തലയിൽ ചുമന്ന ഹാർമോണിയവും, ഓല കട്ടിലിലെ കിടപ്പും – ഭക്ത വത്സലൻ

നടത്തിയ വിധങ്ങൾ

1970 ൽ തൃശ്ശൂരിൽ നിന്നും അടിമാലിയിൽ ഒരു മീറ്റിംഗിനായി പോയി. 70- കളിൽ അടിമാലിയിൽ നിലനിന്നിരുന്ന സൗകര്യങ്ങൾ നിങ്ങൾക്ക് ഊഹിക്കാമല്ലോ. മീറ്റിംഗ് നടക്കുന്ന വൈകിട്ട് ഒരു ബാഗും ഹർമ്മോണിയവും കൈയ്യിൽ പിടിച്ചു ഞാൻ അടിമാലിയിൽ എത്തി. അവിടെ നിന്നു 200 ഏക്കർ എന്ന സ്ഥലത്താണ് മീറ്റിംഗ് നടക്കുന്നത്. അവിടേക്ക് പോകാൻ ആകെയുള്ള ആശ്രയം ജീപ്പ് ആണ്. മീറ്റിംഗിന് ആവശ്യമുള്ള ഒരു വലിയ ചാക്ക് നിറയെ പച്ചക്കറികളും മറ്റു സാധങ്ങളും വാങ്ങി പെട്രോൾ മാക്സുമായി എന്നെ കൊണ്ടുപോകാൻ പാസ്റ്റർ അവിടെ ഉണ്ടായിരുന്നു. പെട്ടന്നാണ് അറിഞ്ഞത് വൈകിട്ട് പോകേണ്ട ജീപ്പ് തകരാർ ആയി എന്ന വിവരം. പാസ്റ്റർ പറഞ്ഞു, ഇനി നടക്കണം അതല്ലാതെ വേറെ വഴി ഇല്ല. ചാക്ക് കെട്ട് അദ്ദേഹത്തിന്റെ തലയിൽ വെച്ചു ഹാർമോണിയം എന്റെ തലയിലും, കൂടാതെ എന്റെ കൈയ്യിൽ ബാഗും പെട്രോൾ മാക്‌സും പിടിച്ചു ഞങ്ങൾ നടന്നു. ഒരു കല്ല് മറ്റൊരു കല്ലിനോട് ബന്ധം ഇല്ലാത്ത റോഡ്. ചില കിലോമീറ്റർ നടന്നു ഞങ്ങൾ അവിടെ എത്തി. ഓല കൊണ്ടു കെട്ടിയ ഒരു ഹാൾ, അധികം ആളുകളും ഇല്ല. _ഹോളിന്റെ വലിപ്പവും ആളിന്റെ എണ്ണവും അല്ലല്ലോ വലുത് ദൈവനാമം അല്ലേ വലുത് എന്നതിനാൽ പരാതിയോ പരിഭ്രമമോ ഇല്ലാതെ കർത്താവിന്റെ നാമത്തെ അവിടെ ഉയർത്തുവാൻ സാധിച്ചു. യാതൊരു സാമ്പത്തിക ശേഷി ഉള്ള കുടുംബങ്ങൾ അല്ലായിരുന്നു അവിടെ ഉണ്ടായിരുന്നത്. മീറ്റിംഗ് കഴിഞ്ഞ രാത്രിയിൽ തിരികെ പോകാൻ വാഹനമില്ല അവിടെത്തന്നെ വിശ്രമിക്കണം. അങ്ങനെ അവർ എനിക്ക് അന്നത്തെ മാന്യമായ കിടക്ക തന്നു, രണ്ടു പലക അടുപ്പിച്ചിട്ട് മുകളിൽ ഓല വിരിച്ചത്, നല്ല ക്ഷീണം കാരണം ഉറങ്ങിയത് അറിഞ്ഞതേ ഇല്ല. ഇന്നത്തെ കിടക്കയും അന്നത്തെ കിടക്കയും ഓർക്കുമ്പോൾ എന്റെ ദൈവത്തെ മഹത്വപ്പെടുത്തതിരിക്കാൻ കഴികയില്ല.

പിറ്റേന്ന് രാവിലെ എഴുന്നേറ്റ് പോകാൻ തയ്യാറായി. കുറച്ചു നടക്കണം, പിന്നെ ജീപ്പും ബസും കയറി തൃശൂർ എത്തണം. പ്രാർത്ഥിച്ചു ഞാൻ ഇറങ്ങാൻ തുടങ്ങിയപ്പോൾ ആ ദൈവദാസൻ എനിക്ക് 5 രൂപ നൽകി. സ്തോത്രം പറഞ്ഞു സന്തോഷത്തോടെ ഞാൻ ഇറങ്ങി. തിരികെ നടന്നു വേണം പട്ടണത്തിൽ എത്തുക. കാരണം ഇന്നലത്തെ ജീപ്പ് തകരാറായി ട്രിപ്പ് മുടക്കിയിരിക്കുവാ. അങ്ങനെ നടന്നു അടിമാലിയിൽ എത്തി. നല്ല ക്ഷീണം, ഒരു ചായ കുടിക്കാൻ വലിയ ആഗ്രഹം എന്നാൽ തൃശ്ശൂർ എത്താനുള്ള കൃത്യം പണം മാത്രമേ കൈയ്യിൽ ഉള്ളു. ചായ കുടിച്ചാൽ വീട്ടിൽ എത്താനുള്ള പണം തികയില്ല. വാഹനം വരുന്നതു വരെ അവിടെത്തന്നെ ഇരുന്നു. തലേന്ന് നടന്ന മീറ്റിംഗിൽ പങ്കെടുത്ത ചിലർ എന്നെ കണ്ടിട്ട് പാട്ടു പാടുന്ന ആൾ ആണെന്ന് അവിടെ ഉണ്ടായിരുന്ന ചിലരോട് പറഞ്ഞു. അൽപ്പം കഴിഞ്ഞപ്പോൾ അവർ എന്റെ അടുക്കൽ വന്നിട്ട് പാട്ടു പാടാമോ എന്ന് ആവശ്യപ്പെട്ടു. നടന്നു വന്നതിന്റെ നല്ല ക്ഷീണം വകവെയ്ക്കാതെ ഞാൻ ഹാർമോണിയം എടുത്തു പാട്ടുകൾ പാടാൻ തുടങ്ങി. പാപത്തിന്റെ പടുകുഴിയിൽ കിടന്ന എന്നെ തേടിവന്ന യേശുവിന്റെ സ്നേഹത്തെ അറിയാവുന്ന ഭാഷയിൽ ഞാൻ സാക്ഷ്യമായി പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ അനേകം ആളുകൾ വന്നു കൂടി. ഒരാൾ എനിക്ക് ഒരു ക്ലാസ് ചായ വാങ്ങി തന്നു. ഇതിനിടയിൽ ഒരു രസകരമായ സംഭവം നടന്നു. ആരോ ഒരു തോർത്ത് നിലത്തുവിരിച്ചു ചിലർ ചില്ലറ തുട്ടുകൾ അതിൽ ഇടാൻ തുടങ്ങി. തോർത്തും അതിലെ പൈസയും എടുക്കാൻ ഞാൻ അവരോട് ആവശ്യപ്പെട്ടു. അവർ അത് മാറ്റി. പിന്നെയും കുറെ സമയം കൂടി പാടി. പാട്ടുകൾ പാടി കഴിഞ്ഞപ്പോൾ അവർ എല്ലാവരും കൂടി എന്റെ അടുക്കൽ വന്നു. ഒരാൾ കുറച്ചു പൈസ എന്റെ കൈയ്യിൽ വെച്ചു. തുറന്നു നോക്കിയപ്പോൾ 10 രൂപ ഉണ്ട്. കണ്ണുകൾ നിറഞ്ഞു കൊണ്ടു എന്റെ ദൈവത്തിനു നന്ദി അർപ്പിച്ചു സന്തോഷത്തോടെ ഞാൻ തൃശൂർ എത്തി. നമ്മുടെ ദൈവം എത്ര വിശ്വസ്തൻ.

ജീവിതത്തിന്റെ ഓരോ പ്രതിസന്ധികളിലും ദൈവ ആശ്രയത്തിൽ മുൻപോട്ട് പോകുന്ന ഏവർക്കും ദൈവം ഒരുക്കിയിട്ടുള്ളത് ഒരു കണ്ണും കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു ഹൃദയത്തിലും തോന്നിയിട്ടുമില്ല. ദൈവത്തിന്റെ കരുതൽ അവർണ്ണനീയമാണ്. ദൈവത്തിൽ വിശ്വസിച്ചു ക്രിസ്തീയ ജീവിതം മുൻപോട്ട് തന്നെ പോകട്ടെ. അന്നും ഇന്നും എന്നും എനിക്ക് പാടുവാനുള്ളത്

പാടുവാൻ എനിക്കില്ലിനി ശബ്ദം
പാവനനെ നിൻ സ്തുതികൾ അല്ലാതെ
പാരിലെൻ ജീവിതം തീരും വരെയും
പാടിടും ഞാൻ നിനയ്ക്കായി മാത്രം

-ഭക്ത വത്സലൻ

 

 

-ADVERTISEMENT-

-Advertisement-

Leave A Reply

Your email address will not be published.