ഭാവന: ലേയ | ജിജി പ്രമോദ്

ഞാൻ ലേയാ…
അപ്പന്റെ പേര് ലാബാൻ… എന്റെ കണ്ണിനു ശോഭ കുറവാണെന്നാണ് ആളുകൾ പറയുന്നത്… എന്റെ കണ്ണിന് അല്ലാന്നേ കുഴപ്പം… എന്റെ അനുജത്തി റാഹേൽ അവളൊരു സുന്ദരിയാണ്, അവളെ കണ്ടിട്ടു എന്നെ നോക്കുമ്പോൾ ആൾക്കാർക്ക് തോന്നും എനിക്ക് എന്തൊക്കെയോ കുഴപ്പം ഉണ്ടെന്നു…

സത്യം പറഞ്ഞാൽ എനിക്കും തോന്നാറുണ്ട്… ഞാൻ സൗന്ദര്യം ഇല്ലാത്തവളാണെന്ന്… റാഹേലിനു സുന്ദരി ആണെന്ന ഇത്തിരി അഹങ്കാരവും ഉണ്ട്…
പക്ഷെ അപ്പന്റെ മക്കളിൽ ഒന്നാം സ്ഥാനം എനിക്കാണ്… മൂത്തമകൾ എന്ന പദവി…
എന്റെ ഈ ചെറിയ ചെറിയ അവകാശങ്ങളും സന്തോഷങ്ങളും ഒക്കെ ആയി ഞാൻ ഇങ്ങനെ
ജീവിതം മുൻപോട്ടു കൊണ്ടുപോയ്കൊണ്ടിരിക്കുമ്പോൾ ആണ് നമ്മുടെ ജേക്കബ് അച്ചായന്റെ വരവ്… അച്ചായാൻ വന്നതേ റാഹേലുമായി അടുപ്പത്തിൽ ആയി. വിവരം അറിഞ്ഞ അപ്പൻ അച്ചായനോടു പറഞ്ഞു, കുറച്ചു വർഷം ആടുമാടുകളെ നോക്കി അവിടെ താമസിക്കുകയാണെങ്കിൽ അവരുടെ വിവാഹം നടത്തി കൊടുക്കാമെന്ന്‌. റാഹേലിനോടുള്ള പ്രണയം കാരണം അച്ചായൻ എതിരൊന്നും പറഞ്ഞില്ല.

അങ്ങനെ അവരുടെ വിവാഹ ദിവസം എത്തി… അപ്പൻ അന്നൊരു നാടകം കളിച്ചു. ഒരു വഴിക്ക് പറഞ്ഞാൽ ഒരു ചതി… ഞാനും അതിൽ പങ്കാളിയായി… എനിക്ക് ഇഷ്ടമുണ്ടായിട്ടല്ല കേട്ടോ… അപ്പന്റെ വാക്കു നിഷേധിക്കാൻ കഴിയാത്തത് കൊണ്ടു ഞാൻ അതിൽ പെട്ടുപോയതെന്ന് പറഞ്ഞാൽ മതിയല്ലോ…

അപ്പൻ റാഹേലിന് പകരം എന്നെ ജേക്കബ് അച്ചായന്കൊടുത്തു… ആ കൊടും ചതി കാരണം റാഹേലിന്‌ വേണ്ടി അച്ചായൻ വീണ്ടും ആടുമാടുകളെ നോക്കാൻ അവിടെ നിൽക്കേണ്ടിവന്നു..
ഞാൻ അച്ചായന്റെ ഭാര്യ ആയെങ്കിലും റാഹേലിന്റെയും അച്ചായന്റെയും പ്രണയം തുടർന്നു… എന്നോട് പുള്ളിക്ക് വല്ല്യ താല്പര്യം ഒന്നും ഇല്ല എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാൻ വേദനിച്ചാലും പരാതി പറയാൻ പോകില്ലട്ടോ… എനിക്കതിന് യോഗ്യത ഇല്ല എന്നെനിക്കറിയാം.

അങ്ങനെ അച്ചായൻ റാഹേലിനെ വിവാഹം ചെയ്തു. അതോടെ ഞാൻ കൂടുതൽ തള്ളപ്പെടുകയാണെന്നു വേദനയോടെ ഞാൻ അറിഞ്ഞു. എന്റെ വേദന ഞാൻ ദൈവസന്നിധിയിൽ പകർന്നു . ദൈവത്തിനു എന്നോട് കരുണ തോന്നി, അങ്ങനെ ദീർഘ നാളുകൾക്കു ശേഷം ഞാൻ ഗർഭിണിയായി. ദൈവം എനിക്ക് ഒരു കുഞ്ഞിനെ തന്നു. ഞാൻ വീണ്ടും ഗർഭം ധരിച്ചപ്പോഴും റാഹേലിന്‌ കുട്ടികൾ ഉണ്ടായില്ല.. എനിക്കതിൽ വിഷമം ഉണ്ടായിരുന്നു. എന്നെക്കാൾ എല്ലാത്തിലും മുൻപിൽ നിന്നിരുന്ന റാഹേലിനെക്കാൾ ദൈവം എന്നെ അനുഗ്രഹിച്ചു. പിന്നീട് ദൈവം റാഹേലിനെയും അനുഗ്രഹിച്ചു…

എന്റെ കഥ ഞാൻ നിങ്ങളോടു പറഞ്ഞത്, കഴിഞ്ഞ നാളുകളിൽ നമ്മൾ നിന്ദിക്കപ്പെട്ടിരിക്കാം.. ചില സാഹചര്യത്തിൽ നാം തള്ളപ്പെട്ടു എന്നു തോന്നാം… നിരാശപ്പെടേണ്ട… നമ്മെ നന്നായി ആറിയുന്നവനായ ദൈവം നമ്മുടെ കരം പിടിച്ച്‌ ഒന്നാം സ്ഥാനത്തു നമ്മെ എത്തിക്കും… ഈ പുതുവർഷത്തിൽ പുതിയ അനുഗ്രഹങ്ങൾ പ്രാപിക്കാൻ നമുക്കൊരുങ്ങാം… നല്ല സ്നേഹിതനായി നമ്മുടെ കർത്താവിനെ ഒപ്പംചേർക്കാം…

-ജിജി പ്രമോദ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.