എഡിറ്റോറിയൽ – നാം നമ്മെ അയച്ചവന്റെ പ്രവൃത്തി ചെയ്യുന്നവരോ?

ജോഷി കുര്യന്‍

ദൈവം നമുക്കു നല്‍കിയിരിക്കുന്ന എല്ലാ അവസരങ്ങളും ദൈവേഷ്ടം നിറവേറ്റുന്നതിനായി ഉപയോഗിക്കുക എന്നതാണ് നമ്മുടെ കടമ.

രണ്ടായിരത്തില്‍ പരം വര്‍ഷങ്ങള്‍ക്കു മുന്‍പ് കര്‍ത്താവായ യേശുക്രിസ്തു തന്‍റെ ശിഷ്യന്മാര്‍ക്ക് നല്‍കിയ മഹാനിയോഗത്തില്‍ ഇപ്രകാരം പറഞ്ഞു – ‘നിങ്ങള്‍ പോയി സകല ജാതികളെയും ശിഷ്യരാക്കി കൊള്ളുവിന്‍’. ലോകത്തിന്റെ അറ്റത്തോളം സുവിശേഷം എത്തിക്കുന്നതില്‍ എന്താണ് ഇന്ന് തടസ്സം? പണത്തിന്റെ കുറവ്? ആളുകളുടെ കുറവ്? സാങ്കേതിക വിദ്യയുടെ അപര്യാപ്തത? അതോ മറ്റു എന്തെങ്കിലുമാണോ നമ്മുക്ക് മുന്‍പില്‍ ഉള്ള തടസ്സം? നമുക്ക് ലഭ്യമായിരിക്കുന്ന അവസരങ്ങള്‍ നമ്മള്‍ വേണ്ട വിധം പ്രയോജനപ്പെടുത്താത്തതല്ലേ  ശെരിക്കുമുള്ള തടസ്സം??

ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ദൈവവചനം എല്ലാവരിലും എത്തിക്കുവാന്‍ ദൈവമക്കള്‍ സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തിയ പല സന്ദര്‍ഭങ്ങളും നമുക്ക് കാണാം.  1441ല്‍ ഗുട്ടന്‍ബര്‍ഗ് പ്രിന്‍റിംഗ് പ്രസ്‌ മുതല്‍, 19-ആം നൂറ്റാണ്ടില്‍ ടൈപ്പ്റൈറ്റര്‍, 1980കളില്‍ കമ്പ്യൂട്ടര്‍, തൊണ്ണൂറുകളിലെ ഇന്റര്‍നെറ്റ്‌, ഇമെയില്‍ വിദ്യകള്‍, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ സോഷ്യല്‍ മീഡിയ ഇവയൊക്കെ ഇതിനു ഉത്തമ ഉദാഹരണങ്ങളാണ്.

മലയാള ക്രൈസ്തവ മാധ്യമ രംഗത്ത്‌ വേറിട്ട ശബ്ദമായി 2014 ജൂണില്‍ വെബ്‌ പോര്‍ട്ടലായി ചെറിയ രീതിയില്‍ പ്രവര്‍ത്തനം ആരംഭിച്ച  ക്രൈസ്തവ എഴുത്തുപുര, അവിടെ നിന്ന് ക്രൈസ്തവ  എഴുത്തുപുര പത്രത്തിലേക്കും, ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിലേക്കും, ചാരിറ്റി, പബ്ലിക്കേഷന്‍, മീഡിയ, റാഫാ റേഡിയോ, എന്നിങ്ങനെ ആഗോളതലത്തില്‍ അതിവേഗം വളര്‍ന്നു പന്തലിച്ച ഒരു പ്രവര്‍ത്തനം ആയി മാറുവാന്‍ ദൈവം സഹായിച്ചു. വായനക്കാര്‍ക്കും തങ്ങളുടെ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ അവസരം ഒരുക്കിയിരിക്കുന്ന എഴുത്തുപുര വെബ്സൈറ്റില്‍ 200-ല്‍ പരം അംഗങ്ങളുടെയായി 1500-ല്‍ പരം ലേഖനങ്ങള്‍, കഥകള്‍, വാര്‍ത്തകള്‍, കവിതകള്‍ മുതലായവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും പുതുമുഖ എഴുത്തുകാരുടെതോ മറ്റെങ്ങും എഴുതാന്‍ അവസരം ലഭിക്കാത്ത പുതുമുഖങ്ങളുടെതോ ആണ്. സര്‍വ്വ മാനവും മഹത്വവും കര്‍ത്താവിനു മാത്രം!

യോഹന്നാന്‍ 9:4ല്‍ നാം ഇങ്ങനെ വായിക്കുന്നു, ”എന്നെ അയച്ചവന്റെ പ്രവൃത്തി പകല്‍ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു. ആര്‍ക്കും പ്രവര്‍ത്തിച്ചുകൂടാത്ത രാത്രി വരുന്നു”. തന്നെ അയച്ച പിതാവിന്റെ പ്രവൃത്തി തികക്കേണ്ടിയതിന്റെ ആവശ്യകതയെ ക്കുറിച്ചാണ് ഈ വാക്യത്തിലൂടെ യേശു സംസാരിക്കുന്നത്.

കര്‍ത്താവായ യേശു ക്രിസ്തു നമുക്കു നല്‍കിയ മഹാനിയോഗവുമായി ചേര്‍ത്തു ചിന്തിക്കുമ്പോഴാണ് ഈ വാക‍്യത്തിന്റെ അര്‍ത്ഥവ‍്യാപ്തി കൂടുതല്‍ വെളിവാകുന്നത്. വാസ്തവത്തില്‍ ‘പകല്‍ ഉള്ളേടത്തോളമാണ് നാം നമ്മുടെ പ്രവൃത്തി തുടരേണ്ടത്. ‘പകല്‍’ എന്നത് നമുക്ക് ഇന്നു ലഭ‍്യമായിട്ടുള്ള അവസരങ്ങളെയാണ് സൂചിപ്പിക്കുന്നത്. ദൈവം നല്‍കിത്തരുന്ന ഓരോ അവസരങ്ങളും നമ്മെ അയച്ചവന്റെ പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തിനായി നാം ഉപയുക്തമാക്കേിയിരിക്കുന്നു. യേശുക്രിസ്തുവിനെ തന്റെ പിതാവ് അയച്ചതു പോലെ പുത്രനാല്‍ ഭൂമിയുടെ അറ്റത്തോളം അയയ്ക്കപ്പെട്ടവരാണ് നാമേവരുമെന്ന യാഥാര്‍ത്ഥ‍്യം നമ്മിലാരും ഒരിക്കലും വിസ്മരിക്കരുത്.

ആര്‍ക്കും പ്രവര്‍ത്തിച്ചുകൂടാത്ത രാത്രി വരുന്നു. രാത്രിയെന്നതുകൊണ്ട് നമ്മുടെ പ്രവൃത്തികളെല്ലാം പൂര്‍ണ്ണമായി തടസ്സപ്പെടുന്ന സ്ഥിതിയെന്നാണ് അര്‍ത്ഥമാക്കുന്നത്. അത് ഒരുപക്ഷേ നമ്മുടെ മരണത്തെക്കുറിച്ചാകാം, അല്ലെങ്കില്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ രഹസ‍്യ പ്രത‍്യക്ഷതയെ ക്കുറിച്ചാകാം, അതുമല്ലെങ്കില്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇരുട്ടിന്റെ ശക്തികള്‍ ഒന്നിച്ചെഴുന്നേല്‍ക്കുന്ന ഒരു സ്ഥിതിയെ ക്കുറിച്ചുമാകാം. ഒരു കാര‍്യം തീര്‍ച്ച, ആര്‍ക്കും പ്രവര്‍ത്തിച്ചുകൂടാത്ത രാത്രി വരുന്നു എന്നതിന്റെ ശരിയായ അര്‍ത്ഥം നമ്മുടെ പ്രവര്‍ത്തനമാര്‍ഗങ്ങളെല്ലാം പൂര്‍ണ്ണമായി നിഷ്ക്രിയമാക്കുവാന്‍ പോകുന്നുവെന്നു തന്നെയാണ്.

ദൈവം നമുക്കു നല്‍കിയിരിക്കുന്ന എല്ലാ അവസരങ്ങളും ദൈവേഷ്ടം നിറവേറ്റുന്നതിനായി ഉപയോഗിക്കുക എന്നതാണ് നമ്മുടെ കടമ. നമ്മെ അയച്ചവന്റെ പ്രവൃത്തി തികെക്കുന്നതിനുള്ള അവസരങ്ങള്‍ നാം അന്വേഷിച്ചു കണ്ടത്തേണം. ആര്‍ക്കും പ്രവര്‍ത്തിച്ചുകൂടാത്ത രാത്രി വരുന്നുവെന്ന മുന്നറിയിപ്പ് പൂര്‍ണ്ണ ഗൗരവത്തോടെ നാം ഉള്‍ക്കൊള്ളേണം. ഏതു പ്രായക്കാരനും എപ്പോള്‍ വേണമെങ്കിലും മരണം വഴി ഈ ലോകത്തുനിന്നു മാറ്റപ്പെടേണ്ടി വരുമെന്ന യാഥാര്‍ത്ഥ‍്യം നാമൊരിക്കലും വിസ്മരിക്കരുത്.

നമ്മെ അയച്ചവന്റെ പ്രവൃത്തി തിടുക്കത്തോടെ ചെയ്യേണ്ടതാകുന്നു. തന്റെ മുമ്പില്‍ അവശേഷിച്ചിരുന്ന ദിനങ്ങളെക്കുറിച്ച് യേശുവിന് അറിവുണ്ടായിരുന്നു. അവന്റെ ശിഷ‍്യന്മാരായ നമുക്കും നമ്മുടെ മുമ്പില്‍ ഇനി ഏറെനാള്‍ ശേഷിച്ചിട്ടില്ല എന്ന തിരിച്ചറിവ് ഉണ്ടായിരിക്കേണം. എങ്കില്‍ മാത്രമേ നമ്മെ അയച്ചവന്റെ പ്രവൃത്തി നമുക്കു പൂര്‍ത്തീകരിക്കാനാകൂ.

പ്രിയ സഹോദരങ്ങളേ, നമ്മുടെ ഈ ലോകജീവിതം ക്ഷണികമാണ്. അതിനാല്‍ ഈ ജീവിതത്തെ ഏറ്റവും നല്ലതിനുവേണ്ടി, അതായത് നമ്മെ അയച്ച കര്‍ത്താവിന്റെ ഇഷ്ടം പൂര്‍ത്തീകരിക്കുന്നതിനു വേണ്ടി നമുക്കു ചിലവഴിക്കാം. മര്‍ത‍്യ ജീവിതം ക്ഷണഭംഗുരമാണ്. സങ്കീര്‍ത്തനക്കാരന്‍ പറഞ്ഞിരിക്കുന്നത്, അത് ചാഞ്ഞുപോകുന്ന നിഴല്‍പോലെയാണെന്നാണ്. സത‍്യമാണ്, നമ്മുടെ ജീവിതം എപ്പോള്‍ വേണമെങ്കിലും അവസാനിക്കാം. പക്ഷേ നാം ജീവിച്ചിരിക്കുന്നിടത്തോളം കാലം നമ്മെ സംബന്ധിച്ചിടത്തോളം പകല്‍ തന്നെയാണ്. ഈ പകലിനുള്ളില്‍ നമുക്കു ചെയ്തുതീര്‍ക്കേണ്ടുന്ന പല ഉത്തരവാദിത്വങ്ങളുമുണ്ട്. ഇരുള്‍ വീഴുംമുമ്പേ നമ്മെ ഏല്‍പ്പിച്ച ദൗത‍്യം നമുക്കു പൂര്‍ത്തിയാക്കാം. നാം വിശ്വസിച്ച സമയത്തെക്കാള്‍ രക്ഷ ഇപ്പോള്‍ നമുക്ക് അധികം അടുത്തിരിക്കുന്നു.

അതേ, പകല്‍ തീരാറായി, അസ്തമനസൂര‍്യന്റെ ചെങ്കിരണങ്ങള്‍ അങ്ങിങ്ങായി തെളിഞ്ഞുതുടങ്ങി. രാത്രി വളരെ സമീപമായിരിക്കുന്നു. ഇനി നമുക്കൊട്ടും സമയം നഷ്ടപ്പെടുത്താനില്ല. പകല്‍ ഉള്ളിടത്തോളം നമുക്ക് നമ്മെ അയച്ചവന്റെ പ്രവൃത്തി ചെയ്യാം. അതിനായി ദൈവം നിങ്ങള്‍ ഏവരെയും സഹായിക്കട്ടെ!!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.