കവിത : എനിക്കായ്
പ്രവചനത്തിൻ നിവൃത്തിക്കായി വന്ന എന്‍ നാഥനെ
പ്രവചിക്ക എന്ന് പറഞ്ഞവർ മർദ്ദിച്ചു.
തുപ്പൽ തൊട്ട് സൗഖ്യമാക്കിയ നാഥനെ
തുപ്പൽ കൊണ്ടവർ അഭിഷേകം ചെയ്തു

ചെകിടനും ചെവിയറ്റവനും സൗഖ്യം കൊടുത്തവൻ
ചെകിടത്ത് അടികൾ വാങ്ങിടുന്നു.
രാജാധി രാജാവാം കർത്താവിനെ അവർ
മുൾകിരീടം ചൂടിച്ചു രാജാവാക്കുന്നു.
അന്ത്യം വരെ സ്നേഹിക്കുമെന്ന പറഞ്ഞ
അരുമയാം ശിഷ്യനും തള്ളി പറഞ്ഞു.
മുപ്പതു വെള്ളിക്കാശിനായി ചുംബനം കൊണ്ട്
നീചനാം ശിഷ്യനും ഒറ്റികൊടുത്തു.
Download Our Android App | iOS App
സർപ്പത്തിൻ തല തകർക്കുന്നവനെ
ശിരസ്സിൽ അടിച്ചവർ തൃപ്തരാകുന്നു
മുട്ടുകുത്തി പ്രാർത്ഥിച്ച നാഥനെ
മുട്ടുകുത്തി നിന്നവർ പരിഹസിക്കുന്നു.
ദാഹിക്കുന്നവന് ജീവജലം കൊടുത്തവനെ
പുളിച്ച വീഞ്ഞ് കൊണ്ട് തൃപ്തനാക്കുന്നു.
സർവ്വ ലോക രക്ഷിതാവിനെ അവർ
സ്വയം രക്ഷക്കായി വെല്ലുവിളിക്കുന്നു .
കുറ്റമില്ലാത്ത എൻ നാഥനെ അവർ
കുറ്റക്കാർക്കിടയിൽ ശിക്ഷ വിധിച്ചു.
കള്ളമില്ലാത്ത എൻ കർത്തനെ അവർ
കള്ളന്മാർക്കൊപ്പം ക്രൂശിച്ചിടുന്നു.
ചങ്കിലെ ചോരയുടെ അവസാന തുള്ളിയും
തന്നവൻ സ്വന്ത തോളിൽ തല ചായിച്ചു.
എൻ രക്തത്തിന് മറു വിലയായും
എൻ പാപത്തിൻ മറുപടിക്കായും.