ലേഖനം: മനുഷ്യർ നമ്മെ മറന്നാലും ദൈവം ഒരിക്കലും മറക്കില്ല | സിബി ബാബു, യു. കെ
ദൈവ വചനത്തിൽ ഉള്ള ആഴമേറിയ ഒരു സത്യം ആണ്: ദൈവത്തെ മാനിക്കുന്നവരെ ദൈവവും മാനിക്കും എന്നത്, എന്നാൽ അത് ഒരു മനുഷ്യൻ ചിന്തിക്കുന്നത് പോലെ അല്ല ദൈവത്തിന്റെ മാന്യത എന്നെ ഉള്ളൂ. മനുഷ്യർ തള്ളിയതിനെ ദൈവം ഉയർത്തുന്നു. ഈ സത്യത്തിന്റെ ഏറ്റവും ശക്തമായ ഉദാഹരണങ്ങളിൽ ഒരാളാണ് യോസഫ്.
യോസഫിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്, മനുഷ്യരുടെ അനീതിയും വഞ്ചനയും ദൈവത്തിന്റെ പദ്ധതിയെ ഒരിക്കലും തടയാൻ കഴിയില്ല എന്നതാണ്. സഹോദരന്മാർ അവനെ അസൂയകൊണ്ടും, അപ്പന്റെ പ്രിയ പുത്രൻ എന്ന് പറഞ്ഞു കൊണ്ടും വെറുത്തു. അവനെ കൊല്ലാൻ വരെ ആലോചിച്ചു. അവസാനം അവന്റെ സ്വന്തം സഹോദന്മാർ തന്നെ അവനെ ഒരു അടിമയായി വിറ്റുകളഞ്ഞു (ഉല്പത്തി 37:28). സ്വന്തം സഹോദരന്മാർ തന്നെ വഞ്ചിച്ചപ്പോൾ മനുഷ്യന്റെ കാഴ്ചയിൽ യോസഫിന്റെ ജീവിതം അവസാനിച്ചു കഴിഞ്ഞു എന്ന് നമുക്ക് തോന്നാം. പക്ഷേ ദൈവത്തിന്റെ കാഴ്ചയിൽ അത് യോസഫിന്റെ ഒരു പുതിയ തുടക്കമായിരുന്നു.
തിരുവചനം നമ്മേ വ്യക്തമാക്കുന്നത്: “യഹോവ യോസഫിനോടുകൂടെ ഉണ്ടായിരുന്നു; (ഉല്പത്തി 39:2).
അടിമത്തത്തിലായിരുന്നിട്ടും യോസഫിന്റെ ജീവിതത്തിൽ ദൈവത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. മനുഷ്യർ അവനെ ഒരു അടിമയായി കണ്ടെങ്കിലും ദൈവം അവനെ തന്റെ പദ്ധതിയുടെ ഭാഗമായിത്തന്നെ കണ്ടു.
പൊത്തിഫറിന്റെ വീട്ടിൽ യോസഫ് വിശ്വസ്തതയോടെ കൂടെ അവനെ സേവിച്ചു. ദൈവഭയത്തോടുകൂടിയ ജീവിതം അവൻ നയിച്ചു. അതുകൊണ്ടാണ് പൊത്തിഫർ അവന്റെ മേൽ വിശ്വാസം വെച്ചത് (ഉല്പത്തി 39:4–6). എന്നാൽ ദൈവത്തെ ഭയപ്പെട്ട് ജീവിതം നയിക്കുന്നവർക്ക് പരീക്ഷകൾ ഇല്ല എന്നല്ല. യോസഫിന്റെ ജീവിതത്തിൽ വന്ന ഏറ്റവും വലിയ ഒരു പരീക്ഷ ആയിരുന്നു പൊത്തിഫറിനറെ ഭാര്യയുടെ പ്രലോഭനം.
അവൾ യോസഫിനെ പാപത്തിലേക്ക് വീഴ്ത്താൻ ശ്രമിച്ചപ്പോൾ, യോസഫ് പറഞ്ഞ വാക്കുകൾ ആത്മീയമായി വളരെ ശക്തമാണ്:
“ഞാൻ എങ്ങനെ ഈ മഹാ ദോഷം ചെയ്തു ദൈവത്തോട് പാപം ചെയ്യും?” (ഉല്പത്തി 39:9). നമ്മുടെ ജീവിതത്തിലും ഇങ്ങനെ ഒരു അവസ്ഥ വന്നേക്കാം, ആരും കാണില്ല എന്ന അവസ്ഥയിലും പാപം ചെയ്യാനുള്ള ഒരു സാഹചര്യം കടന്ന് വരുമ്പോൾ സർവ്വശകതനായ ദൈവം നമ്മേ കാണുന്നുണ്ട് എന്ന് നാം മറന്നു പോകരുത്.
യോസഫ് മനുഷ്യരെക്കാൾ ദൈവത്തെ അധികം മാനിച്ചു. ആരും കാണുന്നില്ലെന്ന് തോന്നിയ സമയത്തുപോലും അവൻ ദൈവത്തെ ഓർത്തു. അതുകൊണ്ടാണ് അവൻ പാപത്തിൽ നിന്ന് ഓടിപ്പോയത്. എന്നാൽ അതിന്റെ ഫലം എന്നത് മനുഷ്യരുടെ കാഴ്ചയിൽ തെറ്റായിരുന്നു.
തെറ്റായ കുറ്റാരോപണം മൂലം അവനെ ജയിലിലാക്കി (ഉല്പത്തി 39:20).
മനുഷ്യരുടെ കാഴ്ചയിൽ യോസഫിന്റ ജീവിതം ഒരു പരാജയമായിരുന്നു. എന്നാൽ ബൈബിൾ വീണ്ടും പറയുന്നു:
“യഹോവ യോസഫിനോടുകൂടെ ഉണ്ടായിരുന്നു.” (ഉല്പത്തി 39:21).
ജയിലിലും ദൈവത്തിന്റെ കൃപ അവന്റെ മേൽ ഉണ്ടായിരുന്നു. മനുഷ്യർ അവനെ മറന്നു എങ്കിലും ദൈവം അവനെ മറന്നില്ല. ദൈവത്തിന്റെ സമയം വന്നപ്പോൾ, ജയിലിലെ ഒരു തടവുകാരനായിരുന്ന യോസഫ് മിസ്രയീമിന്റെ ഭരണാധികാരിയായി ഉയർത്തപ്പെട്ടു (ഉല്പത്തി 41:41).
ഒരു ദിവസം അടിമയായി വിറ്റവൻ പിന്നീട് രാജാവിന്റെ അരികിൽ നിൽക്കുന്നവനായി. സഹോദരന്മാർ തള്ളിയവനെ ദൈവം ഒരു രാജ്യത്തിന്റെ രക്ഷകനാക്കി മാറ്റി. ക്ഷാമകാലത്ത് അനേകം ജനങ്ങളുടെ ജീവൻ രക്ഷിക്കുവാൻ ദൈവം യോസഫിനെ ഉപയോഗിച്ചു.
പിന്നീട് സഹോദരന്മാർ യോസഫിന്റെ മുന്നിൽ വന്നപ്പോൾ അവൻ അവരോട് പറഞ്ഞ വാക്കുകൾ ദൈവത്തിന്റെ പദ്ധതിയുടെ ആഴം വെളിപ്പെടുത്തുന്നതാണ്,
“നിങ്ങൾ എനിക്ക് ദോഷം വിചാരിച്ചുവെങ്കിലും ദൈവം അതിനെ നന്മയ്ക്കായി മാറ്റി.” (ഉല്പത്തി 50:20).
ഇതാണ് ദൈവത്തിന്റെ പദ്ധതി. മനുഷ്യർ നമുക്കെതിരെ ദോഷം ആലോചിച്ചാലും ദൈവം അതിനെ തന്റെ മഹത്വത്തിനായി മാറ്റാൻ കഴിയും. യോസഫിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് ഇതാണ്, ദൈവത്തെ മാനിക്കുന്നവരെ ദൈവം ഒരുനാളും അവഗണിക്കില്ല എന്നതാണ്.
ബൈബിൾ പറയുന്നു:
“എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും.” (1 ശമൂവേൽ 2:30).
യോസഫ് ദൈവത്തെ മാനിച്ചു. പ്രലോഭനത്തിൽ പോലും ദൈവഭയം വിട്ടില്ല. അനീതിയിലും നിരാശയിലും അവൻ ദൈവത്തെ വിശ്വസിച്ചു. അതുകൊണ്ടാണ് ദൈവം അവനെ ഉയർത്തിയത്.
ഇന്ന് നമ്മുടെ ജീവിതത്തിലും ഇതേ സത്യമാണ് ദൈവത്തിനു നമ്മോടു പറയാനുള്ളത്. മനുഷ്യർ നമ്മെ തെറ്റിദ്ധരിച്ചാലും, അപമാനിച്ചാലും, തള്ളിയാലും ദൈവം നമ്മെ കാണുന്നു. ദൈവഭയത്തോടുകൂടി വിശ്വസ്തതയോടെ നിൽക്കുന്നവരെ ദൈവം ഒരു നാളും ഉപേക്ഷിക്കുകയില്ല.
അതിനാൽ നാം നമ്മുടെ ജീവിതത്തിൽ എടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട തീരുമാനം ഇതാണ്:
മനുഷ്യരെ പ്രസാദിപ്പിക്കണോ? അതോ ദൈവത്തെ പ്രസാദിപ്പിക്കണോ?
യോസഫ് ദൈവത്തെ പ്രസാദിപ്പിക്കുന്നത് തെരഞ്ഞെടുത്തു. അതുകൊണ്ടാണ് ദൈവം അവനെ മാനിച്ചത്.
ദൈവം ഇന്നും അതേ ദൈവമാണ്. ദൈവം ഇന്നും അനന്യൻ ആണ്. അവനെ മാനിക്കുന്നവരെ അവൻ ഇന്നും മാനിക്കുന്നു. മനുഷ്യർ നമ്മെ മറന്നാലും ദൈവം മറക്കില്ല. അവന്റെ സമയത്ത് അവൻ നമ്മെ ഉയർത്തും.
സിബി ബാബു, യു. കെ.

- Advertisement -



Comments are closed, but trackbacks and pingbacks are open.