സമകാലികം: സ്റ്റേജിൽ മോട്ടിവേഷൻ… വീട്ടിൽ അടിപിടി | വിനോദ് എബ്രഹാം, ദുബായ്

വിജയകരമായ ദാമ്പത്യ ജീവിതം എങ്ങനെ നയിക്കാം എന്ന് മോട്ടിവേഷൻ ക്ലാസുകൾ നടത്തി വന്നിരുന്ന മാതൃകാ ദമ്പതികൾ ഇപ്പോൾ ആത്മീയതയൊക്കെ വിട്ട് വയലന്റായി പരസ്പരം അടിപിടി ഒക്കെയായി ഇതാ നവമാധ്യമങ്ങളിലൂടെ പോരടിച്ചു കൊണ്ടിരിക്കുന്നു.

ദൈവത്തിൻറെ പേരിൽ ട്രസ്റ്റുകൾ നടത്തി കോടികൾ കിട്ടിയപ്പോൾ വീതം വയ്ക്കുന്നതിലെ തർക്കമാണ് പരസ്പര വിദ്വേഷത്തിലേക്കും കേസിലേക്കും ഒക്കെ മാറിയത്. ചാരിറ്റിയുടെ പേരിൽ അതിസമ്പന്നരായ ഈ സാരോപദേശ ദമ്പതികൾ പരസ്പരം അകന്ന് കഴിഞ്ഞിരുന്നപ്പോഴും അവർ നടത്തിവന്ന മോട്ടിവേഷൻ ക്ലാസുകൾക്ക് കുറവൊന്നും ഇല്ലായിരുന്നത്രേ.

ഒരു പ്രമുഖ മലയാളം ചാനലിലെ കുടുംബ പ്രശ്നങ്ങൾ പരിഹരിക്കുന്ന പ്രോഗ്രാമിന്റെ അവതാരിക ആരെന്നറിയുമ്പോഴാണ് രസം. സ്വന്തം കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആകാതെ അടിപിടിയും കേസും പൊല്ലാപ്പുമൊക്കെയായി രണ്ടാമത് വേറെ വിവാഹം ചെയ്ത പ്രമുഖ നടിയാണ് മറ്റുള്ളവരുടെ പ്രശ്നങ്ങൾ തീർക്കുന്ന സാരോപദേശിക.

ഇപ്പോൾ വീട് വയ്ക്കുവാനും കാർ വാങ്ങുവാനും കട തുടങ്ങുവാനും എല്ലാം മോട്ടിവേഷൻ നൽകുന്നവരുടെ സേവനം സദാസമയവും ലഭ്യമാണ്. ജീവിതത്തിൽ ഒരുബിസിനസും ചെയ്യാത്ത ബിസിനസ് മോട്ടിവേറ്റർമാർ ഉണ്ടത്രേ. കോട്ടും സ്യൂട്ടും ലാപ്ടോപ്പും ഒക്കെയായി മോട്ടിവേഷൻ സാറന്മാർ സദാ സജ്ജം. നിശ്ചിത ഫീസ് കൊടുത്താൽ സാരോപദേശം ഓൺലൈനിലും വാട്സാപ്പിൽ പോലും ലഭിക്കും അത്രേ. “ഉദര നിമിത്തം ബഹുകൃത വേഷം” എന്ന ചൊല്ല് എത്രയോ ശരിയാണ്.

സോഷ്യൽ മീഡിയയുടെ വരവിനു മുമ്പ് മോട്ടിവേഷൻ നൽകിയിരുന്ന ചേതൻ ഭഗത്ത്, നിരുപമ സുബ്രഹ്മണ്യൻ, ഹരീഷ് അയ്യർ തുടങ്ങിയ മോട്ടിവേഷൻ എഴുത്തുകാരുടെ നല്ല പുസ്തകങ്ങൾ ആയിരുന്നു അന്ന് നമുക്കൊക്കെ പ്രചോദനമായിരുന്നത്. ആത്മവിശ്വാസം തരുന്ന വരികളും വാക്കുകളും ഒക്കെ ആയിരുന്നു അവരുടെ പുസ്തകങ്ങളിൽ.

“വാളെടുത്തവൻ എല്ലാം വെളിച്ചപ്പാട്” എന്നപോലെ കാണുന്നവരെല്ലാം മോട്ടിവേഷണൽ സ്പീക്കർ എന്ന നിലയിൽ ആയിരിക്കുന്നു. നല്ല നിലവാരം പുലർത്തുന്ന മോട്ടിവേഷണൽ സ്പീക്കർമാർ ഉണ്ടെന്നുള്ളതും യാഥാർത്ഥ്യമാണ്.

ജീവിതയാത്രയിൽ പ്രയാസങ്ങൾ അഭിമുഖീകരിക്കുമ്പോൾ ആശ്വാസം നൽകുന്ന പ്രചോദനപൂർണ്ണമായ വാക്കുകൾ നമ്മെ മികച്ച നിലയിലേക്ക് എത്തിക്കുവാൻ സഹായിക്കുന്നവയാണ്. സങ്കീർത്തനം 32:8–ൽ പറയുന്നതുപോലെ:
“ഞാൻ നിന്നെ ഉപദേശിച്ചു നടക്കേണ്ടുന്ന വഴി നിനക്ക് കാണിച്ചു തരും.”എന്ന വചനം

പ്രതിസന്ധികളിൽ ധൈര്യവും നിരാശകളിൽ പ്രത്യാശയും നൽകുന്നവയാണ്, അതേ ദൈവവചനം. ആകട്ടെ നമ്മുടെ ശാശ്വത പ്രചോദനം നൽകുന്ന മികച്ച മോട്ടിവേറ്റർ.

വിനോദ് എബ്രഹാം, ദുബായ്

- Advertisement -

-Advertisement-

You might also like

Comments are closed.