ലേഖനം: യോസേഫിന്റെ പാണ്ടികശാലകൾ രണ്ടാം ഭാഗം | ജിജോ തോമസ്

യോസേഫ് പാണ്ടികശാലകൾ ഒക്കെയും തുറന്നു…

2. നിന്റെ സ്വപ്നം നിവർത്തിക്കപ്പെടുന്നതിന് മുൻപ്…

ഭൂലോകത്തിലെ സകല വിശുദ്ധന്മാർക്കും കർത്താവിന്റെ നാമത്തിൽ വന്ദനം.

ജീവിതം അർത്ഥസമ്പുഷ്ടമായ അനുഭവങ്ങളാൽ നിറഞ്ഞതാണ്. അനുഭവങ്ങൾ അർത്ഥസമ്പുഷ്ടം ആകുന്നതു സന്തോഷവും സന്താപവും ചേരുന്നത്കൊണ്ടാണ്. സന്തോഷവും സന്താപവും നമ്മൾ നിശ്ചയിക്കുന്നത് നമ്മുടെ പ്രതീക്ഷകളുടെ ഫലത്തിന്റെ അടിസ്ഥാനത്തിൽ ആണ്.

മിസ്രയീം ദേശം, യാതൊരുവിധ പ്രശ്നങ്ങളും പ്രയാസങ്ങളും നേരിടാതെ സമാധാനത്തോടെയും സന്തോഷത്തോടെയും പൊയ്ക്കൊണ്ടിരുന്ന ആ കാലഘട്ടത്തിൽ, ഒരു ദിവസം ഫറവോൻ തന്റെ ഉറക്കം കളഞ്ഞ ഒരു സ്വപ്നം കാണാൻ ഇടയായി. ആകുലചിത്തതയോടുകൂടി ഫറവോൻ പ്രഭാതകാലത്തിൽ എഴുന്നേറ്റു, മിസ്രയീമിലെ സകല മന്ത്രവാദികൾ, ജ്ഞാനികൾ എന്നിവരെ എല്ലാം വിളിച്ചു വരുത്തി താൻ കണ്ട സ്വപ്നം വ്യാഖ്യാനിക്കാൻ അവരോടു ആവശ്യപ്പെട്ടു. എന്നാൽ അവർക്കാർക്കും തൃപ്തികരമായ ഒരു വ്യാഖ്യാനം നൽകാൻ കഴിയാതിരുന്ന സാഹചര്യത്തിൽ, യോസേഫിന്റെ ജീവിതത്തിൽ കാരാഗൃഹത്തിൽ നിന്നുള്ള ഉദ്ധാരണം പാനപാത്രവാഹകരുടെ പ്രമാണി മുഖാന്തരം ദൈവം സാധ്യമാക്കി.

പാനപാത്രവാഹകന്മാരുടെ പ്രമാണി മോചിതനായ ദിവസം മുതൽ തന്റെ ജീവിതത്തിൽ തനിക്കും മോചനം ലഭിക്കും എന്നു യോസേഫ് ആശിച്ചിരുന്നു. 2 വർഷം ആശിച്ചതിന്റെ ഫലം നിരാശയായി മാറിയിരിക്കും.

തടവറയിലെ വാസത്തിനിടയിൽ സ്വപ്നം കണ്ട പാനപാത്രവാഹകന്റെയും അപ്പകാരന്റെയും സ്വപ്നം മൂന്നു ദിവസത്തിനുള്ളിൽ നിറവേറയപ്പോൾ, യോസേഫിന്റെ സ്വപ്നം നിറവേറാൻ 20-ൽ പരം വർഷം നീണ്ട കാത്തിരിപ്പ് വേണ്ടിവന്നു. പ്രിയ ദൈവജനമേ ഇതുപോലെ ഒരു കാത്തിരിപ്പ് നമ്മുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടോ?? “ഇനി എന്ന്” “എപ്പോൾ” എന്ന ചോദ്യങ്ങൾ നമ്മുടെ ഉള്ളിലും പലപ്പോഴും കടന്നുവരാറില്ലേ? പ്രിയ സ്നേഹിതാ നിങ്ങൾക്ക് ദൈവം നൽകിയ വാഗ്ദത്തങ്ങൾ താമസിക്കുംതോറും അതു തിരസ്കരണം അല്ല. മറിച്ചു എബ്രായർ 6:12- നിങ്ങൾ……… വിശ്വാസത്താലും ദീർഘഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ ആനുകാരികളായിത്തീരും എന്ന ദൈവിക വാഗ്‌ദത്തിന്റെ പൂർത്തീകരണനത്തിനത്രെ. ദൈവത്തിനു നമ്മോടു ഇഷ്ടമുള്ളത് കൊണ്ടത്രേ അവിടുന്ന് വാഗ്ദത്തം തന്നിരിക്കുന്നത്. ആ ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണുത നിങ്ങൾക്കാവശ്യം (എബ്രായർ 10:36)

പ്രതീക്ഷ കൊണ്ടു മാത്രം ഒരു ദൈവപൈതലിനു സഹിഷ്ണുത നേടാൻ സാധ്യമല്ല. Delays are not denials !.

പാനപാത്രവാഹകൻ മോചിതനായ സമയത്തു യോസേഫും തന്റെ മോചനവും പ്രതീക്ഷിച്ചിരുന്നു. പാനപാത്രവാഹകൻ താൻ മോചിതനായ സമയത്തു യോസേഫിനെ ഓർത്തിരുന്നെങ്കിൽ ഒരുപക്ഷെ താൻ മോചിക്കപ്പെട്ടശേഷം ഉപജീവനമാർഗം അന്വേഷിച്ചു പോവുകയോ, കാനാൻ ദേശത്തേക്കു മടങ്ങിപ്പോയി പിതാവിനോടു കൂടെ ശിഷ്ടകാലം കഴിക്കുകയോ ചെയ്യുമായിരുന്നു.. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ തന്റെ സഹോദരന്മാരുടെ സ്വഭാവം മാറുകയോ, ദൈവം കണ്ട ഉദ്ദേശം നിറവേറുകയോ ഇല്ലായിരുന്നു. ഫലത്തിൽ ആ ക്ഷാമകാലത്തിൽ നിന്നു പരിഹാരം സാധ്യമാവുകയോ സാധ്യമല്ലായിരുന്നു.

പ്രിയരേ ദൈവത്തിനു ഒരു സമയം ഉണ്ട്. ദൈവത്തിന്റെ ഉദ്ദേശം നമ്മിൽ നടപ്പിലാക്കാൻ ഏതു വഴി അടയ്ക്കണം ഏതു തുറക്കണം എന്നു ദൈവത്തിനു നന്നായി അറിയാം. നമ്മെ സഹായിക്കേണ്ട പ്രിയപ്പെട്ടവർ നമ്മെ മറക്കുന്നുവെങ്കിൽ ദൈവത്തിനു നന്ദി പറയാൻ മറക്കരുത്. പ്രതീക്ഷയുടെ വാതിൽ അടഞ്ഞതായി തോന്നുമ്പോൾ നമ്മുടെ ദൈവം ശ്രേഷ്ഠമായതു ചെയ്യാൻ പോകുന്നു എന്നു മനസിലാക്കണം. പ്രിയരേ ദൈവം നമ്മെ അനുഗ്രഹിക്കുന്നുവെങ്കിൽ അതു മനുഷ്യന്റെ മുൻപാകെ ബാധ്യത വരുത്തുകയല്ല ചെയ്യുന്നത്. തുറക്കേണ്ട ഉറവിടം തക്ക സമയത്തു തന്നെ ദൈവം തുറക്കും. ഇസ്മായിലിനു മരുഭൂമിയിൽ തുറന്നതുപോലെ…

41 അദ്ധ്യായം 38ആം വാക്യത്തിൽ ഫറവോൻ പറയുന്ന വാക്കുകൾ -ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ ??

സ്വപ്നം കണ്ടിട്ട് മനസിന്റെ വ്യാകുലതയിൽ ഇരുന്ന ഫറവോൻ, പാനപാത്രവാഹകന്റെ സാക്ഷ്യം കേട്ടപ്പോൾ, യോസേഫിനെ കൊണ്ടുവരുവാൻ താൻ സ്വയമനസാലെ നിർബന്ധിതനായി. ഫറവോൻ തന്റെ സ്വപ്നം യോസേഫിനോട് അറിയിക്കുമ്പോൾ തന്റെ ഉള്ളിൽ ഒരു വിശ്വാസം രൂപപ്പെട്ടിരുന്നു പാനപാത്രപ്രമാണി പറഞ്ഞ അനുഭവം കേട്ടപ്പോൾ ഉണ്ടായ വിശ്വാസം.

ഒരുവനെ തൂക്കിക്കൊല്ലണം എന്നു ചിന്തിച്ചപ്പോൾ ഉടനെ നടപ്പിലാക്കി, അതുപോലെ ഒരുവനെ തൽസ്ഥാനത്തു ആക്കണം എന്നു നിനച്ചപ്പോൾ ഉടനടി അതും ചെയ്തു ദുശാട്യക്കാരനും നിഗളിയും ആയ, സ്വന്ത ഇഷ്ട്ടം നടത്തുന്ന സ്വഭാവമുള്ള ആ മനുഷ്യൻ ഇപ്പോൾ ഒരു സ്വപ്നം മുഖാന്തരം കലക്കത്തിൽ ആയിരിക്കുന്നു.

യോസേഫ് കാരാഗൃഹം വിട്ടു മുഖം കാണിപ്പാൻ ഫറവോന്റെ മുൻപിൽ എത്തുംവരെ അദേഹത്തിന്റെ ഹൃദയം കലക്കത്തിൽ ആയിരുന്നു. ആ ദേശത്തുള്ള ജ്ഞാനികൾക്കോ അറിവുള്ളവർക്കോ ആർക്കും കഴിയാതിരുന്ന ആ സമയത്തു ദൈവം യോസേഫിനെ ഉപയോഗിച്ചു. സ്വപ്നം 2 തവണ ഉണ്ടായ സാഹചര്യത്തിൽ, അടുത്ത നിമിഷത്തെ പറ്റിയുള്ള ആവലാതി, ഫറവോൻ ഉൾപ്പെടെ കൊട്ടാരത്തിൽ ഉള്ള പ്രമുഖർ ഉൾപ്പെടെ ഉള്ള സകലരും ഭയന്നു. ഭയത്തിന്റെ ആത്മാവ് അവരെ പീഡിപ്പിച്ചു.

ഫറവോൻ മേല്പറഞ്ഞ വാക്കുകൾ ഉദ്ധരിക്കുമ്പോൾ ആ സമയത്തു നടന്ന ഒരു കാര്യം വളരെ വിസ്മയം തന്നെയാണ്.

സംഘർഷാത്മകമായ സന്ദർഭത്തിൽ യോസേഫ് ദൈവത്തെ ഫറവോന് പരിചയപ്പെടുത്തുന്നു. (ദൈവം തന്നെ ഫറവോന് ശുഭമായ (സമാധാനപരമായ ) ഉത്തരം നൽകും
“ദൈവാത്മാവുള്ള ഒരു മനുഷ്യന്റെ ലക്ഷണം അവൻ എല്ലായ്പ്പോഴും മറ്റുള്ളവർക്കു സമാധാനത്തിന്റെ ശുശ്രൂഷ ചെയ്യുന്നവനായിരിക്കും.”

ഈ നാളുകളിൽ നമ്മുടെ സമൂഹത്തിന് ധാരാളം “യോസേഫുമാരെ” ആവശ്യമുണ്ട്. ഇന്ന് ലോകം കലക്കത്തിൽ അത്രേ. ജീവനുള്ള ദൈവത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലാത്ത ജാതീയ രാജാവ് തനിക്കു ആവശ്യമായത് ലഭിക്കുവാൻ ആഗ്രഹിച്ച സമയത്തു ഒരു യോസേഫിനെ ദൈവം സജ്ജമാക്കി. ദൈവം ഈ കാലത്തു “യോസേഫുമാരെ” നോക്കുന്നു. യോസേഫ് കാരാഗൃഹത്തിൽ നിന്നു പുറത്തു വന്ന ശേഷം ആണ് എല്ലാ കാര്യങ്ങളും ക്രമീകരിക്കപ്പെട്ടു സമാധാനമായി തീർന്നത്.

പ്രിയ സ്നേഹിതാ, ഈ ചെറു ലേഖനം വായിക്കുമ്പോൾ ഇന്നലകളിലെ ഇരുളടഞ്ഞ നിന്റെ ജീവിതത്തിൽ നിന്നും ഓർമകൾ ഓർത്തെടുത്താൽ, ഇനി ഒരു വെളിച്ചം നിന്റെ ജീവിതത്തിൽ ഉണ്ടാകില്ല എന്ന വിഷമകരമായ അവസ്ഥയിൽ നിന്നും നിന്നെ പ്രകാശം നിറഞ്ഞ ഒരു ജീവിതത്തിലേക്ക് മാറ്റി. തീർത്തും ഒരു നേർത്ത വെളിച്ചം പോലും കാണാതെ, ദിവസങ്ങൾ തള്ളി നീക്കി, കാരാഗൃഹത്തിന്റെ അന്തരീക്ഷത്തിൽ കരയാൻ പോലും ശേഷിയില്ലാത്ത സമയത്തു, വലതു കരത്തിൽ പിടിച്ചു ഉയർത്തി ഇപ്പോൾ നാം അനുഭവിക്കുന്ന സമാധാനത്തിനുവേണ്ടി എന്തുമാത്രം ത്യാഗം സഹിച്ചു എന്ന് നീ ഓർക്കുന്നത് നല്ലതായിരിക്കും.

“പ്രിയരേ, പ്രശ്ന പങ്കിലമാകുന്ന കാരാഗൃഹ ജീവിതത്തിൽ നിന്നും വീണ്ടെടുത്ത നമ്മോട് ദൈവം തക്ക സമയത്തു കാട്ടിയ ദൈവസ്നേഹം ഹൃദയത്തിൽ ഉണ്ടെങ്കിൽ ആ ഹൃദയം അതൊന്നു തുറക്കൂ അതാകട്ടെ നിങ്ങളുടെ പാണ്ടികശാലകൾ.” ആകയാൽ കലക്കം നിറഞ്ഞു ജീവിതത്തിൽ സമാധാനം ആഗ്രഹിക്കുന്ന വ്യക്തികൾ നിങ്ങളുടെ മുൻപിൽ വരുമ്പോൾ കാരാഗൃഹത്തിൽ കിടന്ന അവസ്ഥകളിൽ, ദൈവത്തിൽ നിന്നും നാം അനുഭവിച്ച സ്നേഹം, സമാധാനം, ആ വരങ്ങൾ മറ്റുള്ളവരെ നേടുന്നതിനായി ഉപയോഗിക്കുവാൻ കർത്താവിൽ ആശ്രയിക്കുവിൻ.

യോസേഫിനോട് പറഞ്ഞ സ്വപ്നത്തിനു, യോസേഫ് അർത്ഥം പറയുക മാത്രമല്ല ചെയ്തത് അതിനുള്ള പരിഹാരവും കൂടെ അറിയിച്ചു. അനേക വിഷമങ്ങൾ, പ്രശനങ്ങൾ നിറഞ്ഞ ഈ ലോകത്തിൽ ജീവിക്കുമ്പോൾ, പലരുടെയും ജീവിതം ഒരു സ്വപ്നം പോലെയാണ്.. ഒരുരാത്രി കഴിഞ്ഞു പുലർച്ചെ കലങ്ങിയ മനസുമായി ജീവിക്കുവാൻ നെട്ടോട്ടം ഓടുമ്പോൾ അവർ അറിയാതെ നമ്മുടെ മുൻപിൽ വരുമ്പോൾ അവരുടെ മനോവിചാരത്തെ അറിഞ്ഞു പരിഹാരം കൊടുക്കുവാൻ നിങ്ങളുടെ “പാണ്ടികശാലകൾ” ഒരുക്കമുള്ളതാണോ ???

“നിങ്ങളുടെ ഹൃദയം കലങ്ങാൻ ഉള്ളതല്ല മറിച്ചു കലങ്ങിയിരിക്കുന്ന ഹൃദയം ഉള്ളവരോട് പരിഹാരം പറഞ്ഞു കൊടുക്കാൻ ഉള്ളതാണ്”.

ആകയാൽ തമ്മിൽ തമ്മിൽ സമാധാനമായി നിങ്ങളിലുള്ള അവിടുത്തെ ഹിതം തികയുവോളം കളങ്കമേശാതെ ദൈവരാജ്യത്തിനു കൂട്ടുവേലക്കാരനായി /കൂട്ടുവേലക്കാരിയായി കർത്താവിൽ ലഭിച്ച ശുശ്രൂഷ നിങ്ങളിൽ നിവർത്തിക്കുവാൻ അവിടുത്തെ ബലമുള്ള കൈകീഴിൽ താണിരിപ്പിൻ. നിങ്ങൾക്ക് നല്ല മനസാക്ഷി ഉണ്ടെന്നു ക്രിസ്തുവിൽ വിശ്വസിക്കുന്നു.!.

തുടരും…

– ജിജോ തോമസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.