പനി വരുമ്പോള്‍ മെഡിക്കല്‍ സ്‌റ്റോറിലേക്കോടുന്നവരോട്, നിങ്ങളുടെ ‘ഇഷ്ടമരുന്ന്’ ചിലപ്പോള്‍ നിരോധിക്കപ്പെട്ടതാകും

ദില്ലി: തലവേദനയും പനിയും വരുമ്പോള്‍ നേരെ മെഡിക്കല്‍ ഷോപ്പില്‍ പോയി ഇഷ്ടമുള്ള മരുന്ന് വാങ്ങി തിന്നുന്നവര്‍ സൂക്ഷിക്കുക, മലയാളികളുടെ ‘ഇഷ്ടമരുന്നുകള്‍’ പലതും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. വിവിധ മരുന്നുകളുടെ സങ്കരയിനങ്ങളായ ഗുളികകളാണ് സര്‍ക്കാര്‍ നിരോധിച്ചത്. പൊതുജന ആരോഗ്യം മുന്‍ നിര്‍ത്തിയാണ് നിരോധനമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടോ അതിലധികമോ ഡോസുകള്‍ നിശ്ചിത അളവിലധികം ചേര്‍ത്ത് നിര്‍മ്മിക്കുന്നെന്ന് കണ്ടെത്തിയ മരുന്നുകളാണ് നിരോധിച്ചത്. മാര്‍ച്ച് 12ന് പുറത്തിറങ്ങിയ ഉത്തരവനുസരിച്ച് 350 ഓളം ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകളാണ്(എഫ്ഡിസി) നിരോധിച്ചത്. നിരോധനം നിലവില്‍ വന്നതായും മന്ത്രാലയം അറിയിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

പ്രമേഹം, ശ്വാസകോശരോഗങ്ങള്‍, വേദനസംഹാരി, പകര്‍ച്ചവ്യാധി, ദഹനരോഗങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകളെയാണ് നിരോധനം ഏറെ ബാധിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡോക്ടര്‍മാരും ഫാര്‍മസിക്കാരും പോലും നിരോധനത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. 2700 ഓളം മരുന്നുകളെ നിരോധനം ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 485 കോടിയുടെ വാര്‍ഷിക നഷ്ടം ലുപിന്‍, സണ്‍ ഫാര്‍മ്മാ, ഗ്ലന്‍മാര്‍ക്ക്, വോക്ക്ഹാര്‍ഡ്റ്റ്, അരിസ്‌റ്റോ, ഇന്റാക് എന്നീ കമ്പനികള്‍ക്ക് മാത്രം നഷ്ടമുണ്ടാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.

ഏതൊക്കെ മരുന്നുകളാണ് നിരോധിച്ചതെന്ന് തിരിച്ചറിയാതെ അങ്കലാപ്പിലാണ് ഡോക്ടര്‍മാര്‍. എന്തായാലും പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷികാകാനാമല്ലോ നടപടിയെല്ലാമെന്ന ആശ്വാസത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. പനി വരുമ്പോള്‍ മെഡിക്കല്‍ സ്‌റ്റോറില്‍ ഓടിപ്പോയി മരുന്ന് പറയുമ്പോള്‍ ഓര്‍ക്കണം, ചിലപ്പോള്‍ നിങ്ങളുടെ ആ ഇഷ്ടമരുന്ന് നിരോധിക്കപ്പെട്ടതായിരിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like