമൊക്കെ… വിവാദങ്ങൾ ഉണ്ടാക്കുന്നത് ഒരു ഹരമായിക്കൊണ്ടിരിക്കുന്നു… ഒരിക്കലും അവസാനിക്കാത്ത ചർച്ചകളിൽ വിജയിക്കാൻ വ്യക്തിഹത്യ അവസാന വഴിയാകുന്നു…. എന്തിനു വേണ്ടി ? ദൈവനാമ മഹത്വത്തിനോ ?അതോ ആത്മീക ഉദ്ധാരണത്തിനോ ? അതോ വചന ഉപദേശങ്ങൾ ആളുകൾ അംഗീകരിക്കാനോ ? ഇതിൽ എന്തെങ്കിലും മാറ്റം വരുത്താൻ ഒരു വിവാദത്തിനും സാധിച്ചില്ല എന്നതാണ് വാസ്തവം..

ഷെയർ ചെയ്യുന്നത് ഒരു ജീവിതചര്യ ആയിത്തീർന്നിരിക്കുമ്പോൾ പ്രസക്തമായ ഒരു നിയോഗത്തിന്റെ വാക്കുകൾ കർണപുടത്തിൽ അലയടിക്കുന്നു.. “പോകുക, എന്റെ സുവിശേഷം പങ്കു വെയ്ക്കുക” നമുക്ക് യേശുവിന്റെ വാക്കുകൾ അനുസരിക്കാം, ലോകം ഇരുട്ടിലേക്ക് കൂപ്പു കുത്തുമ്പോൾ ലഭ്യമായ അവസരങ്ങൾ മുഴുവൻ സുവിശേഷം ഷെയർ ചെയ്യാൻ ശ്രമിക്കാം…അനേകർ പാപത്തിന്റെ പടുകുഴിയിൽ കിടക്കുന്നത് നമുക്ക് കാണുവാൻ സാധ്യമല്ലേ ? അവർക്കു വേണ്ടി ആർ ശബ്‌ദിക്കും ? പ്രസ്ഥാനങ്ങളെയും നേതൃത്വത്തെയും നല്ല ഇടയൻ നോക്കിക്കൊള്ളും, ആവശ്യമെങ്കിൽ നാഥൻ ചമ്മട്ടി എടുത്തു കൊള്ളും, വീശുമുറം അവന്റെ പക്കൽ ഉണ്ട്, അവൻ കതിരും പതിരും വേർപെടുത്തും…. നമുക്ക് അതിനല്ല നിയോഗം തന്നിരിക്കുന്നത്, സുവിശേഷം പങ്കു വെയ്ക്കുവാനാണ്…. സത്യത്തിന്റെ തൂണും അടിസ്ഥാനവുമായ ക്രിസ്തു വ്യാപകമായി ലോകമെങ്ങും മുൻപും പിൻപും നോക്കാതെ രണ്ടാമതൊന്നു ചിന്തിക്കാതെ ഷെയർ ചെയ്യപ്പെടട്ടെ…. അങ്ങനെ ഒരു സുവിശേഷ വിപ്ലവം ഉണ്ടാകട്ടെ, ലോകം നമ്മെ ശ്രദ്ധിക്കും, വാക്കുകൾ കേൾക്കും, ചർച്ചകൾ നടക്കും, സത്യം മനസ്സിലാക്കുന്നവർ സ്വാതന്ത്രരാക്കപ്പെടും… അതാകട്ടെ ഇനിയുള്ള ദിവസങ്ങൾ….

-ADVERTISEMENT-

-ADVERTISEMENT-

You might also like