ചെറു ചിന്ത: അഭിഷേകത്തിന്റെ രാജമുദ്രകൾ | ജോജി. പി. തോമസ്, സ്കോട്ട്ലാന്റ്
“അതു മുദ്രയ്ക്കു കീഴിലെ അരക്കുപോലെ മാറുന്നു; വസ്ത്രംപോലെ ആസകലം വിളങ്ങിനില്ക്കുന്നു.” — ഇയ്യോബ് 38:14
രാജാവിന്റെ മുദ്രയ്ക്ക് രാജാവിന്റെ അതേ അധികാരവും വിലയും ഉണ്ട്. ആ മുദ്ര ഉപയോഗിച്ച് തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നതുപോലെ, യേശുക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട നമ്മെ ദൈവം തന്റെ മഹത്വത്തിനായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു. അതിനായി അവൻ നമ്മെ കൃപാവരങ്ങളാൽ നിറയ്ക്കുന്നു.
രാജാവിന്റെ മുദ്ര മനോഹരവും ശക്തിയുള്ളതുമാകാൻ പല പ്രക്രിയകളിലൂടെ കടന്നുപോകണം. അതുപോലെ, നമ്മുടെ ജീവിതത്തിലും പരീക്ഷണങ്ങളും ബുദ്ധിമുട്ടുകളും വരും. അത്തരം സമയങ്ങളിൽ ദുഃഖിക്കുകയോ പരിഭവിക്കുകയോ ചെയ്യാതെ, “ദൈവം എന്നെ ഒരു രാജകീയ മുദ്രയായി രൂപപ്പെടുത്തുകയാണ്” എന്ന് വിശ്വസിക്കണം. ശുദ്ധീകരണത്തിലൂടെയാണ് ആ മുദ്ര കൂടുതൽ തിളങ്ങുന്നത്.
ഒരു വസ്ത്രത്തിൽ പല നിറങ്ങൾ ചേരുമ്പോഴാണ് അത് കൂടുതൽ മനോഹരമാകുന്നത്. ജീവിതത്തിൽ അപ്രതീക്ഷിതമായ പ്രശ്നങ്ങൾ വരുമ്പോൾ, “എന്റെ ജീവിതവസ്ത്രം കൂടുതൽ ഭംഗിയാക്കാൻ ദൈവം പുതിയ നിറം ചേർക്കുകയാണ്” എന്ന് കരുതുക.
ആ വസ്ത്രത്തിന്റെ തുന്നൽ പൂർത്തിയാകുന്ന ദിവസം, ദൈവം അതു നമ്മെ അണിയിക്കുമെന്ന ഉറച്ച പ്രത്യാശയിൽ ജീവിക്കാം.
വിവിധ നിറങ്ങളാൽ അലങ്കരിച്ച മനോഹര വസ്ത്രം ധരിച്ചും, രാജമുദ്രയുടെ അധികാരത്തോടെ ദൈവവേല വിശ്വസ്തമായി ചെയ്യുവാനും വേണ്ട കൃപയ്ക്കായി പ്രാർത്ഥിക്കുന്നവരായിത്തീരുക.
ജോജി. പി. തോമസ്, സ്കോട്ട്ലാന്റ്

- Advertisement -



Comments are closed, but trackbacks and pingbacks are open.