ലേഖനം: “വല്ലാത്ത കാലമല്ല – ഇത് ദൈവത്തിന്റെ നല്ല കാലം തന്നെ” | രഞ്ജിത്ത് ശാമുവേൽ

ഇത് വല്ലാത്ത കാലമാണെന്ന് നാം പലപ്പോഴും പറയാറുണ്ട്. പക്ഷേ കാലത്തെ വിധിക്കുന്നത് നമ്മുടെ കണ്ണുകളല്ല, ദൈവവചനം തന്നെയാണ്.

ദൈവവചന അടിസ്ഥാനത്തിൽ ചലിക്കുന്ന ഒരു ഭക്തന് ഇത് തകർച്ചയുടെ കാലമല്ല, ഉണർവിന്റെ കാലമാണ്; നിശ്ശബ്ദതയുടെ കാലമല്ല, ആത്മപകർച്ചയുടെ മനോഹരമായ ഒരു കാലമാണ്..

സഭാപ്രസംഗി 3:1 ഇങ്ങനെ സാക്ഷ്യം പറയുന്നു:

“എല്ലാറ്റിനും ഒരു സമയമുണ്ട്; ആകാശത്തിൻകീഴുള്ള സകല കാര്യത്തിനും ഒരു കാലം ഉണ്ട്.”

അതായത്, ഈ കാലവും തെറ്റായതല്ല, വൈകിപ്പോയതുമല്ല ദൈവം കൃത്യമായി നിശ്ചയിച്ചിരിക്കുന്ന നല്ല സമയമാണ്.

ഇത് കണ്ണുനീരിന്റെ മാത്രം കാലമല്ല, കൃപയുടെ മഴ വീഴുന്ന കാലമാണ്; കാത്തിരിപ്പിന്റെ മാത്രം കാലമല്ല, ദൈവം പ്രവർത്തനം ആരംഭിക്കുന്ന വിശുദ്ധ നിമിഷമാണ്.

അതായത്, നാം അനുഭവിക്കുന്ന ഈ കാലവും ദൈവത്തിന്റെ പദ്ധതിയിൽ ഉൾപ്പെട്ട നല്ല കാലം തന്നെയാണ്.

ഓരോ കാലത്തിനും ദൈവസന്നിധിയിൽ ഒരു അർത്ഥവും, ഒരു ലക്ഷ്യവും, ഒരു നിയോഗവും ഉണ്ടു.

കാലത്തിന്റെ സ്വഭാവം വല്ലാത്തതായല്ല, നാം അതിനെ ഉപയോഗിക്കുന്ന രീതി തെറ്റിയപ്പോഴാണ് കാലം വല്ലാത്തതെന്നു തോന്നുന്നത്.

സാധ്യതകൾ വിശാലമായ ഈ കാലത്ത്, സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി “ദൈവജനം” എന്നു സ്വയം വിളിക്കുന്ന നാം സമൂഹത്തിൽ മുറിവുകളും കയ്പ്പുകളും വിതച്ചാൽ പിന്നെ ആ കാലത്തെ കുറ്റം പറയാൻ നമുക്ക് അവകാശമുണ്ടോ?

റോമർ 2:24 നമ്മെ കർശനമായി ഓർമ്മിപ്പിക്കുന്നു:

“നിങ്ങൾ നിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ.

അതുകൊണ്ട്, ഈ കാലം വല്ലാത്തതാണെന്ന് പറയുന്നതിന് മുൻപ് നാം നമ്മളോടു തന്നെ ചോദിക്കണം ഈ നല്ല കാലത്തെ ദൈവം നൽകിയ മൂല്യത്തോടെ നാം ഉപയോഗിച്ചോ?

പ്രാർത്ഥനയോടെ, വിനയത്തോടെ, സാക്ഷ്യജീവിതത്തോടെ ഈ കാലം ഉപയോഗിച്ചാൽ, നമ്മൾ ഒരിക്കൽ മാത്രം കേട്ടറിഞ്ഞ ആദ്യകാല സഭയുടെ അനുഭവത്തിലേക്ക് വീണ്ടും കടക്കാൻ ദൈവം വഴിയൊരുക്കും.

പിതാക്കന്മാർ ദൈവത്തെ കഥകളിലൂടെ അല്ല, കേട്ടറിവിലൂടെ അല്ല, അനുഭവത്തിന്റെ രുചിയിൽ നിന്നാണ് അറിഞ്ഞത്.

അതുപോലെ, ഇന്നത്തെ തലമുറയും കേട്ടറിവിൽ മാത്രം തൃപ്തിപ്പെടാൻ ആഗ്രഹിക്കുന്നില്ല. അവർ ആഗ്രഹിക്കുന്നത് അരുമനാഥന്റെ മഹത്വം അനുഭവിച്ച് അറിയാനാണ്.

അങ്ങനെയൊരു അനുഭവം ലഭിച്ചാൽ, നാളിതുവരെ കണ്ടിട്ടില്ലാത്ത ഒരു വലിയ ആത്മീയ മുന്നേറ്റം ഈ കാലഘട്ടത്തും ദൃശ്യമാകും.

 

അതിനുവേണ്ടി, ശരീരിക ബുദ്ധിമുട്ടുകൾ കാരണം ജീവിതത്തിന്റെ ഓട്ടത്തിൽ നിന്ന് വിശ്രമത്തിലായ മാതാപിതാക്കളിൽ നിന്ന് ആത്മനിലത്തിൽ ഉണർന്നിരിക്കുന്ന ആ പ്രാർത്ഥനാവീരന്മാരിൽ നിന്ന്സ്വർഗ്ഗത്തെ തന്നെ ചലിപ്പിക്കുന്ന പ്രാർത്ഥനശബ്ദങ്ങൾ ഉയരണം.

അപ്പോൾ ദൈവം വാഗ്ദാനം ചെയ്ത ആ കാലം പൂർണ്ണമാകും.

യോവേൽ 2:28 ഇങ്ങനെ പറയുന്നു:

“അതിന്റെ ശേഷമോ, ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങളെ ദർശിക്കും.”

ഇന്നത്തെ കാലം നല്ലതാണെന്ന് പറയുന്നതിന് ശക്തമായ കാരണങ്ങളുണ്ട്. ഒരുകാലത്ത് ദൈവവചനം സമൂഹത്തിലേക്ക് എത്തിക്കാൻ വലിയ കഷ്ടപ്പാടുകളും തടസ്സങ്ങളും സഹിക്കേണ്ടിവന്നിരുന്നു. യാത്രാ പരിമിതികളും ആശയവിനിമയത്തിന്റെ കുറവും കാരണം വചനം ബഹുദൂരം എത്താൻ ഏറെ സമയം എടുത്ത കാലമായിരുന്നു അത്. എന്നാൽ ഇന്നത്തെ കാലത്ത് ആ ബുദ്ധിമുട്ടുകൾ വലിയ തോതിൽ ഇല്ലാതായി.

ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വളർച്ച ദൈവവചനത്തെ സമൂഹത്തിൽ വിതയ്ക്കാനുള്ള സാധ്യതകൾ അതിശയകരമായി വർധിപ്പിച്ചിരിക്കുന്നു. മാധ്യമങ്ങൾ, ഇന്റർനെറ്റ്, സാമൂഹ്യവേദികൾ തുടങ്ങിയവ ഉപയോഗിച്ച് വചനം അതിവേഗത്തിൽ, ഭൗതിക അതിർത്തികൾക്കപ്പുറത്തേക്കും എത്തിക്കാൻ ഇന്നാവുന്നു. ഒരാൾ പറയുന്ന ഒരു സന്ദേശം നിമിഷങ്ങൾക്കുള്ളിൽ ആയിരങ്ങൾക്കു മാത്രമല്ല, ലക്ഷങ്ങൾക്കും കോടികൾക്കും വരെ എത്തിച്ചേരുന്ന കാലമാണിത്.

അതേസമയം, ഇന്നത്തെ തലമുറ ലോകമോഹങ്ങളിലും ഭൗതിക ആകർഷണങ്ങളിലും കൂടുതൽ ഇമ്പം കാണിക്കുന്ന കാലവുമാണ്. അവരുടെയുളളിൽ ദൈവവചനം പാകപ്പെടാതെ പോയാൽ അവർ ലോകത്തിന്റെ വഴികളിലേക്ക് എളുപ്പത്തിൽ ഒഴുകിപ്പോകാൻ സാധ്യതയുണ്ട്. എന്നാൽ ശരിയായ സമയത്ത്, ശരിയായ രീതിയിൽ, ദൈവവചനം അവരുടെ ഹൃദയങ്ങളിൽ നട്ടുവളർത്താൻ നാം മുൻപോട്ട് വന്നാൽ, അവർ ദൈവരാജ്യത്തിനായി ശക്തമായ ഭടന്മാരായി രൂപപ്പെടും.

ഇത്തരത്തിൽ വളർന്നുവരുന്ന ഒരു തലമുറയിലൂടെ ക്രൈസ്തവ ലോകത്ത് അതിശയം തോന്നിക്കുന്ന തരത്തിലുള്ള വലിയ മാറ്റങ്ങൾ കാണാൻ സാധിക്കും. ഇന്നത്തെ കാലം വെല്ലുവിളികളുടേതുമാത്രമല്ല, അതിലുപരി ദൈവം നമുക്ക് നൽകിയ മഹത്തായ അവസരങ്ങളുടേയും കാലമാണ്. ആ അവസരങ്ങളെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുമ്പോൾ, ദൈവരാജ്യത്തിന്റെ വ്യാപനം ശക്തമായി മുന്നോട്ട് പോകും.

മർക്കോസ് 16:15 പിന്നെ അവൻ അവരോട്: “നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.”

അതെ, ഇന്നത്തെ കാലം മാത്രമല്ല; എല്ലാ കാലങ്ങളും മഹത്വമുള്ളതും മനോഹരവുമാണ്. ഓരോ കാലഘട്ടവും ദൈവം തന്റെ ദിവ്യ പദ്ധതിയിൽ നിയോഗിച്ചിരിക്കുന്നതാണെന്ന് നാം തിരിച്ചറിയണം. ആ കാലത്തെ എത്ര ഭംഗിയായി ഉപയോഗിക്കുന്നു എന്നതിലാണ് നമ്മുടെ ജീവിതത്തിലും സമൂഹത്തിലും ഉണ്ടാകുന്ന മാറ്റങ്ങളുടെ ആഴവും വ്യാപ്തിയും നിശ്ചയിക്കപ്പെടുന്നത്.

അതിനാൽ, ഈ ദൈവനിയുക്ത കാലഘട്ടത്തെ നാം ജാഗ്രതയോടെയും പ്രാർത്ഥനയോടെയും സമീപിക്കേണ്ടതുണ്ട്. ലഭിച്ച അവസരങ്ങളെ അശ്രദ്ധയായി വിട്ടുകളയാതെ, ദൈവവചനത്തിന്റെയും ആത്മീയ ഉത്തരവാദിത്വത്തിന്റെയും വെളിച്ചത്തിൽ ഉപയോഗിക്കാൻ നാം മുന്നിട്ടിറങ്ങണം. അങ്ങനെ ചെയ്യുമ്പോൾ, നമ്മുടെ വ്യക്തിജീവിതത്തിലും സമൂഹത്തിലും അതിശയകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഈ കാലം ഒരു അനുഗ്രഹമായി മാറും.

കർത്താവിന്റെ കാഹളം യുഗാന്ത്യ കാലത്ത് ധ്വനിക്കുന്ന നാളിനായി കാത്തിരിക്കുന്ന നാം, ഈ ഇടക്കാലഘട്ടത്തെ വ്യർത്ഥമാക്കാതെ, വിശ്വസ്തതയോടെ വിനിയോഗിക്കേണ്ടതാണ്. പിതാവായ ദൈവം നമ്മുക്കായി ഒരുക്കിവെച്ചിരിക്കുന്ന വാടാത്ത കിരീടങ്ങൾ പ്രാപിക്കാൻ, ഈ കാലത്തെ സദുപയോഗം ചെയ്തുകൊണ്ട് ആത്മീയമായി ഒരുക്കപ്പെടുക എന്നതാണ് നമ്മുടെ വിളി.

ഈ ആഹ്വാനത്തോടെയാണ് ഈ ലേഖനം ഇവിടെ ഉപസംഹരിക്കുന്നത് ദൈവം നമുക്ക് നൽകിയ ഈ മഹത്തായ കാലത്തെ മനോഹരമായി ഉപയോഗിച്ച്, അവന്റെ രാജ്യത്തിനായി ഫലപ്രദമായ ജീവിതം നയിക്കാൻ നാം എല്ലാവരും ഒരുമിച്ചു തയ്യാറാകാം.

ഗലാത്യർ 6:9 നന്മ ചെയ്കയിൽ നാം മടുത്തുപോകരുത്; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.

അതെ ഇത് വല്ലാത്ത കാലമല്ല, ദൈവം തന്റെ ആത്മാവിനെ പകരാൻ തെരഞ്ഞെടുത്ത നല്ല കാലം തന്നെയാണ്.

 

രഞ്ജിത്ത് ശാമുവേൽ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.