ലേഖനം: മാറായെ മധുരമാക്കുന്ന ദൈവം | റ്റോജോ തോമസ്, ദുബായ്
മനുഷ്യജീവിതം ദൈവത്തിന്റെ കൈപിടിച്ച് ആരംഭിക്കുന്ന ഒരു ദൈവിക യാത്രയാണ്. ആ യാത്ര എല്ലായ്പ്പോഴും സമതലമായിരിക്കണമെന്നില്ല; ചിലപ്പോൾ അത് കുന്നുകളും താഴ്വരകളും കടന്നുപോകും, ചിലപ്പോൾ കടുത്ത മരുഭൂമികളിലൂടെയും. മരുഭൂമിയിലെ ഏറ്റവും വലിയ വേദന ദാഹമാണ്. ദാഹം ശരീരത്തിന്റെ മാത്രം ആവശ്യമല്ല അത് ആത്മാവിന്റെ ആർത്തിയും കൂടിയാണ്. അത്തരമൊരു ദാഹത്തിന്റെ നടുവിലാണ് ഇസ്രായേൽ ജനത മാറാ എന്ന സ്ഥലത്തെത്തുന്നത്.
ഇസ്രായേൽജനതയുടെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ആത്മീയ പ്രതിസന്ധിയായിരുന്നു മാറാ. ചെങ്കടൽ പിളർത്തി, ശത്രുക്കളുടെ മുന്നിൽ ദൈവത്തിന്റെ മഹത്വം ദർശിച്ചവർ, മൂന്നു ദിവസത്തെ മരുഭൂമി യാത്രയ്ക്കുശേഷം ദാഹത്താൽ വലഞ്ഞ് ഒരു ജലാശയത്തിനരികിലെത്തി. വെള്ളം ഉണ്ടായിരുന്നു എന്നാൽ അത് അവരുടെ ദാഹം തീർക്കുന്നതിന് പകരം ഹൃദയത്തിൽ കയ്പ്പ് നിറച്ചു. ‘മാറാ’എന്നത് വെറും ഒരു ഭൂമിശാസ്ത്രപരമായ ഇടമല്ല; മനുഷ്യജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ദുരന്തങ്ങളുടെയും, മറുപടിയില്ലാത്ത പ്രാർത്ഥനകളുടെയും, തകർന്നുപോയ സ്വപ്നങ്ങളുടെയും പ്രതീകമാണ്.
വിശ്വാസത്തിന്റെ ആവേശം കയ്പ്പിന്റെ അനുഭവത്തിൽ പരാതിയായി മാറാൻ അധികസമയം വേണ്ടിവന്നില്ല. സ്തുതിഗീതങ്ങൾ ആലപിച്ച അധരങ്ങൾ പെട്ടെന്നുതന്നെ ദൈവത്തെയും മോശെയെയും പ്രതിക്കൂട്ടിലാക്കി. ഇന്നലത്തെ അത്ഭുതങ്ങൾ ഇന്നത്തെ കയ്പ്പിൽ മറന്നുപോകുന്ന മനുഷ്യബലഹീനതയുടെ നേർചിത്രമാണത്.
“അവിടത്തെ വെള്ളം കയ്പുള്ളതായിരുന്നതിനാൽ അതിന് ‘മാറാ’ എന്നു പേരിട്ടു”(പുറപ്പാട് 15:23)
ദൈവം നമ്മെ മാറയിലേക് നയിക്കുന്നത് അത് നമ്മെ നശിപ്പിക്കാനല്ല; നമ്മുടെ വിശ്വാസം ആഴപ്പെടുത്താനാണ്. മാറായിൽ ജനങ്ങൾ തിരഞ്ഞെടുത്തത് പരാതിയുടെ വഴിയായിരുന്നു. ദൈവത്തിന്റെ അത്ഭുതങ്ങൾ ഇന്നലെ അനുഭവിച്ചവരും ഇന്നത്തെ കയ്പ്പിൽ ദൈവത്തെ സംശയിക്കുന്ന മനുഷ്യസ്വഭാവം ഇവിടെ വെളിവാകുന്നു.
ഇവിടെയാണ് മോശെ എന്ന ദൈവദാസൻ വേറിട്ടുനിൽക്കുന്നത്. ജനങ്ങൾ പരാതിയുടെ ഭാഷ സംസാരിച്ചപ്പോൾ, മോശെ നിലവിളിയുടെ അഥവാ പ്രാർത്ഥനയുടെ ഭാഷ തിരഞ്ഞെടുത്തു. പ്രശ്നങ്ങളിലേക്കല്ല, പ്രശ്നപരിഹാരകനായ ദൈവത്തിലേക്കാണ് അവൻ നോക്കിയത്. ഒരു വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം, കയ്പ്പുള്ള അനുഭവങ്ങളിൽ അവൻ എങ്ങനെ പ്രതികരിക്കുന്നു എന്നതുതന്നെയാണ്. പരാതി ജീവിതത്തെ കൂടുതൽ കയ്പുള്ളതാക്കുമ്പോൾ, പ്രാർത്ഥന ആ കയ്പ്പിൽ ദൈവസാന്നിധ്യം കണ്ടെത്താൻ നമ്മെ സഹായിക്കുന്നു.
“മോശെ കർത്താവിനോട് നിലവിളിച്ചു; കർത്താവ് അവനു ഒരു മരം കാണിച്ചു” (പുറപ്പാട് 15:25)
മോശെ നിലവിളിച്ചപ്പോൾ ദൈവം ചെയ്തത് വെള്ളം മാറ്റുകയോ മറ്റൊരു ജലാശയം സൃഷ്ടിക്കുകയോ ആയിരുന്നില്ല. പകരം, അവൻ ഒരു മരം കാണിച്ചുകൊടുത്തു. ആ മരം വെള്ളത്തിലേക്ക് എറിഞ്ഞപ്പോൾ കയ്പുള്ള ജലം മധുരമായി. ഇവിടെ ഒളിഞ്ഞിരിക്കുന്ന ആത്മീയ രഹസ്യം , ആ മരം വെറും ഒരു മരക്കഷണമല്ല; നൂറ്റാണ്ടുകൾക്ക് ശേഷം കാൽവരിയിൽ ഉയരാനിരുന്ന ക്രൂശിന്റെ നിഴലാണ്. ലോകത്തിന്റെ മുഴുവൻ കയ്പ്പും തന്റെമേൽ ഏറ്റുവാങ്ങി മനുഷ്യജീവിതത്തെ മധുരമാക്കിയ ക്രിസ്തുവിന്റെ ക്രൂശാണ് യഥാർത്ഥ മരം.
ദൈവം നമ്മെ മാറായിലേക്ക് നയിക്കുന്നത് നമ്മെ ഉപേക്ഷിച്ചതുകൊണ്ടല്ല; നമ്മുടെ ഉള്ളിലെ അവിശ്വാസത്തിന്റെ കയ്പ്പ് മാറ്റി നമ്മെ ശുദ്ധീകരിക്കാനാണ്. മരുഭൂമിയിൽ വെള്ളമില്ലാത്ത അവസ്ഥയല്ല ഏറ്റവും വലിയ പരീക്ഷണം, മറിച്ച് വെള്ളമുണ്ടായിട്ടും അത് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. അവിടെയാണ് ദൈവം ഇടപെടുന്നത് ഒരു മരത്തിലൂടെ, അഥവാ തന്റെ വചനത്തിലൂടെയും സാന്നിധ്യത്തിലൂടെയും.
ഇവിടെ ദൈവം വെള്ളം മാറ്റിയില്ല; അവൻ വെള്ളത്തിലേക്ക് ഒന്നിനെ ചേർത്തു. ആദ്യം അവൻ ഒരു മരം കാണിച്ചു. ദൈവം എല്ലായ്പ്പോഴും സാഹചര്യങ്ങൾ മാറ്റണമെന്നില്ല; പലപ്പോഴും അവൻ നമ്മെയാണു മാറ്റുന്നത്. കയ്പ്പ് നമ്മെ തകർക്കാനല്ല, ശുദ്ധീകരിക്കാനാണ് അനുവദിക്കുന്നത്.
മാറായിൽ ദൈവം ഇസ്രായേൽജനതയ്ക്ക് ഒരു നിയമവും നൽകി അനുസരണം ഉണ്ടെങ്കിൽ സൗഖ്യം ഉണ്ടാകുമെന്ന് (പുറപ്പാട് 15:26). നമ്മുടെ ജീവിതത്തിലെ കയ്പ്പുള്ള അനുഭവങ്ങൾ പലപ്പോഴും ദൈവം നമ്മോട് സംസാരിക്കുന്ന വേദികളാണ്. രോഗം, സാമ്പത്തിക തകർച്ച, കുടുംബത്തിലെ സംഘർഷങ്ങൾ ഇവയെല്ലാം നമ്മുടെ മാറാകളാകാം. എന്നാൽ അവിടെയാണു ദൈവം തന്റെ മഹത്വം വെളിപ്പെടുത്തുന്നത്.
ഇന്ന് നമ്മുടെ മാറാകൾ എന്തൊക്കെയാണ്? നീണ്ട പ്രാർത്ഥനകൾക്കും മറുപടി ഇല്ലായ്മയോ? വിശ്വസിച്ചവർ വിട്ടുപോയ വേദനയോ? ശുശ്രൂഷയിലെ ക്ഷീണമോ?
കുടുംബജീവിതത്തിലെ സംഘർഷങ്ങളോ? ഓർക്കുക മാറാ അവിടെ അവസാനിക്കുന്നില്ല. ദൈവം നമ്മെ മാറായിൽ ഉപേക്ഷിക്കുന്നില്ല; മാറായിൽ തന്നെയാണ് അവൻ തന്റെ മഹത്വം വെളിപ്പെടുത്തുന്നത്. നമ്മുടെ കണ്ണുകൾക്ക് കയ്പ് മാത്രമേ കാണാനാവൂ; എന്നാൽ ദൈവത്തിന്റെ കൈയിൽ മരം ഇതിനകം തന്നെ തയ്യാറാണ്.
അതുകൊണ്ട് പ്രിയരേ, പരാതി വിട്ട് പ്രാർത്ഥനയിൽ ജാഗരിക്കുക.സംശയം വിട്ട് വിശ്വാസം മുറുക്കെ പിടിക്കുക. മാറായിൽ നിന്ന് ഓടിപ്പോകരുത് അവിടെ ദൈവം പ്രവർത്തിക്കുകയാണ്.
“ഇന്ന് നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ, നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്”(എബ്രായർ 3:15)
മാറായിൽ ദൈവം നമ്മുടെ സാഹചര്യങ്ങൾ മാത്രമല്ല മാറ്റുന്നത്; നമ്മുടെ ഹൃദയദൃഷ്ടിയെയും മാറ്റുന്നു. കയ്പ്പ് സാക്ഷ്യമായി മാറുന്നു, കണ്ണീർ സ്തുതിയായി മാറുന്നു, മരുഭൂമി ദൈവസന്നിധിയുടെ സ്ഥലമായി മാറുന്നു.
മാറായെ മധുരമാക്കുന്ന ദൈവം നമ്മുടെ ജീവിതത്തെയും അവന്റെ മഹത്വത്തിനായി മധുരമാക്കും.
റ്റോജോ തോമസ്, ദുബായ്

- Advertisement -



Comments are closed, but trackbacks and pingbacks are open.