ലേഖനം: ദൈവസഭ സംഘടനയോ? | സിബി ബാബു (യു.കെ)
ബൈബിളിൽ ദൈവസഭ ഒരു സംഘടനയായി (organization) അല്ല; ജീവിച്ചിരിക്കുന്ന ക്രിസ്തുവിന്റെ ശരീരമായിട്ടാണ് ദൈവം വെളിപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ദൈവത്തിന്റെ സഭ സംഘടനാപരമായ ഒരു കൂട്ടമായി മാത്രം മാറുമ്പോൾ, സഭയുടെ ആന്തരികമായ ആത്മീയ ജീവനു നഷ്ടം സംഭവിക്കുന്നു എന്നത് വളരെ അർത്ഥവത്തായ ഒരു സത്യം ആണ്.
ക്രിസ്തുവിന്റെ സഭ എന്നത് മനുഷ്യൻ നിർമ്മിച്ച ഒരു മതകെട്ടിടമല്ല; അത് പിതാവായ ദൈവത്തിന്റെ ഹൃദയത്തിൽ ജനിച്ചതും, ക്രിസ്തുവിന്റെ രക്തംകൊണ്ട് വിലക്കു വാങ്ങപ്പെട്ടതും, പരിശുദ്ധാത്മാവിൽ ജീവിക്കുന്നതുമായ ഒരു വിശുദ്ധ സംഘത്തിന്റെ ഒരു ആത്മീയ കൂട്ടം ആണ്. ദൈവവചനം സഭയെ ഒരിക്കലും ഈ ഭൂമിയിലെ സംഘടനയായി ചിത്രീകരിക്കുന്നില്ല. സഭ എന്നത് ഒരു ആശയവും, ഒരു സ്ഥാപനവും അല്ല; അത് ക്രിസ്തുവിന്റെ ശരീരം തന്നെയാണ്. ആത്മാവിൽ ജനിച്ചതും, സ്വർഗ്ഗത്തിൽ നിന്നു വിളിക്കപ്പെട്ടതും (ഉന്നതമായ, ഉയരത്തിൽ നിന്നുള്ള പരമമായ വിളി), ക്രിസ്തുവിന്റെ ക്രൂശിൽ തന്റെ പുനരുത്ഥാനത്താൽ ജീവൻ ലഭിച്ചവരുടെ കൂട്ടായ്മ ആണ് ദൈവ സഭ.
എന്നാൽ ചില സമയങ്ങളിൽ, സഭ ജീവിച്ചിരിക്കുന്ന ക്രിസ്തുവിന്റെ ശരീരത്തിൽ നിന്ന് മനുഷ്യനിർമ്മിത സംഘടനയിലേക്ക് മാറിത്തുടങ്ങുന്നു എന്നത് വളരെ അപകടമായ ഒരു കാര്യം തന്നെ ആണ്. ദൈവ സഭയെ മാനുഷികമായ രീതികളാൽ മാത്രം നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ, സഭയുടെ യഥാർത്ഥ സ്വഭാവത്തിൽ നിന്ന് മാറി സാവധാനത്തിലുള്ള വീഴ്ച ആരംഭിക്കുന്നു എന്നാണ് നമ്മൾ മനസിലാക്കേണ്ട ഏറ്റവും വലിയ യാഥാർഥ്യം. സഭ ഒരു സംഘടനയായി മാറിത്തുടങ്ങുമ്പോൾ, ആത്മീയതയെക്കാൾ മാനുഷിക ആശയങ്ങൾക്കും, ചട്ടങ്ങൾക്കും മുൻതൂക്കം വരുന്നു. ക്രിസ്തുവിന്റെ ദാഹം, പരിശുദ്ധത്മാവിന്റ പ്രകാശനം, ദൈവാനുഗ്രഹത്തിന്റെ ആഴം ഇവയ്ക്ക് പകരം യോഗങ്ങളുടെ പട്ടിക, അഡ്മിനിസ്ട്രേറ്റീവ് തീരുമാനങ്ങൾ, മാനുഷിക രീതി ഉപയോഗിച്ചുകൊണ്ടുള്ള വിജയത്തിന്റെ വിവരങ്ങൾ എന്നിവ ദൈവ സഭയിൽ പ്രാധാന്യം നേടുന്നു. ക്രിസ്തു തലവനായിരുന്ന സ്ഥാനത്ത്, മനുഷ്യരുടെ അഭിപ്രായം, വോട്ടെടുപ്പ്, മാനേജ്മെന്റ് രീതികൾ എന്നിവ ദൈവ സഭയിൽ കയറിവരുന്നു. എല്ലാറ്റിനും ഉപരി സഭ ഒരു സംഘടന (organization) ആകുമ്പോൾ, ദൈവത്തിന്റെ ദർശനം നഷ്ടപ്പെടുന്നു എന്നുള്ളതു വളരെ പ്രാധാനപ്പെട്ട ഒരു വിഷയം ആണ്.
ദൈവം സംസാരിക്കുന്നതിനെക്കാൾ, “ഞങ്ങൾ എങ്ങനെ നടത്തണം?” എന്ന മാനുഷിക ചിന്ത ആണ് ഉയർന്നു വരുന്നത്. ആത്മാവിന്റെ ശക്തിയിൽ ആശ്രയിക്കുന്നതിൽ നിന്ന്, മാനുഷിക ശക്തിയെയും ബുദ്ധിയെയും ആശ്രയിക്കുന്ന നിലയിലേക്ക് സഭ നീങ്ങുന്നു. ഈ നിലയിൽ നടക്കുന്ന സഭയുടെ പ്രവർത്തനങ്ങൾ വിജയമെന്ന് പറയുന്നുണ്ടെങ്കിലും, ആ പ്രവർത്തനത്തിൽ ക്രിസ്തുവിന്റെ സ്വരം കേൾക്കാൻ കഴിയുന്നുണ്ടോ എന്നത് വളരെ സംശയമാണ്. വെളിപ്പാട് 3:1-ൽ യേശു സർദ്ദിസ് സഭയോട് പറഞ്ഞത് ഇങ്ങനെ ആണ്.
“നിനക്കു ജീവിച്ചിരിക്കുന്നവൻ എന്നു പേര് ഉണ്ട് എങ്കിലും; നീ മരിച്ചിരിക്കുന്നു.” ഈ വചനത്തിൽ നിന്ന് നമ്മൾ എന്താണ് മനസിലാക്കേണ്ടത്, ജീവിച്ചിരിക്കുന്നവൻ എന്ന പേര് ഉണ്ടായിരുന്നു, അതായത് സംഘടനപരമായ ജീവൻ ഉണ്ടായിരുന്നു, പക്ഷെ പരിശുദ്ധത്മാവിന്റെ ജീവൻ സഭക്ക് ഇല്ലായിരുന്നു. ചിലപ്പോൾ പുറമേ നോക്കുമ്പോൾ ചില സഭകൾ വലിയ വിജയവും പ്രവർത്തനങ്ങളും നിറഞ്ഞതുപോലെ നമുക്ക് തോന്നാം, ഉറച്ച ഷെഡ്യൂളുകൾ, ക്രമീകരണങ്ങൾ നിറഞ്ഞ പ്രവർത്തനങ്ങളുടെ പട്ടിക ഇവയൊക്കെ പുറമെ നോക്കുമ്പോൾ കണ്ടെന്നു വരാം, എന്നാൽ സഭയ്ക്ക് ക്രിസ്തുവിന്റെ ജീവൻ ഉണ്ടോ എന്നുള്ളതാണ് ഇവിടെ വിഷയം. ക്രിസ്തുവിന്റെ ജീവനും, പരിശുദ്ധത്മാവിന്റെ നിയന്ത്രണവും ഇല്ലാതെ ഒരു സഭക്കും ഇവിടെ പ്രസക്തി ഇല്ല. ആത്മാവിന്റെ ശബ്ദത്തിനു ഇടം കൊടുക്കാതെ വരുമ്പോൾ , സഭയിൽ പരിശുദ്ധതമാവിന്റെ സാന്നിധ്യം പതിയെ സഭയിൽ നിന്ന് ഇല്ലാതാകുന്നു. ഉറപ്പുള്ള നല്ല ഷെഡ്യൂളുകൾ, ക്രമീകരണങ്ങൾ നിറഞ്ഞ പ്രവർത്തനങ്ങളുടെ പട്ടിക ഇതൊക്ക തെറ്റ് ആണെന്നല്ല ഞാൻ പറയുന്നത് ഇവിടെയെല്ലാം സഭയുടെ നാഥനാകുന്ന ക്രിസ്തുവിന്റെ ശബ്ദം കേൾക്കാൻ നാം തയ്യാറാകണം എന്നതാണ് ഏറ്റവും പരമ പ്രധാനമായ കാര്യം. ഇങ്ങനെ യുള്ള കാര്യങ്ങൾ മാനുഷികമായ സംഘടന പരമായ കാര്യങ്ങളിലൂടെ ആണ് സഭ നിയന്ത്രിയ്‌ക്കപ്പെടുന്നത് എങ്കിൽ അത് വളരെ അപകടമായ ഒരു കാര്യം തന്നെ ആണ്. സഭയ്ക്ക് ഒരു സംഘടനയുടെയും ആവശ്യം ഇല്ല. സഭക്ക് ആവശ്യം ക്രിസ്തുവിന്റെ ജീവനും, പരിശുദ്ധതമാവിന്റെ നടത്തിപ്പും ആണ്. ഒരു രാജ്യത്തിന്റെ ഭരണചക്രം വരെ പിടിച്ചു കുലുക്കാനും, അവയെ തിരിക്കാനും ഉള്ള അധികാരം ക്രിസ്തുവിന്റെ സഭക്ക് ഉണ്ട്. ഈ ദൈവീക അധികാരം ഉപയോഗിക്കാൻ സഭക്ക് ഇന്ന് ക്രിസ്തുവിന്റെ ജീവനും, പരിശുദ്ധത്മാവിന്റെ നടത്തിപ്പും ആവശ്യം ആണ്.
സഭ സംഘടന (organization) ആയിത്തീരുമ്പോൾ ഏറ്റവും നഷ്ടപ്പെടുന്നത് പരിശുദ്ധത്മാവിന്റെ സ്വാതന്ത്ര്യം ആണ്. പരിശുദ്ധാത്മാവാണ് സഭയെ നയിക്കേണ്ടതും, ചുമതലകൾ നമുക്കു പങ്കുവെക്കേണ്ടതും, ദർശനം നൽകേണ്ടതും. എന്നാൽ മാനുഷിക രീതികൾ, പ്രോഗ്രാമുകൾ, മാനുഷിക നിയമങ്ങൾ എന്നിവയാണ് സഭയെ നിയന്ത്രിക്കുന്നത് എങ്കിൽ പരിശുദ്ധത്മാവിന്റ പ്രവാഹം ആണ് സഭയിൽ തടസ്സപ്പെടുന്നത്. അങ്ങനെ സഭ പരിശുദ്ധത്മാവ് ഒഴുകുന്ന നദിയിൽ നിന്ന്, മനുഷ്യൻ അധികാരം നടത്തുന്ന ഒരു ഓഫീസായി മാറുന്നു. ദൈവത്തിന്റെ യഥാർത്ഥ പദ്ധതിയിൽ സഭ എന്നത് ജീവിക്കുന്ന ഒരു കുടുംബമാണ്. ഇവിടെ സത്യത്തിനും ആത്മാവിനും ആണ് മുൻതൂക്കം; ഇവിടെ മാനുഷിക പ്രവർത്തനങ്ങളല്ല മുഖ്യം ക്രിസ്തുവിന്റെ ജീവൻ ആണ് മുഖ്യം.
ബൈബിളിൽ സഭയെ ക്രിസ്തുവിന്റെ ശരീരം (1 കൊരി 12:27), ക്രിസ്തു ആകുന്ന മുന്തിരി വള്ളിയും അതിലെ കൊമ്പുകളും (യോഹ 15:5), ജീവനുള്ള കല്ലുകൾ എന്നപോലെ ക്രിസ്തുവിൽ പണിയപ്പെടുന്ന ആത്മീയ ഭവനം (1 പത്രോസ് 2:5) എന്നിങ്ങനെ ആണ് വിശേഷിപ്പിക്കുന്നത് . ഈ പറയുന്ന എല്ലാത്തിലും ക്രിസ്തുവും ആയിട്ടുള്ള ജീവനും, ആ ജീവനിൽ നിന്നുള്ള ബന്ധവും ആണ് ഊന്നിപ്പറയുന്നത്. ബൈബിളിലെ ദൈവസഭ ക്രിസ്തുവിന്റെ ശരീരം ആണ്; ശരീരത്തിലെ ഓരോ അംഗവും ജീവിക്കുന്നു, ചലിക്കുന്നു, പ്രതികരിക്കുന്നു, മറ്റുള്ളവരുമായി ബന്ധപ്പെട്ടു ജീവിക്കുന്നു. ക്രിസ്തു തന്നെയാണ് സഭയുടെ തല. ഒരു ശരീരം എന്നത് (1 കൊരി 12:27), വിശ്വാസികൾ ഓരോരുത്തരും ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവങ്ങൾ പോലെ, വ്യത്യസ്തരാണ് എങ്കിലും ഒരേ ശരീരമായി പ്രവർത്തിക്കണം എന്നതാണ് ദൈവ ഇഷ്ടം. ക്രിസ്തു ആണ് ഈ ശരീരത്തിന്റെ തലവൻ. ഞാൻ (ക്രിസ്തു) മുന്തിരിവള്ളിയും, നിങ്ങൾ (സഭ) അതിലെ കൊമ്പുകളും ആകുന്നു (യോഹ 15:5) ക്രിസ്തുവിൽ ചേർന്നുനിൽക്കുമ്പോഴാണ് ജീവനും ഫലവുമുണ്ടാകുന്നത്. മുന്തിരി വള്ളിയിൽ അല്ലാതെ ഒരുകൊമ്പിനും ജീവിക്കാൻ സാധിക്കിക്കുകയില്ല.
ജീവനുള്ള കല്ലുകൾ എന്നപോലെ ക്രിസ്തുവിൽ പണിയപ്പെടുന്ന ആത്മീയ ഭവനം എന്നത് (1 പത്രോസ് 2:5) ഓരോ വിശ്വാസിയും ഓരോ “ജീവനുള്ള കല്ല്കൾ ആണ്”; ദൈവം അവരെ ചേർത്ത് ആത്മീയ ഗൃഹമായി പണിഞ്ഞുകൊണ്ടിരിക്കുന്നു. ഈ വാക്യങ്ങളുടെ എല്ലാം അർത്ഥം എന്ന് പറയുന്നത് : സഭ മനുഷ്യർ ഉണ്ടാക്കിയ ഒരു സംഘടനയല്ല; ക്രിസ്തുവിൽ ജീവിക്കുന്ന, പരസ്പരം ബന്ധിതമായ ഒരു ദൈവിക കൂട്ടായ്മയാണ്. എന്നാൽ സഭ ഒരു സംഘടന (organization) ആയി മാറുമ്പോൾ, സഭയുടെ നാഥൻ ക്രിസ്തു എന്നുള്ളത് മാറി, സഭയുടെ മുൻനിരയിൽ മനുഷ്യരുടെ നിയന്ത്രണം കയറി വരുന്നു . അങ്ങനെ ആകുമ്പോൾ ശരീരം ഒരു യൂണിറ്റ് പോലെ ആയിരിക്കും പ്രവർത്തിക്കുന്നത്; പക്ഷേ അതിനുള്ളിൽ ക്രിസ്തുവിന്റെ ജീവൻ കുറഞ്ഞു തുടങ്ങുന്നു. സഭ ഒരു സംഘടന (organization) ആകുമ്പോൾ, ദൈവം നൽകുന്ന ദർശനത്തെക്കാൾ മനുഷ്യൻ രൂപപ്പെടുത്തുന്ന ദർശനങ്ങൾ ആണ് പ്രശസ്തമാകുന്നത്. ആത്മാവ് നൽകുന്ന ഭാരത്തേക്കാൾ, കമ്മിറ്റി ഡിസിഷൻസ്കൾക്ക് ആയിരിക്കും പ്രാധാന്യം ഏറുന്നത്. ഇവിടെ സംഭവിക്കുന്ന അപകടം ദൈവിക ശബ്ദത്തിന്റെ അഭാവത്തിൽ , ഒരു ബാബേൽ ഗോപുരം പോലെ മനുഷ്യനിർമ്മിത ടാർഗറ്റ് കൾ ഉയർന്നു വരുന്നു എന്നുള്ളതാണ്. അങ്ങനെ സഭ ശ്രദ്ധയോടെയുള്ള മാനുഷിക ഭരണം നടത്തുന്ന ഒരു സമ്പ്രദായമായി, ഒരുസംഘടന ആയി മാറുന്നു, എന്നാൽ അവിടെ ആത്മീയതയുടെ, ക്രിസ്തുവിന്റെ സൗരഭ്യം നഷ്ടപ്പെടുന്നു. സഭ ഒരുസംഘടന (organization) ആയി മാറിത്തുടങ്ങുന്നത് സാധാരണയായി വളരെ ശാന്തമായിട്ടാണ് , ആരും പെട്ടെന്ന് തിരിച്ചറിയാത്ത രീതിയിലാണ്. ഇത് സാത്താൻ ചെയ്യുന്ന ഒരു വഞ്ചന ആണെന്ന് ദൈവ ജനങ്ങൾ മനസിലാക്കണം.
പല സഭകളുടെയും തുടക്കം ആത്മാവിന്റെ നിയന്ത്രണത്തിലും ക്രിസ്തുവിന്റെ കർത്തൃത്വത്തിലും തന്നെ ആയിരിക്കും , പക്ഷേ കാലക്രമേണ മനുഷ്യന്റെ ബുദ്ധിയും, മനുഷ്യന്റെ തന്ത്രങ്ങളും സഭയുടെ മുൻനിരയിലേക്ക് കടന്നു വന്ന് ആ സഭയെ വീഴ്ചയിലേക്ക് നയിക്കുന്നു എന്നുള്ളതാണ് വാസ്തവം. ദൈവം തന്റെ സഭയെ ഒരു സുരക്ഷിത മാനേജ്മെന്റ് സംവിധാനമായിട്ട് അല്ല കാണുന്നത് എന്ന് നാം മറന്നു പോകരുത്. ക്രിസ്തുവിന് സഭ തനിക്കിഷ്ടപ്പെട്ട തന്റെ മണവാട്ടി ആണ്. മണവാട്ടിക്ക് organization വേണ്ട; മണവാട്ടിക്ക് ക്രിസ്തുമായിട്ടുള്ള ബന്ധം ആണ് വേണ്ടത്. മണവാട്ടിക്ക് നിയമങ്ങൾക്കുമപ്പുറം ക്രിസ്തുമായിട്ടുള്ള പ്രേമബന്ധം ആണ് പ്രധാനം. ക്രിസ്തുവിന്റെ കാന്തയാകുന്ന മണവാട്ടിയെ ജീവിപ്പിക്കുന്നത് ക്രിസ്തുവിന്റെ സാന്നിധ്യം തന്നെയാണ്.
സഭ ക്രിസ്തുവിന്റെ ശരീരം ആണ്, അല്ലാതെ സംഘടനയോ , ബിസിനസ്സോ അല്ല; സഭ എന്നത് പാപത്തിന്റെ അടിമത്വത്തിൽ നിന്നും വിമോചിക്കപ്പെട്ട വിമോചിതരുടെ ഒരു വിശുദ്ധ കൂട്ടായ്മ ആണ്, അല്ലാതെ ഒരു കോർപ്പറേഷൻ അല്ല. അപ്പൊസ്തലപ്രവൃത്തികൾ 2 ലെ ആദ്യസഭയുടെ മാതൃക എന്നത് ഒരു സംഘടനാപരമായ ഓർഗാനൈസെഷന്റെ വിന്യാസമല്ല; മറിച്ചു പരിശുദ്ധത്മാവിന്റെ ആത്മീയ ഭരണം തന്നെയാണ് അവിടെ കണ്ടത്. മാനസാന്തരം, സ്നാനം, പരിശുദ്ധത്മാവ് എന്ന ദാനം, വേർപാട്, അപ്പൊസ്തലരുടെ ഉപദേശം, കൂട്ടായ്മ , അപ്പംമുറിക്കൽ , പ്രാർത്ഥന. ഇവയായിരുന്നു സഭയുടെ ഹൃദയം; ഇവയില്ലാതെ സഭയ്ക്കുള്ളിൽ ജീവൻ ഇല്ല. ഈ മാതൃകയിൽ നമ്മൾ കാണുന്നത് സംഘടനപരമായ കാര്യക്ഷമത അല്ല, പിന്നെയോ തിരുവെഴുത്തുകളിൽ ഉള്ള സമർപ്പണം ആണ്; ഇവിടെ മാനേജ്മെന്റ് അല്ല, ആത്മാവിന്റെ പ്രവർത്തനം ആണ്.
സഭ സംഘടന (organization) ആകുമ്പോൾ: അവിടെ പ്രാർത്ഥനയ്‌ക്ക് പകരം പ്രോഗ്രാമുകൾ, ക്രിസ്തുവിന്റെ നേതൃത്വത്തിന് പകരം കമ്മിറ്റി നേതൃത്വം, ദൈവാധികാരത്തിന് പകരം മാനുഷിക അധികാരം ആയി മാറ്റപ്പെടുന്നു. മാത്രവുമല്ല ദൈവം നൽകിയ ദൗത്യം ഉപേക്ഷിച്ച്, സംവിധാനസംരക്ഷണവും നടത്തിപ്പ് കാര്യങ്ങളും പ്രാധാന്യമായി മാറുന്നു, സഭ സംഘടന (organization) ആകുമ്പോൾ: ആരാധന ഒരു വിനോദമാകുന്നു, അതായത് ആരാധന ദൈവഭക്തിയേക്കാൾ ആളുകളെ ആകർഷിക്കാൻ ഉള്ള ഒരു പ്രകടനം ആയി മാറുന്നു. ശിഷ്യത്വം ആത്മീയ വളർച്ചയുടെ ഹൃദയമല്ലാതെ ഒരു ചെറിയ പ്രവർത്തനമായി മാറുന്നു. സുവിശേഷീകരണം എന്ന ഹൃദയത്തിലുണ്ടാകേണ്ട ഭാരം നഷ്ടപ്പെടുന്നു; പകരം സുവിശേഷീകരണം ഒരു പ്രചാരണ വേദി ആയി മാറുന്നു . മനുഷ്യനിർമ്മിത മാർഗങ്ങൾ സഭയെ നയിക്കുമ്പോൾ: മനുഷ്യമനസ്സിലുള്ള തീരുമാനം, ജനപ്രീതി, ഡോക്ട്രിനിൽ ഉണ്ടാകുന്ന വിട്ടുവീഴ്ച, ലോകോത്തര മാർക്കറ്റിംഗ് ശൈലി ഇവയെല്ലാം സഭയിൽ കടന്നുകൂടുന്നു.
ഞാൻ വീണ്ടും പറയട്ടെ, സഭ മനുഷ്യരാൽ നിർമ്മിച്ച മതസ്ഥാപനം അല്ല; ക്രിസ്തുവിൽ നിന്ന് ജനിച്ച ദൈവം വിളിച്ചു കൂട്ടുന്ന ജനങ്ങൾ ആണ്. ക്രിസ്തു സഭയുടെ ഏക പരമാധികാരമുള്ള തലവൻ ആണ്. സഭയുടെ ഉറവിടം ദൈവമാണ്. സഭയുടെ ജീവൻ പരിശുദ്ധാത്മാവിൽ നിന്ന് ആണ്. സഭയുടെ അധികാരം ക്രിസ്തുവിൽ നിന്ന് ആണ്. ക്രിസ്തുവിന്റെ പരമാധികാരം ഒഴിവാക്കിയ സഭ ബൈബിളിൽ ഉള്ള മാതൃകയല്ല. മനുഷ്യബുദ്ധി സ്ഥാപനങ്ങളെ പണിയും എന്നാൽ സഭയെ വളർത്തുന്നത് ദൈവമാണ്. ക്രിസ്തു ഇല്ലാത്ത സഭ പുറമേ സമ്പന്നം ആണെന്ന് തോന്നുമെങ്കിലും, ഉള്ളിൽ ദരിദ്രം ആയിരിക്കും. പരിശുദ്ധത്മാവ് ഇല്ലാതെ സഭ പ്രവർത്തിച്ചേക്കാം, പക്ഷേ ആത്മീയമായി മരിച്ചിരിക്കും (വെളി 3:1). സഭയെ ശക്തിപ്പെടുത്തുന്നതും ഏകീകരിക്കുന്നതും നയിക്കുന്നതും പരിശുദ്ധത്മാവാണ്. വചനം ആണ് ദൈവ സഭയയുടെ വിശ്വാസത്തിനും ശുശ്രൂഷക്കും ഉള്ള അന്തിമ മാനദണ്ഡം. വചനത്തിന് പകരം മാനുഷിക പ്രവർത്തനരീതി കടന്ന് വന്നാൽ ദൈവ വചനത്തിൽ വിട്ടുവീഴ്ച ആരംഭിക്കുന്നു എന്നത് വാസ്തവമാണ്. ദൈവ സഭയിൽ ഒരു ഐക്യത ഇല്ലായ്മ സംഭവിച്ചാൽ , വചനപ്രകാരം, പ്രാർഥനയോടെ , ദൈവ ഭയത്തോടെ എല്ലാ വിഷയങ്ങൾക്കും പരിഹാരം ഉണ്ടാകേണ്ടതിലേക്കാണ് ദൈവ സഭ ശ്രദ്ധ കേന്ദ്രീകരിയ്ക്കേണ്ടത്. ദൈവ സഭയിൽ കർത്താവിൻ്റെ കതൃത്വത്തിൻ്റെ അധീനതയിൽ ആണ് ഓരോ തീരുമാനവും, ഓരോ സംസാരവും ഉണ്ടാകേണ്ടത്. ഇവിടെ ഓരോ വിഷയങ്ങളും നമ്മുടെ സ്വയത്തിലേക്ക് (ജഡത്തിലേക്ക്) ആണ് തിരിക്കുന്നത് എങ്കിൽ നമ്മുടെ സ്വയം (ജഡം) അവിടെ ഉന്നതം ആകുകയും, ദൈവം അവിടെ നിന്ന് മാറി നിൽക്കുകയും ചെയ്യും. അർഥം ഓരോ വിഷയങ്ങളും സ്വയ കേന്ദ്രീകൃതം അകാതെ ക്രിസ്തു കേന്ദ്രീകൃതം ആകണം. സ്വയ കേന്ദ്രീകൃതം ആയാൽ അവരവരുടെ ഭാഗം, അവരവരുടെ വാദം ജയിക്കുക, അവരവരുടെ രാജ്യം പണിയുക എന്നുള്ള ഭാഗം ആയിരിക്കും സഭയിൽ തുറന്നു വരുന്നത്. അതുകൊണ്ട് അനാവശ്യമായ, തർക്കത്തിൻ്റെയും, വാഗ്വാദത്തിൻ്റെയും രീതിയിൽ പോകാതെ ദൈവ വചന പ്രകാരം, താഴ്മയോടെ, സൗമ്യതയോടെ, മറ്റുള്ളവരെ തന്നേക്കാൾ ശ്രേഷ്ഠൻ എന്ന് എണ്ണിക്കൊള്ളട്ടെ. ദൈവം നിഗളികളോട് എതിർത്തു നിൽക്കുന്നു, താഴ്മ ഉള്ളവന് ആവൻ കൃപ നൽകുന്നു.
സഭയുടെ പ്രധാന ദൗത്യം സുവിശേഷം പ്രസംഗിക്കുക, ക്രിസ്തു ശിഷ്യന്മാരെ വളർത്തി എടുക്കുക, ദൈവീക വിശുദ്ധിയിൽ ഉള്ള വളർച്ച, ദൈവത്തോടുള്ള ആരാധന, വിശ്വാസികൾക്കുള്ള ശിക്ഷണം എന്നതാണ്. സഭ ഒരു സംഘടനയായി താഴ്ന്നുപോകുമ്പോൾ തിരിച്ചുവരാനുള്ള വഴി എല്ലായ്പ്പോഴും വചനത്തിലേക്കുള്ള പൂർണ്ണ മടങ്ങിവരവാണ്. സഭ ആദ്യം സ്വന്തം വീഴ്ച്ച എവിടെ ആണെന്ന് കണ്ടെത്തി, ആ വീഴ്ച സമ്മതിക്കണം, സഭ മാനസാന്തപ്പെടണം ഇതാണ് യേശു ഏഴ് സഭകളോടും പറയുന്നത്:
“മനസാന്തരപ്പെടുവിൻ” (വെളി 2–3). സഭ ദൈവ വചനത്തിലേക്കു മടങ്ങി വരണം. സഭയുടെ ഏക പരമാധികാരി ക്രിസ്തു മാത്രം എന്ന് അംഗീകരിക്കണം. സഭയെ മനുഷ്യരുടെ ഓർഗനൈസേഷനിൽ നിന്ന് ദൈവത്തിന്റെ സഭയിലേക്ക് മടങ്ങി വരാൻ ഉള്ള ഒരേ ഒരു മാർഗം ദൈവവചനത്തിലേക്കും ക്രിസ്തുവിന്റെ പരമാധികാരത്തിലേക്കും ഉള്ള പൂർണ്ണമായ മടങ്ങിവരവ് ആണ്. ദൈവത്തിന്റെ വചനവും ആത്മാവും മാത്രമാണ് സഭയെ പുതുക്കുകയും ജീവൻ നൽകുകയും ചെയ്യുന്നത്. സഭ മനുഷ്യർ നിർമ്മിച്ച ഒരു ഓർഗനൈസേഷനായി താഴ്ന്നുപോകുമ്പോൾ, സഭയ്ക്ക് തിരിച്ചുവരാൻ ബൈബിളിൽ കാണിക്കുന്ന ഏക മാർഗം ദൈവവചനത്തിലേക്കുള്ള പൂർണ്ണമായ മടങ്ങിവരവാണ്. സഭയുടെ വീണ്ടെടുക്കൽ എന്നത് മനുഷ്യരാശിയുടെ ആശയങ്ങളിലും ക്രമീകരണങ്ങളിലുമല്ല, ക്രിസ്തുവിന്റെ കതൃത്വത്തിലും, വചനത്തിന്റെ അധികാരത്തിലുമാണ്.
വെളിപ്പാട് 2–3-ൽ യേശു സഭകളോട് പറഞ്ഞതുപോലെ, തിരിച്ചുവരവിന്റെ ആദ്യ ചുവടു മനസാന്തരമാണ്. തെറ്റിപ്പോയ അവസ്ഥ തിരിച്ചറിഞ്ഞ് ദൈവത്തിന്റെ മുമ്പിൽ വിനയത്തോടെ മടങ്ങിവരിക. Acts 2:42-ൽ കാണുന്ന പോലെ, വചനപഠനം, കൂട്ടായ്മ, അപ്പംമുറിക്കൽ, പ്രാർത്ഥനാ ജീവിതം എന്നിവയിലേക്കുള്ള പുതുക്കപ്പെട്ട സമർപ്പിക്കപ്പെട്ട ജീവിതം മാത്രമാണ് സഭയെ ജീവനുള്ള ആത്മീയ സമൂഹമാക്കുന്നത്. എഫെസോസ് 1:22–23 പ്രകാരം ക്രിസ്തുവിന്റെ പരമാധികാരത്തിലേക്ക് സഭ മടങ്ങി വരുമ്പോൾ, മനുഷ്യനിർമ്മിത കാര്യ പരിപാടികളും മാനേജ്മെന്റുകളും രണ്ടാം നിരയിലേക്ക് മാറുന്നു; ദൈവത്തിന്റെ വചനമാണ് സഭയെ നയിക്കുന്നത്, ആത്മാവാണ് സഭയ്ക്ക് ജീവൻ നൽകുന്നത്. ഇതാണ് മടങ്ങിവരാനുള്ള ഏക മാർഗ്ഗം. അതെ സഭ ഏതിൽ നിന്ന് വീണിരിക്കുന്നു എന്നോർത്തു മനസാന്തരപ്പെട്ടു ക്രിസ്തുവിന്റെ ആദ്യസ്നേഹത്തിലേക്കും, ക്രിസ്തുവിന്റെപരമാധികാരത്തിലേക്കും, ദൈവവചനത്തിലേക്കും, സഭ പൂർണ്ണമായും മടങ്ങി വരട്ടെ. (വെളിപ്പാട് 22:11-12) അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാകട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ. ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.
ഒന്ന് ഓർക്കുക.
കർത്താവ് വ്യക്തമായി പറഞ്ഞു:
“ഞാൻ എന്റെ സഭയെ പണിയും; പാതാള ഗോപുരങ്ങൾ അതിനെ ജയിക്കയില്ല.”
ഈ ലോകത്തിൽ എന്തെല്ലാം സംഭവിച്ചാലും, ആരോക്കെ സഭ വിട്ടുപോയാലും, സഭകൾ തമ്മിൽ അന്യോന്യം തർക്കിച്ചാലും, സഭകൾ സംഘടനകളായി മാറിയാലും, ദൈവത്തിന്റെ പദ്ധതിക്ക് ഒരിക്കലും ഒരു മാറ്റവുമില്ല. നിശ്ചയം.
മനുഷ്യരുടെ കൈകൾ ക്ഷീണിച്ചാലും,
മനുഷ്യരുടെ ഹൃദയങ്ങൾ മാറിയാലും,
ദൈവം തന്റെ യഥാർത്ഥ സഭയെ പണിയുക തന്നെ ചെയ്യും.
അത് മനുഷ്യബുദ്ധിയാൽ നിലനിൽക്കുന്ന സഭയല്ല,
സംഘടനാ ശക്തിയാൽ വളരുന്ന സഭയുമല്ല,
ക്രിസ്തുവിന്റെ രക്തത്താൽ സ്ഥാപിതമായ,
പരിശുദ്ധാത്മാവിന്റെ ശക്തിയിൽ ജീവിക്കുന്ന, ക്രിസ്തുവിന്റെ മണവാട്ടി ആയ ദൈവ സഭയാണ്.
സിബി ബാബു, (യു .കെ)

- Advertisement -



Comments are closed, but trackbacks and pingbacks are open.