ലേഖനം:സാമ്പത്തിക ഉയര്‍ച്ച അനുഗ്രഹമോ ? | ജോൺസൺ വെടികാട്ടിൽ

ലൌകീക മനുഷ്യരുടെ സാമ്പത്തിക ഉയര്‍ച്ചയെ “അനുഗ്രഹം ” എന്ന് വിളിക്കുന്നത്‌ എത്രത്തോളം ശരിയാണ്?. ദൈവീക പ്രസാദത്തിന്റെ അളവുകോൽ സാമ്പത്തിക ഉയർച്ചയിൽ അധിഷ്ട്ടിതമൊ ? ഈ ഇടയായി മുഴങ്ങി കേൾക്കുന്ന പ്രസംഗങ്ങളും പഠിപ്പിക്കലുകളും പലപ്പോഴും സാമ്പത്തികമായി താഴ്ന്ന നിലവാരത്തിൽ ജീവിക്കുന്ന ഒരുവനിൽ നിരാശ ഉളവാക്കുന്നതത്രേ. യേശു രക്തം ചിന്തിയതു നമ്മെ ഭൌതീക സമ്പന്നർ ആക്കുവാനൊ ? ഒരു ദൈവ പൈതലിന്റെ ലോക വീക്ഷണം മുതലാളിത്വ മനോഭാവ കേന്ദ്രീക്രിതം ആകുന്നതു തിരുവചന വ്യവസ്ഥക്ക് അനുകൂലമോ ? ഇന്നത്തെ ലോകക്രമത്തിലേക്ക് കണ്ണോടിച്ചാൽ അത് അർത്ഥ ശങ്കക്കിടയില്ലാതെ നമ്മോടു വിളിച്ചു പറയുന്ന യാഥാര്‍ധ്യം അത്രേ ( സാമ്പത്തിക ഉന്നമനം അത് വ്യക്തികളുടെ ആയാലും , പ്രസ്ഥാനങ്ങളുടെ ആയാലും, രാജ്യങ്ങളുടെ ആയാലും), സാമ്പത്തിക ഉന്നമനത്തിന്റെ പിന്നിൽ ചൂഷണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടം ജനവിഭാഗത്തിന്റെ തേങ്ങലുകൾ. സാമ്പത്തിക ഉയര്‍ച്ചയുടെ പ്രതീകങ്ങളായി നമ്മുടെ മുൻപിൽ പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്ന പല വ്യക്തിത്വങ്ങളുടെയും സമ്പത്ത് പലപ്പോഴും നേരായ മാര്‍ഗത്തിലൂടെ ആകണം എന്നില്ല. ദൈവത്തിനു ഉള്ളത് ദൈവത്തിനും കൈസർക്കുള്ളത് കൈസർക്കും കൊടുക്കുവാൻ ദൈവീക വ്യവസ്ഥ. എന്നാൽ നേരാം വണ്ണം നികുതി കൊടുക്കാതെ, കള്ള നോട്ടും, കള്ളപ്പണവും ഉണ്ടാക്കി, ചതിയിലൂടെയും, വഞ്ചനയിലൂടെയും , ജനത്തെയും , സര്‍ക്കാരിനേയും കളിപ്പിച്ചു നേടുന്നത് മുതലായവ……

ഒരു വിധത്തിലും ഒരു ദൈവ പൈതലിനു ഒട്ടും അനുകരണീയമായ മാര്‍ഗത്തിലൂടെ അല്ലാതെ നാലു കാശ് ഉണ്ടാക്കി അതിനെ അവിഹിത മാര്‍ഗത്തിലൂടെ വിനിമയം ചെയ്തു സമ്പന്നർ ആയവർ അത്രേ പല സമ്പന്ന വിഗ്രഹങ്ങളും. അങ്ങനെ ഉള്ളവരുമായി ഒരു ദൈവ പൈതലിനെ താരതമ്യം ചെയ്യുന്നത് അനുചിതം അത്രേ. സാമ്പത്തിക ഉയര്‍ച്ചയെ സാമ്പത്തിക അനുഗ്രഹം എന്ന് വിളിക്കുന്നത്‌ ശരിയോ ? ഒരു വ്യക്തിയുടെ സാമ്പത്തിക ഉയര്‍ച്ചക്ക് പിന്നിൽ പലവിധ കാരണങ്ങൾ ഉണ്ടാകാം.എന്നാൽ സാമ്പത്തിക അനുഗ്രഹം അത് ദൈവീക ദാനം ആണ് . ഒരിക്കലും സാമ്പത്തിക ഉന്നമനം ഒരു ദൈവ പൈതലിനു നിഷിദ്ധം അല്ല. പഴയ നീയമം പഠിച്ചാൽ പലപ്പോഴും ദൈവീക അനുഗ്രഹങ്ങള്‍ക്ക് പ്രത്യക്ഷ ലക്ഷണം ആയി സമ്പത്തും, അധികാരവും ദർശിക്കുവാൻ സാധിക്കുന്നു. ഉദാ: അബ്രഹാം, യിസഹാക്ക് , യാക്കോബ്, സാമുവേൽ , ഡേവിഡ്‌ തുടങ്ങിയവര്‍.

പുതിയ നീയമത്തിലും പല ഭാഗങ്ങളിൽ നമ്മുക്കിത് ദര്‍ശിക്കുവാനായ് സാധിക്കുന്നു. പക്ഷെ ഇട്ടു മൂടാൻ സ്വത്തു ഉണ്ടായിട്ടും സുഖമായി ഒന്നു ഉറങ്ങുവാൻ സാധിക്കാത്ത സമ്പന്നനെക്കാൾ ശ്രേഷ്ടം അത്രേ ഉള്ളതുകൊണ്ട് സമാധാനമായ് കഴിഞ്ഞു കൂടുന്ന സാധുവായ ഒരു ദൈവ പൈതലിന്റെ ജീവിതം. സമ്പത്തിന്റെ പിന്നാലെ പോയി വ്യക്തി ബന്ധങ്ങളും കുടുംബ ബന്ധങ്ങളും തച്ചുടച്ചു ജീവിത സായാഹ്നത്തിൽ അനാഥത്വം അനുഭവിക്കുന്നവനെക്കാൾ എത്രയോ ഭേദം ആണ് ഉറപ്പുള്ള ഒരു സുഹൃത്ത് ബന്ധത്തിന്റെയും കുടുംബ ജീവിതത്തിന്റെയും ഉടമ ആകുക എന്നത്. ദ്രവ്യാഗ്രഹം എന്ന വിഗ്രഹ ആരാധനയെകുറിച്ചുള്ള പൗലോസ്‌ അപ്പോസ്തോലന്റെ മുന്നറിയിപ്പ് ശ്രദ്ധിക്കുക!. നമ്മുടെ ദൃഷ്ടിയിൽ മറഞ്ഞിരിക്കുന്ന അല്ലെങ്കിൽ നമുക്ക് അറിവില്ലാത്ത ഏതെങ്കിലും കാരണം ആകാം ഒരു വ്യക്തി സാമ്പത്തിക അനുഗ്രഹം പ്രപിക്കുന്നതിനു പിന്നിൽ . അതൊരു പക്ഷെ മുൻ തലമുറ ചെയ്ത പുണ്ണ്യ പ്രവര്‍ത്തിയും ആകാം. കാരണം ദൈവ വചനം വളരെ വ്യക്തമായി പറയുന്നു “ലോഭമായി വിതക്കുന്നവൻ ലോഭമായി കൊയ്യും ധാരാളമായി വിതക്കുന്നവൻ ധാരാളമായി കൊയ്യും;ഔധാര്യ മാനസൻ പുഷ്ടി പ്രാപിക്കും “.അതേ, യഹോവയുടെ അനുഗ്രഹത്തൽ സമ്പത്തുണ്ടാകുന്നു.

സാമ്പത്തിക ഉയര്‍ച്ചയും സാമ്പത്തിക സ്വാതന്ത്ര്യവും രണ്ടു വ്യത്യസ്ഥ അനുഭവങ്ങൾ ആണ്. ലോകപ്രകാരം സാമ്പത്തികമായി ഉന്നത നിലവാരത്തിൽ വിഹരിക്കുന്ന എന്ന് ലോകം വിധി എഴുതുന്ന വ്യക്തിക്ക് ഒരുപക്ഷെ യഥാര്‍ഥ സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കുവാൻ സാധിക്കണം എന്നില്ല. എന്നാൽ സാധുവായ ഒരു ദൈവ പൈതലിനു പലപ്പോഴും സാമ്പത്തിക വിഷയത്തിൽ വളരെ സ്വാതന്ത്ര്യം അനുഭവിക്കുവാൻ കഴിഞ്ഞു എന്നും വരാം. ആർത്തി , ആവശ്യം, അത്യാവശം എന്നീ ക്രമത്തിൽ ഒരു ലൗകീകൻ സഞ്ചരിക്കുമ്പോൾ അത്യാവശ വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു ഒരു ആത്മീയൻ ത്രിപ്തൻ ആകുന്നു. ആർത്തി ഉള്ളവന് ഒരിക്കലും തൃപ്തി ഉണ്ടാകുന്നില്ല. സാമ്പത്തിക വിഷയത്തോടുള്ള ബന്ധത്തില്‍ യാഥാർത്ഥ അനുഗ്രഹം സാമ്പത്തിക സ്വാതന്ത്ര്യം അത്രേ. ബാങ്ക് ബാലന്‍സുകൾക്ക് അത് നല്കുവാൻ സാധിച്ചില്ല എങ്കിലും ക്രിസ്തു യേശുവിൽ ഭക്തിയോടെ ജീവിക്കുന്ന ഏവനും അത് അവകാശം ആക്കാം. അതുകൊണ്ടത്രേ എബ്രായ ലേഖകന കർത്താവു പറയുന്നത് “ഉള്ളത് കൊണ്ട് തൃപ്തി പെടുന്ന അവസ്ഥ ” സമ്പന്നതയിലും ദാരിദ്ര്യത്തിലും അനുഭവിക്കുന്ന ഒരു സ്വസ്ഥത. ക്ഷാമ കാലത്തും ക്ഷേമമായി പോറ്റുന്ന ദൈവീക പദ്ധതി. അതത്രേ യാഥാർത്ഥ സാമ്പത്തിക അനുഗ്രഹം. അതേ, ദൈവ മക്കൾ അനുഭവിക്കുന്ന ആ സ്വസ്ഥത അത്രേ യാഥാർത്ഥ സാമ്പത്തിക അനുഗ്രഹം.

ദൈവീക പണിയോടുള്ള ബന്ധത്തിൽ ദൈവം ഒരുവനെ ഒരുക്കി എടുക്കുന്നതിന്റെ ഭാഗമായി ചിലപ്പോൾ സാമ്പത്തിക ഞരുക്കത്തിൽ കൂടി കടത്തി വിട്ടു എന്ന് വരാം . അതിനെ ശാപമായ് ചിത്രീകരിക്കുന്ന ആധുനീക പഠിപ്പിക്കലുകൾ ദൈവീക പദ്ധതിയോടുള്ള വെല്ലുവിളി അത്രേ. പക്ഷെ അതൊരു താല്ക്കാലിക പ്രതിഭാസം മാത്രം ആയിരിക്കും. അവരുടെ തലമുറയില തന്നെ അല്ല എങ്കിൽ അവരുടെ മക്കൾ തീര്‍ച്ചയായും സാമ്പത്തികമായി അനുഗ്രഹിക്കപ്പെട്ടിരിക്കും. ദൃഷ്ടാന്തങ്ങൾ നിരവധി അത്രേ നമ്മുടെ കണ്മുൻപിൽ. “സമ്പത്ത് യഹോവയുടെ അനുഗ്രഹം , അധ്വാനത്താല്‍ അതിനോടൊന്നും കൂടുന്നില്ല .അവൻ നീതിമാന്റെ നിലത്തിലും ദുഷ്ടന്റെ നിലത്തിലും ഒരേ പോലെ മഴ പെയ്യിക്കുന്നു.

ദൈവീക വ്യവസ്ഥകളെയും പ്രകൃതി നീയമങ്ങളെയും വെല്ലു വിളിച്ചുകൊണ്ടു നടക്കുന്ന വികൃതമായ വികസനത്തെയും അതിന്റെ മറവിൽ നടക്കുന്ന ചൂഷണങ്ങളോടും ദൈവ ജനം അകലം പ്രാപിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത അത്രേ. സാമ്പത്തിക ഉന്നമനത്തിനു വേണ്ടി ഏതറ്റം വരെയും കടന്നു ചെല്ലുവാൻ ഒരു ദൈവ പൈതലിനു ആവതില്ല. ” ദൈവീക അനുഗ്രഹം അല്ലാത്തതെല്ലാം നശ്വരം അത്രേ. അത് ഇന്ന് കണ്ടു നാളെ വാടിപോകുന്ന പൂവിനോട് സദ്രിശ്യം അത്രേ.എന്തായാലും ഈ മര്‍മ്മം മനസിലാക്കിയിട്ടില്ലാത്ത ദൈവ മക്കൾ സമ്പത്തിനു പിന്നാലെ പായുമ്പോൾ പണ്ട് നമ്മുടെ കവി ശ്രേഷ്ടന്മാർ ഇങ്ങനെ പാടിയിരുന്നു….

“കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ…

കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ…

രണ്ടു നാല് ദിനം കൊണ്ടൊരുത്തനെ…

തണ്ടിലേറ്റി നടത്തുന്നതും ഭവാൻ…

മാളിക മുകളേറിയ മന്നന്റെ…

തോളിൽ മാറാപ്പു കയറ്റുന്നതും ഭവാൻ…”

നന്മയും കരുണയും എല്ലായ്പ്പോഴും നമ്മെ പിന്തുടരുമാരാകട്ടെ…!!!

-ADVERTISEMENT-

-Advertisement-

You might also like

Comments are closed.