ലേഖനം: ഗദരദേശത്തെ ഭൂതഗ്രസ്തൻ | സുജ സജി

ആർക്കും വേണ്ടാത്തവനായി കല്ലറകളിൽ വാസം ഉറപ്പിച്ചവനായ മനുഷ്യൻ. ചങ്ങലകൾകൊണ്ടോ വിലങ്ങുകൾകൊണ്ടോ ബന്ധിക്കാൻ കഴിയാത്ത മനുഷ്യൻ പലരും പലവുരു തളക്കാൻ ശ്രമിച്ചിട്ടും കുപ്പിവളകൾ പോലെ  ലാഘവത്തോടെ വിലങ്ങുകൾ ഉരുമിയൊടിച്ചു, ചരട് വലിച്ചുപൊട്ടിക്കുംപോലെ ചങ്ങല വലിച്ചുപൊട്ടിക്കുന്ന മനുഷ്യൻ. ഗദരദ്ദേശത്തിലെ ശ്രേഷഠന്മാർ ആവോളം ശ്രമിച്ചിട്ടും ഫലമില്ലെന്നുകണ്ടപ്പോൾ, മുൻപ് എല്ലാവരാലും സ്നേഹിക്കപെട്ടവൻ ഇപ്പോഴിതാ ആരോരുമില്ലാത്തവനായി, ഒറ്റപെട്ടവനായി തീർന്നിരിക്കുന്നു. ആരോഗ്യവും പത്രാസുമുള്ളപ്പോൾ എല്ലാവരും ഉണ്ട്. എന്നാൽ ആരോഗ്യവും സമ്പത്തും ഇല്ലെങ്കിൽ നമ്മുടെ സ്ഥിതി എന്താകുമെന്ന് ഈയോബിന്റെ ജീവിതം നമ്മോടു ഉദാഹരിക്കുന്നു.

ഗദാരദ്ദേശത്തെ ഭൂതഗ്രസ്തനെയും എല്ലാരും മറന്നു. എല്ലാരാലും വെറുക്കപെട്ടവനായി ആരാലും സ്നേഹിക്കപെടാത്തവനായി അവൻ മാറുന്നു. മെല്ലെ അവനോടുള്ള സഹതാപവും സ്നേഹവും എല്ലാരുടെയും മനസിൽ നിന്നും മാഞ്ഞുപോയിരിക്കുന്നു. സമൂഹം അവനെ കണ്ടില്ലെന്നു നടിക്കുന്നു, കാണുമ്പോൾ മുഖം മറക്കുന്നു സ്വന്തം തിരക്കുകളിലേക്ക് മാറിസഞ്ചരിക്കാൻ. സുബോധം നഷ്ടപെട്ടവനായി സ്വശരീരവും കല്ലുകൾ കൊണ്ട് മുറിവേൽപ്പിക്കുമ്പോൾ അവനും അവരാരെയും ഓർക്കുവാൻ കഴിവില്ലാത്തവനായിമാറുന്നു.
യാഥാർഥ്യങ്ങളുടെ ലോകത്തു മിഥ്യകളിൽ അവൻ ജീവിക്കുന്നു. അവനെ അവനുപോലും തിരിച്ചറിയാൻ കഴിയുന്നില്ല. അവനെ അറിയുന്നവർക്ക് അവനോടു അടുക്കുവാൻ താല്പര്യമില്ല.
ഇടക്ക് എപ്പോഴെങ്കിലും ബുദ്ധിസ്ഥിരപ്പെടുമ്പോൾ അസഹ്യവേദനയാൽ ദിക്കുകൾ മുഴങ്ങും വിധം അവൻ നിലവിളിക്കുന്നു. കല്ലറകൾ വിശ്രമസ്ഥലമാക്കിയും രക്തകറപിടിച്ച ദുർഗന്ധം വമിക്കുന്ന സ്വഗാത്രത്തെപോലും തിരിച്ചറിയാതെ ആ സാധു സഞ്ചരിക്കുന്നു. ഭക്ഷണമോ ദിനചര്യകളോ തനിക്കു ശീലമല്ല. അവന്റെ നിലവിളി കേട്ട് അടുത്ത് വരാനോ, അവന്റെ മുറിവുകളിൽ തൈലം പൂശാനോ ആരുമില്ല.
എന്നാൽ ഒരു സന്ധ്യയിൽ അവന്റെ അരികിൽ യേശു എത്തി. സമയം സന്ധ്യയായപ്പോൾ യേശു അനുചരന്മാരോട് പറഞ്ഞു ” നമുക്ക് അക്കരക്കു പോകാം “.
സുദീർഘസമയങ്ങളുടെ യാതന ഘട്ടങ്ങൾക്കു അറുതിവരുത്തുവാനുള്ള സമയം ആഗതമായപ്പോൾ യേശു അവന്റെ അരികിൽ വന്നു. നമ്മുടെ വിടുതലിനു കർത്തൃ നിശ്ചിതമായ ഒരു സമയം ഉണ്ട്. അതൊരിക്കലും താമസിച്ചുപോകില്ല നേരെത്തെ ആവുകയുമില്ല. ആ സമയത്തെ തടുക്കുവാൻ ആർക്കും കഴിയുകയും ഇല്ല . ഗദരദ്ദേശത്തെ മനുഷ്യന്റെ വിടുതലിനെ തടസപ്പെടുത്താൻ യാത്ര മുടക്കുന്ന കാറ്റും അലകളും വല്ലാതെ ശ്രമിച്ചു പക്ഷെ വിജയിച്ചില്ല.
നമ്മുടെ ജീവിതത്തിലും വിടുതലിന്റെ സമയം അടുക്കുമ്പോൾ പ്രതിസന്ധികൾ വർധിക്കുന്നത് സാധാരണമാണ്. കരകയറുവാൻ കഴിയില്ലെന്ന് ഏവരും കരുതുന്ന വിധത്തിൽ അതുണ്ടാകും. നാം അല്പവിശ്വാസിയാകാതെ സധൈര്യം അവയെ നേരിടുന്ന പക്ഷം വിജയം കാണുക തന്നെചെയ്യും.
എല്ലാവരും നമ്മെ മറന്നു തുടങ്ങുമ്പോൾ ദൈവം നമ്മെ ഓർക്കുന്നു. ഉപകാരപ്പെടാത്തവന്റെ അരികിൽ പോകുവാൻ ആരും മനസ്സുകാണിക്കാറില്ല എന്നത് മാനുഷീക തത്വം. എന്നാൽ ആശ്രയം അറ്റവനെയും ഉപദ്രവകാരികളെയും ആർക്കും വേണ്ടാത്തവനെയും നിന്ദകളും അപമാനവും സഹിക്കുന്നവനെയും മുറിവേറ്റവനെയും തേടിച്ചെല്ലുന്നതു ദൈവകൃപ. അവനെ മാന്യനായും ഉപകാരിയായും മാറ്റുന്നതാണ് ദൈവ സ്നേഹം. കർത്താവിനു ഒരുവനെ മാറ്റിയെടുക്കാൻ നിമിഷങ്ങൾ പോലും വേണ്ട. കർത്താവിന്റെ സന്ദര്ശനത്താൽ നിമിഷങ്ങൾക്കകം സൗഖ്യം പ്രാപിച്ച മനുഷ്യൻ കർത്താവിനോടു ചോദിക്കുന്നു,” ഞാനും അങ്ങയോടൊപ്പം വരട്ടെ ?” കർത്താവാകട്ടെ അവന്റെ ആഗ്രഹം നിരസിച്ചു. ” നീ വീട്ടിൽ ചെന്ന് നിനക്കുള്ളവരോട് കർത്താവു നിന്നോട് കരുണകാണിച്ചതു പറക ” എന്ന് പറഞ്ഞയച്ചു.
കർത്താവു നമുക്കുനൽകുന്ന വിടുതലുകൾ നിമിത്തം നാം അവന്റെ സാക്ഷികളായും മാറണം. “അവന്റെ മഹിമ കണ്ട അനുഭവിച്ച സാക്ഷികൾ”. വിടുതൽ പ്രാപിച്ചവന്റെ ദൗത്യം അതാണ്. സൗഖ്യം പ്രാപിച്ചവനായി അവൻ അധീശത്തുകൂടെ സഞ്ചരിക്കുന്നതുപോലും വിലപ്പെട്ട സാക്ഷ്യമാണ്. അവൻ കർത്താവിന്റെ ജീവനുള്ള സാക്ഷിയായി മാറുന്നു.

നമുക്കും മാറാം ജീവനുള്ള സാക്ഷികളായി …

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.