ലേഖനം: ദൈവത്തിന്റെ ‘കൂടെ’ നടക്കുന്നവരും, ദൈവത്തെ ‘കൊണ്ടു’ നടക്കുന്നവരും | അനുമോൾ സിജു

പുതിയ ഒരു വർഷത്തിലേക്ക് നമ്മൾ പ്രവേശിച്ചിരിക്കുകയാണ്. എല്ലാ വർഷങ്ങളിലും എടുക്കുന്ന പോലെ പുതിയ തീരുമാനങ്ങളും വാഗ്ദാനങ്ങളും ദൈവത്തിന് നാം കൊടുത്തു കഴിഞ്ഞു. കാലം അതിന്റെ അന്ത്യത്തിലേക്ക് ഏറ്റവും അടുത്തു കൊണ്ടിരിക്കുന്നു. കർത്താവിന്റെ വരവ് ഏറ്റവും അടുത്തിരിക്കുന്നു. ഈ സമയം ദൈവത്തിന്റെ കൂടെ നടക്കാനുള്ള തീരുമാനം എടുക്കാൻ എത്ര പേർക്ക് സാധിച്ചു.

എന്നെ ചിന്തിപ്പിച്ച ചില കാര്യങ്ങൾ ഇവിടെ കുറിക്കുന്നു..

വിശുദ്ധ വേദപുസ്തകത്തിൽ ഇപ്രകാരം കാണുന്നു “ഹാനോക്ക് ദൈവത്തോട് കൂടെ നടന്നു ദൈവം അവനെ എടുത്തു കൊണ്ടതിനാൽ കാണാതെയായി” (ഉല്പത്തി 5:24) നാം ദൈവത്തോടെ കൂടെ നടന്നാൽ ദൈവം നമ്മോട് കൂടെ നടക്കുവാൻ ഇടയാകും, ദൈവം നമ്മോട് കൂടെ ഉണ്ടെങ്കിൽ നാം ചെയ്യുന്ന സകല പ്രവർത്തികളും അനുഗ്രഹിക്കപ്പെടും.

ഈ ലോകത്ത് ദൈവം ഇല്ലാതെ നാം എന്ത് നേടിയാലും അതെല്ലാം നിഷ്ഫലമായിപോകും. അങ്ങനെ നേടുന്നതെല്ലാം ഇവിടെത്തന്നെ ഉപേക്ഷിച്ച് പോകേണ്ടിവരും. ദൈവത്തോട് ചേർന്നു നടക്കാൻ നമുക്ക് സാധിച്ചാൽ ജീവകിരീടം പ്രാപിക്കുവാൻ ഇടയാകും. ഓരോ നിമിഷവും മരണം നമ്മുടെ മുമ്പിൽ ഉണ്ട്. എപ്പോൾ എന്തു സംഭവിക്കും എന്ന് നമുക്കാർക്കും പ്രവചിക്കാൻ സാധ്യമല്ല. നമ്മുടെ ആയുസ് ദൈവത്തിന് മാത്രം അറിയാവുന്ന ഒന്നാണ്. നാം ദൈവത്തോടെ ചേർന്നു നടക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ മരണത്തെക്കുറിച്ച് ഭയപ്പെടേണ്ടതില്ല.

മരണാനന്തരം നിത്യമായ ഒരു ജീവിതം നമ്മെ കാത്തിരിക്കുന്നു.അങ്ങനെ ഒരു കാഴ്ചപ്പാട് ലഭിക്കണമെങ്കിൽ ദൈവത്തോട് കൂടെ നടക്കുന്നവരായിരിക്കണം.
അപ്പോസ്തോലനായ പൗലോസ് ഇപ്രകാരം പറയുന്നു എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു (ഫിലിപ്പിയർ 1:21)പൗലോസ് ദൈവത്തോട് കൂടെ നടന്നുകൊണ്ടാണ് ഇങ്ങനെ പറയുവാൻ സാധിച്ചത്.

മറ്റൊരു കൂട്ടർ ആണ് ദൈവത്തെ ഉണ്ടാക്കുന്നതും അതിനെ കൊണ്ടു നടക്കുന്നവരും. അങ്ങനെ യുള്ളവരെ ദൈവത്തിന് അറിയുക പോലുമില്ല.പുറമെയുള്ള പ്രദർശനങ്ങളിലൂടെ തങ്ങൾ ദൈവത്തിന്റെ അടുത്ത ആൾക്കാർ ആണെന്നും ദൈവം തങ്ങളുടെ കൂടെ ഉണ്ടെന്നും അവകാശപ്പെടുന്നു.

സങ്കീർത്തനം 135:15 മുതൽ 18 വരെയുള്ള വാക്യങ്ങൾ വായിക്കുമ്പോൾ അത്തരക്കാരെ കുറിച്ച് എളുപ്പം മനസ്സിലാകും
മനുഷ്യരുടെ കൈവേലകൊണ്ടുള്ള വിഗ്രഹങ്ങളെകുറിച്ച് കാണാം. അവക്ക് വായ് ഉണ്ടെങ്കിലും സംസാരിക്കുന്നില്ല. കണ്ണുണ്ടങ്കിലും കാണുന്നില്ല. ചെവിയുണ്ടങ്കിലും കേൾക്കുന്നില്ല. അവയുടെ വായിൽ ശ്വാസവുമില്ല. അവയെ ഉണ്ടാക്കുന്നവൻ അവയെ പോലെ ആകുന്നു.അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ ഇവിടെ ദൈവത്തെ കൊണ്ടു നടക്കുന്നവരെ കുറിച്ചാണ് കാണാൻ സാധിക്കുന്നത്. ഇങ്ങനെയുള്ള യാതൊന്നിലും ദൈവം പ്രസാദിക്കുന്നില്ല.

അകമേ ഇത്തരക്കാർ ദൈവത്തിൽ നിന്നും ഒത്തിരി അകന്നിരിക്കുന്നു. മത്തായി സുവിശേഷത്തിൽ 25 ൽ ബുദ്ധിയുള്ളതും ബുദ്ധിയില്ലാത്തതുമായ കന്യകമാരെ കാണാം. മണവാളനായ ക്രിസ്തുവിന്റെ വരവിനെ കാത്തിരുന്ന അവരിൽ അഞ്ചു പേർ അവരുടെ വിളക്കിൽ എണ്ണയുമായി കാത്തിരുന്നു.. എണ്ണയില്ലാതിരുന്നവർ വാങ്ങിക്കാൻ പുറത്ത് പോയി. മണവാളൻ വരുന്നതറിഞ്ഞ് മറ്റുള്ള അഞ്ചു പേർ തങ്ങളുടെ വിളക്കിൽ എണ്ണ ഉണ്ടായിരുന്നതിനാൽ അത് കത്തിച്ച് മണവാളനോട് കൂടെ കല്യാണസദ്യക്ക് പോയി.. വാതിൽ അടക്കുകയും ചെയ്തു. പിന്നീട് വാതിലിൽ മുട്ടിയവരോട് നിങ്ങളെ അറിയുന്നില്ല എന്നാണ് മണവാളനായ ക്രിസ്തു പറഞ്ഞത്…
ഇതേ അവസ്ഥ ആയിരിക്കും യേശുക്രിസ്തുവിന്റെ വരവിൽ സഭ എടുക്കപ്പെടുമ്പോൾ ദൈവമക്കൾ എന്ന് അവകാശപ്പെടുന്ന ഒരു കൂട്ടർ ഭൂമിയിൽ ശേഷിക്കപ്പെടാൻ സാധ്യതയുണ്ട്. അന്ന് യേശു അവരേയും നോക്കി ഇങ്ങനെ പറയും

ഞാൻ നിങ്ങളെ അറിയുന്നില്ല

ദൈവമക്കളേ നാം വളരെ വലിയ വില കൊടുക്കേണ്ട ദിവസങ്ങൾ ആണ് മുമ്പിൽ ഉള്ളത്. ഇനിയുള്ള ഓരോ നിമിഷവും നമ്മുടെ മരണം വരെ ദൈവത്തോട് കൂടെ നടക്കുവാൻ ശ്രമിക്കുക. പുറമേ മറ്റുള്ളവരുടെ മുമ്പിൽ ആത്മീകർ ആണന്ന് പ്രകടിപ്പിച്ചു പരിഹാസ കഥാപാത്രങ്ങൾ ആയി ഇവിടെ ശേഷിക്കാതിരിക്കുന്നതിന് പകരം നമ്മുടെ ഹൃദയം പൂർണ്ണ സമർപ്പണത്തോടെ ദൈവത്തിന് കൊടുക്കയാണ് വേണ്ടത്.

ഈ പുതിയ വർഷത്തിൽ ദൈവത്തോട് ചേർന്നു നടക്കാൻ നമുക്കെല്ലാം സാധിക്കട്ടെ. അതിനായി സർവ്വശക്തന്റെ കൃപക്കായി പ്രാർത്ഥിക്കാം.

– അനുമോൾ സിജു, ടൊറന്റോ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.