ഭാവന :പരാതിപ്പെട്ടി തുറക്കാം | മിനി.എം.തോമസ്

ശോശാമ്മ ചേട്ടത്തി പള്ളിയിൽനിന്ന് ഇറങ്ങിയപ്പോഴാണ് സെക്രട്ടറിച്ചായന്റെ വരവ്. എന്തൊക്കെയുണ്ട് വിശേഷങ്ങൾ? സെക്രട്ടറിച്ചായന് അറിയാത്ത കാര്യങ്ങൾ ഇല്ലാത്തത്കൊണ്ട് അച്ചായൻ വിശേഷങ്ങൾ തുടങ്ങി. ശോശാമ്മ അറിഞ്ഞില്ലയോ? നമ്മുടെ പടിമുക്കിലെ ചാക്കോടെ മോൻ അമേരിക്കയിൽ പോയി. പാവം ശോശാമ്മ ചേട്ടത്തി!! ചോദിക്കേണ്ടിയിരുന്നില്ല എന്ന് ഒരു നിമിഷം തോന്നിപോയി. ഒരു നെടുവീർപ്പിട്ടുകൊണ്ട് ശോശാമ്മ ചേട്ടത്തി പരാതിപ്പെട്ടി തുറന്നു. അല്ലേലും അവർക്കൊക്കെ കൊണ്ടുപോകാനൊക്കെ ആൾകാരില്ലയോ. നമ്മൾക്കൊക്കെ അല്ലെ ആരുമില്ലാത്തെ?? സെക്രട്ടറിച്ചായൻ അതിനെ പിന്താങ്ങി. ശരിയാ ശോശാമ്മേ, എന്റെ മോന് ജോലിയില്ലാതായിട്ട് ഒരു മാസമായി. നമ്മുടെ കുടുംബത്തിലൊന്നും ഗൾഫ്കാരില്ലല്ലോ കൊണ്ട് പോകാൻ. പരാതിപ്പെട്ടികൾ കൈമാറി സ്വയം ആശ്വസിച്ചു അവർ അവരുടെ വഴിക്കുപോയി.

ഇത് അപൂർവമൊരു സംഭാഷണമല്ല. നമ്മൾ ഓരോരുത്തരും ഒരിക്കലെങ്കിലും പറയുകയോ കേൾക്കുകയോ ചെയ്ത സർവസാധാരണമായ ഒരു സംഭാഷണം. ഇതുപോലെയുള്ള പരാതിക്കെട്ടുകൾ നിറഞ്ഞ പുസ്തകമാണ് നമ്മുടെ ജീവിതം . മറ്റുള്ളവരുടെ ഉയർച്ച കാണുമ്പോൾ ഒരു നിമിഷത്തേക്കെങ്കിലും ദൈവിക ആശ്രയത്തെ മറന്ന്, മാനുഷിക ആശ്രയം ഉണ്ടായിരുന്നുവെങ്കിൽ എന്ന് നമ്മൾ ചിന്തിച്ച പോകാറില്ലേ? മാനുഷിക ആശ്രയങ്ങൾ ഒരു പരിധിക്കുള്ളിൽ ഒതുങ്ങുന്നതാണെന്ന തിരിച്ചറിവ് നമുക്കുണ്ടെങ്കിലും, എല്ലാവരെയുംപോലെ പരാതികളുടെ ഭാണ്ഡവും പേറിയാണ് നമ്മുടെ ജീവിതയാത്ര..

യെരുശലേമിൽ പ്രശസ്തമായ ഒരു കുളമുണ്ട്, ബേഥെസ്ദാ. രോഗികൾക്കും ദീനക്കാർക്കും അവരുടെ ജീവിതത്തിലെ വിടുതലിന്റെ കുളം. മന്ത്രവാദങ്ങളോ ഒറ്റമൂലികളോ വൈദ്യചികിത്സകളോ ഒന്നുമല്ല കുളത്തെ വേറിട്ട് നിർത്തുന്നത്. കുളത്തിലെ വെള്ളത്തിന്റെ പ്രത്യേകതയുമല്ല. ചില സമയങ്ങളിൽ ഒരു ദൂതൻ വന്നു വെള്ളം കലക്കും. അപ്പോൾ അതിലാദ്യം ഇറങ്ങുന്നവർ സുഖപ്പെടും. കലക്കവെള്ളത്തിൽ എങ്ങനെയാ മുങ്ങുന്നേ എന്നാലോചിച്ചു നിൽക്കുന്നവർ കരയിൽത്തന്നെ നിൽക്കേണ്ടിവരും. ദൂതൻ കലക്കിയത് കണ്ട് വിശ്വാസത്തോടെ, തിടുക്കത്തോടെ ഇറങ്ങുന്നവർ രക്ഷപെടും. 38 വർഷമായി ബേഥെസ്ദാ കുളവും പരിസരവും , അതിന്റെ ഓരോ മുക്കും മൂലയും കാണാതെ അറിയാവുന്ന ഒരു വ്യക്തിയുണ്ട്. ആരോടും പരാതിയും പരിഭവവും ഇല്ലാതെ സൗഖ്യം ആഗ്രഹിച്ച് ഈ പാവം ഇരിപ്പ് തുടങ്ങിയിട്ട് വർഷം 38 ആയി. ഇക്കാലത്തിനിടയിൽ താൻ പലരോടും സഹായം അഭ്യർത്ഥിച്ചിട്ടുണ്ടാവും. .ആ കുളത്തിലേക്കൊന്ന് കൈപിടിച്ചിറക്കുവാൻ.. പക്ഷെ ആരും വന്നില്ല. ആരും ആ വ്യക്തിയോട് നിനക്കു സൗഖ്യമാവണ്ടേ? ഞാൻ സഹായിക്കാം എന്ന പറഞ്ഞില്ല. 38 വർഷങ്ങൾക്ക് ശേഷം യേശു അവന്റെ അരികിലെത്തി ചോദിച്ചു : “നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ?” ആരുടെ മുൻപിലും പരാതിപ്പെട്ടി തുറക്കാതിരുന്ന ആ വ്യക്തി യേശുവിനോട് തന്റെ നിസ്സഹായ അവസ്ഥ അറിയിച്ചു. “യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്കു ആരും ഇല്ല; ഞാൻ തന്നേ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്കു മുമ്പായി ഇറങ്ങുന്നു”. ഓരോരുത്തരായി ആ പരിസരത്തു മാറിമാറി വരുമ്പോഴും ഓരോരുത്തരിലും അവൻ തിരഞ്ഞത് തന്നെ ഒന്ന് താങ്ങി കുളത്തിൽ ഇറക്കുന്ന ഒരാളെ ആയിരുന്നു. യേശു തന്റെ അരികിൽ വന്നപ്പോഴും അവന്റെ ആഗ്രഹവും ആവശ്യവും കുളത്തിൽ, തന്നെ ഒന്ന് ഇറക്കുവാൻ യേശു സഹായിക്കും എന്നായിരിക്കണം. നീണ്ട 38 വർഷം ഉള്ളിലൊതുക്കിയ അവന്റെ സങ്കടവും രോഗവും എല്ലാം ആ ഒറ്റ പരാതിയിൽ പരിഹരിക്കപ്പെടുകയാണ്. അതും അവൻ പോലും പ്രതീക്ഷിക്കാത്ത വിധത്തിൽ. ബേഥെസ്ദാ കുളത്തിൽ വന്നവരെല്ലാം കുളത്തിൽ ഇറങ്ങി സൗഖ്യം പ്രാപിച്ചപ്പോൾ, ഈ വ്യക്തി മാത്രം കിടന്നയിടത്ത് വെച്ച് തന്നെ സൗഖ്യം പ്രാപിച്ച് കിടക്ക എടുത്ത് നടന്നു.

ഹാഗാർ ധനവാനായ യജമാനന്റെ വീട് വിടുമ്പോൾ അപ്പത്തിലും ഒരു തുരുത്തി വീഞ്ഞിലും മാത്രം പരിമിതപ്പെട്ടിരുന്നു ആശ്രയം. സഹായിപ്പാൻ ഒരു കരം പോലും ചുറ്റുമില്ലാതിരുന്ന ഹാഗാറിന് സഹായം ചോദിക്കാൻ ദൈവം മാത്രമേ ഉണ്ടായിരുന്നുള്ളു. ആശ്രയം ദൈവത്തിൽ മാത്രം ആയപ്പോൾ സ്വന്തം കണ്ണിനുപോലും വിശ്വസിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു ദൈവത്തിന്റെ കരുതൽ. നിസ്സഹായരാണെന്നും, ഒരു തുണയായി നിൽക്കാൻ നമുക്കാരുമില്ലെന്നും തോന്നുമ്പോൾ, പരാതിപ്പെട്ടയുമായി നാം നടക്കുമ്പോൾ, ഓർക്കുക നമ്മൾ ആഗ്രഹിക്കുന്നതിലും അധികമായി നമുക്ക് വേണ്ടി ഒരുക്കുവാൻ ദൈവത്തിന് കഴിയും. അനുഭവങ്ങളിൽനിന്ന് ആ ഉറപ്പ് ലഭിച്ചതുകൊണ്ടാണ് പൗലോസ് അപ്പോസ്തലൻ എഫെസ്യ സഭയോട് പറയുന്നത് “നമ്മൾ ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി തരുവാൻ കഴിയുന്ന ദൈവമാണ് നമ്മുടേതെന്ന്”.
നമുക്ക് മാത്രം ഒരു മാറ്റവും സംഭവിക്കുന്നില്ലെന്നും നട്ടപ്പോഴും പറിച്ചപ്പോഴും ഒരു കുട്ട മാത്രമാണെന്നും നമ്മൾ ചിന്തിക്കുന്നു. സഹായം വരുന്ന പർവ്വതത്തിലേക്ക് നോക്കുന്നതിനു പകരം മാനുഷിക കരങ്ങളിലാണ് നമ്മുടെ കണ്ണുകൾ പതിയ്ക്കുന്നത്. അല്പം താമസിച്ചാലും മറ്റുള്ളവർക് അനുഗ്രഹങ്ങൾ നൽകിയ പതിവുരീതികൾ മാറ്റി, ആർക്കും ചിന്തിച്ച കൂടാത്ത രീതിയിൽ ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുക തന്നെ ചെയ്യും. നമ്മുടെ പരാതികളും പരിഭവങ്ങളും നമ്മുടെ ചുറ്റുമുള്ളവരോട് പറഞ്ഞ് നമ്മൾ നമ്മളെത്തന്നെ ഒന്നിനും കൊള്ളാത്തവരാക്കാറുണ്ട്. പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ ആരും കാണാത്ത പുതുവഴികൾ ദൈവം തുറക്കും. ഒരു ചെവിയിലൂടെ കയറ്റി മറുചെവിയിലൂടെ പുറത്താക്കുകയും ആകെയുള്ള ഒരു നാവുകൊണ്ട് നമ്മുടെ പരാതികളെ നമ്മുടെ ശാപമായി അന്യരുടെ മുൻപിൽ ചിത്രീകരിക്കുകയും ചെയ്യുന്ന മനുഷ്യരോട് പറയുന്നതിന് പകരം കേൾക്കാൻ സന്നദ്ധതയുള്ള, പരിഹരിക്കാൻ കഴിയുന്ന നമ്മുടെ യേശുവിനോട് പറയാം.

നമ്മുടെ പരാതിപ്പെട്ടികൾ യേശുവിന്റെ മുൻപിൽ മാത്രം തുറക്കുക. വർഷങ്ങൾ പലത് കടന്നുപോയാലും, സാധ്യതകളുടെ നിറം മങ്ങിയാലും കാത്തിരിക്കുക. നമ്മുടെ പരാതിപ്പെട്ടിയുടെ പൂട്ട് നല്ല സ്നേഹിതനായ യേശുവിന്റെ മുൻപിൽ തുറക്കാം.

 

 

 

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.