ശാസ്ത്രവീഥി: ബഹുദ്വീപുകളും ഘോഷിച്ചുല്ലസിക്കട്ടെ -1 | പാസ്റ്റർ സണ്ണി പി. സാമുവൽ
ലോകത്തിലെ മൊത്തം ദ്വീപുകളുടെ എണ്ണം കൃത്യമായി നമുക്കു ലഭ്യമല്ല. വലിയ ദ്വീപുകൾ, ഒറ്റപ്പെട്ട ദ്വീപുകൾ, ദ്വീപ് സമൂഹങ്ങൾ എന്നിവയെല്ലാം ചേർന്നു 670,000 മുതൽ 10 ലക്ഷം വരെ ഉണ്ടാകാം എന്നാണു കണക്കാക്കപ്പെടുന്നത്. ദ്വീപുകൾ, ചെറുദ്വീപുകൾ, തുരുത്ത് (islet) എന്നിങ്ങനെയാണു ഇവയെ തരം തിരിച്ചിരിക്കുന്നത്.
ദ്വീപിനെ എങ്ങനെ നിർവ്വചിക്കണം എന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളതിനാലും പ്രകൃതിയിൽ മാറ്റങ്ങൾ സംഭവിക്കുന്നതിനാലും ആണു കൃത്യമായ സംഖ്യ തിട്ടപ്പെടുത്തുവാൻ ആവാത്തത്. ദ്വീപ്സമൂഹങ്ങൾ ചേർന്ന രാജ്യങ്ങൾവരെ ഉണ്ടല്ലോ നോർവേ 320,000 ൽ അധികം ദ്വീപുഖളുടെ സമൂഹമാണ്. സ്വീഡൻ 2,67000, ഇൻഡോനേഷ്യ 17000, ജപ്പാൻ 14000 എന്നീ ക്രമത്തിൽ ദ്വീപുകൾ അടങ്ങിയ രാജ്യങ്ങളാണ്. ഒരു ലക്ഷം ചതുരശ്ര കിലോമീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ള ദ്വീപുകൾ ഏകദേശം 17-20 മാത്രമേ ലോകത്തുള്ളൂ. ലക്ഷക്കണക്കിനു ദ്വീപുകൾ ഉണ്ടെങ്കിലും ബഹുഭൂരിപക്ഷവും 95 ശതമാനത്തിൽ കൂടുതൽ, ഒരു ചതുരശ്ര കിലോമീറ്ററിൽ താഴെ മാത്രം വിസ്തീർണ്ണം ഉള്ളതാണ്.
ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ഡെന്മാർക്കിന്റെ അധീനതയിൽ ആണുള്ളത് -ഗ്രീൻലാൻഡ്. മിനറൽ ഡിപ്പോസിറ്റിനാൽ സമൃദ്ധമായ ഈ ദ്വീപിന്റെമേൽ ആണു ട്രംപിന്റെ കണ്ണുവെച്ചു കോലാഹലം ഉണ്ടാക്കിയിരിക്കുന്നത്. 21,00,000 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. ന്യൂഗിനിയ 7,85,753, ബോണിയോ 7,48,168, മഡഗാസ്കർ 5,87,041, ബാഫിൻ 5,70,481 എന്നീ ക്രമത്തിലാണു ആദ്യത്തെ അഞ്ചു ദ്വീപുകളുടെ വലുപ്പം 2,68,021ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ന്യൂസിലാൻഡ് എന്ന ദ്വീപുരാഷ്ട്രം 49,00,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള, കടലിൽ മുങ്ങിപ്പോയ സീലാൻഡിയ എന്ന ഭൂഖണ്ഡത്തിന്റെ ഒരു ചെറുഭാഗം മാത്രമാണ്.
ലോകത്തിലെ എല്ലാ ദ്വീപുകളുടെയും ആകെ വിസ്തീർണ്ണം 1,03,67,433.22 ചതുരശ്ര കിലോമീറ്ററാണ്. ഇവയെല്ലാം ചേർന്നു ഒറ്റ ഖണ്ഡം ആയാൽ യൂറോപ്പിന്റെയോ കാനഡയുടെയോ അത്രയും വലുപ്പത്തിനു തുല്യമാണ്. ലോക ജനസംഖ്യയുടെ 9% ആയ 73 കോടി ജനങ്ങൾ ഈ ദ്വീപുകളിൽ വസിക്കുന്നു. ലോകത്തിലെ എല്ലാ ദ്വീപുകളും ചേർന്നു ഒരു നിർദ്ദിഷ്ട ഭൂഖണ്ഡം ഉണ്ടാക്കിയാൽ ഏകദേശം 3000 കിലോമീറ്റർ വീതിയിലും 3456 കിലോമീറ്റർ നീളത്തിലും ആഫ്രിക്കക്കും തെക്കേ അമേരിക്കക്കും മദ്ധ്യേ അറ്റ്ലാൻറിക് സമുദ്രത്തിൽ ഭൂമദ്ധ്യരേഖയ്ക്കും പ്രൈയം മെറിഡിയനും മദ്ധ്യേ ഉൾക്കൊള്ളിക്കാനാവും. അങ്ങനെയാണെങ്കിൽ ദശലക്ഷക്കണക്കിന് വർഷങ്ങൾക്കു മുമ്പു സൂപ്പർ ഭൂഖണ്ഡമായിരുന്ന പാൻജിയ വേർപിരിയാൻ തുടങ്ങിയ സ്ഥലത്തായിരിക്കും ഈ സാങ്കല്പിക ഭൂഖണ്ഡം സ്ഥിതിചെയ്യുന്നത്. അറ്റ്ലാന്റിക് സമുദ്രം പിന്നെ ആഫ്രിക്ക-തെക്കേ അമേരിക്ക തീരങ്ങളിലേക്ക് ഒതുങ്ങുന്ന വെറും കടലിടുക്ക് (Channel) ആയി ചുരുങ്ങും. നിർദ്ദിഷ്ട ഭൂഖണ്ഡത്തിനു അറ്റ്ലാന്റിക് എന്നു പേരിടാം. അതിലെ ജനസാന്ദ്രത 70.42 പേർ ആയിരിക്കും. അതൊരു രാജ്യത്തിന്റെ നിലനില്പിനും വളർച്ചയ്ക്കും മതിയായ ജനസംഖ്യ ആയിരിക്കും. ഈ ഭൂഖണ്ഡത്തിന്റെ വടക്കൻ ഭാഗം ഭൂമദ്ധ്യരേഖയിൽ സ്ഥിതി ചെയ്യുന്നതിനാൽ അവിടെ ആമസോൺ-കോംഗോ മഴക്കാടുകൾക്കു സമാനമായ കാലാവസ്ഥ രൂപപ്പെടും. 2000 മില്ലി മീറ്റർ വരെ മഴ ലഭിക്കും. ഉച്ചകഴിഞ്ഞു അതിശക്തമായ ഇടിമിന്നൽ ഉണ്ടാകും. മദ്ധ്യഭാഗത്തെ താപമാനം 40 ഡിഗ്രി വരെ ആകുന്നതിനാൽ അവിടെ സാവന്ന പുൽപ്രദേശമായിത്തീരും. തെക്കൻ ഭാഗത്തു വരണ്ട കാലാവസ്ഥ ആയിരിക്കും. അതിനാൽ കലഹാരി സഹാറാ മരുഭൂമികൾക്കു തുല്യമാകും. അതു സംഭവിക്കാതിരിക്കണമെങ്കിൽ അവിടെ വലിയ നദികളും അവിടവിടെ ഇടവിട്ടു കരിങ്കടൽ, കാസ്പിയൻ സീ പോലെയുള്ള വൻതടാകങ്ങൾ രൂപപ്പെട്ടു വടക്കു പെയ്യുന്ന മഴവെള്ളം ശേഖരിച്ചാൽ മതിയാകും. ഭൂഖണ്ഡത്തിന്റെ നീളം 3725 കിലോമീറ്റർ ആയി വർദ്ധിക്കും അങ്ങനെയായാൽ 400 മുതൽ 800 വരെ മില്ലിമീറ്റർ മഴ ഇവിടെ ലഭിക്കും. വനപ്രദേശങ്ങളും നൈൻനദിയുടെ തടങ്ങളിലേതിനു സമാനമായ ഹരിതവൽക്കരണവും സ്റ്റെപ്പി കാലാവസ്ഥയും ഉൾപ്പെടെ വൈവിധ്യമാർന്ന കാലാവസ്ഥ രൂപപ്പെടും. ഒപ്പം വൈവിധ്യമാർന്ന ജൈവവൽക്കരണവും! രണ്ടു തടാകങ്ങളും ഉപ്പുജലതടാകങ്ങൾ ആവുകയും അവ അറ്റ്ലാൻറിക് സമുദ്രത്തിന്റെ ശേഷിച്ചിരിക്കുന്ന ഭാഗങ്ങളിലേക്ക് തുറക്കപ്പെടുകയും ചെയ്താൽ താപനില 20 ഡിഗ്രി മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയാവും. ഒലിവ്, ഈന്തപ്പന തുടങ്ങിയ ഉപ്പുസഹിഷ്ണുതയുള്ള വിളകൾ സമൃദ്ധമാകും. അറ്റ്ലാൻറിക് സമുദ്രതീരങ്ങളിൽ കണ്ടൽക്കാടുകൾ സമൃദ്ധമാകും അവ ജൈവവൈവിധ്യം ഉറപ്പാക്കുന്ന അതോടൊപ്പം സുനാമി, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളിൽ നിന്നു വൻകരയെ രക്ഷിക്കുകയും ചെയ്യും. പ്രകൃതിദത്തമായ തുറമുഖങ്ങൾ ഉണ്ടാകും. പുൽമേടുകൾ സമൃദ്ധമാകും. ലവണാംശങ്ങൾ പുറത്തു കടലിലേക്കു ഒഴുകുന്നതുമൂലം മണ്ണിന്റെ ആരോഗ്യം ദീർഘകാല അടിസ്ഥാനത്തിൽ ഉറപ്പാക്കുന്നു.
ആഫ്രിക്കയിലെ സഹാറ, സഹേലിയൻ പ്രദേശങ്ങളിൽ നിന്നു പ്രതിവർഷം 275 മില്യൺ ടൺ പൊടിയാണു കാറ്റിൽപറന്നു അറ്റ്ലാൻറിക് സമുദ്രത്തിലും 27.7 മില്യൺ ടൺ ആമസോൺ മഴക്കാടുകളിലും പതിക്കുന്നത്. ഈ പൊടിയാണ് ആമസോൺ കാടുകളെ വളക്കൂറുള്ളതാക്കുന്നത്. കാർഷികവിളകളെയും വനവൽക്കരണത്തെയും സഹായിക്കുന്ന ഫോസ്ഫറസ്, ഇരുമ്പ്, സിലിക്കേറ്റ്, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസിയം, ടൈറ്റാനിയം എന്നിവ ഈ പൊടിയിൽ അടങ്ങിയിരിക്കുന്നു. പുതിയ ഭൂഖണ്ഡം വന്നാൽ ഏകദേശം 31 മില്യൺ ടൺ പൊടി അതിൽ പതിക്കും. ഇതു അവിടെ വനവൽക്കരണവും കാർഷിക സമൃദ്ധിയും നൽകും. ആമസോൺ മഴക്കാടുകൾ ക്രമേണ ഇല്ലാതെയായി, അവിടം സാവന്ന പോലെയുള്ള പുൽമേടുകൾ ആയി മാറും. 140 മുതൽ 400 വരെ വർഷങ്ങൾ കൊണ്ട് നിർദ്ദിഷ്ട ഭൂഖണ്ഡത്തിൽ ആമസോണിനു സമാനമായ ഒരു മഴകാടു രൂപപ്പെടും. അതു പൂർണ്ണരൂപത്തിൽ ജൈവവൈവിധ്യമാർന്ന രൂപത്തിൽ സജ്ജം ആകണമെങ്കിൽ ആയിരം വർഷം വേണ്ടി വരും എന്നാണു കണക്കാക്കപ്പെടുന്നത്.
ശരിക്കും വന്യം, ഭ്രാന്തം, അസംഭവ്യം എന്നൊക്കെ തോന്നാവുന്ന ഈ രീതിയിലുള്ള ഒരു സ്റ്റഡി നടത്തിയത് ആസന്നമായ ഒരു ദുരന്തം മുന്നിൽ കണ്ടുകൊണ്ടാണ്. ഗ്ലോബൽ വാമിങ് എന്ന പ്രതിഭാസം കാരണം കടലിലെ ജലനിരപ്പുയർന്നു ലോകത്തിലെ മിക്ക ദീപുകളും കടലിൽ മുങ്ങിപ്പോവുകയോ വാസയോഗ്യമല്ലാതെയായി തീരുകയോ ചെയ്യും. ലൈൻ ദ്വീപു സമൂഹങ്ങളിൽ ഉൾപ്പെട്ട കിരിബാറ്റിയിലെ സർക്കാർ ഫിജിയിൽ 8.7 മില്യൻ അമേരിക്കൻ ഡോളർ നൽകി 6000 ഏക്കർ സ്ഥലം വാങ്ങി കോളനിവൽക്കരണം ആരംഭിച്ചു കഴിഞ്ഞു. അമേരിക്ക 1952 -ലും 54 -ലും ചതിമാർഗ്ഗത്തിലൂടെ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ച മാർഷൽ ദ്വീപുകളും മുങ്ങിക്കൊണ്ടിരിക്കുകയാണ്. അവിടങ്ങളിലെ ജനങ്ങളെ ഒരു പ്രായശ്ചിത്തം എന്ന നിലയിൽ ദത്തെടുക്കുവാൻ അമേരിക്ക തയ്യാറാണ്. എന്നാൽ അവർ വിമുഖരാണ്. തങ്ങളുടെ രാജ്യം അപകട ഭീഷണിയിൽ ആണെന്നു ലോകത്തെ ബോദ്ധ്യപ്പെടുത്തുവാനായി മാലിദ്വീപ് 2009 ഒക്ടോബർ 17-നു ഒരു മുങ്ങിക്കപ്പലിൽ ക്യാബിനറ്റ് കൂടുകയുണ്ടായി. ഇപ്രകാരം സമുദ്ര സാമീപ്യം കൂടിയതും സമുദ്രനിരപ്പിനോടു ചേർന്നു കിടക്കുന്നതുമായ രാജ്യങ്ങളും ദ്വീപുസമൂഹങ്ങളും ഭയാശങ്കയിലാണ്. 1200 ബില്യൺ ടൺ മഞ്ഞാണ് പ്രതിവർഷം ഉരുകിമാറി കടലിൽ പതിക്കുന്നത്. ഇതുമൂലം പ്രതിവർഷം 59 മില്ലിമീറ്റർ വീതമാണു കടൽനിരപ്പു ഉയരുന്നത്. പടിഞ്ഞാറൻ സൈബീരിയയിലെ യമൽ ഉപദ്വീപിൽ; അന്ത്രാക്സ് മൂലം 100 വർഷം മുമ്പ് ചത്ത ഒരു റെയ്ൻ ഡിയറിന്റെ ശരീരം, മഞ്ഞുരുക്കൽ കാരണം 2016 പുറത്തു വരികയും, ഇതു ഭക്ഷിച്ച നെനെറ്റ് ജനവിഭാഗങ്ങൾക്കിടയിൽ രോഗം പൊട്ടിപ്പുറപ്പെടുകയും ഉണ്ടായി. സമ്പൂര്‍ണ്ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്തുവെന്നു ആധുനിക വൈദ്യശാസ്ത്രം വീമ്പിളക്കുന്ന രോഗാണുക്കള്‍ മഞ്ഞില്‍ നിന്നു പുനര്‍ജ്ജനിക്കുകയാണ്. കിരിബാറ്റിയുടെ രണ്ടു ദ്വീപുകള്‍ 1999-ല്‍ കടലില്‍ മുങ്ങിക്കഴിഞ്ഞു. 2050 ആകുമ്പോഴേക്കും സമുദ്രജലനിരപ്പു ഇപ്പോഴത്തെ നിലയില്‍ നിന്നു 30 സെ.മീ. ഉയര്‍ന്നിരിക്കും. 2100-ല്‍ ഈ മേഖലയെ മുഴുവനായും കടല്‍ വിഴുങ്ങിയിരിക്കും. അതനുസരിച്ചു മഞ്ഞുപാളികളില്‍ ഉറങ്ങിക്കിടന്നിരുന്ന രോഗാണുക്കളും രോഗങ്ങളും പുറത്തുവരും.
പാസ്റ്റർ സണ്ണി പി. സാമുവൽ

- Advertisement -



Comments are closed, but trackbacks and pingbacks are open.