ലേഖനം : പുതുവർഷം പങ്കു വെയ്ക്കലിന്റേതാകട്ടെ | ജസ്റ്റിൻ കായംകുളം

പുതിയ പ്രതീക്ഷകളും, പുതിയ തീരുമാനങ്ങളും, പുതിയ സ്വപ്നങ്ങളുമായി പുതിയ ഒരു വർഷം കൂടി സമാഗതമായി. പോയ വർഷത്തെ വിജയങ്ങളും, നേട്ടങ്ങളും,അനുഗ്രഹങ്ങളും ഓർമയിൽ സൂക്ഷിക്കുവാനും, കയ്പുകളും, കണ്ണുനീരും, വേദനയും, നിരാശയും, നഷ്ടങ്ങളും മറവിയുടെ ചവറ്റു കൊട്ടയിൽ തള്ളിക്കളയാനും, പുതു വർഷത്തിൽ ഒരു മാറ്റത്തിന്റെ വെന്നിക്കൊടി പാറിക്കുവാനും ജീവിതം കരുപ്പിടിപ്പിക്കുവാനുള്ള ദൃഢ നിശ്ചയത്തോടെ ഒരു ചുവടു വെയ്പുണ്ടാകണം…

വർഷാന്ത്യത്തോടനുബന്ധിച്ചു വാട്സ്ആപിൽ വന്ന ഒരു ചിന്ത രസിപ്പിക്കുന്നതായിരുന്നു.. ‘കലണ്ടർ മാത്രമേ മാറിയിട്ടുള്ളു, ഭാര്യയും കടങ്ങളും, വീടും, സുഹൃത്തുക്കളും എല്ലാം പഴയത് തന്നെയാണ് അതുകൊണ്ട് അധികം സന്തോഷിക്കേണ്ട’
ഇത് ശ്രദ്ധയിൽ പെട്ടപ്പോൾ ഞാനിപ്രകാരം  ചിന്തിക്കുകയുണ്ടായി. ഒരു ഡിസമ്പർ 31-ൽ  നിന്നു ജനുവരി ഒന്നിലേക്കുള്ള വെറുമൊരു മാറ്റമാണോ പുതിയ വർഷം അതോ ആത്യന്തികമായി നമ്മുടെ മനോഭാവങ്ങൾക്കു ഉണ്ടാകേണ്ടുന്ന മാറ്റമോ ? സാഹചര്യങ്ങൾ എല്ലാം പഴയത് പോലെ തുടരുമ്പോൾ നാം എപ്രകാരം സ്വയം മാറ്റത്തിന് വിധേയപ്പെടുന്നു എന്നുള്ളതിനെ ആശ്രയിച്ചിരിക്കും പുതു വർഷത്തെ വിജയം…
ചിന്തകൾ അക്ഷരങ്ങളാകുമ്പോൾ സമൂഹത്തിൽ സമൂല മാറ്റം ഉണ്ടാകും എന്നതിന് രണ്ടു പക്ഷമില്ല.. നല്ല പുസ്തകങ്ങൾ വായിക്കുന്നത് ഒരു പരിധി വരെ സ്വഭാവ രൂപീകരണത്തിന് നിധാനമായിത്തീരും. എന്നാൽ ആധുനികതയുടെ അതിപ്രസരവും ഇലക്ട്രോണിക് മാധ്യമങ്ങളുടെ അമിത ഉപയോഗവും വായന അന്യം നിൽക്കുവാൻ ഒരു പരിധി വരെ കാരണമായിട്ടുണ്ട്.. ജീവിതങ്ങളെ വിജയത്തിലെത്തിക്കുന്നതിൽ വായനയുടെ പങ്കു അവിസ്മരണീയമാണ്…. ഞാൻ വായിക്കുന്ന ഒരാളാണ്, മറ്റുള്ളവരെ വായിക്കാൻ പ്രോത്സാഹിപ്പിക്കാറുമുണ്ട്, ഈ അടുത്ത കാലത്തു എന്റെ സ്നേഹിതനും, സഹപാഠിയുമായ ഒരു സഹോദരൻ ഹിൽസോങ്ങിന്റെ പരിപാടിക്ക് പോകാൻ വെച്ചിരുന്ന പണം കൊടുത്തു രണ്ടു പുസ്തകങ്ങൾ വാങ്ങി… സത്യത്തിൽ എന്നെ വളരെയധികം സന്തോഷിപ്പിച്ച ഒരു സംഭവമായിരുന്നു അത്… മറ്റൊരു സഹോദരനെ വായിക്കാൻ പ്രോത്സാഹിപ്പിച്ചു അദ്ദേഹം ഇപ്പോൾ എഴുത്തിന്റെ മേഖലയിലേക്ക് തിരിഞ്ഞതും സന്തോഷം പകരുന്നതാണ്…

വിസ്‌മൃതികളിലാണ്ടു പോകുന്ന കഴിഞ്ഞകാല ജീവിതയാഥാർഥ്യങ്ങൾക്കു ചിറകു മുളപ്പിച്ചു സ്വപ്നങ്ങളുടെ അനന്ത വിഹായസ്സിൽ പൊങ്ങിപ്പറക്കുവാൻ സഹായകമാകുന്നത്  വായനയിലും എഴുത്തിലും കൂടേ മാത്രമാണ്.. നല്ലത് വായിക്കുക, അറിവുകൾ പങ്കു വെയ്ക്കുക, പങ്കു വെയ്ക്കപ്പെടുമ്പോളാണ് സമൂഹത്തെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നത്… അറിവുകൾ സമൂഹത്തിലേക്ക് പകരപ്പെടുമ്പോൾ മറ്റുള്ളവരും നന്നായി ചിന്തിക്കാൻ തുടങ്ങും, കർമശേഷിയുള്ളവരായി തീരുകയും സമൂഹം നന്മയിലേക്ക് വരികയും ചെയ്യപ്പെടും..
സ്വാർത്ഥതയും താന്പോരിമയും അഹങ്കാരവും കൊള്ളയും കൊലയും പാരയും ഒക്കെ അവസാനിക്കപ്പെടും…. ഇത് എഴുതുമ്പോൾ ഓർമ്മയുടെ  ഏതോ ഒരു കോണിൽ തങ്ങി നിൽക്കുന്ന ഒരു കഥ ഇപ്രകാരമാണ്. സ്ഥിരമായി നൂറു മേനി വിളവെടുക്കുന്ന ഒരു കര്ഷകനോട് ആളുകൾ ചോദിച്ചു ” താങ്കൾക്ക് എന്ത് കൊണ്ടാണ് ഇത്രയും വിളവ് ലഭിക്കുന്നത് ? മറുപടിയായി അയാൾ പറഞ്ഞു ” ഞാൻ എന്റെ കയ്യിലുള്ള ഗുണമേന്മയുള്ള വിത്തുകൾ അയൽ കർഷകരുമായി പങ്കു വെയ്ക്കും. ആ വിത്തുകൾ അവർ കൃഷി ചെയ്യുമ്പോൾ ഗുണമേന്മയുള്ളതു അവിടെ വിളയും…. അപ്പോൾ എന്റെ വയലിൽ നല്ല ആരോഗ്യമുള്ള പരാഗണം നടക്കും.. അങ്ങനെ എനിക്ക് ഏറ്റവും മേന്മയേറിയ വിളവുണ്ടാകുന്നു ”  നമ്മുടെ ജീവിതങ്ങളും ഇപ്രകാരം ബുദ്ധിയോടെ പ്രവർത്തിച്ചാൽ സ്വർഗ്ഗസുന്ദരമാകാം… ബൈബിൾ പറയുന്നത് പോലെ വിളക്ക് കത്തിച്ചു പറയിൻ കീഴല്ല തണ്ടിന്റെ മുകളിലത്രേ വെക്കേണ്ടത് എങ്കിൽ അതു മറ്റുള്ളവർക്ക് പ്രകാശിക്കും…

നമ്മിൽ പകരപ്പെട്ടിരിക്കുന്ന വെളിച്ചം മറ്റുള്ളവരിലേക്ക് കൂടി പങ്കു വെയ്ക്കപ്പെടണം.. പുതു വർഷത്തിൽ അനുഗ്രഹം പ്രാപിക്കാൻ വേണ്ടി മാത്രം ആഗ്രഹിക്കാതെ മറ്റുള്ളവരെ അനുഗ്രഹിക്കാനും, കരുതുവാനും, സ്നേഹിക്കാനുമുള്ള മനോഭാവം നമ്മിൽ ഉണ്ടാക്കണം…എങ്കിൽ മാത്രമേ ബൈബിൾ പറയുന്നത് പോലെ വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നത് നല്ലത്  എന്ന വാക്യം അന്വർത്ഥമാവുകയുള്ളു… കൊടുപ്പിൻ എന്നാൽ നിങ്ങള്ക്ക് അമർത്തി കുലുക്കി കവിയുന്ന നല്ല അളവ് ലഭിക്കും… അങ്ങനെയെങ്കിൽ മാറ്റത്തിന്റെ കാഹളം നമ്മുടെ ഉള്ളിൽ നിന്നു തന്നെ മുഴങ്ങട്ടെ.. നാം മാറും, സമൂഹം മാറും, ലോകവും മാറും,… അതു തന്നെയാകട്ടെ ഈ പുതിയ വർഷത്തിന്റെ മഹത്തായ സന്ദേശം…

ഏവർക്കും പുതുവത്സര ആശംസകൾ നേരുന്നു…

– ജസ്റ്റിൻ കായംകുളം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.